Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉമ്മൻ ചാണ്ടിയുടെ തന്ത്രങ്ങൾക്കു മുന്നിൽ ഹൈക്കമാൻഡ് വഴങ്ങി; സംഘടനാ തെരഞ്ഞെടുപ്പുവരെ ഹസ്സനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിലനിർത്താൻ തീരുമാനം; ഉമ്മൻ ചാണ്ടിയെ പിണക്കരുതെന്ന ആന്റണിയുടെ മുന്നറിയിപ്പും ഫലം കണ്ടു; ചരടുവലികളുമായി കെവി തോമസ്

ഉമ്മൻ ചാണ്ടിയുടെ തന്ത്രങ്ങൾക്കു മുന്നിൽ ഹൈക്കമാൻഡ് വഴങ്ങി; സംഘടനാ തെരഞ്ഞെടുപ്പുവരെ ഹസ്സനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിലനിർത്താൻ തീരുമാനം; ഉമ്മൻ ചാണ്ടിയെ പിണക്കരുതെന്ന ആന്റണിയുടെ മുന്നറിയിപ്പും ഫലം കണ്ടു; ചരടുവലികളുമായി കെവി തോമസ്

ന്യൂഡൽഹി: സംഘടനാ തെരഞ്ഞെടുപ്പു നടക്കുന്നതുവരെ എം.എം. ഹസനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിലനിർത്താൻ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം. ഹസനെ നീക്കരുതെന്ന ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കമാൻഡിന്റെ തീരുമാനം. ഉമ്മൻ ചാണ്ടി നേതൃത്വം നല്കുന്ന എ വിഭാഗത്തെ പിണക്കിയാൽ തിരിച്ചടിയുണ്ടാകുമെന്ന് എ.കെ.ആന്റണിയും ഹൈക്കമാൻഡിനു മുന്നറിയിപ്പു നല്കിയിരുന്നു.

വി എം. സുധീരൻ അപ്രതീക്ഷിതമായി കെപിസിസി അധ്യക്ഷസ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ഹസന് താത്കാലിക ചുമതല നല്കുന്നത്. കെവി തോമസിനെ കെപിസിസിയുടെ സ്ഥിരം അധ്യക്ഷനായി നിയമിക്കാൻ കോൺഗ്രസ് ഹൈക്കമാണ്ട് ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി കെപിസിസി അധ്യക്ഷനാക്കാൻ ചരടുവലികൾ നടത്തിയ കെ സി വേണുഗോപാലിനെ എഐസിസി ജനറൽ സെക്രട്ടറിയുമാക്കി. എന്നാൽ സംഘടനാ തെരഞ്ഞെടുപ്പ് തുടരും വരെ മാറ്റം വേണ്ടെന്ന് ഉമ്മൻ ചാണ്ടി കർശന നിലപാട് എടുത്തു. ഹൈക്കമാൻഡ് ഈ നീക്കത്തിനു മുന്നിൽ വഴങ്ങുകയായിരുന്നു.

കെവി തോമസിനേയോ കെസി വേണുഗോപാലിനേയോ കെപിസിസി അധ്യക്ഷനാക്കാനായിരുന്നു രാഹുൽ ഗാന്ധിയുടെ തീരുമാനം. എന്നാൽ കെവി തോമസിനെ സോണിയാഗാന്ധി പിന്തുണച്ചതോടെ കെസിയുടെ സാധ്യത അടഞ്ഞു. ഈ പശ്ചാത്തലത്തിലാണ് കെസിയെ കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാക്കിയത്. കെവി തോമസിനെ പ്രസിഡന്റാക്കാനും രാഹുൽ തീരുമാനിച്ചു. ഇതിനിടെയാണ് ഉമ്മൻ ചാണ്ടിയെ പിണക്കരുതെന്ന ഉപദേശം ആന്റണിയുടെ ഭാഗത്ത് നിന്ന് എത്തിയത്. ഉമ്മൻ ചാണ്ടിയെ പിണക്കിയാൽ അത് സംഘടനാപരമായി വലിയ തിരിച്ചടിയാകും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന് അനുകൂലമാണ്. ഇതിനെ ബാധിക്കുന്ന തീരുമാനം എടുക്കരുതെന്നായിരുന്നു ആന്റണിയുടെ പക്ഷം. ശശി തരൂരാകട്ടെ ഉമ്മൻ ചാണ്ടിയെ തന്നെ ഉടൻ കെപിസിസി അധ്യക്ഷനാക്കണമെന്നും ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടിയുടെ നിലപാട് കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമാണെന്നും തരൂർ നിലപാട് എടുത്തു.

കെപിസിസി അധ്യക്ഷ സ്ഥാനം ഉമ്മൻ ചാണ്ടിക്ക് നൽകാമെന്ന് ഇതോടെ രാഹുൽ സമ്മതിച്ചു. എന്നാൽ സ്ഥാനം ഏറ്റെടുക്കാൻ ഉമ്മൻ ചാണ്ടി വിസമിതിച്ചു. ശശി തരൂരിന്റെ നയതന്ത്രനീക്കവും നടന്നില്ല. സംഘടനാ തെരഞ്ഞെടുപ്പ് വരെ ഹസൻ തുടരട്ടേയെന്ന് താൻ പരസ്യ നിലപാട് എടുത്തതാണെന്നും അതിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ഉമ്മൻ ചാണ്ടി ആവർത്തിച്ചു. ഇതോടെ, ഉമ്മൻ ചാണ്ടിയെ തള്ളി കെ വി തോമസിനെ കെപിസിസിയിൽ നിയോഗിച്ചാൽ ബുദ്ധിമുട്ടാകുമെന്ന് ഹൈക്കമാണ്ട് തിരിച്ചറിഞ്ഞ് ഹസനെ സംഘടനാ തെരഞ്ഞെടുപ്പുവരെ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു.

അതേസമയം, ഉമ്മൻ ചാണ്ടിയുടെ അംഗീകാരത്തോടെ കെവി തോമസിനെ നിയമിക്കാനുള്ള നീക്കങ്ങൾ സജീവമാണ്. എന്നാൽ എ ഗ്രൂപ്പിന് അവകാശപ്പെട്ടതാണ് കെപിസിസി അധ്യക്ഷ സ്ഥാനമെന്നും അവിടെ മറ്റാരും വരുന്നതിനെ അംഗീകരിക്കില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി കഴിഞ്ഞു. സമവായത്തിലൂടെ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല എത്തി. അതുകൊണ്ട് തന്നെ കെപിസിസി അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിനെന്നാണ് നിലപാട്. ഇനി സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതിനേയും ഉമ്മൻ ചാണ്ടി എതിർക്കുന്നില്ല. അതുണ്ടായാലും എ ഗ്രൂപ്പ് നേടുമെന്നാണ് വിലയിരുത്തൽ. ബെന്നി ബെഹന്നാനേയോ കെസി ജോസഫിനേയോ കെപിസിസി അധ്യക്ഷനാക്കാനാണ് കരുനീക്കം. ഇതിലൂടെ സാമുദായിക പരിഗണനകൾ ശരിയായി വരുമെന്നും ഉമ്മൻ ചാണ്ടി പറയുന്നു. ഏതായാലും താൻ കെപിസിസി അധ്യക്ഷ സ്ഥാനത്തിനില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ പക്ഷം. മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടാണ് ഉമ്മൻ ചാണ്ടി ഇങ്ങനെ ചെയ്യുന്നതെന്നാണ് മറു വിഭാഗങ്ങൾ വിലയിരുത്തുന്നത്. സംഘടനാ തെരഞ്ഞെടുപ്പിലൂടെ എ ഗ്രൂപ്പ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് എത്തിയാൽ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കക്ഷി നേതാവിനേയും എംഎൽഎമാർക്കിടയിൽ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കണമെന്ന നിലപാടിലേക്ക് കാര്യങ്ങൾ എത്തിക്കുമത്രേ. ഇത് ഉമ്മൻ ചാണ്ടിക്ക് അനുകൂലമാകും. അങ്ങനെ മുഖ്യമന്ത്രി കസേരയിൽ തിരിച്ചെത്താമെന്നാണ് ഉമ്മൻ ചാണ്ടിയുടെ കണക്ക് കൂട്ടലെന്നാണ് വിലയിരുത്തൽ.

വി എം സുധീരൻ കെപിസിസി അധ്യക്ഷനായിരിക്കെ ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശങ്ങളെ പാടെ തള്ളിയാണ് ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചത്. അന്ന് ഉമ്മൻ ചാണ്ടി സമ്പൂർണ്ണ നിസ്സഹകരണം പ്രഖ്യാപിച്ചു. ഇതോടെ വെട്ടിലായത് ഹൈക്കമാണ്ടായിരുന്നു. രാഹുൽ ഗാന്ധി നേരിട്ട് വിളിച്ച് ചർച്ച നടത്തിയാണ് ഉമ്മൻ ചാണ്ടിയെ അനുനയിപ്പിച്ചത്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെവി തോമസ് എത്തിയാലും എ ഗ്രൂപ്പ് ഈ തന്ത്രം പയറ്റും. ഐ ഗ്രൂപ്പിനും തോമസിനോട് താൽപ്പര്യമില്ല. ഇത് സംഘടനയെ ദുർബലമാക്കും. അതുകൊണ്ട് തന്നെ കരുതലോടെ തീരുമാനം എടുക്കാനാണ് ആന്റണിയുടെ ഉപദേശം. ഹസൻ തുടരുന്നതിനോട് ആന്റണിക്കും എതിർപ്പില്ല. ഇപ്പോഴത്തേതിനെ താൽകാലിക സംവിധാനമായി നിലനിർത്താമെന്നാണ് ആന്റണിയുടെ പക്ഷം. ഈ നിലപാടാണ് കെവി തോമസിന്റെ സാധ്യതകളെ മങ്ങലേൽപ്പിക്കുന്നത്.

ഇതിനിടെയിലും സോണിയാ ഗാന്ധിയുമായുള്ള അടുപ്പം മുതലെടുത്ത് കെപിസിസി അധ്യക്ഷനാകാൻ കെവി തോമസ് ചരട് വലികൾ സജീവമാക്കിയിട്ടുണ്ട്. സംഘടനാ തെരഞ്ഞെടുപ്പിനൊടുവിൽ തന്നെ സമവായത്തിലൂടെ പ്രസിഡന്റാക്കണമെന്നാണ് ആവശ്യം. ഗ്രൂപ്പുകൾക്ക് അതീതമായ തീരുമാനത്തിന് വി എം സുധീരനും തോമസിനൊപ്പമുണ്ട്. എന്നാൽ അത് തീകൊണ്ടുള്ള കളിയാകുമോ എന്ന് രാഹുൽ ഭയക്കുന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കുറഞ്ഞത് 14 സീറ്റുകൾ കേരളത്തിൽ നിന്ന് ലഭിക്കുമെന്നാണ് ഹൈക്കമാണ്ട് വിലയിരുത്തൽ. ഉമ്മൻ ചാണ്ടിയെ പിണക്കിയാൽ ഈ ലക്ഷ്യങ്ങൾ തെറ്റുമെന്ന് രാഹുലിനെ മുതിർന്ന നേതാക്കൾ അറിയിച്ചിട്ടുമുണ്ട്. ഇതോടെയാണ് കേരള കാര്യത്തിൽ തീരുമാനം വൈകുന്നത്.

കെപിസിസി പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് രാഹുൽഗാന്ധിയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൽ വാസ്‌നിക് ചർച്ച നടത്തി സാധ്യതാ പട്ടിക തയ്യാറാക്കിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.വി തോമസ്, വി.ഡി സതീശൻ, കെ.സി വേണുഗോപാൽ എന്നിവർ ഉൾപ്പെട്ട പട്ടികയാണ് കൈമാറിയത്. ഇക്കാര്യത്തിൽ കേരളത്തിലെ നേതാക്കളുമായി ചർച്ചയും നടത്തി. ഇതിനിടെയാണ് സോണിയാ ഗാന്ധി കെവി തോമസിനായി രംഗത്ത് വന്നത്. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് സമയമായതുകൊണ്ടാണ് ഒഴിവുണ്ടായിരുന്ന കെപിസിസി പ്രസിഡന്റിന്റെ ചുമതല മുതിർന്ന വൈസ് പ്രസിഡന്റ് എന്ന നിലയിൽ എം.എം. ഹസ്സന് കൈമാറിയത്. എന്നാൽ അതിൽ മാറ്റം വേണമെന്ന ആവശ്യം പലഭാഗത്തുനിന്നും ആവശ്യമുണ്ടായിരുന്നു.

സംഘടനാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഉടൻ ആരെയെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരണമോയെന്ന ആശങ്ക തുടക്കം മുതലേ സജീവമായിരുന്നു. സമ്പൂർണ്ണമായി തെരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന നിലപാടാണ് പൊതുവേ നേതാക്കൾ സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ബൂത്ത് തലത്തിൽ മാത്രമായിരിക്കും നിശ്ചയിച്ചരീതിയിൽ തെരഞ്ഞെടുപ്പ് നടക്കുക. ബാക്കിയുള്ളിടങ്ങളിൽ സമവായമായിരിക്കുമുണ്ടാകുക. അതിന്റെ അടിസ്ഥാനത്തിലാകും പുതിയ പ്രസിഡന്റിനെ നിയമിക്കുകയെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP