Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കിട്ടുന്ന കസേരിയിൽ കയറി ഡംഭുകാട്ടില്ല; മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ഒളിയമ്പുമായി തിരുവഞ്ചൂർ; ലക്ഷ്യം ചീഫ് സെക്രട്ടറി; ദേശീയ ഗെയിംസിൽ ഐ ഗ്രൂപ്പ് മന്ത്രിമാരെ അപമാനിച്ചത് ഉയർത്താൻ ചെന്നിത്തലയും

കിട്ടുന്ന കസേരിയിൽ കയറി ഡംഭുകാട്ടില്ല; മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ഒളിയമ്പുമായി തിരുവഞ്ചൂർ; ലക്ഷ്യം ചീഫ് സെക്രട്ടറി; ദേശീയ ഗെയിംസിൽ ഐ ഗ്രൂപ്പ് മന്ത്രിമാരെ അപമാനിച്ചത് ഉയർത്താൻ ചെന്നിത്തലയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേശീയ ഗെയിംസിൽ ഐ ഗ്രൂപ്പ് മന്ത്രിമാർക്ക് വേണ്ടത്ര പരിഗണന നൽകാത്തത് കോൺഗ്രസിനുള്ളിൽ കലാപമാക്കാൻ രമേശ് ചെന്നിത്തലയും കൂട്ടരും തയ്യാറെടുക്കുന്നു. മന്തരിമാരെ അപമാനിച്ച് മുഖ്യമന്ത്രിയുടെ കുടുംബത്തിന് മുഖ്യവേദിയിൽ ഇരിപ്പിടം നൽകിയത് ശരിയായില്ലെന്നാണ് ഐ പക്ഷത്തിന്റെ നിലപാട്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒരുകാലത്തെ വിശ്വസ്തനും എ ഗ്രൂപ്പിലെ പ്രധാനിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് വിഷയമുയർത്തിയത് എന്നതാണ് ശ്രദ്ധേയം. എ ഗ്രൂപ്പിലെ അധികാര സമവാക്യങ്ങളിൽ തിരുവഞ്ചൂരിന്റെ നിലപാടും ചർച്ചയാകുകയാണ്. എന്നാൽ എഗ്രൂപ്പിനെ പിളർത്താനുള്ള കരുത്ത് തിരുവഞ്ചൂരിനില്ല. അതുകൊണ്ട് തന്നെ എ ഗ്രൂപ്പിൽ നിന്ന് അകന്ന് സ്വതന്ത്ര നിലപാട് എടുക്കാൻ തിരുവഞ്ചൂർ തയ്യാറെടുക്കുന്നതിന്റെ സൂചനയായാണ് ദേശീയ ഗെയിംസിലെ കോൺഗ്രസ് രാഷ്ട്രീയത്തെ വിലയിരുത്തുന്നത്.

കിട്ടുന്ന കസേരയിൽ കയറി ഡംഭുകാട്ടുന്ന ആളല്ല താനെന്നാണ് തിരുവഞ്ചൂരിന്റെ പ്രതികരണം. പ്രതിപക്ഷ നേതാവിനും സ്പീക്കർക്കും അടക്കമുള്ളവർക്ക് മുകളിൽ തന്നെ സീറ്റ് ക്രമീകരിച്ചു. മന്ത്രിമാർക്ക് എന്നിട്ടും താഴെ ഇരിക്കേണ്ടി വന്നു. ഇത് അംഗീകരിക്കില്ലെന്ന് തിരുവഞ്ചൂർ ഇന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ ഭാര്യയും ചെറുമകനും മുഖ്യവേദിയിൽ ഇരുന്നതിനെ വിമർശിക്കുകയാണ് പരോക്ഷമായി കായിക മന്ത്രി. ചീഫ് സെക്രട്ടറി ജിജി തോംസണെ തന്നെയാണ് ലക്ഷ്യമിടുന്നത്. ഒപ്പം മുഖ്യമന്ത്രിക്ക് എതിരായ ഒളിയമ്പുകളും. മന്ത്രിസഭയിലും പാർട്ടിയിലും ഈ വീഴ്ചകൾ തിരുവഞ്ചൂർ ഉയർത്തും. അതിനിടെ ഗെയിംസ് അഴിമതിയിൽ പങ്കില്ലെന്ന് വരുത്താനാണ് തിരുവഞ്ചൂരിന്റെ കളിയെണ്് മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന കോൺഗ്രസ് നേതാക്കളും പറയുന്നു.

ചീഫ് സെക്രട്ടറിയായി ജിജി തോംസൺ എത്തുന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ചീഫ് സെക്രട്ടറി ചുമതയേറ്റെടുത്ത ദിവസം തന്നെ ദേശീയ ഗെയിംസിനെ വിമർശിച്ചു. ഉദ്ഘാടന ചടങ്ങിൽ അർഹതയുള്ള പലർക്കും സീറ്റ് കിട്ടിയില്ലെന്ന് ചീഫ് സെക്രട്ടറി പത്രസമ്മേളനം വിളിച്ചു പറഞ്ഞു. കായിക മന്ത്രിസ്ഥാനം രാജിവയ്ക്കാൻ തിരുവഞ്ചൂർ തയ്യാറായി. പക്ഷേ മന്ത്രിസഭാ യോഗത്തിൽ തിരുവഞ്ചൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി എത്തി. ഇതോടെ രാജിയിൽ നിന്ന് കായിക മന്ത്രി പിൻവാങ്ങി. മന്ത്രിസഭ ചീഫ് സെക്രട്ടറിയെ ശാസിച്ചു. ജിജി തോംസൺ ഖേദവും പ്രകടിപ്പിച്ചു. അതിന് ശേഷം സമാപന ചടങ്ങുകളുടെ മേൽനോട്ടം ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി ഏൽപ്പിച്ചു. ഉദ്ഘാടന ചടങ്ങിലെ കുറവുകൾ വരാതിരിക്കാനായിരുന്നു അത്.

ഒരു പ്രശ്‌നവുമില്ലെന്ന് ഏവരും കരുതി. അപ്പോഴാണ് തിരുവഞ്ചൂർ തന്നെ വെടി പൊട്ടിച്ചത്. മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് പ്രധാനവേദിയിൽ സീറ്റ്. രണ്ട് മന്ത്രിമാർക്ക് താഴെയും. അതുപറ്റില്ലെന്ന് തിരുവഞ്ചൂർ വ്യക്തമാക്കി. എന്നാൽ ചീഫ് സെക്രട്ടറി വഴങ്ങിയില്ല. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ ഇരിക്കണമെന്ന് ജിജി തോംസൺ പറഞ്ഞു. എന്നാൽ കാണിച്ചു തരാമെന്നായി. ഇതോടെ പ്രധാനവേദി കായിക മന്ത്രി വിട്ടു. ദേശീയ ഗെയിംസ് ചരിത്രത്തിലെ അപൂർവ്വ സംഭവമായിരുന്നു അത്. ഐ ഗ്രൂപ്പിലെ വി എസ് ശിവകുമാർ തലസ്ഥാനത്ത് നിന്നുള്ള മന്ത്രിയാണ്. മറ്റേ മന്ത്രി എപി അനിൽ കുമാറും. അതുകൊണ്ട് തന്നെ ഐ ഗ്രൂപ്പിനെതിരായ അപമാനമായി രമേശ് ചെന്നിത്തല വിഭാഗം കാണുന്നു. എ ഗ്രൂപ്പ് കാരനായ എംഎൽഎയ്ക്ക് പോലും പ്രധാനവേദിയിൽ സീറ്റ് നൽകിയപ്പോഴാണ് ഐയുടെ മന്ത്രിമാർക്ക് അപമാനം.

പ്രോട്ടോകാൾ പ്രകാരം ഉദ്ഘാടന ചടങ്ങിൽ കാര്യങ്ങൾ നീക്കിയില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ വിമർശനം. ഇവിടെയാണ് തിരുവഞ്ചൂർ തന്റെ നിലപാട് കടുപ്പിക്കുന്നത്. സമാപന ചടങ്ങിൽ മുഖ്യമന്ത്രിയുടെ കുടുംബത്തെ എന്ത് പ്രോട്ടോകോൾ അടിസ്ഥാനത്തിലാണ് മുന്നിൽ ഇരുത്തിയത്. പ്രതിപക്ഷ നേതാവിനെ പോലും പങ്കെടുപ്പിക്കാത്തതിന് സ്ഥല പരിമിതിയാണ് കാരണമായി പറഞ്ഞത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കും കൊച്ചുമകനും വേദിയിൽ ഇരുന്നത് അനുചിതമാണ്. മന്ത്രിമാരെ വേണ്ട വിധം പരിഗണിക്കേണ്ട ബാധ്യത ചീഫ് സെക്രട്ടറിക്കുണ്ട്. അതു മറന്നുള്ള കളി അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഈ വിഷയം ഉയർത്തും. ധനമന്ത്രി കെഎം മാണിയെ പ്രധാന വേദിയിൽ ഇരുത്തി. അതുകൊണ്ട് തന്നെ കോൺഗ്രസ് മന്ത്രിമാർക്കും കസേര നൽകണമായിരുന്നു. മന്ത്രിമാരെ വിളിച്ചുവരുത്തി അപമാനിച്ചത് ചീഫ് സെക്രട്ടറിയാണെന്ന് വരുത്തുകയാണ് തിരുവഞ്ചൂർ.

കുറേ നാളുകളായി മുഖ്യന്ത്രിയുമായി തിരുവഞ്ചൂർ നല്ല ബന്ധത്തില്ല. രമേശ് ചെന്നിത്തല മന്ത്രിയായതോടെ ആഭ്യന്തര വകുപ്പ് വിട്ടു കൊടുത്ത തിരുവഞ്ചൂരിന് പഴയ പ്രതാപവുമില്ല. ചീഫ് സെക്രട്ടറിയുമുള്ള പ്രശ്‌നത്തിൽ മന്ത്രിസഭയിൽ തിരുവഞ്ചൂരിനെ മുഖ്യമന്ത്രി പിന്തുണച്ചു. എന്നാൽ വാർത്താ സമ്മേളനത്തിൽ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി അനുകൂലിച്ചു. അത് തിരുവഞ്ചൂരിന് പിടിച്ചില്ല. അതു തന്നെയാണ് പ്രശ്‌നങ്ങളുടെ തുടക്കവും. എന്നാൽ അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് തിരുവഞ്ചൂരിന്റേതെന്ന് എ ഗ്രൂപ്പും പറയുന്നു. ഏതായാലും ദേശീയ ഗെയിംസ് സമാപന ചടങ്ങുകളിലെ കല്ലുകടി കോൺഗ്രസിന്റെ ഗ്രൂപ്പ് രാഷ്ട്രീയത്തിലും പ്രത്യേകിച്ച് എ ഗ്രൂപ്പിൽ പോലും വിഷയമാകുന്നു എന്നതാണ് യാഥാർത്ഥ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP