Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഹൈക്കമാൻഡ് കേരളത്തിലേക്ക് അയച്ച മുകുൽ വാസ്‌നിക് 'ഗതികിട്ടാതെ അലയുന്നു'; സുധീരനോടുള്ള വാശിയിൽ തിരിഞ്ഞു നോക്കാതെ പ്രമുഖ നേതാക്കൾ; ഗ്രൂപ്പില്ലാതാക്കാൻ വന്നയാൾ ഗ്രൂപ്പുപ്രളയത്തിൽ മുങ്ങി

കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഹൈക്കമാൻഡ് കേരളത്തിലേക്ക് അയച്ച മുകുൽ വാസ്‌നിക് 'ഗതികിട്ടാതെ അലയുന്നു'; സുധീരനോടുള്ള വാശിയിൽ തിരിഞ്ഞു നോക്കാതെ പ്രമുഖ നേതാക്കൾ; ഗ്രൂപ്പില്ലാതാക്കാൻ വന്നയാൾ ഗ്രൂപ്പുപ്രളയത്തിൽ മുങ്ങി

ആലപ്പുഴ: ആസ്ഥാനത്തു വട്ടപ്പൂജ്യമായ കോൺഗ്രസ് മരുന്നിനെങ്കിലുമുണ്ടെന്നു പറയാവുന്ന കേരളത്തിലേക്ക് വിട്ട പ്രതിനിധി മുകുൽ വാസ്‌നിക് ഗതികിട്ടാതലഞ്ഞു. ഡൽഹിയിൽ ബാധ്യതയായ മുകുൾ വാസ്‌നിക്കിനെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്ത് ഹൈക്കമാൻഡ് തടിയൂരിയപ്പോൾ വാസ്‌നിക്കിനെ കാണാനോ ചർച്ചചെയ്യാനോ ഇതുവരെയും പ്രമുഖരൊന്നും തയ്യാറായിട്ടില്ല.

ഒടുവിൽ സംസ്ഥാന അദ്ധ്യക്ഷനെന്ന നിലയിൽ വാസ്‌നിക്കിനെ ചുമന്നു നടക്കേണ്ട ബാദ്ധ്യത സുധീരന്റെ തലയിലായി. നയരൂപവൽകരണത്തിൽ താഴേത്തട്ടിലുള്ള പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പുവരുത്തി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ദേശീയനേതൃത്വം ഒരുക്കിയ യോഗങ്ങളിൽ മിക്കവയും പൊളിഞ്ഞു. കേരളത്തിൽ പാർട്ടിയിൽ അനഭിമതനായി മാറിയ സംസ്ഥാന അദ്ധ്യക്ഷനെ കൂട്ടുപിടിച്ചുള്ള യാത്രകളാണ് വാസ്‌നിക്കിന് വിനയായത്. തന്റെ പ്രവർത്തനത്തിൽ അതൃപ്തരായി ഹൈക്കമാൻഡ് അവരുടെ പ്രതിനിധിയെ കേരളത്തിലിറക്കി മാജിക്ക് കാണിക്കാൻ ശ്രമിക്കുന്നതിൽ സുധീരനും അസ്വസ്ഥനാണ്. ഈ ജാള്യത മറയ്ക്കാൻ സുധീരൻ വാസ്‌നിക്കിനെ വിടാതെ പിടിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പല അവസരങ്ങളിലും വാസ്‌നിക്കിന്റെ പരിപാടിയിൽനിന്ന് ഒഴിഞ്ഞുമാറി. മിക്കയിടങ്ങളിലും വാസ്‌നിക്കും ഡിസിസി പ്രസിഡന്റുമാരും കടലോളം വരുന്ന കെ പി സി സി സെക്രട്ടറിമാരുമാണ് ഇടം നേടിയിരുന്നത്. സ്വന്തം ജില്ലയുടെ ചാർജുകാരൻ കൂടിയായ രമേശ് ചെന്നിത്തല ആലപ്പുഴയിൽ വാസ്‌നിക്ക് എത്തിയപ്പോൾ മുങ്ങി. അന്നു ജില്ലയിൽത്തന്നെ പല പരിപാടികളും ഉദ്ഘാടനം ചെയ്തു നടക്കുകയായിരുന്നു മുൻ അദ്ധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയാകട്ടെ വാസ്‌നിക്കിനെ കാണാൻ ശ്രമിച്ചില്ല. സുധീരന്റെ സാന്നിദ്ധ്യമാണ് ഇതിനെല്ലാം വഴിവച്ചതെന്ന് യോഗങ്ങളിൽ ചില നേതാക്കന്മാർ തുറന്നടിച്ചിരുന്നു. മാത്രമല്ല പല യോഗങ്ങളിലും നിശ്ചയിക്കപ്പെട്ടവരെ കാണാൻ കേന്ദ്ര പ്രതിനിധിയെ അനുവദിച്ചില്ല.

നേതാക്കന്മാർ പരാതിക്കെട്ടുകളുമായി പ്രതിനിധിയുടെ മുന്നിലെത്തിയതല്ലാതെ ഹൈക്കമാൻഡ് തീരുമാനങ്ങൾ നടപ്പിലാക്കാൻ തയ്യാറായില്ല.കേവലം ചർച്ചപോലും നടന്നില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. മാത്രമല്ല ഗ്രൂപ്പുകളിൽനിന്നും കൂടുതൽ ഗ്രൂപ്പുകൾ പൊട്ടിമുളയ്ക്കുന്നതായി ഫലം. പലയിടങ്ങളിലും യൂത്തന്മാർ പ്രത്യേക ഗ്രൂപ്പ് യോഗങ്ങൾ വിളിച്ച് നേതാക്കൾക്കും പ്രതിനിധിക്കുമെതിരെ പ്രമേയങ്ങൾ പാസാക്കുന്നതു കാണാമായിരുന്നു. എന്നാൽ കെ പി സി സി ഭാരവാഹികൾ, അംഗങ്ങൾ, ഡിസിസി ഭാരവാഹികൾ, അംഗങ്ങൾ, മണ്ഡലം ഭാരവാഹികൾ എന്നിവരുടെ യോഗമാണ് വിളിച്ചിരുന്നത്.

പരാതികൾ നൽകിയശേഷം മുകുൾ വാസ്‌നിക്ക് മടങ്ങും മുമ്പ് തന്നെ ഒരു വിഭാഗം പ്രവർത്തകർ നേതൃത്വത്തോടുള്ള തങ്ങളുടെ അമർഷം പ്രകടിപ്പിക്കാനായി പ്രത്യേക യോഗം വിളിച്ചുചേർക്കുന്നതാണ് പലയിടങ്ങളിലും കാണാൻ കഴിഞത്. കേരളത്തിൽ മാജിക്ക് കാട്ടാനെത്തിയ വാസ്‌നിക്കിനെതിരെയും യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു. നാലു ലക്ഷം വോട്ടിന് പരാജയപ്പെട്ട മുകുൾവാസ്‌നിക്കിനെ തന്നെ കേരളത്തിലെ കോൺഗ്രസ് പാർട്ടി ശക്തിപ്പെടുത്താൻ പറഞ്ഞയച്ച ദേശീയ നേതൃത്വത്തിനെതിരെയും യോഗത്തിൽ കടുത്ത ഭാഷയിൽ വിമർശനമുയർന്നു. ഏതായാലും സാഹചര്യങ്ങൾ മനസിലാക്കിയ വാസ്‌നിക്ക് സമകാലികപ്രശ്‌നങ്ങൾ ഏറ്റെടുത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്താൻ പ്രവർത്തകരോട് ആഹ്വാനം നടത്തി കളം കാലിയാക്കി. സാമൂഹ്യപ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നതിൽ കേരളത്തിലെ പാർട്ടി പിന്നിലല്ലെന്നും മറ്റുസംസ്ഥാനങ്ങൾക്ക് കേരളം മാതൃകയാണെന്നും തട്ടിവിടാൻ വാസ്‌നിക്ക് മറന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP