Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സിഎംപിയെ നയിക്കാൻ നികേഷ് എത്തുമോ? എംവിആറിന്റെ ഭൗതിക ശരീരത്തിന് മുന്നിലെ കൈയാങ്കളിയിലൂടെ നേതാവിനെ അപമാനിച്ച് പാർട്ടിക്കാർ; ജോണും അരവിന്ദാക്ഷനും സ്വയം പ്രഖ്യാപിത ജനറൽ സെക്രട്ടറിമാർ

സിഎംപിയെ നയിക്കാൻ നികേഷ് എത്തുമോ? എംവിആറിന്റെ ഭൗതിക ശരീരത്തിന് മുന്നിലെ കൈയാങ്കളിയിലൂടെ നേതാവിനെ അപമാനിച്ച് പാർട്ടിക്കാർ; ജോണും അരവിന്ദാക്ഷനും സ്വയം പ്രഖ്യാപിത ജനറൽ സെക്രട്ടറിമാർ

കണ്ണൂർ: അണികളെ തന്നിലേക്ക് അടുപ്പിച്ച നേതാവാണ് എംവി ആർ. വിപ്ലവ നേതാവിന് അർഹിച്ച ആദരവും രാഷ്ട്രീയ കേരളം നൽകി. എന്നാൽ സ്വന്തം പാർട്ടിക്കാർക്ക് പ്രിയ നേതാവിന്റെ മരണവും അധികാര തർക്കത്തിന്റെ അവസരമായിരുന്നു. എം വി രാഘവന്റെ ഭൗതിക ശരീരത്തിനായി രണ്ട് വിഭാഗം പരസ്പരം തല്ലുകൂടി. പയ്യാമ്പലത്തെ സംസ്‌കാരത്തിന് ശേഷം സിഎംപിയിലെ ഇരുവിഭാഗങ്ങളും യോഗം ചേർന്ന് പുതിയ ജനറൽ സെക്രട്ടറിമാരെ പ്രഖ്യാപിച്ചു. സിപി ജോണും കെ.ആർ അരവിന്ദാക്ഷനുമാണ് ഇരുവിഭാഗത്തിന്റെ പുതിയ ജനറൽ സെക്രട്ടറിമാർ. ഇതോടെ സിഎംപിയിലെ പിളർപ്പും പൂർത്തിയായി.

എന്നാൽ എംവിആറിന്റെ രാഷ്ട്രീയ പിൻഗാമി ഈ രണ്ടു പേരും ആവില്ലെന്നാണ് സൂചന. ജീവിതത്തിന്റെ അവസാന നാളുകളിൽ ഇടതുപക്ഷത്തോടായിരുന്നു രാഘവന്റെ മമത. പഴയ തട്ടകത്തിലേക്ക്‌ തിരിച്ചു പോകണമെന്നും കരുതി. എന്നാൽ ആരോഗ്യം അതിന് അനുവദിച്ചില്ല. ഇതിനിടെയിലാണ് പാർട്ടിയിൽ രണ്ട് പക്ഷം ഉണ്ടായത്. ജോൺ യുഡിഎഫിലും അരവിന്ദാക്ഷൻ സിഎംപിയിലും ഉറച്ചു നിന്നു. എംവിആറിന് ശേഷം പാർട്ടിയുടെ നിലനിൽപ് തന്നെ പ്രതിസന്ധിയിലാകുമെന്ന തിരിച്ചറിവാണ് അരവിന്ദാക്ഷൻ വിഭാഗത്തെ സിപിഎമ്മിനോട് അടുപ്പിച്ചത്. മനസ്സുകൊണ്ട് എംവിആറും ഇതിനെ അനുകൂലിച്ചിരുന്നുവെന്നാണ് വിലയിരുത്തൽ.

കരുത്തനായ നേതാവിനെ അവതരിപ്പിച്ച് ഇടതുപക്ഷത്ത് ഉറച്ചു നിൽക്കാനാണ് ശ്രമം. എംവിആറിന്റെ മകനെ രാഷ്ട്രീയ പിൻഗാമിയായി അവതരിപ്പിക്കുക. റിപ്പോർട്ടർ ടിവിയുടെ എല്ലാമെല്ലാമായ മാദ്ധ്യമ പ്രവർത്തകൻ എംവി നികേഷ് കുമാറിന് അതിനുള്ള നേതൃഗുണമുണ്ടെന്നാണ് വിലയിരുത്തൽ. നികേഷുമായി അരവിന്ദാക്ഷൻ പക്ഷം ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ മാദ്ധ്യമ പ്രവർത്തനത്തിന് ഇടവേള നൽകി രാഷ്ട്രീയത്തിലിറങ്ങുന്നതിൽ നികേഷ് അന്തിമ തീരുമാനം എടുത്തിട്ടില്ല. അച്ഛന്റെ വേർപാടുണ്ടാക്കിയ ശൂന്യത അകന്ന ശേഷം ഇക്കാര്യത്തിൽ നികേഷ് മനസ്സ് തുറക്കും.

കഴിഞ്ഞ ലോക്‌സഭ തരിഞ്ഞെടുപ്പിൽ നികേഷ് കുമാറിനെ ഇടത് സ്ഥാനാർത്ഥിയാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പാർട്ടിക്കകത്തും സ്വത്ത് കാര്യത്തിലും എംവിആറിന്റെ മക്കൾക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസവും തർക്കവും ഉണ്ട്. ഈ സാഹചര്യത്തിലാണ് സിപിഎമ്മിന് കൂടി സമ്മതനായ നികേഷിലേക്ക് സിഎംപിയുടെ നേതൃത്വമെത്തിക്കാൻ അരവിന്ദാക്ഷൻ പക്ഷം ശ്രമിക്കുന്നത്. എന്നാൽ എംവിആറിന്റെ മൂത്തമകനും മാദ്ധ്യമ പ്രവർത്തകനുമായ എം.വി. ഗിരീഷ് കുമാറിലാണ് സിപി ജോൺ വിഭാഗത്തിന്റെ പ്രതീക്ഷ. ഗിരീഷ് കുമാറിനെ മുന്നിൽ നിർത്തി ജോൺ പക്ഷവും എംവിആറിന്റെ പൈതൃകം തങ്ങൾക്കാണെന്ന് അവകാശവാദം ഉന്നയിക്കും.

പരിയാരം ആയുർവേദ ആശുപത്രിയുടെ അധികാരതർക്കത്തിലും ഈ പ്രശ്‌നം ഉണ്ടായിരുന്നു. ഗിരീഷ് കുമാറിനെ മുൻനിർത്തിയാണ് ഭരണം സിപി ജോൺ വിഭാഗം പിടിച്ചെടുത്തത്. എന്നാൽ കുടുംബത്തിലെ മറ്റുള്ളവർ ഈ നീക്കത്തെ എതിർത്തു. പ്രശ്‌നം കോടതിയുടെ മുന്നിലുമാണ്. നികേഷിനെ രംഗത്തിറക്കുന്നതോടെ രാഘവന്റെ കുടുംബ പിന്തുണ ശക്തമായി ഉറപ്പിക്കാമെന്നാണ് അരവിന്ദാക്ഷന്റെ കണക്ക് കൂട്ടൽ. നികേഷിന് യുഡിഎഫിനോട് താൽപ്പര്യമില്ലാത്തതിനാൽ തങ്ങൾക്കൊപ്പം ചേരുമെന്നാണ് പ്രതീക്ഷ. എന്നാൽ നികേഷ് അരവിന്ദാക്ഷൻ പക്ഷത്ത് എത്തുമെന്നത് വെറുമൊരു സ്വപ്‌നമാകുമെന്ന് ജോണും പറയുന്നു. നികേഷിനെ തങ്ങൾക്കൊപ്പം നിർത്താൻ ജോൺ വിഭാഗവും കരുനീക്കം തുടങ്ങിയിട്ടുണ്ട്.

ഈ ഭിന്നത തന്നെയാണ് രാഘവന്റെ ഭൗതിക ശരീരത്തിന് നേരെയുണ്ടായ അപമാനത്തിലും എത്തിച്ചത്. ഇന്നലെ രാവിലെ ഭൗതികശരീരം കണ്ണൂർ ടൗൺ സ്‌ക്വയറിൽ പൊതുദർശനത്തിനുവയ്ക്കാൻ കൊണ്ടുവന്നപ്പോഴാണ് അന്തരിച്ച നേതാവിനെ അപമാനിക്കുന്ന തരത്തിൽ സംഘർഷം അരങ്ങേറിയത്. കെ.ആർ. അരവിന്ദാക്ഷൻ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള സി.എംപി. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുവച്ചശേഷമാണു ഭൗതികശരീരം കണ്ണൂർ ടൗൺ സ്‌ക്വയറിലേക്കു കൊണ്ടുവന്നത്.

ജനങ്ങളെ നിയന്ത്രിക്കാൻ ബാരിക്കേഡ് അടക്കമുള്ള സംവിധാനങ്ങളൊന്നും ഒരുക്കിയിരുന്നില്ല. ടൗൺ സ്‌ക്വയറിലെ പന്തലിലേക്കു ഭൗതികശരീരം എത്തിച്ചപ്പോൾ, താഴെവയ്ക്കാൻ അനുവദിക്കാതെ ഇരുവിഭാഗവും ഉന്തും തള്ളുമുണ്ടാക്കി. ചേരിതിരിഞ്ഞു മുദ്രാവാക്യം മുഴക്കി. പ്രവർത്തകർ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയതോടെ സിപിഐ(എം). നേതാക്കളടക്കം ഇടപെട്ടാണു പിന്തിരിപ്പിച്ചത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയടക്കമുള്ള മന്ത്രിമാരുടെയും സിപിഐ(എം). ജില്ലാ സെക്രട്ടറി പി. ജയരാജൻ അടക്കമുള്ള നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു സി.എംപി. പ്രവർത്തകരുടെ പ്രകടനം. ഞായറാഴ്ച പരിയാരം മെഡിക്കൽ കോളജിൽനിന്നു മൃതദേഹവുമായി വാഹനം കണ്ണൂരിലേക്കു പുറപ്പെടാൻ ഒരുങ്ങിയപ്പോഴും ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. വാഹനത്തിൽ മൃതദേഹം കയറ്റാൻ ഇരുവിഭാഗവും മത്സരിച്ചതോടെ മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാർതന്നെ ആ ചുമതല ഏറ്റെടുത്തു.

അതിനിടെ എം.വി രാഘവന്റെ മരണത്തിന് പിറകെ പാർട്ടി പ്രത്യേകം പ്രത്യേക ജനറൽ സെക്രട്ടറിമാരെ പ്രഖ്യാപിച്ചത്. സിപി ജോണിന്റെ നേതൃത്വത്തിൽ സെൻട്രൽ കമ്മിറ്റി യോഗം ചേർന്ന് ജോണിനെ ജനറൽ സെക്രട്ടറിയാക്കി പ്രഖ്യാപിക്കുകയായിരുന്നു. ഇതേ സമയം മറ്റൊരിടത്ത് പോളിറ്റ് ബ്യൂറോ ചേർന്നാണ് അരവിന്ദാക്ഷൻ വിഭാഗവും സെക്രട്ടറിയെ പ്രഖ്യാപിച്ചത്. എം.വി ആറിന്റെ പിന്മുറക്കാർ തങ്ങളാണെന്ന് ഇരുവിഭാഗവും അവകാശപ്പെടുന്നുണ്ട്. വരും ദിവസം പാർട്ടി ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവ സംബന്ധിച്ച് ഇരുപാർട്ടികളും കൂടുതൽ അവകാശ തർക്കം ഉന്നയിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP