Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടായിരത്തിൽ താഴെ വോട്ടുകളുടെ മാത്രം മണ്ഡലത്തിലെ ഭൂരിപക്ഷം; സംഘടനാ ദൗർബല്യവും വലിയ വെല്ലുവിളി; സിറ്റിങ് എംപി വീണ്ടും മൽസരിച്ചാൽ ജയിച്ചുകയറാൻ പെടാപ്പാട്; പൊന്നാനിയിൽ ഇ.ടി.മുഹമ്മദ് ബഷീറിന് ഇനി സീറ്റില്ല; സമദാനിക്ക് സാധ്യത; ചരടുവലി മുറുകുന്നു

രണ്ടായിരത്തിൽ താഴെ വോട്ടുകളുടെ മാത്രം മണ്ഡലത്തിലെ ഭൂരിപക്ഷം; സംഘടനാ ദൗർബല്യവും വലിയ വെല്ലുവിളി; സിറ്റിങ് എംപി വീണ്ടും മൽസരിച്ചാൽ ജയിച്ചുകയറാൻ പെടാപ്പാട്; പൊന്നാനിയിൽ ഇ.ടി.മുഹമ്മദ് ബഷീറിന് ഇനി സീറ്റില്ല; സമദാനിക്ക് സാധ്യത; ചരടുവലി മുറുകുന്നു

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി യു.ഡി.എഫ് ഒരുപടി മുമ്പേ ഇറങ്ങിയതോടെ മുന്നണിക്കുള്ളിൽ സ്ഥാനാർത്ഥി ചർച്ചകളും സജീവമായി. പൊന്നാനിയാണ് ഇത്തവണയും നേരത്തേ ചർച്ചയിലിടം പിടിച്ചിരിക്കുന്നത്. ലീഗ് സീറ്റായ പൊന്നാനിയിൽ ഇത്തവണ സിറ്റിങ് എംപി ഇ.ടി മുഹമ്മദ് ബഷീർ മത്സരിക്കില്ലെന്നതാണ് ലീഗിനുള്ളിൽ പൊന്നാനിയെ ചൊല്ലി ചർച്ച പൊടിപൊടിക്കുന്നത്. മുസ്ലിംലീഗിന്റെ ശക്തി കേന്ദ്രമായ പൊന്നാനി മണ്ഡലത്തിൽ ഇപ്പോൾ സംഘടനാ ദൗർബല്യം നേരിടുന്നുയെന്നതാണ് ലീഗിനെ അലട്ടുന്ന പ്രശ്നം. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിൽ ലീഗ് സ്ഥാനാർത്ഥികളുടെ വോട്ടിൽ ഗണ്യമായ കുറവാണ് പൊന്നാനി പാർലമെന്റിലും, നിയോജക മണ്ഡലങ്ങളിലും ഉണ്ടായിട്ടുള്ളത്. ഇതിനെ മറികടക്കുന്നതിന്റെ ഭാഗമായാണ് സിറ്റിങ് എംപിയെ മാറ്റി പരീക്ഷിക്കാനുള്ള നീക്കം ലീഗിനുള്ളിൽ നടക്കുന്നത്.

നിലവിൽ മലപ്പുറം എംപിയായ പി.കെ.കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയിൽ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ കുഞ്ഞാലിക്കുട്ടിയിൽ നിന്ന് അനുകൂല മറുപടി ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് പൊന്നാനിയിൽ പുതിയ പേരുകൾ ഉയർന്നു കേൾക്കുന്നത്. മുസ്ലിംലീഗ് ദേശീയ സെക്രട്ടറിയും മുൻ രാജ്യസഭാംഗവും എംഎ‍ൽഎയുമായിരുന്ന അബ്ദദുസമദ് സമദാനിയുടെ പേരാണ് പ്രധാനമായും ഉയരുന്നത്.

കഴിഞ്ഞ തവണ കോട്ടയ്ക്കൽ മണ്ഡലം എംഎ‍ൽഎയായിരുന്ന സമദാനിക്ക് ലീഗ് ഇത്തവണ സീറ്റ് നൽകിയിരുന്നില്ല. ഇത് ഏറെ വിവാദങ്ങൾക്കു വഴിവെച്ചിരുന്നു. കഴിഞ്ഞ സിറ്റിങ് എംഎ‍ൽഎമാരിൽ 2016 ലെ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാതിരുന്ന രണ്ടു പേരിൽ ഒരാളാണ് സമദാനി. മണ്ഡലത്തിലെ പാർട്ടിക്കുള്ളിൽ സമദാനിക്കെതിരെയുള്ള വികാരവും വികസനത്തിലെ പിന്നോട്ടടി സംബന്ധിച്ച പരാതികളുമായിരുന്നു സമദാനിക്ക് വീണ്ടും നിയമസഭാ സീറ്റ് നഷ്ടമാകാൻ കാരണം. അത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പൊന്നാനിയിലൂടെ മറികടക്കാനാണ് പാർട്ടി ആലോചന.

സമദാനിയെ ദേശീയ രാഷ്ട്രീയത്തിൽ വീണ്ടും സജീവമാക്കുകയും പൊന്നാനിയിലെ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കുകയുമാണ് പാർട്ടി ലക്ഷ്യം വെയ്ക്കുന്നത്. യു.ഡി.എഫ് പരിപാടികളിലെല്ലാം സമദാനിയെ സജീവമാക്കാനാണ് മുന്നണിക്കു ലഭിച്ച നിർദ്ദേശം. മതേതര വോട്ടുകളും ഘടകകക്ഷി വോട്ടുകളും ഉറപ്പാക്കുകയുമാണ് സമദാനിയെ ഇറക്കുന്നതിലൂടെ ലക്ഷ്യംവെയ്ക്കുന്നത്. മണ്ഡലത്തിൽ സജീവമല്ലെന്നതും പാർട്ടിക്കും മുന്നണിക്കും അകത്തെ ആഭ്യന്തര പ്രശ്നങ്ങളും ഇ.ടിക്ക് സീറ്റ് നഷ്ടമാകാൻ കാരണമാണ്. രണ്ടാം തവണയാണ് ബഷീർ പൊന്നാനിയെ പ്രതിനിധീകരിച്ച് പാർലമെന്റിൽ എത്തുന്നത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രൻ വി.അബ്ദുറഹിമാനുമായി ശക്തമായ മത്സരം നടത്തിയാണ് വിജയം ഉറപ്പാക്കാൻ സാധിച്ചത്. മൃഗീയ ഭൂരിപക്ഷം ലഭിച്ചിരുന്ന പൊന്നാനിയിൽ 25,000ൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ഇ.ടിക്കു ലഭിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരം 2000 ത്തിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷമേ പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫിനുള്ളൂ. ഇനിയും പരിഹരിക്കാനാകാത്ത സംഘടനാ ദൗർബല്യമാണ് പാർട്ടി നേരിടുന്ന പ്രധാന വെല്ലുവിളി. സിറ്റിങ് എം പി ഇ.ടി മുഹമ്മദ് ബഷീർ പൊന്നാനിയിൽ വീണ്ടും മൽസരിച്ചാൽ വിജയം എളുപ്പമാകില്ലെന്നാണ് മുസ്ലിം ലീഗിന്റെ വിലയിരുത്തൽ. അതിനാൽ തന്നെ ജനകീയനായ പി കെ കുഞ്ഞാലിക്കുട്ടി പൊന്നാനിയിൽ സ്ഥാനാർത്ഥിയാകണമെന്ന അഭിപ്രായം മുന്നോട്ടു വെച്ചെങ്കിലും കുഞ്ഞാലിക്കുട്ടി തയ്യാറാവാത്ത സാഹചര്യത്തിൽ സമദാനിക്ക് നറുക്ക് വീഴുകയായിരുന്നു.

കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് തന്നെ മത്സരിക്കാനാണ് സാധ്യത. ലോക്സഭയിലേക്ക് വീണ്ടും മത്സരിക്കുമോ എന്ന കാര്യത്തിൽ കൃത്യമായി മനസുതുറക്കാത്ത കുഞ്ഞാലിക്കുട്ടിയുടെ നിലപാട് പൊന്നാനി സ്ഥാനാർത്ഥിയുടെ കാര്യത്തിലും നിർണായകമാകും. പൊന്നാനിയിൽ നിന്ന് ഇ.ടി മുഹമ്മദ് ബഷീർ മാറുന്നുവെന്ന പ്രചരണം ശക്തമായതോടെ സ്ഥാനാർത്ഥിത്വത്തിനായി നിരവധി പേർ പാർട്ടിക്കുള്ളിൽ രംഗത്തെത്തിയിട്ടുണ്ട്. മുൻയൂത്ത് ലീഗ് പ്രസിഡന്റ് പി.എം സാദിഖലിക്കു വേണ്ടി ഒരു വിഭാഗം ചരടു വലി ശക്തമാക്കിയിട്ടുണ്ട്. പൊന്നാനി മണ്ഡലത്തിലെ രണ്ട് ലീഗ് സംസ്ഥാന ഭാരവാഹികളും സീറ്റിനായി ശ്രമം തുടങ്ങിയിട്ടുണ്ട്. അതേസമയം സീറ്റ് ഉറപ്പിക്കാൻ സമദാനി വൃത്തങ്ങൾ പണിതുടങ്ങി. ചർച്ചകൾക്കു ശേഷം പാർട്ടി അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളായിരിക്കും സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP