Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംഎൽഎ മരിച്ചെങ്കിലും മഞ്ചേശ്വരത്തുകാർക്ക് ഉടനെങ്ങും ഒരു തെരഞ്ഞെടുപ്പു ഉണ്ടായേക്കില്ല; അഴീക്കോടും കൊടുവള്ളിയും തെരഞ്ഞെടുപ്പ് നടന്നാലും മഞ്ചേശ്വരത്തിന്റെ കാര്യത്തിൽ തീരുമാനമാകില്ല; സുരേന്ദ്രന്റെ കേസ് പരിഗണിച്ചിരുന്ന രണ്ടാമത്തെ ജഡ്ജിയും വിരമിച്ചതോടെ കേസ് അനിശ്ചിതമായി നീളും: കെ സുരേന്ദ്രന്റെ എംഎൽഎ മോഹം നീണ്ടു നീണ്ടു പോകുന്നു

എംഎൽഎ മരിച്ചെങ്കിലും മഞ്ചേശ്വരത്തുകാർക്ക് ഉടനെങ്ങും ഒരു തെരഞ്ഞെടുപ്പു ഉണ്ടായേക്കില്ല; അഴീക്കോടും കൊടുവള്ളിയും തെരഞ്ഞെടുപ്പ് നടന്നാലും മഞ്ചേശ്വരത്തിന്റെ കാര്യത്തിൽ തീരുമാനമാകില്ല; സുരേന്ദ്രന്റെ കേസ് പരിഗണിച്ചിരുന്ന രണ്ടാമത്തെ ജഡ്ജിയും വിരമിച്ചതോടെ കേസ് അനിശ്ചിതമായി നീളും: കെ സുരേന്ദ്രന്റെ എംഎൽഎ മോഹം നീണ്ടു നീണ്ടു പോകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിലെ രണ്ടാമത്തെ ബിജെപി എംഎൽഎ ആകാനുള്ള ബിജെപി നേതാവ് കെ സുരേന്ദ്രന്റെ മോഹം അടുത്തെങ്ങും നടക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു കേസ് അടുത്തെങ്ങും അവസാനിക്കുന്ന ലക്ഷണമില്ല. കേസ് പരിഗണിച്ചിരുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.അബ്രാഹം മാത്യു വിരമിച്ചതോടെ കേസ് ഇനിയും നീളുന്ന ഘട്ടത്തിലാണ്. ഇതോടെ അഴീക്കോടും കൊടുവള്ളിയും പോലും വീണ്ടും തെരഞ്ഞെടുപ്പ് നടന്നാലും ഈ കേസിൽ അതുണ്ടാകില്ലെന്ന് ഉറപ്പായി. ഇതിനുമുമ്പ് ജസ്റ്റിസ് കെ.രാമകൃഷ്ണനാണ് കേസ് കേട്ടിരുന്നത്. അദ്ദേഹം വിരമിച്ചപ്പോഴാണ് ജസ്റ്റിസ് അബ്രാഹമിന്റെ ബെഞ്ചിലെത്തിയത്.

കേരളത്തിൽ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസാണ് ഇത് എന്നതിനാൽ കേസ് പരിഗണിക്കുന്നതി ജഡ്ജിമാർക്കും താൽപ്പര്യം കുറവാണെന്ന ആ്‌ക്ഷേപമുണ്ട്. വിരമിക്കുന്നതിനുമുമ്പ് കഴിഞ്ഞദിവസം കേസ് പരിഗണിച്ച അദ്ദേഹം കേസ് മൂന്നാഴ്ചത്തേക്ക് നീട്ടുകയാണ് ചെയ്തത്. ജനുവരി അവസാനവാരമോ ഫെബ്രുവരി ആദ്യമോ പുതിയ ജഡ്ജിയാവും ഇനി കേസ് പരിഗണിക്കുക. ഈ ജഡ്ജിയെ ചീഫ് ജസ്റ്റിസ് നിശ്ചയിക്കണം. അതുകഴിഞ്ഞ് വിധി വന്നാലേ ഉപതിരഞ്ഞെടുപ്പ് വേണോയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് നിശ്ചയിക്കാനാകൂ.

മണ്ഡലത്തിൽ 89 വോട്ടിന് വിജയിച്ച മുസ്ലിം ലീഗിലെ പി.ബി.അബ്ദുൾറസാഖിനെതിരേ, തോറ്റ ബിജെപി.യിലെ കെ.സുരേന്ദ്രനാണ് ഹർജി നൽകിയത്. മണ്ഡലത്തിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാണ് സുരേന്ദ്രന്റെ ആക്ഷേപം. റസാഖ് ഒക്ടോബർ 20-ന് അന്തരിച്ചെങ്കിലും കേസുമായി മുന്നോട്ടുപോകാൻ സുരേന്ദ്രൻ തീരുമാനിക്കുകയായിരുന്നു. തന്നെ വിജയി ആയി പ്രഖ്യാപിക്കണം എന്നതാണ് സുരേന്ദ്രന്റെ ആവശ്യം.

സ്ഥലത്തില്ലാത്തവരുടെയും മരിച്ചുപോയവരുടെയും പേരിൽ കള്ളവോട്ട് ചെയ്താണ് റസാഖ് ജയിച്ചതെന്നും അതിനാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സുരേന്ദ്രൻ പറയുന്നത്. കള്ളവോട്ട് ചെയ്തതായി പറയുന്ന 290-ലേറെപ്പേരുടെ പട്ടികയും സുരേന്ദ്രൻ ഹാജരാക്കിയിരുന്നു. ഇതിൽ 190-ലേറെപ്പേരെ വിസ്തരിച്ചു. കുറച്ചുപേർ വിദേശത്താണ്. ഇവരുടെ വിസ്താരം കഴിഞ്ഞാലേ വിധിയുണ്ടാകൂ. പുതിയ ജഡ്ജി കേസ് പഠിക്കേണ്ടതുമുണ്ട്. ഇതിനായി ഇനിയും കുറെ സമയം എടുക്കുമെന്നത് ഉറപ്പാണ്.

അതേസമയം പാർലമെന്റ് തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടത്താൻ കഴിയുംവിധം കേസ് പിൻവലിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ചില പാർട്ടികേന്ദ്രങ്ങൾ സൂചിപ്പിച്ചെങ്കിലും ബിജെപി. നേതൃത്വം നിഷേധിച്ചു. രണ്ടു മണ്ഡലത്തിലും പാർട്ടിക്ക് ഒരേ ചിഹ്നം വരുമെന്നതിനാൽ അണികൾക്ക് ആശയക്കുഴപ്പം വരില്ലെന്നതാണ് കേസ് പിൻവലിക്കാനുള്ള അനുകൂലഘടകം. നിലവിലെ സാഹചര്യത്തിൽ സുരേന്ദ്രൻ തന്നെ മഞ്ചേശ്വരത്ത് മത്സരിക്കണം എന്ന ആവശ്യം ശക്തമാണ്.

എന്നാൽ, ഇനി തിരഞ്ഞെടുപ്പു വന്നാൽ ബിജെപിയെ തോൽപ്പിക്കാൻ വോട്ടുമറിക്കൽ നടക്കുമെന്നത് ഉറപ്പാണ്. ബിജെപി.യെ തോൽപ്പിക്കാൻ ലീഗിന് സിപിഎം. വോട്ട് മറിക്കുന്നുവെന്ന ആരോപണം നിലനിൽക്കുന്ന നിയമസഭാമണ്ഡലമാണ് മഞ്ചേശ്വരം. പാർലമെന്റ് തിരഞ്ഞെടുപ്പിനൊപ്പമാണെങ്കിൽ ഈ സാധ്യതയും കുറയുമെന്നാണ് വാദം. പക്ഷേ, കേസ് ജയിക്കുമെന്നുറപ്പുള്ളതിനാൽ പിൻവലിക്കില്ലെന്ന് അടുത്തദിവസവും സുരേന്ദ്രൻ വ്യക്തമാക്കി.

അതേസമയം കേസ് അനന്തമായി നീണ്ടു പോകുമ്പോൾ ജനപ്രതിനിധിയില്ലാതെ മണ്ഡലം എത്രനാൾ മുന്നോട്ടുപോകുമെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. സാധാരണ തിരഞ്ഞെടുപ്പുകേസല്ല കേരളത്തിന്റെ വടക്കേയറ്റത്തെ ഈ മണ്ഡലത്തിൽ. മറ്റു സ്ഥലങ്ങളിൽ ജയിച്ചയാളെ അയോഗ്യനാക്കുന്നതുവരെ ജനപ്രതിനിധിയുണ്ട്. അതുകഴിഞ്ഞാലും ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് വരും. മരിച്ചുപോയാലും അങ്ങനെതന്നെ. ഇവിടെ രണ്ടും ചേർന്നതാണ്. കേസ് തീരുന്നതുവരെ ജനപ്രതിനിധിയില്ല. ഇത് വികസനമുരടിപ്പിനിടയാക്കുമെന്ന് തദ്ദേശസ്ഥാപനപ്രതിനിധികളും മറ്റ് സാമൂഹികപ്രവർത്തകരും പറയുന്നു.

വർഷാവർഷം ഒരുകോടിയുടെ വികസനഫണ്ടും അഞ്ചുകോടിയുടെ ആസ്തിവികസനഫണ്ടും മണ്ഡലത്തിൽ ചെലവഴിക്കുന്നതാണ്. ഇതിന്റെ പദ്ധതികൾ എംഎ‍ൽഎ. തയ്യാറാക്കിക്കൊടുക്കണം. മഞ്ചേശ്വരത്തിന്റെ ഭാഗ്യത്തിന് 2018-19ലെ മുഴുവൻ പദ്ധതിയും തയ്യാറാക്കി സിവിൽ സ്റ്റേഷനിലെ അസി. ഡെവലപ്മെന്റ് കമ്മിഷണർ ഓഫീസിൽ റസാഖ് നേരത്തേ കൊടുത്തിരുന്നു. പക്ഷേ, പദ്ധതികളിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ എംഎ‍ൽഎ.തന്നെ നിർദേശിക്കണം. അതിന് ആളില്ലാത്തത് പ്രശ്നമാകുന്നുണ്ട്. മണ്ഡലത്തിൽ നിർദേശിക്കപ്പെട്ട രണ്ടു റോഡ് പദ്ധതികൾ ഈ പ്രശ്നം കാരണം മുടങ്ങി.

അവയവമാറ്റശസ്ത്രക്രിയയടക്കം എംഎ‍ൽഎ.യുടെ സർട്ടിഫിക്കറ്റ് ആവശ്യമുള്ള നിരവധി സന്ദർഭങ്ങളുണ്ട്. ഇത് കിട്ടാതെ വിഷമിക്കുന്നവർ ധാരാളം. അടുത്തകാലത്ത് വീണ്ടും തലപൊക്കിയ വിഭാഗീയത തണുപ്പിക്കാൻ ഉത്തരവാദപ്പെട്ടയാൾ ഇല്ലാതെപോയതാണ് മറ്റൊരു പ്രശ്നം. സുരേന്ദ്രന്റെ ഹർജി കാരണമാണ് തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കാത്തത് എന്ന് മറുവിഭാഗം പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് ബിജെപിക്ക് തിരിച്ചടിയായി മാറുമോ എന്നാണ് ഇനി അറിയേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP