Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സീറ്റു യുദ്ധത്തിൽ വിജയിച്ച ആത്മവിശ്വാസത്തിൽ ഊർജ്ജസ്വലനായി ഉമ്മൻ ചാണ്ടി; കോലീബി ആരോപണം ഉന്നയിച്ച സിപിഎമ്മിന് തോൽവി സമ്മതിച്ചല്ലേ.. എന്നു പരിഹാസം; ആർഎസ്എസ് വോട്ട് വേണ്ടെന്ന് പറയാൻ ധൈര്യമില്ലേ.. എന്ന ചോദ്യത്തിന് ചിലർ 'പോടാ പുല്ലേ' എന്ന് പറയുമ്പോൾ മറ്റ് ചിലർ കൈകൂപ്പി സംസാരിക്കുമെന്നും പറഞ്ഞ് മാധ്യമപ്രവർത്തകരെയും ട്രോളി; സംസ്ഥാന രാഷ്ട്രീയത്തിൽ തകർപ്പൻ റീ എൻട്രി നടത്തിയ മുന്മുഖ്യൻ താരപ്രചാരകനാകും: മിന്നുംതാരം താൻ തന്നെയെന്ന് വ്യക്തമാക്കി ഉമ്മൻ ചാണ്ടിയുടെ രംഗപ്രവേശം

സീറ്റു യുദ്ധത്തിൽ വിജയിച്ച ആത്മവിശ്വാസത്തിൽ ഊർജ്ജസ്വലനായി ഉമ്മൻ ചാണ്ടി; കോലീബി ആരോപണം ഉന്നയിച്ച സിപിഎമ്മിന് തോൽവി സമ്മതിച്ചല്ലേ.. എന്നു പരിഹാസം; ആർഎസ്എസ് വോട്ട് വേണ്ടെന്ന് പറയാൻ ധൈര്യമില്ലേ.. എന്ന ചോദ്യത്തിന് ചിലർ 'പോടാ പുല്ലേ' എന്ന് പറയുമ്പോൾ മറ്റ് ചിലർ കൈകൂപ്പി സംസാരിക്കുമെന്നും പറഞ്ഞ് മാധ്യമപ്രവർത്തകരെയും ട്രോളി; സംസ്ഥാന രാഷ്ട്രീയത്തിൽ തകർപ്പൻ റീ എൻട്രി നടത്തിയ മുന്മുഖ്യൻ താരപ്രചാരകനാകും: മിന്നുംതാരം താൻ തന്നെയെന്ന് വ്യക്തമാക്കി ഉമ്മൻ ചാണ്ടിയുടെ രംഗപ്രവേശം

അരുൺ ജയകുമാർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പത്രസമ്മേളനങ്ങൾ എല്ലായിപ്പോഴും പ്രത്യേകതയുള്ളവയായിരിക്കും. സാധാരണഗതിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ പതറുന്ന ഉമ്മൻ ചാണ്ടി പക്ഷേ ഇന്ന് നല്ല കട്ട ഫോമിൽ ആയിരുന്നു. ഒട്ടേറെ പ്രതിസന്ധികൾ നിറഞ്ഞ സീറ്റ് നിർണയത്തിനും ഗ്രൂപ്പ് വഴക്കുകൾക്കും ശേഷം കോൺഗ്രസ് പാർട്ടിയിലേക്ക് റീഎൻട്രി നടത്തിയ ഉമ്മൻ ചാണ്ടിയുടെ ശരീരഭാഷയിൽ തന്നെ ആ സന്തോഷം നിറഞ്ഞ് കാണാമായിരുന്നു. കേരളത്തിൽ തന്റെ പാർട്ടി സമഗ്ര ആധിപത്യം നേടിക്കഴിഞ്ഞു എന്ന തരത്തിലാണ് ഉമ്മൻ ചാണ്ടി സംവദിച്ചത്. തിളക്കമാർന്ന വിജയം തന്നെയാകും തന്റെ പാർട്ടി നേടുക എന്നും എൽഡിഎഫ് നിലംപരിശ്ശാക്കുമെന്നും അദ്ദേഹം പറയുന്നു.

മുഴുവൻ സമയവും ചിരിച്ചും കളിച്ചും മാധ്യപ്രവർത്തകരുടെ പല ചോദ്യങ്ങൾക്കും തമാശ രൂപേണ ഉത്തരം പറഞ്ഞുമാണ് ഉമ്മൻ ചാണ്ടിയെ പത്ര സമ്മേളനത്തിൽ ഉടനീളം കണ്ടത്. വാർത്താസമ്മേളനത്തിൽ മുഴുവൻ സിപിഎമ്മിനെ കടന്നാക്രമിക്കുകയും പരിഹസിക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ അഞ്ച് ലോക്സഭ മണ്ഡലങ്ങളിൽ യുഡിഎഫ് -ബിജെപി ധാരണ എന്ന് കോടിയേരി ബാലകൃഷ്ണൻ പറയുന്നതിന് കാരണം പരാജയഭീതിയാണെന്നും ഉമ്മൻ ചാണ്ടി പറയുന്നു. മുൻപ് പലപ്പോഴും ബിജെപിയുമായും പഴയ ജനസംഘവുമായിട്ടും കൂട്ടുകൂടിയ ശീലം പാർട്ടിക്കാണെന്നും സിപിഎം മറക്കരുതെന്നും ഉമ്മൻ ചാണ്ടി പറയുന്നു. കേരളത്തിൽ സാമുദായി ധ്രുവീകരണം ഒരിക്കലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു,

വർഗ്ഗീയ കക്ഷികളുമായി ഒരു ഒത്തുതീർപ്പും ഇല്ലെന്നും അവരുമായി കൂട്ടുകൂടുന്നവരെ ഒപ്പം നിർത്തില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പൊന്നാനിയിൽ എസ്ഡിപിഐ ലീഗ് ചർച്ച നടന്നു എന്ന് പറയുന്നത് ശരിയല്ല. ഒരു വിഭാഗം മാത്രം ചർച്ച നടത്തി എന്ന് പറഞ്ഞാൽ അത് സത്യമാകില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. കേരളത്തിലെ ഏറ്റവും വലിയ വിഷയമായിരുന്നു ശബരിമല. കോടതിവിധി വന്നതിന് ശേഷം നിരവധി സ്ത്രീകൾ മല കയറാൻ ശ്രമിച്ചു. വലിയ ടെൻഷനാണ് കേരളം മുഴുവൻ ഈ വിഷയം ഉണ്ടാക്കിയത്. ഇപ്പോൾ തെരഞ്ഞെടുപ്പിൽ അത് തിരിച്ചടിയാകും എന്ന് മനസ്സിലായപ്പോൾ ശബരിമലയിൽ 10 ദിവസം നട തുറന്നിരുന്നിട്ടും ഒരു യുവതിയെ പ്രവേശിപ്പിക്കാനം സർക്കാർ മുൻകൈ എടുക്കാത്തത് എന്തേ എന്നും അദ്ദേഹം ചോദിച്ചു.

ഈ അടുത്ത് നടന്ന സീറ്റ് വിഭജനത്തിൽ ഉമ്മൻ ചാണ്ടിയുടെ പിടിവാശികളാണ് വിജയിച്ചത്. ഇതിൽ ഐ ഗ്രൂപ്പിന് നല്ല പ്രതിഷേധമുണ്ട്. രമേശ് ചെന്നിത്തലയും, കെ.സി വേണുഗോപാലുമെല്ലാം ഐഗ്രൂപ്പ് നേതാക്കളാണെന്നാണ് പറയുന്നതെങ്കിലും ഷൈൻ ചെയ്യുന്നത് ഉമ്മൻ ചാണ്ടിയാണെന്ന് ഐ ഗ്രൂപ്പ് പ്രവർത്തകർ തന്നെ സമ്മതിക്കുന്നുമുണ്ട്. വയനാട് മത്സരത്തിൽ ഉമ്മൻ ചാണ്ടി സീറ്റ് പിടിച്ചെടുത്ത് ടി.സിദ്ദിഖിന് നൽകുകയായിരുന്നു. വയനാട് സീറ്റിനെച്ചൊല്ലി തർക്കം തുടർന്നതോടെ അനന്തമായി നീണ്ട് പോയി അഞ്ച് ദിവസത്തെ ചർച്ചയ്ക്ക് ശേഷമാണ് വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങൾ മണ്ഡലത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇത് പ്രവർത്തകർക്കിടയിൽ വലിയ നിരാശയും ഉണ്ടാക്കിയിരുന്നു.

കേരളത്തിൽ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ സാമുധായിക ധ്രുവീകരണം ഒന്നും ഉണ്ടാകില്ലെന്നും എന്നാൽ ആചാരങ്ങൾ സംബന്ധിച്ച് വിശ്വാസികൾക്കുണ്ടായ ചില ബുദ്ധിമുട്ടുകളും വേദനകളും തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ശബരിമല വിഷയത്തെ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശബരിമലയിൽ ഓരോ മാസവും സുപ്രീം കോടതി വിധിക്ക് ശേഷം നട തുറന്നപ്പോൾ വലിയ ബഹളങ്ങൾ ഉണ്ടായെന്നും എന്നാൽ ഇപ്പോൾ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സർക്കാരിന് ബോധം വന്നെന്നും അതുകൊണ്ടാണ് ഇപ്പോൾ അവിടെ ആരെയും എത്തിക്കാൻ സർക്കാർ ശ്രമിക്കാതത്ത് എന്നും അവിടെ പ്രശ്നങ്ങൾ ഇല്ലാത്തത് എന്നും ഉമ്മൻ ചാണ്ടി പറയുന്നു.

അങ്ങനെ എല്ലാ അർഥത്തിലും വിജയശ്രീ ലാളിതനായതിന്റെ സന്തോഷം ഉമ്മൻ ചാണ്ടിയുടെ മുഖത്ത് ഉണ്ടായിരുന്നു. വർഗ്ഗിയ കക്ഷിയായ ആർഎസ്എസിന്റെ വോട്ട് വേണ്ട എന്ന് തീർത്ത് പറയാൻ എന്തുകൊണ്ടാണ് ഉമ്മൻ ചാണ്ടി തയ്യാറാകാത്തത് എന്ന ചോദ്യത്തിന് മാധ്യമപ്രവർത്തകരെ ട്രോളി സദസ്സിൽ ചിരി പടർത്തിയാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം അവസാനിപ്പിച്ചത്. വർഗ്ഗീയതയ്ക്ക് എതിരെ പറയാൻ മടി എന്തേ എന്ന് ചോദിച്ചപ്പോൾ പലർക്കും പല ശൈലിയാണെന്നും ചിലർ പോടാ പുല്ലേ എന്ന് മുഖത്ത് നോക്കി പറയും എന്ന് പത്രക്കാരുടെ മുഖത്ത് നോക്കി പറയുമ്പോൾ തന്നെ പോലെ ഉള്ളവർ കൈ കൂപ്പി ഒന്നു മാറി തരൂ എന്നായിരിക്കും പറയുക എന്ന പ്രസ്താവനയിലൂടെ അദ്ദേഹം വാർത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP