Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വോട്ടെണ്ണൽ കഴിയുമ്പോൾ മലപ്പുറത്ത് പോര് കടുക്കും; മുസ്ലിം ലീഗും കോൺഗ്രസും രണ്ടും കൽപ്പിച്ച് തന്നെ; പാളയത്തിലെ പടയെ മെരുക്കാൻ സംസ്ഥാന നേതാക്കൾ പാടുപെടും

വോട്ടെണ്ണൽ കഴിയുമ്പോൾ മലപ്പുറത്ത് പോര് കടുക്കും; മുസ്ലിം ലീഗും കോൺഗ്രസും രണ്ടും കൽപ്പിച്ച് തന്നെ; പാളയത്തിലെ പടയെ മെരുക്കാൻ സംസ്ഥാന നേതാക്കൾ പാടുപെടും

എം പി റാഫി

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിനെതിരെ പരസ്യ പോരിനുറച്ച് മുസ്ലിംലീഗ്. യു.ഡി.ഫ് മുന്നണിയിൽ രൂക്ഷമായ പ്രശ്‌നം നിലനിൽക്കുന്ന മലപ്പുറത്ത് തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിനെതിരെ പരസ്യമായി രംഗത്തു വരാനാണ് മുൻനിര നേതാക്കൾക്കിടയിൽ നീക്കം തുടങ്ങിയിരിക്കുന്നത്. ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പലയിടങ്ങളിലും കോൺഗ്രസ് മുസ്ലിംലീഗിനെതിരെ തിരിഞ്ഞതാണ് പാർട്ടി അണികളെയും നേതാക്കളെയും ചൊടിപ്പിച്ചിരിക്കുന്നത്.

നിലവിൽ 24 തദ്ദേശ സ്ഥാപനങ്ങളിൽ ലീഗും കോൺഗ്രസും നേർക്കുനേർ മത്സരം നടക്കുകയാണ്. സംസ്ഥാനത്തു തന്നെ യു.ഡി.എഫ് ബന്ധത്തിൽ ഏറ്റവും കൂടുതൽ വിള്ളൽ വീണിരിക്കുന്നതും മലപ്പുറത്താണ്. പ്രശ്‌നം പരിഹരിക്കാൻ സാധിക്കാത്ത പ്രദേശങ്ങളിൽ മുന്നണി ബന്ധം ഉപേക്ഷിച്ച് സൗഹൃദ മത്സരത്തിന് നേതാക്കൾ നേരത്തെ ധാരണയിലെത്തുകയായിരുന്നു. എന്നാൽ ഇതിനു പുറമെയുള്ള ഇരുപതോളം പ്രദേശങ്ങളിൽ കോൺഗ്രസ് ഇടതിനൊപ്പവും ചേർന്നും ലീഗിനെതിരെ കരുക്കൾ നീക്കിയതുമാണ് പുതുതായി രൂപപ്പെട്ടിരിക്കുന്ന പ്രശ്‌നം.

വിഷയം അണികൾ ലീഗ് ജില്ലാ സംസ്ഥാന നേതാക്കളെ അറിയിച്ചെങ്കിലും ഇപ്പോൾ പരസ്യമായി പ്രതികരിക്കേണ്ടെന്നും തെരഞ്ഞെടുപ്പിന് ശേഷം ക്രിത്യമായി തീരുമാനം ഈ വിഷയത്തിൽ ഉണ്ടാകുമെന്നുമായിരുന്നു മറുപടി. അതേസമയം മലപ്പുറം ഡി.സി.സി.യെയും ജില്ലാ യു.ഡി.എഫ് നേതൃത്വത്തിനെയും പ്രശ്‌നം ബോധ്യപ്പെടുത്തിയെങ്കിലും പരിഹരിക്കാനാവാതെ നിസ്സഹായാവസ്ഥയിലാണ് നേതാക്കൾ. തെരഞ്ഞെടുപ്പിന് മുമ്പ് ഈ വിഷയത്തിൽ പരസ്യമായ നടപടിക്കോ വിവാദ സാഹചര്യം സൃഷ്ടിക്കുകയോ ചെയ്യുന്നത് തെരഞ്ഞെടുപ്പിനെ മൊത്തത്തിൽ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

ഇന്നലെ വരെ കോൺഗ്രസുകാരായി യൂ.ഡി.എഫ് തട്ടകത്തിൽ ഉണ്ടായിരുന്നവരാണ് പല പഞ്ചായത്തുകളിലും ഇടതിനു വേണ്ടി പരസ്യമായും രഹസ്യമായും പ്രചരണത്തിനിറങ്ങിയിരിക്കുന്നത്. യു.ഡി.എഫ് സംവിധാനത്തിൽ മത്സരിക്കുന്ന പ്രദേശങ്ങളിലാണ് ഇത്തരത്തിൽ കാലുവാരൽ നടന്നിരിക്കുന്നത്. സിപിഎമ്മിനോടൊപ്പം ചേരാൻ പ്രയാസമായതിനാൽ ജനകീയ മുന്നണിയുടെയും വികസന മുന്നണിയുടെയും കൂടെ നിന്ന് ലീഗിനെ നേരിടുകയാണ് ഒരു വിഭാഗം കോൺഗ്രസുകാരുടെ ലക്ഷ്യം. ഇതിനായി ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളുടെയും പിന്തുണ ഉണ്ടെന്നാണ് അറിയുന്നത്.

പതിറ്റാണ്ടുകളായി മലപ്പുറത്ത് നിലനിൽക്കുന്ന ലീഗ് ആധിപത്യത്തിനും ലീഗിന്റെ ഏകപക്ഷീയ നിലപാടുകൾക്കും എതിരെ കനത്ത പ്രഹരം നൽകാൻ ഇതിലും നല്ല അവസരം ഇനി ലഭിക്കില്ലെന്നാണ് കോൺഗ്രസ് തട്ടകങ്ങളിലെ വിലയിരുത്തൽ. അതേ സമയം കിട്ടുന്നതെല്ലാം ലാഭമെന്ന തരത്തിൽ യു.ഡി.എഫിലെ ഐക്യമില്ലായ്മ തങ്ങൾക്ക് അനുകൂലമാക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമം. ചില പ്രദേശങ്ങൾ ഇടതുമുന്നണിയുമായി ധാരണയിൽ വരെ കോൺഗ്രസുകാർ എത്തിയിട്ടുണ്ട്. ലീഗിന്റെ പ്രമുഖ നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി,കെ.പി.എ മജീദ്, പി.കെ അബ്ദുറബ്ബ്, അബ്ദുറഹിമാൻ രണ്ടത്താണി, അബ്ദുസ്സമദ് സമദാനി, അബ്ദുൽ ഹമീദ് മാസ്റ്റർ തുടങ്ങിയവരുടെ മണ്ഡലങ്ങളിലെല്ലാം ഈ പ്രശ്‌നം സജീവമാണ്. ഇതിനാൽ ലീഗ് നേതാക്കൾ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എന്ത് ചെയ്യണമെന്നുള്ള ക്രിത്യമായ നീക്കങ്ങൾ നടത്തുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ വേങ്ങരയിൽ കോൺഗ്രസുകാർ കളംമാറിയതായി കഴിഞ്ഞ ദിവസം ലീഗ് പ്രാദേശിക ഘടകങ്ങൾ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ പരിഹാര നിർദേശങ്ങളൊന്നും പ്രത്യേകിച്ച് ഉണ്ടായിരുന്നില്ല, അതേസമയം വൻഭൂരിപക്ഷത്തിൽ ലീഗ് സ്ഥാനാർത്ഥികളുടെ വിജയും ഉറപ്പാക്കാനായിരുന്നു നിർദ്ദേശം. ഇതിനു പുറമെ മലപ്പുറം, താനൂർ, തിരൂരങ്ങാടി, വളാഞ്ചാരി, കോട്ടക്കൽ നഗരസഭകളിലും താനാളൂർ, ഇരിമ്പിളിയം, വെട്ടം, പുളിക്കൽ, മംഗലം, തൃപ്രങ്ങോട്, ആലംങ്കോട്, നന്നംമുക്ക് തുടങ്ങിയ പഞ്ചായത്തുകളിലും കാലുവാരൽ പ്രശ്‌നം നിലനിൽക്കുന്നു. അതേസമയം, ലീഗിനെതിരെ തിരിഞ്ഞാൽ അവസരം സിപിഐ(എം) മുതലെടുക്കുന്നതോടെ ഉള്ള കസേരകൂടി നഷ്ടമാകുമെന്ന വാദവും ചില കോൺഗ്രസുകാർ ഉന്നയിക്കുന്നു. അടിയൊഴുക്ക് തടയാൻ കഴിയാത്തതായിരിക്കും തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ഏറ്റവും കൂടുതൽ മറുപടി പറയേണ്ടി വരിക.

കോൺഗ്രസിന്റെയും മറ്റു ചെറു പാർട്ടികളുടെയും പിന്തണയോടെയുള്ള 'സാമ്പാർ' മുന്നണികൾ വിവിധ പ്രദേശങ്ങളിൽ രൂപപ്പെട്ടതോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപന ഘട്ടം മുതലേ മുസ്ലിം ലീഗ് കരുതലോടെയായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്ത്. ഇതിനാൽ ചിട്ടയായ പ്രവർത്തനങ്ങളും പ്രചാരണ പരിപാടികളുമായി നേരത്തെ ഗ്രാമാന്തരങ്ങളിൽ നിലയുറപ്പിച്ചിരുന്നു. ഒറ്റയ്ക്ക് മത്സര രംഗത്തുള്ള സ്ഥലങ്ങളിൽ കൂടുതൽ ശക്തിയോടെ ലീഗ് തെരഞ്ഞെടപ്പ് ഗോദയിൽ ഇറങ്ങുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്.

മുന്നണി സംവിധാനത്തിൽ മത്സരിക്കുന്ന പഞ്ചായത്തുകളിലും തികഞ്ഞ കരുതലോടെയായിരുന്നു ലീഗിന്റെ സമീപനം. മുൻ വർഷങ്ങളെ അപേക്ഷിച്ച് മുസ്ലിംലീഗ് ഇത്തവണ വിയർക്കുവോളം പണിയെടുത്തെന്നത് വസ്തുതയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ നിന്നുള്ള ഓരോ തങ്ങന്മാർക്കും വിശ്രമമില്ലാത്ത ദിനരാത്രങ്ങളായിരുന്നു. വീടു കയറി ഇറങ്ങിയും റോഡു ഷോകൾ നടത്തിയും പാണക്കാട് തങ്ങന്മാരും മന്ത്രിമാരുമടങ്ങുന്ന ലീഗ് നേതാക്കളും ഓരോ ഗ്രമങ്ങലും നിലയുറപ്പിച്ചിരുന്നു. പ്രചാരണ രംഗത്തെ മേൽക്കോയ്മക്കു പുറമെ പ്രവാസികളായ ഉറച്ച വോട്ട് നാട്ടിലെത്തിക്കാനും കോടികൾ ഒഴുക്കി കഴിഞ്ഞു. മലപ്പുറത്തെ രാഷ്ട്രീയം തദ്ദേശ തെരഞ്ഞടുപ്പോടെ മാറി മറിയുമെന്നാണ് വിലയിരുത്തൽ. ലീഗിനേൽക്കുന്ന ഓരോ തോൽവിയും കോൺഗ്രസുമായുള്ള കൂടുതൽ പൊട്ടിത്തെറിക്കു വഴിവെയക്കും. എന്നാൽ കാലുവാരലും അടിയൊഴുക്കുകളും പരസ്യമായി നിലനിൽക്കെ ഈ തെരഞ്ഞെടുപ്പിലും ലീഗ് വ്യക്തമായ മേൽകൈ നേടുകയാണെങ്കിൽ വരും കലാങ്ങളിൽ മുന്നണി ബന്ധം കൂടുതൽ പ്രദേശങ്ങളിൽ ഉപേക്ഷിക്കും. ഇടതുപക്ഷത്തിന് അഭിമാന പോരാട്ടമാണെങ്കിലും ഇനിയൊരു പരാജയം കൂടി നേരിട്ടാൽ എളുപ്പമായി ഉയർത്തെഴുന്നേൽക്കുക സാധ്യമല്ല. തെരെഞ്ഞെടുപ്പ് ഫലം അനുകാലമാണെങ്കിലും പ്രതികൂലമാണെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസിനെതിരെ ആദ്യ വെടിക്കെട്ട് പൊട്ടിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ലീഗ് നേതാക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP