Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിഴിഞ്ഞം വിഷയത്തിൽ സിഎജിക്ക് നോട്ടപ്പിശകുണ്ടായെന്ന് ഉമ്മൻ ചാണ്ടി; സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; എസ്റ്റിമേറ്റ് പോലും ആകാത്ത കുളച്ചലുമായി താരതമ്യം ചെയ്തത് ശരിയല്ലെന്നും മുന്മുഖ്യമന്ത്രി

വിഴിഞ്ഞം വിഷയത്തിൽ സിഎജിക്ക് നോട്ടപ്പിശകുണ്ടായെന്ന് ഉമ്മൻ ചാണ്ടി; സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; എസ്റ്റിമേറ്റ് പോലും ആകാത്ത കുളച്ചലുമായി താരതമ്യം ചെയ്തത് ശരിയല്ലെന്നും മുന്മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാറിലെ വ്യവസ്ഥകളിൽ പലതും സംസ്ഥാന താൽപര്യത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയ സിഎജിക്ക് നോട്ടപ്പിശകുപറ്റിയെന്ന് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പദ്ധതിയെക്കുറിച്ച് സംസാരിക്കാൻ സർക്കാർ സമയം ആവശ്യപ്പെട്ടിട്ടും സിഎജി അതിന് തയ്യാറായില്ലെന്നും കരാറിന്റെ പേരിൽ തനിക്ക് ഒരു കുറ്റബോധവുമില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

രാജ്യാന്തര തുറമുഖ കരാറിലെ പല വ്യവസ്ഥകളും സംസ്ഥാന താൽപര്യങ്ങൾക്കു വിരുദ്ധമാണെന്ന സിഎജി റിപ്പോർട്ട് ശരിയല്ല. സിഎജിക്ക് നോട്ടപ്പിശകുണ്ടായിട്ടുണ്ട്. എസ്റ്റിമേറ്റ് പോലുമാകാത്ത കുളച്ചൽ പദ്ധതിയുമായി വിഴിഞ്ഞത്തെ താരതമ്യം ചെയ്തതു ശരിയല്ല. പദ്ധതിയെക്കുറിച്ചു സംസാരിക്കാൻ സർക്കാർ സമയം ആവശ്യപ്പെട്ടിട്ടും സിഎജി അവസരം നൽകിയില്ല. വിഴിഞ്ഞം കരാറിന്റെ പേരിൽ കുറ്റബോധമില്ല, അഭിമാനം മാത്രമാണുള്ളത്. പദ്ധതിയുടെ പേരിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കില്ല. കരാർ കാലാവധി 40 വർഷമായി നീട്ടിയത് ഏകപക്ഷീയ തീരുമാനമല്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അദാനിയെ സഹായിക്കാൻ വളരെയേറെ കാര്യങ്ങൾ നടത്തിയെന്ന രൂപത്തിലാണ് പ്രചാരണം. കരാർ കാലാവധി 40 വർഷമാക്കിയതിനെ സിഎജി ചൂണ്ടിക്കാട്ടിയിരുന്നു. അത് ഏകപക്ഷീയമായി ചെയ്തതല്ല. കേന്ദ്ര ആസൂത്രണ കമ്മീഷന്റെ മോഡ് ഓഫ് കൺസ്ട്രക്ഷൻ എഗ്രിമെന്റിലെ വ്യവസ്ഥ അനുസരിച്ചാണ് അങ്ങനെ ചെയ്തത്.

കരാർ ഒപ്പിടുന്ന സമയം മുതൽ 40 വർഷത്തേക്കാണ് കരാർ. നിർമ്മാണത്തിന് എടുക്കുന്ന സമയവും കാലാവധിയിൽ ഉൾപ്പെടും. 30 വർഷം എന്നുള്ള കരാറിൽ നിർമ്മാണത്തിന് ശേഷമാണ് 30 വർഷ കാലാവധി. ഇപ്പോഴത്തെ കരാർ അനുസരിച്ച് ഒന്നാം ഘട്ടത്തിൽ മാത്രമാണ് കമ്പനിക്ക് ധനസഹായം ലഭിക്കുക. രണ്ടാം ഘട്ടത്തിന്റെ മുഴുവൻ പണവും കമ്പനി തന്നെ മുടക്കണം.

40 വർഷ കരാറിൽ 15 വർഷം മുതൽ നമുക്ക് വരുമാനം കിട്ടും. ആദ്യം ഒരു ശതമാനവും അത് കൂടിക്കൂടി 40 വർഷമാകുമ്പോൾ 25 ശതമാനം സംസ്ഥാനത്തിന് ലഭിക്കും.40 വർഷത്തിന് ശേഷം തുറമുഖം സംസ്ഥാനത്തിന്റേതാകും. 30 ശതമാനം സ്ഥലം പോർട്ട് അനുബന്ധ സൗകര്യങ്ങൾക്കായി വിനിയോഗിക്കാം. അതിൽ നിന്ന് ഏഴ് വർഷം കഴിയുമ്പോൾ 10 ശതമാനം വരുമാനം ലഭിക്കും. 30 വർഷ കരാറിൽ ഇതൊന്നുമില്ല-അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം പദ്ധതി കുളച്ചലിനേക്കാൾ ചെലവ് കൂടുതലാണെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ കുളച്ചിലിന് എസ്റ്റിമേറ്റോ ടെൻഡറോ പോലും ആയിട്ടില്ല. സിഎജി വെറുതെ കേട്ടതിന്റെ അടിസ്ഥാനത്തിൽ പറഞ്ഞതായിരിക്കും. സിഎജിക്ക് നോട്ടപ്പിശക് ഉണ്ടായിട്ടുണ്ടാകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.വിഴിഞ്ഞം പദ്ധതി നടപ്പിലായത് 25 കൊല്ലത്തിനിടയിലെ അഞ്ചാമത്തെ പരിശ്രമത്തിലാണെന്നും വളരെയേറെ കഷ്ടപ്പെട്ടാണ് ഒരു കമ്പനിയെ ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു.

തുറമുഖം വന്നു കഴിയുമ്പോളുള്ള നേട്ടം പ്രവചനാതീതമാണ്. കൊളംബോയോടും വിദേശ രാജ്യങ്ങളിലെ മറ്റ് തുറമുഖങ്ങളോടാണ് വിഴിഞ്ഞം മത്സരിക്കുക. ഇന്ത്യയിലെ പ്രധാന തുറമുഖമായി ഇത് മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കരാറിലേർപ്പെട്ടതിൽ കുറ്റബോധമില്ല, അഭിമാനമേ ഉള്ളു. സംസ്ഥാനത്തിന് വേണ്ടി ഒരു നല്ല കാര്യം ചെയ്തു എന്നാണ് കരുതുന്നത്. അതിന്റെ പേരിൽ എന്തും നേരിടാൻ തയ്യാറാണ്. ഒരുദ്യോഗസ്ഥനേയും ബലിയാടാക്കില്ല. കരാർ പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു പരിശോധന എത്രയും പെട്ടന്ന് വേണം- ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

വിഴിഞ്ഞം കരാറിൽ അദാനിക്കു വഴിവിട്ട സഹായം നൽകിയെന്ന സിഎജി റിപ്പോർട്ട് അതീവ ഗൗരവതരമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. റിപ്പോർട്ടിലെ കണ്ടെത്തൽ ഗൗരവമായി പരിശോധിക്കാൻ സംവിധാനം കൊണ്ടുവരുമെന്നും ടി.വി. രാജേഷിന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പൊതു, സ്വകാര്യ പദ്ധതികളിലെ നിർമ്മാണ, നടത്തിപ്പു കാലാവധി 30 വർഷമായി സർക്കാർ നിശ്ചയിച്ചിട്ടുണ്ടെങ്കിലും വിഴിഞ്ഞം കരാറിൽ അത് 40 വർഷമാക്കി ഉയർത്തിയെന്നും ഇതുമൂലം, കരാറുകാരായ അദാനി പോർട്‌സിന് 29,217 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നുമായിരുന്നു സിഎജി റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP