Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇതാണു അമിത് ഷാ മാനത്തു കണ്ടത്; കുമ്മനത്തെ വാനോളം പുകഴ്‌ത്തി മാർത്തോമ്മാ സഭ; കുമ്മനം രാജശേഖരൻ സഹിഷ്ണതയുടെ പ്രവാചകനെന്ന് ജോസഫ് മർത്തോമ്മ; ക്രിസ്തീയ ഗുരുവെന്ന് മാർ ക്രിസോസ്റ്റം

ഇതാണു അമിത് ഷാ മാനത്തു കണ്ടത്; കുമ്മനത്തെ വാനോളം പുകഴ്‌ത്തി മാർത്തോമ്മാ സഭ; കുമ്മനം രാജശേഖരൻ സഹിഷ്ണതയുടെ പ്രവാചകനെന്ന് ജോസഫ് മർത്തോമ്മ; ക്രിസ്തീയ ഗുരുവെന്ന് മാർ ക്രിസോസ്റ്റം

പത്തനംതിട്ട: കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന പ്രസിഡന്റാക്കാൻ കേന്ദ്രനേതൃത്വം തീരുമാനം എടുത്തപ്പോൾ നെറ്റിചുളിച്ചവർക്ക്, തങ്ങളുടെ സംശയത്തിനുള്ള മറുപടി കിട്ടിത്തുടങ്ങി. കുമ്മനത്തെ വാനോളം പുകഴ്‌ത്തി മാർത്തോമ്മ സഭ രംഗത്തു വന്നു.

പിന്നാലെ, മറ്റു സഭകൾ കൂടി ഇതേ വഴി പിന്തുടർന്നാൽ ബിജെപിക്ക് ജനമനസുകളിൽ സ്ഥാനം ലഭിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. സകലർക്കും സ്വീകാര്യനായ കുമ്മനത്തെ സംസ്ഥാന പ്രസിഡന്റാക്കുമ്പോൾ മോദിയും അമിത് ഷായും അടക്കമുള്ള നേതാക്കൾ ലക്ഷ്യമിട്ടതും ഇതു തന്നെയാണ്. ഇന്നലെ വൈകിട്ട് ആറന്മുള നിവാസികളും പരിസ്ഥിതി സംഘടനകളും സാംസ്‌കാരിക സംഘടനകളും ചേർന്ന,് ബിജെപി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ കുമ്മനം രാജശേഖരന് ആറന്മുളയിൽ നൽകിയ സ്വീകരണചടങ്ങിൽ അദ്ദേഹത്തെ പുകഴ്‌ത്തി കത്തിക്കയറുകയായിരുന്നു മാർത്തോമ്മ സഭ പരമാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മയും വലിയ മെത്രാേപ്പാലീത്ത മാർ ക്രിസോസ്റ്റവും.

സഹിഷ്ണുതയുടെ പ്രവാചകനാണ് കുമ്മനം രാജശേഖരനെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ.ജോസഫ് മർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു. കുമ്മനത്തിന്റെ കഴിഞ്ഞകാലങ്ങളിലെ സേവന സരണികൾ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സഹിഷ്ണുത നിലനിർത്താനുള്ള നേതാവായിട്ടാണ് ജനങ്ങൾ അദ്ദേഹത്തെ അംഗീകരിച്ചത്. കേരളത്തിൽ രാഷ്ര്ടീയ മേഖലയിൽ അസഹിഷ്ണുത ഏറെയാണെന്ന് പറഞ്ഞ മെത്രാപ്പൊലീത്ത ജനസംഘത്തിന്റേയും പിന്നീട് വന്ന ബിജെപിയുടേയും പൈതൃകവും മാർത്തോമ്മാസഭയുടെ പൈതൃകവും തമ്മിലുള്ള സാമ്യവും എടുത്തുപറഞ്ഞു. ജനസംഘത്തിന്റെ കൊടിയിൽ മൺവിളക്കുണ്ടായിരുന്നു. പിന്നീട് ബിജെപിയായി മാറിയപ്പോൾ ചിഹ്‌നം താമരയായി.

അതേസമയം മർത്തോമ്മാസഭയുടെ പതാകയിൽ മൺവിളക്കും താമരയും എത്രയോ കാലമായി ചിഹ്‌നങ്ങളാണ്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മർത്തോമ്മ സഭയുടെ പ്രതിനിധിയായെത്തിയ തന്നെ സംസ്ഥാന അതിഥിയായി പരിഗണിച്ച് ആദരിച്ചതും മദ്ധ്യപ്രദേശിൽ ബിജെപി സർക്കാർ നൽകിയ സമാനരീതിയിലുള്ള ആദരവിന്റേയും കാര്യങ്ങൾ എടുത്തുപറഞ്ഞ് സഹിഷ്ണുതയുടെ പ്രതീകങ്ങളായാണ് ഈ അംഗീകാരങ്ങളെ മർത്തോമ്മാസഭ കാണുന്നതെന്നും പറഞ്ഞു.

കുമ്മനം രാജശേഖരൻ ക്രിസ്ത്യാനികൾക്ക് എതിരല്ല. ക്രിസ്ത്യാനികളെ പലകാര്യങ്ങളും പഠിപ്പിച്ച ക്രിസ്തീയ ഗുരുവാണെന്ന് മർത്തോമ്മാസഭ വലിയ മെത്രാപ്പൊലീത്ത ഫിലീപ്പോസ് മാർ ക്രിസോസ്റ്റം പറഞ്ഞു. ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.മറ്റു മതങ്ങളിലെ സത്യം കണ്ടുപഠിക്കാൻ എല്ലാവരും തയ്യാറാകണം. ഹിന്ദു മഹാസഭയുടെ നേതാവിനെ സ്വാഗതം ചെയ്യാൻ ക്രൈസ്തവ സഭയുടെ ആചാര്യന്മാരെ വിളിച്ചപ്പോൾ ഹിന്ദുമതം എത്രമാത്രം വിശാലമാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ആറന്മുളയിൽ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

കഴിവുകൾ വർദ്ധിച്ചാൽ സമൂഹത്തോടുള്ള കടപ്പാടും വർദ്ധിക്കുമെന്നതിന് കുമ്മനം രാജശേഖരന്റെ ആറന്മുളയിലെ പ്രവർത്തനം തന്നെ ഉദാഹരണമാണ്. വ്യത്യസ്തതയിലുള്ള ഐക്യത്തെയാണ് ശക്തമാക്കേണ്ടത്. മറ്റുള്ളവരെ വെറുക്കാനല്ല, സ്‌നേഹിക്കാനാണ് പഠിക്കേണ്ടതെന്നും മർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത പറഞ്ഞു. കുമ്മനം രാജശേഖരൻ മർത്തോമ്മാസഭ വലിയമെത്രാപ്പൊലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തെ പൊന്നാട അണിയിച്ച് നമസ്‌ക്കരിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP