Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗൂഢാലോചന തിയറിയുമായി മാണി; നാളെ പാർട്ടി ഉന്നതാധികാര സമിതി യോഗം; എല്ലാ കാര്യങ്ങളും ചർച്ച ചെയ്ത ശേഷം തീരുമാനമെന്ന് വിശദീകരിച്ച് ധനമന്ത്രി; തന്നെ കുത്തിയവർക്ക് പണികൊടുക്കുമെന്ന് സൂചന നൽകി മാദ്ധ്യമങ്ങളെ കാണൽ; എല്ലാ ശ്രദ്ധയും കേരളാ കോൺഗ്രസ് യോഗത്തിലേക്ക്

ഗൂഢാലോചന തിയറിയുമായി മാണി; നാളെ പാർട്ടി ഉന്നതാധികാര സമിതി യോഗം; എല്ലാ കാര്യങ്ങളും ചർച്ച ചെയ്ത ശേഷം തീരുമാനമെന്ന് വിശദീകരിച്ച് ധനമന്ത്രി; തന്നെ കുത്തിയവർക്ക് പണികൊടുക്കുമെന്ന് സൂചന നൽകി മാദ്ധ്യമങ്ങളെ കാണൽ; എല്ലാ ശ്രദ്ധയും കേരളാ കോൺഗ്രസ് യോഗത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബാർ കോഴയിലെ ഹൈക്കോടതി വിധിയിൽ ഗുഡാലോചനയുണ്ടെന്ന പറഞ്ഞ് ധനമന്ത്രി കെഎം മാണി മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി. നാളെ പാർട്ടി മീറ്റിങ് ഉണ്ടെന്നും അതിന് ശേഷം തീരുമാനമെന്നും മാണി വ്യക്തമാക്കി. എല്ലാ രാഷ്ട്രീയ വിഷയങ്ങളും നാളത്തെ യോഗം ചേരുമെന്നും മാണി അറിയിച്ചു. പാർട്ടി യോഗത്തിന് മുമ്പ് വിശ്വസ്തരുമായി മാണി ചർച്ച നടത്തും. ബാർ കോഴയെന്നത് കോൺഗ്രസിനുള്ളിൽ നിന്നുള്ള ഗൂഢാലോചനയെന്ന് നേരത്തെ തന്നെ മാണി ആരോപിച്ചിരുന്നു. ബാർ കോഴയിലെ തിരുവനന്തപുരം കോടതിയുടെ വിധിയ്‌ക്കെതിരെ റിവിഷൻ പെറ്റീഷൻ കൊടുക്കാതെ റിവ്യൂ ഹർജി കൊടുത്തതിൽ പോലും ഗൂഢാലോചന നടന്നുവെന്നാണ് മാണി കരുതുന്നത്. ഇത് അനുസരിച്ചുള്ള രാഷ്ട്രീയ ചർച്ചയാകും മാണി ഇനി നടത്തുക. രാജി വയ്‌ക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് മാണിക്കും അറിയാം. യുഡിഎഫിൽ നിന്ന് രാജി ആവശ്യം ഉയരുന്നത് കൂടി കണക്കിലെടുത്ത് പുതിയ നീക്കങ്ങൾ സജീവമാക്കുകയാണ് മാണി.

മാണി രാജിവച്ച ശേഷം എന്തെന്നതാണ് ഇനി നിർണ്ണായകം. ധനമന്ത്രി സ്ഥാനം പിജെ ജോസഫിന് നൽകണമെന്നാണ് കേരളാ കോൺഗ്രസിലെ ഒരു വിഭാഗം ഉയർത്തുന്ന ആവശ്യം. സിഎഫ് തോമസിനെ രണ്ടാം മന്ത്രിയാക്കണമെന്നും ആവശ്യമുണ്ട്. എന്നാൽ മാണിയ്‌ക്കൊപ്പം എല്ലാ കേരളാ കോൺഗ്രസുകാരും സ്ഥാനങ്ങൾ ഒഴിയണമെന്നാണ് മാണിയോട് അടുപ്പമുള്ളവരുടെ മനസ്സിലുള്ളത്. മന്ത്രി സ്ഥാനം പിജെ ജോസഫും രാജി വയ്ക്കണം. ചീഫ് വിപ്പ് സ്ഥാനവും ഒഴിയുണമെന്നാണ് നിർദ്ദേശം. ഈ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് മാണിയുടെ നീക്കം. തൽക്കാലത്തേക്ക് യുഡിഎഫിൽ തന്നെ തുടരും. എന്നാൽ സർക്കാരിന് പുറത്തു നിന്ന് പിന്തുണ നൽകാമെന്നാണ് പക്ഷം. ഹൈക്കോടതിയിൽ നടന്ന നീക്കങ്ങളിലെ പൊള്ളത്തരം പുറത്തു കൊണ്ടു വരാനും മാണി തീരുമാനിച്ചിട്ടുണ്ട്. രാജി വച്ച ശേഷം ബാർ കോഴയിലെ ഗൂഢാലോചന മാണി തുറന്നു പറയണമെന്ന അഭിപ്രായവും കേരളാ കോൺഗ്രസിൽ സജീവമാണ്.

എന്നാൽ മന്ത്രി സ്ഥാനം രാജിവയ്ക്കാൻ പിജെ ജോസഫ് തയ്യാറാകുമോ എന്ന സംശയം മാണിക്കുണ്ട്. അതുകൊണ്ടാണ് ഈ ഘട്ടത്തിൽ പ്രതികരിക്കാത്തത്. പാർട്ടിയുടെ ഭൂരിപക്ഷ തീരുമാനം അനുസിരിച്ച് രാജി എന്നാണ് മാണിയുടെ മനസ്സിലുള്ളത്. പാർട്ടിക്കുള്ളിൽ അഭിപ്രായ ഐക്യമുണ്ടായാൽ ഉടൻ രാജി പ്രഖ്യാപിക്കും. യുഡിഎഫ് യോഗത്തിന് ശേഷം രാജി വച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ വേറെയായിരിക്കും. മാണിയോട് യുഡിഎഫ് രാജി ചോദിച്ചു വാങ്ങിയെന്ന വിശകലനമെത്തും. അതൊഴിവാക്കാൻ പാർട്ടി യോഗത്തിൽ തന്നെ തീരുമാനം എടുക്കും. അതിനിടെ മാണി രാജിവയ്ക്കുന്നതിനൊപ്പം മുന്നണിക്കുള്ള പിന്തുണ പിൻവലിക്കണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം. അതിന് കൃത്യമായ കാരണങ്ങൾ അവർ നിരത്തുന്നുമുണ്ട്. വ്യക്തമായ ഗൂഢാലോചനയുടെ ഫലമാണ് ബാർ കോഴ ആരോപണങ്ങൾ. അതിൽ മാണിയെ കുറ്റപ്പെടുത്തുന്നവർ അവരുടെ ഭാഗത്തെ കുറിച്ച് ചിന്തിക്കണമെന്നാണ് ആവശ്യം.

പിസി ജോർജും കോൺഗ്രസിലെ ഐ ഗ്രൂപ്പും ഉയർത്തികൊണ്ടു വന്നതാണ് ബാർ കോഴ. ഇത് തെളിവുകൾ സഹിതം മുന്നണിയെ മാണി ബോധ്യപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയാണ് പിസി ജോർജിനെ പുറത്താക്കിയത്. ഈ സാഹചര്യത്തിലും ആ നിലപാടുകൾക്ക് പ്രസക്തിയുണ്ട്. ഗൂഢാലോചനയുടെ പുതു തീരുമാനമാണ് ഹൈക്കോടതിയിലെ സംഭവ വികാസങ്ങൾ. വിജിലൻസ് കോടതി വിധിയെ ചോദ്യം ചെയ്യരുതെന്നായിരുന്നു പൊതു തീരുമാനം. അതിന് വിരുദ്ധമായത് ഹൈക്കോടതിയിൽ സംഭവിച്ചു. റിവിഷൻ ഹർജി നൽകാതെ റിട്ട് പെറ്റീഷൻ നൽകിയതിൽ പോലും ഗൂഢാലോചനയുണ്ട്. ആഭ്യന്തര വകുപ്പും കോൺഗ്രസിലെ ഐ വിഭാഗവും വൈരാഗ്യ ബുദ്ധിയോടെയാണ് പ്രവർത്തിച്ചത്. മന്ത്രിസഭയിലെ ഐ ഗ്രൂപ്പിലെ പ്രധാനിയുടെ അടുത്ത ബന്ധുവായ ബിജു രമേശിന്റെ നിലപാടുകളെ സംശയത്തോടെയാണ് മാണിയുടെ അടുപ്പക്കാർ കാണുന്നത്. നാളത്തെ യുഡിഎഫിൽ ഇതെല്ലാം വ്യക്തമാക്കും. പലതും തുറന്നു പറയുമെന്നും മാണി വ്യക്തമാക്കും.

ഈ സാഹചര്യത്തെ കുറിച്ച് മുഖ്യമന്ത്രിക്കും നല്ല ബോധ്യമുണ്ട്. മാണിയെ അനുനയിപ്പിച്ച് രാജിവയ്‌പ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ ദൂതിനായി നിയോഗിക്കാനും സാധ്യതയുണ്ട്. എന്നാൽ തന്റെ രാഷ്ട്രീയ ജീവിതത്തിന് തടയിടാൻ കോൺഗ്രസിലെ ഒരു വിഭാഗം നടത്തിയ നീക്കത്തെ എന്തുവിലകൊടുത്തും തിരിച്ചടി നൽകുമെന്നാണ് മാണിയുടെ പക്ഷം. തദ്ദേശ തെരഞ്ഞെടുപ്പിൽ സൗഹൃദ മത്സരത്തിലൂടെ കേരളാ കോൺഗ്രസിനെ തകർക്കാൻ ശ്രമിച്ചു. പൂഞ്ഞാറിലെ പിസി ജോർജിന്റെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു, ഇങ്ങനെ പല ആരോപണങ്ങൾ മാണി ക്യാമ്പ് ഉയർത്തിക്കഴിഞ്ഞു. ബാർ കോഴയിൽപ്പെട്ടതിനാൽ ഇടതുപക്ഷത്തേക്ക് പാവാനാകില്ലെന്ന് അറിഞ്ഞുള്ള കളികളെ ചെറുക്കാനുള്ള കരുത്ത് കേരളാ കോൺഗ്രസിനുണ്ടെന്നാണ് മാണി വിഭാഗത്തിന്റെ പക്ഷം.

ഈ നീക്കങ്ങളിൽ പിജെ ജോസഫ് കൂടി ചേർന്നാൽ കേരളാ കോൺഗ്രസ് നിലപാട് കടുപ്പിക്കും. അല്ലെങ്കിൽ എന്ത് ചെയ്യണമെന്നാണ് വിശ്വസ്തരുമായി മാണി ചർച്ച ചെയ്യുന്നത്. തോമസ് ഉണ്ണിയാടൻ അടക്കമുള്ളവരോട് കൊച്ചിയിലെത്താൻ മാണി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സിപിഐ(എം) പ്രതിഷേധത്തെ തുടർന്ന് മാണി കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങി. സുരക്ഷ കാരണങ്ങളാൽ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങാൻ പൊലീസും മാണിയോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെയ തന്റെ മുന്നിലുള്ള ഫയലുകളിൽ മാണി ഇന്നു തന്നെ തീരുമാനം എടുക്കുമെന്നും സൂചനയുണ്ട്. ഔദ്യോഗികമായ ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കി മന്ത്രിസ്ഥാനം രാജിവയ്ക്കാനാണ് മാണിയുടെ തീരുമാനമെന്നും സൂചനയുണ്ട്.

രാഷ്ട്രീയമായി കരുത്ത് ചോർന്നില്ലെന്ന് പാലായിലെ വിജയത്തോടെ മാണി തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ കേരളാ കോൺഗ്രിസന്റെ കോട്ടയത്തേയും ഇടുക്കിയിലേയും മുന്നേറ്റത്തെ തടയാൻ ആരു വിചാരിച്ചാലും കഴിയില്ല. സൗഹൃദ മത്സങ്ങളേയും അതിജീവിച്ചാണ് പാലയിലെ വിജയം. വേണ്ടി വന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും. അതിന്റെ നഷ്ടം യുഡിഎഫിനാകുമെന്നും മാണി കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബാക്കി എല്ലാ ജില്ലകളിലും തിരിച്ചടി കിട്ടിയ യുഡിഎഫും നേതൃത്വവും മാണിയുടെ കാര്യത്തിൽ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഇപ്പോഴും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP