Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നികേഷ് രാഷ്ട്രീയത്തിലിറങ്ങും; സിഎംപിയുടെ നായകനാകുമെന്ന സൂചന നൽകി എംവിആറിന്റെ മകൻ പാർട്ടി ഓഫീസിൽ; നികേഷ് തയ്യാറെങ്കിൽ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് പാർട്ടി നേതൃത്വം

നികേഷ് രാഷ്ട്രീയത്തിലിറങ്ങും; സിഎംപിയുടെ നായകനാകുമെന്ന സൂചന നൽകി എംവിആറിന്റെ മകൻ പാർട്ടി ഓഫീസിൽ; നികേഷ് തയ്യാറെങ്കിൽ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് പാർട്ടി നേതൃത്വം

കണ്ണൂർ: എം വി രാഘവന്റെ മകനും മാദ്ധ്യമപ്രവർത്തകനുമായ എം വി നികേഷ്‌കുമാറിന്റെ സിഎംപിയുടെ നേതൃത്വം ഏറ്റെടുത്തേക്കും. ഇടതുമുന്നണിയെ പിന്തുണയ്ക്കുന്ന സിഎംപിയിലെ അരവിന്ദാക്ഷൻ പക്ഷത്തോടാണ് നികേഷിന് താൽപര്യം. നേതൃത്വം ഏറ്റെടുക്കാൻ കടുത്ത സമ്മർദ്ദമുണ്ടെന്നും എന്നാൽ തീരുമാനം എടുത്തിട്ടില്ലെന്നും നികേഷ് വ്യക്തമാക്കി കഴിഞ്ഞു.

കണ്ണൂരിലെ സിഎംപി (അരവിന്ദാക്ഷൻ വിഭാഗം) ഓഫിസിൽ നികേഷ് നേരിട്ടെത്തിയതോടെയാണ് രാഷ്ട്രീയപ്രവേശന അഭ്യൂഹങ്ങൾക്കു ശക്തിയേറിയത്. സിഎംപി സംസ്ഥാന സെക്രട്ടറി പാട്യം രാജൻ വിളിച്ചുചേർത്ത പത്രസമ്മേളനം നടക്കുന്നതിനിടെയാണു നികേഷ് ഓഫിസിലെത്തിയത്. നികേഷ് എംവിആറിന്റെ പിൻഗാമിയാകുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അനുകൂലമായിട്ടായിരുന്നു പാട്യം രാജന്റെ പ്രതികരണം.

സിഎംപി എൽഡിഎഫിനു പിൻതുണ നൽകുന്ന കാര്യം തീരുമാനിക്കാൻ തൃശൂരിൽ ചേർന്ന നിർണായക യോഗത്തിൽ എം വി നികേഷ്‌കുമാർ പങ്കെടുത്തിരുന്നെന്നായിരുന്നു പാട്യം രാജന്റെ മറുപടി. എംവിആറിന്റെ കുടുംബം ഇടതുപക്ഷത്തുള്ള സിഎംപിയോടൊപ്പമാണെന്നും പാട്യം രാജൻ പറഞ്ഞു. മകൾ എം വി ഗിരിജ മഹിളാവിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റാണ്. രണ്ടാമത്തെ മകൻ എം വി രാജേഷ്‌കുമാർ ഏഴുവർഷമായി പാർട്ടിയുടെ സംസ്ഥാനസമിതി അംഗമാണെന്നും പറഞ്ഞു. നികേഷ് പാർട്ടിയുടെ ചുമതലയേറ്റെടുക്കുകയാണെങ്കിൽ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും നിലപാടു വ്യക്തമാക്കേണ്ടത് അദ്ദേഹമാണെന്നും പാട്യം രാജൻ പറഞ്ഞു.

അതിനിടെ നികേഷിനെ സിഎംപി വഴി ഇടതുപക്ഷത്ത് എത്തിക്കുന്നതിനോട് സിപിഎമ്മിനും താൽപ്പര്യമുണ്ട്. അടുത്ത പാർട്ടി കോൺഗ്രസോടെ സിഎംപിയെ ഇടതുമുന്നണിയുടെ ഭാഗമാക്കുമെന്നാണ് സൂചന. സിഎംപിയിലെത്തിയാൽ നികേഷിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കും . ഇതിന്റെ ഭാഗമായി ഇപ്പോൾ തന്നെ പാർട്ടി പ്രവർത്തനത്തിൽ സജീവമാകാനാണു നിർദ്ദേശം. അതേസമയം റിപ്പോർട്ടർ ചാനലിന്റെ നേതൃസ്ഥാനത്തുള്ള നികേഷ് സാവകാശം ചോദിച്ചതായാണ് അറിവ്.

സിഎംപിയിൽ സിപി ജോണിനെ അനുകൂലിക്കുന്നവർ യുഡിഎഫിലാണ്. എന്നാൽ അരവിന്ദാക്ഷൻ പക്ഷം ഇടതു പക്ഷത്ത് മാറണമെന്ന അഭിപ്രായക്കാരും. യുഡിഎഫിന്റെ ഒറ്റപ്പെടുത്തലിൽ മനംനൊന്ത് അവസാനകാലത്ത് എംവിആറും ഇതേ നിലപാടിലെത്തിയിരുന്നു. അതിനാൽ സിപിഐ(എം) നേതൃത്വവും അരവിന്ദാക്ഷൻ പക്ഷത്തിന് രഹസ്യ സഹായങ്ങൾ നൽകി. പറശിനിക്കടവു വിഷ ചികിത്സാകേന്ദ്രം അടക്കമുള്ള അഞ്ചു സ്ഥാപനങ്ങൾ അടങ്ങിയ ട്രസ്റ്റിന്റെ ഇപ്പോഴത്തെ നിയന്ത്രണം സിപിഎമ്മിന്റെ സഹായത്തോടെ അരവിന്ദാക്ഷൻ പക്ഷം പിടിച്ചെടുത്തു. ഇതിൽ കേസുകൾ നിലവിലുണ്ട്.

നികേഷ് നേതൃത്വത്തിലെത്തിയാൽ സിഎംപിക്ക് പുതിയ ഉണർവ്വുണ്ടാകുമെന്ന് സിപിഎമ്മിനും അറിയാം. യുവാക്കൾക്കിടയിൽ സ്വാധീനമുള്ള മാദ്ധ്യമ പ്രവർത്തകന് രാഷ്ട്രീയത്തിലും ചലനമുണ്ടാക്കാൻ കഴിയും. ഇതെല്ലാം മനസ്സിലാക്കിയാണ് നികേഷിനെ ഇടത്തേക്ക് അടുപ്പിക്കാനുള്ള നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP