Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജി നിയമവ്യവസ്ഥയോടുള്ള ബഹുമാനം കൊണ്ട്; എന്റെ രക്തത്തിനു വേണ്ടി ദാഹിക്കുന്ന പലരും വേട്ടയാടി; തേജോവധം ചെയ്യാൻ രാഷ്ട്രീയ ഗൂഢാലോചന; പിന്നിൽ ആരെന്നറിയാം; പക്ഷേ പറയില്ല; 50 വർഷത്തെ രാഷ്ട്രീയ ജീവിതം സുതാര്യം; പാലായിലെ ജനങ്ങൾ ആഗ്രഹിക്കുന്നിടത്തോളം തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും കെ എം മാണി

രാജി നിയമവ്യവസ്ഥയോടുള്ള ബഹുമാനം കൊണ്ട്; എന്റെ രക്തത്തിനു വേണ്ടി ദാഹിക്കുന്ന പലരും വേട്ടയാടി; തേജോവധം ചെയ്യാൻ രാഷ്ട്രീയ ഗൂഢാലോചന; പിന്നിൽ ആരെന്നറിയാം; പക്ഷേ പറയില്ല; 50 വർഷത്തെ രാഷ്ട്രീയ ജീവിതം സുതാര്യം; പാലായിലെ ജനങ്ങൾ ആഗ്രഹിക്കുന്നിടത്തോളം തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും കെ എം മാണി

തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവച്ചത് നിയമവ്യവസ്ഥയോടുള്ള ബഹുമാനം കൊണ്ടാണെന്നു കെ എം മാണി. എന്റെ രക്തത്തിനു വേണ്ടി പലരും വേട്ടയാടിയെന്നും അദ്ദേഹം പറഞ്ഞു.

സുതാര്യവും സംശുദ്ധവുമായ 50 വർഷത്തെ രാഷ്ട്രീയ ജീവിതമാണ് എന്റെ കൈമുതൽ. നിയമമന്ത്രി നിയമവ്യവസ്ഥയോടു പുലർത്തേണ്ട ആത്മാർഥത ഒന്നുകൊണ്ടുമാത്രമാണു ഞാൻ രാജിവച്ചതെന്നും തിരുവനന്തപുരത്തു വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

നിയമപരമായോ ധാർമികമായോ താൻ രാജിവയ്‌ക്കേണ്ടതായി ഒന്നും ഹൈക്കോടതി പരാമർശങ്ങളിൽ ഇല്ല. നിയമത്തോടുള്ള ബഹുമാനം കൊണ്ടാണു രാജിവച്ചത്. രാജിവയ്ക്കാൻ പാർട്ടിയും അനുമതി തന്നു. കോടതി താൻ തെറ്റുകാരനാണെന്ന് പറഞ്ഞിട്ടില്ല. ചില പരാമർശങ്ങൾ മാത്രമാണ് നടത്തിയത്. നിയമവ്യവസ്ഥയോടുള്ള ആദരവിന്റെ അടിസ്ഥാനത്തിൽ നിയമമന്ത്രി പുലർത്തേണ്ട മാതൃകയുടെ അടിസ്ഥാനത്തിലാണ് രാജിവച്ചത്. അതിൽ സന്തോഷമേ ഉള്ളൂ.

തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന കാര്യം നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. തിരുവനന്തപുരത്തെ മാദ്ധ്യമപ്രവർത്തകർ നല്ല ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റുകളാണെന്നാണ് താൻ കരുതിയത്. ഇത്രയധികം സൂചനകൾ നൽകിയിട്ടും അതിനേക്കുറിച്ച് നിങ്ങൾ അന്വേഷിച്ചില്ല. കുറച്ചുകാലങ്ങളായി തന്റെ രക്തത്തിനുവേണ്ടി വേട്ടയാടൽ നടക്കുകയാണ്. ബാർ കോഴക്കേസിൽ ഗൂഢാലോചന നടത്തിയവർ ആരെന്ന് എനിക്കറിയാം. അതു ഞാൻ പുറത്തുപറയുന്നില്ല. ആരോടും പകയില്ല. രാഷ്ട്രീയത്തിൽ പലവിധ കളികൾ നടക്കും. അതിലൊന്നും ആരോടും പരാതിയും പരിഭവവുമില്ലെന്നും മാണി പറഞ്ഞു. 23 വർഷം മന്ത്രിയായിരുന്നു. മന്ത്രി എന്ന നിലയിൽ സംതൃപ്തമായ പ്രവർത്തനമാണു കാഴ്ചവച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ആഗ്രഹിച്ച വിജയം നേടാൻ കഴിയാത്തതിന്റെ പാപഭാരം മുഴുവൻ എന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചു. കേരള കോൺഗ്രസിന് രാഷ്ട്രീയ അടിത്തറയുള്ള സ്ഥലങ്ങളിലെല്ലാം വൻ വിജയമായിരുന്നു. നീതി ലഭിക്കേണ്ട സ്ഥാനങ്ങളിൽ നിന്നു തനിക്കു നീതി ലഭിച്ചിട്ടില്ലെന്നും കെ എം മാണി പറഞ്ഞു. യുഡിഎഫിൽ നിന്നും ഇതിൽ കൂടുതൽ പിന്തുണ ആഗ്രഹിച്ചിരുന്നു. ബാർ കേസിൽ എഫ് ഐആർ രജിസ്റ്റർ ചെയ്യേണ്ട ആവശ്യംപോലും ഉണ്ടായിരുന്നില്ല. കെ ബാബുവിനു കിട്ടിയ പരിഗണനയിൽ സന്തോഷം മാത്രമാണുള്ളതെന്നും മാണി പറഞ്ഞു.

പി ജെ ജോസഫ് രാജിവയ്ക്കണമെന്നു ഞാൻ ആഗ്രഹിച്ചിട്ടില്ല. അങ്ങനെ ആരോടും ആവശ്യപ്പെട്ടിട്ടുമില്ല. പാർട്ടിയിൽ പല അഭിപ്രായങ്ങൾ വരും. പല അഭിപ്രായങ്ങൾ വന്നിട്ടുമുണ്ട്. ഇത് ജനാധിപത്യപാർട്ടിയാണ്. എന്നോടുള്ള ഐക്യദാർഢ്യവും ആഭിമുഖ്യവും പ്രകടിപ്പിക്കാൻ വേണ്ടി രാജിവച്ചതാണ് ഉണ്ണിയാടൻ. അദ്ദേഹത്തിനോടും രാജിവയ്ക്കണമെന്ന് ആരും ആവശ്യപ്പെട്ടില്ല. അത്തരത്തിൽ ഉയരുന്ന ചോദ്യങ്ങൾ അപ്രസക്തമാണ്. പാലായിലെ ജനങ്ങൾ ആഗ്രഹിക്കുന്നിടത്തോളം ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ചോദ്യത്തിനു മറുപടിയായി കെ എം മാണി പറഞ്ഞു.

വാർത്താസമ്മേളനത്തിനു മുന്നോടിയായി മന്ത്രി പി ജെ ജോസഫ് കെ എം മാണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മാണിയുടെ വസതിയിലെത്തിയാണ് ജോസഫ് മാണിയെ കണ്ടത്. കേരള കോൺഗ്രസിൽ ആഭ്യന്തര പ്രശ്‌നങ്ങളില്ലെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം ജോസഫ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. താൻ രാജിവയ്ക്കാത്തതിൽ പാർട്ടിയിൽ പ്രശ്‌നങ്ങളില്ല. മറ്റന്നാൾ പാലായിൽ മാണിക്കു നൽകുന്ന സ്വീകരണത്തിൽ പങ്കെടുക്കുമെന്നും ജോസഫ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP