Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വോട്ട് പിടിക്കാൻ യുഎപിഎയെ തള്ളിപ്പറഞ്ഞ് മുസ്ലിംലീഗ്; കരിനിയമം ചുമത്തിയ കേസുകളെല്ലാം പുനപരിശോധിക്കണം; തീവ്രനിലപാടിലേക്കുള്ള മാറ്റം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടോ?

വോട്ട് പിടിക്കാൻ യുഎപിഎയെ തള്ളിപ്പറഞ്ഞ് മുസ്ലിംലീഗ്; കരിനിയമം ചുമത്തിയ കേസുകളെല്ലാം പുനപരിശോധിക്കണം; തീവ്രനിലപാടിലേക്കുള്ള മാറ്റം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടോ?

മലപ്പുറം: ഹൂബ്‌ളി സ്‌ഫോടനക്കേസിലെ പ്രതികളെ വെറുതേവിട്ട വിധിയുടെ പശ്ചാത്തലത്തിൽ നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം (യു.എ.പി.എ) റദ്ദാക്കണമെന്ന ആവശ്യവുമായി മുസ്ലിംലീഗ് രംഗത്ത്. യു.എ.പി.എ പ്രകാരമെടുത്ത എല്ലാ കേസുകളും പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ആവശ്യം. കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് യുഎപിഎ നിയമം ചുമത്തുന്ന ആഭ്യന്തര വകുപ്പിന്റെ നടപടി സജീവ ചർച്ചയാകുമ്പോഴാണ് ഭരണമുന്നണിയിലെ രണ്ടാമൻ തന്നെ ഈ ആവശ്യവുമായി എത്തുന്നത്. കണ്ണൂർ, കാസർഗോഡ് മേഖലകളിൽ ഈയിടെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിലും പ്രതികൾക്ക് എതിരെ ഈ വകുപ്പുകൾ ചുമത്തിയുരുന്നു. ഇതിലൂടെ കേസ് അന്വേഷണം സിബിഐയെ പോലുള്ള കേന്ദ്ര ഏജൻസികൾക്ക് കൈമാറാനും അവസരമൊരുങ്ങി. ഇതിനെതിരെ പ്രതിഷേധവുമായി സിപിഎമ്മും ബിജെപിയും രംഗത്ത് വന്നിരുന്നു.

എന്നാൽ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് യുഎപിഎ ചുമത്തുന്നതിനെ മാത്രമേ ബിജെപിയും സിപിഎമ്മും ചോദ്യം ചെയ്തിരുന്നുള്ളൂ. എന്നാൽ നിയമം തന്നെ വേണ്ടെന്നാണ് ലീഗ് നിലപാട്. ഹൂബ്ലി ഗൂഢാലോചനക്കേസിൽ ഏഴ് വർഷത്തെ വിചാരണത്തടവിന് ശേഷം കുറ്റവിമുക്തരാക്കപ്പെട്ട നാല് മലയാളികൾ ഉൾപ്പെടെ 17 പേർക്കും സർക്കാർ അടിയന്തര നഷ്ടപരിഹാരം അനുവദിക്കണമെന്നും ലീഗ് ആവശ്യപ്പെടുന്നു. ന്യൂനപക്ഷ വിഭാഗവും ദളിതരുമാണ് യു.എ.പി.എ നിയമത്തിൽ കൂടുതലും ഇരകളായത്. രാജ്യത്തെ ജയിലുകളിലുള്ള 2.8 ലക്ഷം വിചാരണത്തടവുകാരിൽ 3000 പേരും അഞ്ച് വർഷത്തിലധികമായി തടവിലാണ്. പകുതിയും 30 വയസിൽ താഴെയുള്ളവരാണെന്ന് ലീഗ് ജനറൽ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ വിശദീകരിച്ചു.

ചുമത്തപ്പെട്ട കുറ്റത്തിന് ലഭിക്കാവുന്ന ജയിൽശിക്ഷയുടെ പകുതി കാലയളവ് വിചാരണത്തടവുകാരായി കഴിഞ്ഞവരെ വിട്ടയയ്ക്കണമെന്നാണ് സുപ്രീംകോടതിയുടെ വിധി. ഇങ്ങനെ എത്ര പേരെ മോചിപ്പിച്ചെന്ന് കേന്ദ്രസർക്കാർ ധവളപത്രമിറക്കണം. യു.എ.പി.എയ്‌ക്കെതിരെ മുസ്ലിംലീഗ് പാർലമെന്റിൽ ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. യു.എ.പി.എയ്‌ക്കെതിരെ സമാന ചിന്താഗതിയുള്ള രാഷ്ട്രീയ, മനുഷ്യാവകാശ സംഘടനകളുമായി യോജിച്ച നീക്കങ്ങൾക്ക് പാർട്ടി മുൻകൈ എടുക്കുമെന്നും മുഹമ്മദ് ബഷീർ പറഞ്ഞു.

ഹൂബ്‌ളി സ്‌ഫോടനക്കേസിലെ പ്രതികളെ വെറുതേവിട്ട വിധിയുടെ പശ്ചാത്തലത്തിലാണ് മുസ്ലിംലീഗ് യു.എ.പി.എയ്‌ക്കെതിരെ ശക്തമായി രംഗത്തുവന്നത്. തീവ്രവാദക്കേസുകളിൽ ചുമത്തുന്ന കരിനിയമങ്ങൾക്കെതിരെ മുസ്ലിംലീഗ് ശക്തമായി പ്രതികരിക്കുന്നില്ലെന്ന് സാമുദായിക സംഘടനകൾ പൊതുവേ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലീഗിന്റെ പ്രതികറണം. ഇത്തരം കേസുകളിൽ ഉൾപ്പെടുന്ന പലരും വിചാരണക്കാലയളവിൽ ദീർഘകാലം ജയിലിൽ കിടക്കുകയും പിന്നീട് നിരപരാധിയെന്ന് വിധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഹൂബ്ലി കേസിൽ പിടിക്കപ്പെട്ട മലയാളികളടക്കമുള്ളവരുടെ മോചനത്തിന് മുസ്ലിംലീഗ് ഒന്നും ചെയ്തില്ലെന്ന് വ്യാപക ആക്ഷേപമുണ്ട്. ഇത് മറികടക്കാനാണ് ഇപ്പോഴത്തെ നീക്കമെന്നാണ് വിലയിരുത്തൽ.

എസ്.ഡി.പി.ഐ, ജമാ അത്തെ ഇസ്ലാമി, സോളിഡാരിറ്റി എന്നീ സംഘടനകളാണ് ഹൂബ്ലി കേസിൽ പെട്ട മലയാളികൾക്കായി നിയമസഹായവും മറ്റും നൽകിയത്. വിധി വന്നതോടെ തങ്ങളുടെ നിലപാടായിരുന്നു ശരിയെന്ന പ്രചാരണവുമായി ഈ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയമായി ഇത് തങ്ങൾക്ക് ദോഷം ചെയ്യുമെന്ന തിരിച്ചറിവാണ് ലീഗ് യു.എ.പി.എയ്‌ക്കെതിരെ രംഗത്തെത്താൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. മദനി വിഷയത്തിലും കർണ്ണാടക സർക്കാരിനെതിരെ പ്രതിഷേധവുമായി ലീഗ് നേതൃത്വം രംഗത്ത് എത്തുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP