Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയിൽ 'സർജിക്കൽ സ്‌ട്രൈക്ക്' ; രാഹുലിനെ കളിയാക്കിയും പിണറായിയെ അഴിമതി വീരനാക്കിയും കത്തിക്കയറി; പ്രളയത്തിലെ രക്ഷാപ്രവർത്തനം ചർച്ചയാക്കി തീരവാസികളെ ഒപ്പം നിർത്താനും തന്ത്രപരമായ ശ്രമം; ജാതിയുടേയും മതത്തിന്റേയും പേരിൽ ഭിന്നിപ്പിക്കുന്നവരാണ് ഇടതുപക്ഷമെന്നും വിമർശനം; ഡൽഹയിലെ ദോസ്തിയും കേരളത്തിലെ ശത്രുതയും ഇരട്ടത്താപ്പല്ലേ എന്ന് ചോദിച്ച് സദസ്സിനെ ഇളക്കി മറിച്ചു; നമ്പി നാരായണനിലൂടെ കാവൽകാരൻ ലക്ഷ്യം വച്ചതും മലയാളിയുടെ മനസ്സ് പിടിക്കൽ; മോദി മടങ്ങുമ്പോൾ

ശബരിമലയിൽ 'സർജിക്കൽ സ്‌ട്രൈക്ക്' ; രാഹുലിനെ കളിയാക്കിയും പിണറായിയെ അഴിമതി വീരനാക്കിയും കത്തിക്കയറി; പ്രളയത്തിലെ രക്ഷാപ്രവർത്തനം ചർച്ചയാക്കി തീരവാസികളെ ഒപ്പം നിർത്താനും തന്ത്രപരമായ ശ്രമം; ജാതിയുടേയും മതത്തിന്റേയും പേരിൽ ഭിന്നിപ്പിക്കുന്നവരാണ് ഇടതുപക്ഷമെന്നും വിമർശനം; ഡൽഹയിലെ ദോസ്തിയും കേരളത്തിലെ ശത്രുതയും ഇരട്ടത്താപ്പല്ലേ എന്ന് ചോദിച്ച് സദസ്സിനെ ഇളക്കി മറിച്ചു; നമ്പി നാരായണനിലൂടെ കാവൽകാരൻ ലക്ഷ്യം വച്ചതും മലയാളിയുടെ മനസ്സ് പിടിക്കൽ; മോദി മടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല എന്ന വാക്ക് പറയാതെ ശബരിമല വീണ്ടും ചർച്ചയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലെ പ്രചരണത്തിന് അവസാനം. ആയിരക്കണക്കിന് വർഷങ്ങളായി കാത്തുസൂക്ഷിക്കുന്ന വിശ്വാസ പാരമ്പര്യം സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്ന് മോദി പറയുമ്പോൾ ബിജെപി ചർച്ചയാക്കുന്നത് ശബരിമല തന്നെയാണ്. തന്റെ സർക്കാർ വീണ്ടും അധികാരത്തിൽ വരുമ്പോൾ കോടതിയിലും പാർലമെന്റിലും ഇതിനായി നിലപാടെടുക്കും. രാഷ്ട്രീയത്തിന്റെ പേരിൽ വിശ്വാസവും ആചാരവും നശിപ്പിക്കാൻ ആരേയും അനുവദിക്കില്ല. ആചാരങ്ങൾ സംരക്ഷിക്കാൻ കാവൽക്കാരനായി നിലകൊള്ളുമെന്നും മോദി പറഞ്ഞു. തിരുവനന്തപുരത്ത് എൻഡിഎ വിജയസങ്കൽപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് മികച്ച വിജയ സാധ്യതയുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. മോദിയുടെ വരവോട് പുതു ആവേശമുണ്ടായെന്നും കുമ്മനം വിജയം ഉറപ്പിച്ചുവെന്നുമാണ് ബിജെപിയുടെ നിലപാട്.

തിരുവനന്തപുരത്തെ തീപാറും വിഷയമാണ് വിശ്വാസവും ആചാര സംരക്ഷണവും. നേരത്തെ കോഴിക്കോട് പ്രചരണത്തിന് എത്തിയപ്പോഴും മോദി ഇതു തന്നെയാണ് ചർച്ചയാക്കി. തെരഞ്ഞെടുപ്പ് കാലത്തെ അവസാന വരവിൽ കൂടുതൽ ശക്തമായി വിഷം ഉന്നയിച്ചു. വിശ്വാസ വിഷയത്തിൽ കോൺഗ്രസിന് ഡൽഹിയിൽ ഒരു നിലപാടും കേരളത്തിൽ മറ്റൊരു നിലപാടുമാണെന്നായിരുന്നു മോദിയുടെ പരിഹാസം ഇത് ജനം തിരിച്ചറിയും. കേരളത്തെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ജനങ്ങളോട് ബഹുമാനമില്ല. മനുഷ്യ ജീവനുകൾക്കും വിശ്വാസങ്ങൾക്കും അവർ പ്രാധാന്യം കൽപ്പിക്കുന്നില്ല. പൂജാ കർമ്മങ്ങൾ അവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നമ്മുടെ വിശ്വാസങ്ങളെ തകർക്കാൻ അവർക്ക് ഒരിക്കലും സാധിക്കില്ല. ഈശ്വരന്റെ പേര് പരാമർശിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുകയും ലാത്തിചാർജ് നടത്തുകയും ചെയ്യുന്നു. ഇതാണ് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ, അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങൾക്ക് ഒന്നും മനസ്സിലാകുന്നില്ലാ എന്നാണ് കോൺഗ്രസ്സും രാഹുലും കരുതുന്നത്. കേരളത്തിൽ മത്സരിക്കുന്നത് ദക്ഷിണേന്ത്യക്കു വേണ്ടിയാണെന്ന സന്ദേശം നൽകാനാണെങ്കിൽ വയനാട്ടിനുപകരം തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിച്ച് സന്ദേശം നൽകാമായിരുന്നില്ലേ? കോൺഗ്രസിന്റെ പ്രീണനം, കാഴ്‌ച്ചപാട്, ആശയം എന്നിവ രാജ്യവിരുദ്ധമാണ്. അമേഠിയിലെ വികസന കാഴ്‌ച്ചപ്പാടുമായാണ് രാഹുൽ കേരളത്തിൽ വന്നിരിക്കുന്നത്. നമുക്ക് വിവരങ്ങൾ ലഭിക്കാൻ ഇന്റർനെറ്റ് ഡാറ്റാ ചെലവ് കുറഞ്ഞരീതിയിൽ ലഭ്യമാക്കുന്നതിനാൽ അമേഠിയിലെ വിവരങ്ങൾ ലഭിക്കാൻ അധികം പ്രയാസമില്ല-അങ്ങനെ രാഹുലിനേയും കോൺഗ്രസിനേയും വിമർശിച്ച് ബിജെപിക്കാരുടെ കൈയടി നേടാനും മോദി മറന്നില്ല. തിരുവനന്തപുരം, ആറ്റിങ്ങൽ, മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥികളായ കുമ്മനം രാജശേഖരൻ,ശോഭാ സുരേന്ദ്രൻ എന്നിവരും ചടങ്ങിൽ അണിനിരന്നു.

വെറും സർക്കാർ ഉണ്ടാക്കാനുള്ള പോരാട്ടം മാത്രമല്ല ഇത്. ഭാവി ഭാരതം വാർത്തെടുക്കാനുള്ള പോരാട്ടമാണ് നടക്കുന്നത്. ഇന്ത്യയെ മികച്ച സാമ്പത്തിക ശക്തിയാക്കി മാറ്റേണ്ടതുണ്ട്. ഇന്ന് ഇന്ത്യ എല്ലാ രംഗത്തും മുന്നിലാണ്. ബഹിരാകാശത്ത് നിന്നുള്ള ഭീഷണി വരെ നേരിടാൻ ഇന്ത്യക്ക് കഴിവുണ്ട്. നമ്മുടെ ശാസ്ത്രജ്ഞർക്ക് ഇതിനുള്ള കഴിവുണ്ടായിരുന്നെല്ലെങ്കിലും കോൺഗ്രസ് സർക്കാരുകൾ അതിന് ധൈര്യം കാണിച്ചില്ല. ബിജെപി സർക്കാർ ഇത് ധൈര്യത്തോടെ ചെയ്തു. 2014 മുതൽ തിരുവനന്തപുരം ബിജെപിയെ പിന്തുണക്കുന്നു. ഇക്കുറി ബിജെപി സ്ഥാനാർത്ഥികളെ പാർലമെന്റിലേക്ക് അയക്കണമെന്നും മോദി അഭ്യർത്ഥിച്ചു.

തീരദേശത്തിനും പ്രഖ്യാപനങ്ങൾ

തിരുവനന്തപുരത്ത് തീരദേശ വോട്ടുകൾ നിർണ്ണായകമാണ്. നേരത്തെ പൂന്തുറയിലെ ന്യൂനപക്ഷ കേന്ദ്രീകൃത തീരദേശ മേഖലയിൽ കുമ്മനത്തിനും പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനും പ്രവേശനം പോലും നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിൽ തീരദേശത്തെ പ്രത്യേകം ഓർത്ത് മോദിയുടെ പ്രഖ്യാപനവും പരാമർശവും എത്തി. പ്രളയത്തിൽ നാട് വിറങ്ങലിച്ചു നിന്നപ്പോൾ സ്വന്തം ജീവൻ പണയം വച്ച് സഹജീവികളെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ച മത്സ്യത്തൊഴിലാളികളാണ് നമ്മുടെ നാടിന്റെ കാവൽക്കാരെന്ന് പ്രധാനമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടിയും ശാക്തീകരണത്തിന് വേണ്ടിയും നിരവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ നടപ്പാക്കിയത്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതിന് വേണ്ടിയാണ് അവർക്കായി ഒരു വകുപ്പ് കേന്ദ്ര സർക്കാർ രൂപീകരിച്ചത്. കിസാൻ സമ്മാൻ പദ്ധതിയിൽ മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക സമുദായക്കാർക്ക് എൻഡിഎ സർക്കാർ 10 ശതമാനം സംവരണം നൽകി. എന്നാൽ ആരുടെയും അവകാശങ്ങൾ തട്ടിയെടുത്തുകൊണ്ടല്ല അത് സാധ്യമാക്കിയത്. സാമൂഹ്യ പശ്ചാത്തല വികസനവും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള നടപടികളും കേന്ദ്ര സർക്കാർ കൈക്കൊണ്ടുവരികയാണ്, പ്രധാനമന്ത്രി പറഞ്ഞു.

ആചാരങ്ങൾ സംരക്ഷിക്കാൻ ഭരണഘടനാപരമായ മാർഗ്ഗങ്ങൾ അവലംബിക്കും

ആചാരങ്ങൾ സംരക്ഷിക്കാൻ ഭരണഘടനാപരമായ മാർഗ്ഗങ്ങൾ അവലംബിക്കും. വിശ്വാസങ്ങളെ തകർക്കാൻ ഒരിക്കലും അനുവദിക്കില്ല.കേരളത്തിലെ ഓരോ കുഞ്ഞും ഈ വിശ്വാസങ്ങളുടെ കാവൽക്കാരാകും.ഈശ്വരന്റെ പേര് ഉച്ചരിക്കാൻ പോലും കേരളത്തിൽ അനുവദിക്കുന്നില്ല.

അവസരവാദ പ്രത്യയശാസ്ത്രമാണ് കോൺഗ്രസിന്റെയും, കമ്മ്യൂണിസ്റ്റിന്റെയും. കേരളത്തിൽ പരസ്പരം പോരടിക്കുകയും,ഡൽഹിയിൽ അധികാരത്തിലെത്താൻ പരസ്പരം ചങ്ങാത്തതിലാകുകയും ചെയ്യുന്നു. ഇതാണ് ധാരണാ രാഷ്ട്രീയം. ഇന്ന് കരയിലും, ആകാശത്തിലും, ബഹിരാകാശത്തിലും ഇന്ത്യ സുരക്ഷിതമാണ്. ഈ കാവൽക്കാരൻ ശത്രുഭീഷണിയിൽ നിന്നും രാജ്യത്തെ സംരക്ഷിക്കാൻ എല്ലാ പിന്തുണയും നൽകി കഴിഞ്ഞു. ഇത് നേരത്തെ ചെയ്യാൻ കഴിയുമായിരുന്നു, എന്നാൽ രാജ്യം ഭരിച്ചിരുന്ന കോൺഗ്രസിനു അതിനുള്ള ധൈര്യം ഇല്ലായിരുന്നു.എന്നാൽ ശാസ്ത്രജ്ഞന്മാരുടെ ധൈര്യം തകർക്കാനാണെങ്കിൽ കോൺഗ്രസിനു കഴിയും.

അഴിമതിയും നമ്പി നാരായണനും ചർച്ചയാക്കി

കേരളത്തിന്റെ അഭിമാനമായ ശാസ്ത്രജ്ഞൻ നമ്പിനാരായണനോട് കോൺഗ്രസ് കാട്ടിയതും ഇത്തരം നടപടിയാണ്.ഇതാണ് വാഗ്ദാനം മാത്രം നൽകുന്നവരും,തീരുമാനം നടപ്പാക്കുന്നവരും തമ്മിലുള്ള വ്യത്യാസം.നമ്പി നാരായണനോട് കോൺഗ്രസ് കാട്ടിയ ക്രൂരത പൊറുക്കാൻ കഴിയില്ല.

കേരളത്തിലെ മുഖ്യമന്ത്രി പോലും അഴിമതിയുടെ നിഴലിലാണെന്ന് ലാവ്‌ലിൽ കേസ് പരാമർശിച്ച് മോദി പറഞ്ഞു.പ്രളയബാധിതർക്കുള്ള സാധനങ്ങൾ പോലും തട്ടിയെടുത്ത കമ്മ്യൂണിസ്റ്റുകളാണ് ഇവിടെയുള്ളത്. പ്രളയം എല്ലാം നഷ്ടപ്പെടുത്തിയപ്പോൾ ഇവിടുത്തെ മത്സ്യത്തൊഴിലാളികളാണ് ജനങ്ങൾക്കൊപ്പമുണ്ടായിരുന്നത്.അവർക്കായി എല്ലാ സഹായങ്ങളും നൽകാൻ സർക്കാർ പദ്ധതികൾ ആവിഷ്‌ക്കരിച്ചു കഴിഞ്ഞു. കരുത്തുള്ള ഒരു സർക്കാരിനു മാത്രമേ കോടിക്കണക്കിനു വരുന്ന ജനങ്ങളെ സംരക്ഷിക്കാൻ കഴിയൂ.അതിനായി കാവൽക്കാരന്റെ കൈകൾക്ക് കരുത്ത് പകരാൻ കഴിയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കേരളത്തിലെ കോൺഗ്രസ്‌കമ്യൂണിസ്്റ്റുകാരുടെ കൊലപാതക രാഷ്ട്രീയത്തിൽ ആയിരത്തിലധികം ബിജെപിക്കാർക്കാണു ജീവൻ നഷ്ടപ്പെട്ടത്. കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും കേരളത്തിലെ ജനങ്ങളുടെ സാഹോദര്യത്തെ തകർത്തു. നമ്പി നാരായണനോടു ചെയ്ത ദ്രോഹത്തിന് ആർക്കെങ്കിലും ക്ഷമിക്കാനാകുമോ? ഇതാണു തീരുമാനങ്ങൾ എടുക്കുന്നവരുടെ സർക്കാരും വാഗ്ദാനങ്ങൾ നൽകുന്നവരുടെ സർക്കാരും തമ്മിലുള്ള വ്യത്യാസം. കേരളത്തിലെ പ്രശസ്തനായ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കോൺഗ്രസ് ഏതെല്ലാം തരത്തിൽ ഉപദ്രവിച്ചെന്നു കണ്ടതാണ്. ഇന്ത്യയുടെ എല്ലാവിധ ആക്രമണങ്ങളിൽനിന്നും സംരക്ഷിക്കാൻ ശാസ്ത്രജ്ഞർക്ക് അനുവാദം നൽകിയിട്ടുണ്ട്. ഇന്ത്യ ഒരു തരത്തിലും ഭയപ്പെടേണ്ടതില്ല. നിങ്ങളുടെ കാവൽക്കാരൻ ഇന്ത്യയെ എപ്പോഴും സംരക്ഷിച്ചു കൊണ്ടിരിക്കും. മൊബൈൽ തൊട്ട് മിസൈൽ വരെ ബഹിരാകാശത്തുനിന്നു നിയന്ത്രിക്കാനാകും. കരയിലും കടലിലും ആകാശത്തും ബഹിരാകാശത്തും ഇന്ന് ഇന്ത്യ സുരക്ഷിതം.-ഇങ്ങനെയായിരുന്നു മോദിയുടെ വിശദീകരണം.

ഇനിയും കൂടുതൽ നേതാക്കൾ കേരളത്തിലെത്തും

എൻഡിഎയ്ക്കും ബിജെപിക്കുമുള്ള ഓരോ വോട്ടും നരേന്ദ്ര മോദി സർക്കാരിനുള്ള വോട്ടാണ്. കരുത്തുള്ള സർക്കാരിനു മാത്രമേ 125 കോടി ജനങ്ങളെ സംരക്ഷിക്കാനാവൂ. അതിനു ശക്തനായ കാവൽക്കാരൻ വേണം. സേനയോടുള്ള ആദരവ് രാജ്യത്തിന്റെ ആദരവാണ്. എന്നാൽ പണമെടുക്കാനുള്ള എടിഎം മെഷീൻ ആയാണു പ്രതിരോധ മന്ത്രാലയത്തെ കോൺഗ്രസ് കണ്ടത്. പാക്കിസ്ഥാന്റെ ഉള്ളിൽ കടന്ന് സർജിക്കൽ സ്‌ട്രൈക്കും വ്യോമാക്രമണവും നടത്താൻ ഇന്നു സേനയ്ക്കു സാധിക്കുന്നു. എന്നാൽ കോൺഗ്രസുകാരും പ്രതിക്ഷവും സൈന്യത്തെ അപമാനിക്കുന്നു. ന്മ മധ്യവർഗത്തെ ലക്ഷ്യമിട്ട് ഇതുവരെ കേന്ദ്ര സർക്കാർ ആദായനികുതി കൂട്ടിയിട്ടില്ല. എന്നാൽ, കോൺഗ്രസിന്റെ പ്രകടനപത്രികയിൽ മധ്യവർഗത്തെ കുറിച്ചു പരാമർശമില്ല. കേരളത്തിൽ പരസ്പരം എതിർക്കുന്നവർ (ഗുസ്തി) പിടിക്കുന്നവർ ഡൽഹിയിൽ നല്ല ചങ്ങാത്തത്തിലാണ് (ദോസ്തി). അവസരവാദത്തിന്റെ പ്രത്യയശാസ്ത്രമാണു കോൺഗ്രസും കമ്യൂണിസ്റ്റുകാരും കേരളത്തിൽ പിന്തുടരുന്നത്-മോദി പറഞ്ഞു.

പ്രത്യേക വിമാനത്തിലാണ് മോദി കേരളത്തിലെത്തിയത്.ശക്തമായ സുരക്ഷയാണ് ഒരുക്കിയത്. ഇനി 4 ദിവസങ്ങൾ മാത്രമാണ് കേരളത്തിൽ വോട്ടെടുപ്പിനായുള്ളത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഈ മാസം 20 ന് ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ഡോ. കെഎസ് രാധാകൃഷ്ണന്റെ പ്രചാരണത്തിനായി എത്തുന്നുണ്ട്. ഇതിന് പുറമെ, ബിജെപിയുടെ പ്രചാരണത്തിനായി ഒരു പിടി കേന്ദ്ര മന്ത്രിമാരും കേരളത്തിലെത്തുന്നുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് അടക്കം പ്രചാരണത്തിന് എത്തിയിരുന്നു.

കേന്ദ്ര റെയിൽ വേ മന്ത്രി പീയൂഷ് ഗോയൽ സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനെത്തും. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവരും വരും ദിവസങ്ങളിൽ കേരളത്തിലെത്തുന്നുണ്ട്. കഴിഞ്ഞ 12ന് മോദി കോഴിക്കോട്ടെത്തി എൻഡിഎയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് ആവേശം വാനോളം ഉയർത്താൻ മോദി വീണ്ടുമെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP