Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടിയേരിയും പിണറായിയും ചർച്ച നടത്തി; ആദ്യം കോടിയേരിയെ കണ്ട ഇ പി ജയരാജൻ മുഖ്യമന്ത്രിയെ കണ്ട് രാജി സന്നദ്ധത അറിയിച്ചു; വീഴ്ച പറ്റിയെന്നും ജയരാജൻ; മന്ത്രിസഭാ യോഗത്തിൽ ഘടകകക്ഷി മന്ത്രിമാർ വിമർശനം ഉയർത്തി; തലസ്ഥാനത്ത് തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾക്ക് ഒടുവിൽ മന്ത്രിസഭയിലെ രണ്ടാമൻ രാജിവെക്കുമെന്ന് ഉറപ്പായി

കോടിയേരിയും പിണറായിയും ചർച്ച നടത്തി; ആദ്യം കോടിയേരിയെ കണ്ട ഇ പി ജയരാജൻ മുഖ്യമന്ത്രിയെ കണ്ട് രാജി സന്നദ്ധത അറിയിച്ചു; വീഴ്ച പറ്റിയെന്നും ജയരാജൻ; മന്ത്രിസഭാ യോഗത്തിൽ ഘടകകക്ഷി മന്ത്രിമാർ വിമർശനം ഉയർത്തി; തലസ്ഥാനത്ത് തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾക്ക് ഒടുവിൽ മന്ത്രിസഭയിലെ രണ്ടാമൻ രാജിവെക്കുമെന്ന് ഉറപ്പായി

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ പെട്ട ഇ പി ജയരാജൻ വ്യവസായ മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന് ഉറപ്പായി. രാജിവെക്കാനുള്ള സന്നദ്ധത പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രിയെയും ജയരാജൻ അറിയിച്ചു. തനിക്കു വീഴ്ച പറ്റിയെന്നു ജയരാജൻ സമ്മതിച്ചതായാണു വിവരം.

ബന്ധു നിയമന വിവാദത്തിൽ വിജിലൻസ് ത്വരിതപരിശോധനയ്ക്ക് ഒരുങ്ങുന്നതോടെയാണ് ജയരാജൻ രാജിവെക്കാൻ തയ്യാറാണെന്ന് പാർട്ടി സെക്രട്ടറിയ കോടിയേരിയെ അറിയിച്ചത്. ഇന്നോ നാളെയോ തന്നെ ത്വരിത പരിശോധനയ്ക്കുള്ള ഉത്തരവിറങ്ങുമെന്നാണു സൂചന.

അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനെയും കണ്ട് ജയരാജൻ ചർച്ച നടത്തി. നാളെ നടക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ജയരാജനെതിരെ കടുത്ത വിമർശനം ഉയരുമെന്ന ഘട്ടത്തിൽ കൂടിയാണ് ഇ പി രാജിവെക്കാൻ തയ്യാറാണെന്ന് അറിയിച്ചത്. ജയരാജൻ രാജിസന്നദ്ധത അറിയിച്ചതോടെ കോടിയേരിയും പിണറായിയും തമ്മിൽ ചർച്ച നടത്തി. തലസ്ഥാനത്ത് തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. എ കെ ജി സെന്ററിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചർച്ച നടത്തി. 

പാർട്ടിക്കും സർക്കാറിനുമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് ജയരാജൻ രാജിവെക്കാൻ തയ്യാറാണെന്ന് അറിയിച്ചത്. ഇന്ന് രാവിലെ നടന്ന മന്ത്രിസഭാ യോഗത്തിലും ജയരാജൻ പങ്കെടുത്തിരുന്നു. ഈ യോഗത്തിൽ ഘടകകക്ഷി മന്ത്രിമാർ ഇ പിക്കെതിരെ വിമർശനം ഉന്നയിച്ചെന്നാണ് റിപ്പോർട്ട്. ഇതോടെയാണ് അദ്ദേഹം രാജിവെക്കാം എന്ന് അറിയിച്ചിരിക്കുന്നത്. രാജി തീരുമാനം നാളത്തെ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലുണ്ടാകും.

ബന്ധുനിയമന വിവാദത്തിൽ മന്ത്രി ജയരാജനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിൽ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് മുഖ്യമന്ത്രിയെ കണ്ടിരുന്നു. രാവിലെ 7.45 ഓടെ ഔദ്യോഗിക വസതിയിലെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. 20 മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ് ജേക്കബ് തോമസ് എത്തിയത്. വ്യവസായമന്ത്രി ഇ.പി. ജയരാജനെതിരെ വിജിലൻസ് ത്വരപരിശോധന നടത്തുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ അനുമതി വാങ്ങാനാണ് ഡയറക്ടർ എത്തിയതെന്നാണ് സൂചന. ഇതോടെ ഇന്ന് രാവിലെ ഉച്ചയോടെ ജയരാജനെതിരെ ത്വര പരിശോധനയ്ക്ക് ഉത്തരവിട്ടേക്കും. ഈ സാഹചര്യത്തിൽ കൂടിയിയാണ് ജയരാജൻ രാജിവെക്കാൻ ഒരുങ്ങുന്നത്.

ഇന്ന് രാവിലെ നടന്ന കൂടിക്കാഴ്‌ച്ചയിൽ ജയരാജൻ വിഷയത്തിൽ കിട്ടിയ നിയമോപദേശത്തെ കുറിച്ച് മുഖ്യമന്ത്രിയോട് ജേക്കബ് തോമസ് വിശദീകരിച്ചിരുന്നു. ജയരാജനെതിരെ ത്വരപരിശോധന നടത്തേണ്ട ഗൗരവം പരാതികളിലുണ്ടെന്നാണ് വിജിലൻസ് അധികൃതരുടെ പ്രാഥമിക നിഗമനം. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു. അത് ചെയ്തില്ലെങ്കിൽ പരാതിക്കാർ കോടതിയെ സമീപിക്കും. കോടതി നിർദ്ദേശം വരുമ്പോഴുള്ള അന്വേഷണത്തേക്കാൾ ഉചിതം വകുപ്പ് തീരുമാനിക്കുന്നതാണെന്നും വ്യക്തമാക്കി. വിജിലൻസിന് സാഹചര്യത്തിന് അനുസരിച്ച് തീരുമാനം എടുക്കാമെന്ന് മുഖ്യമന്ത്രി നിർദ്ദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഇന്ന് തന്നെ ത്വരിത പരിശോധനയ്ക്ക് ജേക്കബ് തോമസ് ഉത്തരവിടും. ഈ സാഹചര്യത്തിൽ ജയരാജന് രാജി വയ്ക്കേണ്ടത് അനിവാര്യതയായി മാറും.

ക്വിക്ക് വെരിഫിക്കേഷന് ഉത്തരവിട്ടാൽ മാറി നിൽക്കേണ്ടി വരുമെന്ന് ജയരാജന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ സൂചന നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ വിവാദങ്ങളുടെ കാര്യത്തിൽ പാർട്ടി തലത്തിലും അച്ചടക്ക നടപടിയുണ്ടായേക്കും. സ്വജനപക്ഷപാതം പിണറായി സർക്കാരിൽ അനുവദിക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.

ത്വരപരിശോധന പ്രഖ്യാപിച്ചാൽ ജയരാജൻ മന്ത്രിയായി തുടരുന്നതിലെ ധാർമികതയും ചോദ്യംചെയ്യപ്പെടും. വിജിലൻസ് അന്വേഷണം നേരിട്ടഘട്ടത്തിൽ കെ.ബാബുവിന്റെയും കെ.എം. മാണിയുടേയും രാജി ആവശ്യപ്പെട്ടത് പ്രധാനമായും സിപിഐ(എം). നേതാക്കളായിരുന്നു. അതുകൊണ്ട് തന്നെ ജയരാജന്റെ രാജി അനിവാര്യമാവുകയാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപി. മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ എന്നിവരാണ് ബന്ധുത്വ നിയമന വിവാദത്തിൽ വിജിലൻസിന് പരാതി നൽകിയത്. ജയരാജനെതിരെ അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13(1) ഡി, 15 എന്നിവ പ്രകാരം അന്വേഷണം അനിവാര്യമെന്നു തന്നെയായിരുന്നു വിജിലൻസ് നിയമോപദേഷ്ടാവിന്റെ നിലപാടും.

ജയരാജന്റെ ബന്ധുവും പി.കെ.ശ്രീമതി എംപിയുടെ മകനുമായ പി.കെ.സുധീർ നമ്പ്യാർക്കു മാനദണ്ഡവും യോഗ്യതയും മറികടന്നു നിയമനം നൽകിയെന്ന പരാതിയിലാണ് ഈ വകുപ്പുകൾ ബാധകമാവുക. പാതു പ്രവർത്തകൻ എന്ന പദവി ദുരുപയോഗം ചെയ്തു സ്വയമോ മറ്റുള്ളവർക്കോ അന്യായമായി സഹായം ചെയ്യുക, സർക്കാരിന് നഷ്ടമുണ്ടാക്കുക, ഇതിനുള്ള ശ്രമം നടത്തുക എന്നതാണ് അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13(1) ഡി, 15 എന്നിവയുടെ ഉള്ളടക്കം. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ ജേക്കബ് തോമസ് ധരിപ്പിച്ചിട്ടുണ്ട്. മന്ത്രിയായതു കൊണ്ടാണ് കാര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചതെന്ന വിശദീകരണമാണ് ജേക്കബ് തോമസ് നൽകുന്നത്. ഇന്ന് വിജിലൻസ് ഉദ്യോഗസ്ഥരുടെ യോഗം ചേരും. ഈ യോഗമാകും അന്വേഷണത്തിൽ അന്തിമ തീരുമാനം എടുക്കുക.

സുധീറിനു കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് എംഡിയായി നിയമിക്കപ്പെടാൻ മതിയായ യോഗ്യതയുണ്ടോ, നിയമനം ചട്ടപ്രകാരമായിരുന്നോ എന്ന കാര്യങ്ങൾ പരിശോധിക്കേണ്ടി വരും. യോഗ്യതയില്ലെങ്കിൽ എങ്ങനെ സർക്കാർ ഉത്തരവിറങ്ങി, അതു റദ്ദാക്കാനുണ്ടായ സാഹചര്യം എന്നിവയും അന്വേഷിക്കേണ്ടതുണ്ട്. പരാതിയിൽ അന്വേഷണം നിർബന്ധമാണെന്ന ലളിതകുമാരി കേസിലെ സുപ്രീം കോടതി വിധി ഇതിലും ബാധകമാണെന്ന് വിജിലൻസ് തിരിച്ചറിയുന്നു. അഴിമതി നിരോധന നിയമം 13(1)(ഡി) പ്രകാരം അധികാരസ്ഥാനത്തിരിക്കുന്നവർ തനിക്കോ മറ്റുള്ളവർക്കോ ലാഭമുണ്ടാക്കാൻ ചെയ്യുന്നനടപടികളിൽ ഏർപ്പെടുന്നത് കുറ്റകരമാണ്. അഴിമതി നിരോധനനിയമം 13(2) പ്രകാരം ഒന്നുമുതൽ ഏഴുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം. ജയരാജന്റെ കാര്യത്തിൽ സർക്കാറിനു നഷ്ടമുണ്ടാക്കിയില്ലെന്ന വാദം ഉന്നയിക്കപ്പെടാം. എന്നാൽ 1963ൽ കേരള സർക്കാറും നാരായണൻ നമ്പ്യാർ എന്ന റവന്യു ഇൻസ്പെക്ടറും തമ്മിൽ നടന്ന കേസിൽ, സർക്കാറിനു നഷ്ടമുണ്ടാകുന്നില്ലെങ്കിലും വ്യക്തികൾക്ക് അനധികൃതമായി ലാഭമുണ്ടാകുന്ന നടപടികൾ അഴിമതിയാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. അഴിമതി നിരോധനനിയമപ്രകാരം കേരളത്തിൽ ഇതുവരെ മന്ത്രിമാരാരും ശിക്ഷിക്കപ്പെട്ടിട്ടില്ല. എന്നാൽ, ചില പൊതുമേഖലാ സ്ഥാപനമേധാവികൾക്ക് സ്ഥാനം നഷ്ടമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP