Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബജറ്റ് സെക്ഷനിൽ പണിയെടുക്കുന്നവരല്ലാതെ മറ്റാരും ഫെബ്രുവരി 7 വരെ ബജറ്റ് ഹാളിൽ കടക്കരുത്; ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉഗ്രശാസന വന്നതോടെ മുഖം കറുപ്പിച്ച് വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും; പതിവില്ലാത്ത ഇണ്ടാസ് പുതിയ കീഴ് വഴക്കമാണ് സൃഷ്ടിക്കുന്നതെന്ന് മുറുമുറുപ്പ്; അധിക ഫണ്ട് ചോദിക്കാതിരിക്കാനുള്ള സൂത്രമെന്ന് ഒരുവിഭാഗം; പഴയ പോലെ ബജറ്റ് ചോരാതിരിക്കാനെന്ന് മറുവിഭാഗം; സെക്രട്ടേറിയറ്റിന്റെ ഇടനാഴികളിൽ നോ എൻട്രി ബോർഡിന്റെ അനുരണനങ്ങൾ

ബജറ്റ് സെക്ഷനിൽ പണിയെടുക്കുന്നവരല്ലാതെ മറ്റാരും ഫെബ്രുവരി 7 വരെ ബജറ്റ് ഹാളിൽ കടക്കരുത്; ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉഗ്രശാസന വന്നതോടെ മുഖം കറുപ്പിച്ച് വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും; പതിവില്ലാത്ത ഇണ്ടാസ് പുതിയ കീഴ് വഴക്കമാണ് സൃഷ്ടിക്കുന്നതെന്ന് മുറുമുറുപ്പ്; അധിക ഫണ്ട് ചോദിക്കാതിരിക്കാനുള്ള സൂത്രമെന്ന് ഒരുവിഭാഗം; പഴയ പോലെ ബജറ്റ് ചോരാതിരിക്കാനെന്ന് മറുവിഭാഗം; സെക്രട്ടേറിയറ്റിന്റെ ഇടനാഴികളിൽ നോ എൻട്രി ബോർഡിന്റെ അനുരണനങ്ങൾ

മറുനാടൻ ഡെസ്‌ക്‌

 തിരുവവനന്തപുരം: ഇതുപോലൊന്ന് ഇതിന് മുമ്പുണ്ടായിട്ടില്ല. 'ഫെബ്രുവരി 7 വരെ ബജറ്റ് ജീവനക്കാർ ഒഴികെ മറ്റാർക്കും ബജറ്റ് ഹാളിൽ പ്രവേശനമില്ല', ഉഗ്രശാസനവുമായി ധനകാര്യ സെക്രട്ടറി വന്നതോടെ ആകെ ഈർഷ്യയിലാണ് വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും. എന്താണപ്പാ ഇങ്ങനെയൊരു ശാസന എന്നാണ് മിക്കവരും ചോദിക്കുന്നത്. ഇതുവരെ ബജറ്റിന്റെ ചരിത്രത്തിൽ ഇങ്ങനൊരു കീഴ് വഴക്കം ഉണ്ടായിട്ടില്ലെന്നും, ഇത് പുതിയ കീഴ് വഴക്കം സൃഷ്ടിക്കലാണെന്നും സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ സംഘടനകൾ വാദിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് യത്ഥാർത്ഥ കാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ധനകാര്യ വകുപ്പിൽ മാത്രമല്ല, മറ്റുമന്ത്രിമാരുടെ ഓഫീസുകളിലും ഇതിനെ ചൊല്ലി മുറുമുറുപ്പ് ഉയരുന്നുണ്ട്. ബജറ്റ് പ്രസംഗം തയ്യാറാക്കുന്നത് മന്ത്രി ടി.എം.തോമസ് ഐസക്കും ബന്ധപ്പെട്ട് മറ്റുഉദ്യോഗസ്ഥരും ചേർന്നാണ്. വിഴിഞ്ഞം ടി.ബി യിലിരുന്നാണ് ഇത് തയ്യാറാക്കുന്നത് .ബജറ്റ് സെക്ഷനിൽ ഉള്ളവർക്ക് ഇതുമായി യാതൊരു ബന്ധമില്ല. എന്നിരുന്നാലും സെക്രട്ടേറിയറ്റിലെ ബജറ്റ് വിഭാഗത്തിൽ മറ്റാർക്കും പ്രവേശനമില്ല എന്നതാണ് ഉദ്യോഗസ്ഥരെ ചൊടിപ്പിക്കുന്നത്.

ബജറ്റിൽ അധിക ഫണ്ട് അനുവദിക്കാനോ റീ അപ്രോപ്രിയേഷൻ ശുപാർശകളോ സമർപ്പിക്കാൻ വിവിധ വകുപ്പ് മേധാവികൾക്ക് ഇനി ഫെബ്രുവരി ഏഴ് വെര സാധിക്കില്ല. നോ എൻട്രി ബോർഡ് തൂക്കിക്കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധി കാരണം കരാറുകാരുടെ ഉൾപ്പെടെ ബില്ലുകൾ മാറുന്നില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകുന്നില്ല. പദ്ധതി വിഹിതം 35 ശതമാനം വെട്ടിക്കുറച്ചു.

രാജ്യത്താകെയുള്ള മാന്ദ്യവും ജി.എസ്.ടി.യിലെ പ്രശ്‌നങ്ങളും കേന്ദ്രം വായ്പാപരിധി കുറച്ചതും ഒക്കെയാണ് കേരളത്തെ അലട്ടുന്നത്. പരിമിത വിഭവങ്ങൾ മാത്രമാണ് ധനമന്ത്രിക്ക് മുമ്പാകെയുള്ളത്. ജി.എസ്.ടി.യിൽനിന്ന് ഇപ്പോൾ മാസം ശരാശരി 1600 കോടിരൂപയാണ് കേരളത്തിന് കിട്ടുന്നത്. കിട്ടേണ്ടതിലും 500 കോടിയെങ്കിലും കുറവ്. ശമ്പളവും പെൻഷനും പലിശച്ചെലവും തലവേദനയായി തുടരുന്നു. റവന്യൂവരുമാനത്തിന്റെ ഭൂരിഭാഗവും ഈയിനത്തിൽ ചെലവാകുന്നതുകൊണ്ട് തന്നെ പരിഹാരമില്ലാതെ തുടരുന്നു.

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ഉൾപ്പെടെ 18,000 പുതിയ തസ്തികകൾ സൃഷ്ടിച്ചതും പ്രതിസന്ധിക്ക് ആക്കംകൂട്ടി. കഴിഞ്ഞ സർക്കാർ സൃഷ്ടിച്ച തസ്തികകൾക്ക് അംഗീകാരം നൽകിയത് ഉൾപ്പെടെയാണിത്. പദ്ധതിച്ചെലവും അനാവശ്യചെലവും വെട്ടിക്കുറയ്ക്കുക മാത്രമാണ് പരിഹാരം. എന്നാൽ, അനാവശ്യചെലവുകൾ കാര്യമായി നിയന്ത്രിക്കാൻ ഈ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേന്ദ്രത്തിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയെ നിയമിച്ചതടക്കം ധൂർത്തിന്റെ കാര്യത്തിൽ വിമർശനങ്ങളും നേരിടുന്നു. വായ്പപരിധിയിൽ ഈ വർഷം കേന്ദ്രം കുറവുവരുത്തിയതും തിരിച്ചടിയായി. പുനർനിർമ്മാണത്തിന് കേരളം ലോകബാങ്കുപോലുള്ള ഏജൻസികളിൽനിന്നെടുക്കുന്ന വായ്പകളും ഈ പരിധിയിൽ ഉൾപ്പെടുത്തിയാൽ പൊതുആവശ്യങ്ങൾക്ക് വായ്പയെടുക്കാനാവാതെ വന്നിരിക്കുകയാണ്. സാമ്പത്തിക പ്രതിസസന്ധിയാണ് ബജറ്റ് ഹാളിലെ വിലക്കിന് കാരണമെന്ന് ഒരുവിഭാഗം പറയുമ്പോൾ അതല്ല, ബജറ്റ് ചോർച്ച തടയാൻ ആണിതെന്ന് മറുവിഭാഗം വാദിക്കുന്നു.

2017 ൽ സംസ്ഥാന ബജറ്റ് ചോർന്ന സംഭവത്തിൽ ധനമന്ത്രിയുടെ സ്റ്റാഫിലുണ്ടായിരുന്ന ഒരാളെ പുറത്താക്കിയിരുന്നു. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും മാധ്യമവിഭാഗം ചുമതലയുമുണ്ടായിരുന്ന മനോജ് കെ. പുതിയവിളയ്‌ക്കെതിരേയാണ് അന്ന് നടപടി സ്വീകരിച്ചത്. ബജറ്റ് പ്രസംഗം തീരുന്നതിന് മുൻപ് മാധ്യമങ്ങൾക്ക് വാട്‌സ് ആപ്പ്, ഇ മെയിൽ എന്നീ നവമാധ്യമങ്ങളിലൂടെ വിവരങ്ങൾ നൽകിയെന്ന് കണ്ടെത്തിയതോടെയയാരിരുന്നു നടപടി. മാധ്യമങ്ങൾ എംബാർഗോ തെറ്റിച്ചതാണ് പ്രശ്‌നമെങ്കിലും അത് ബജറ്റ് ചോർച്ചയായി പ്രതിപക്ഷം വ്യാഖ്യാനിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP