Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാൽനൂറ്റാണ്ട് മുമ്പും ഇതുപോലൊരു അട്ടിമറി; അന്ന് കരുണാകരൻ പണി കൊടുത്തത് ലീഗിന് സീറ്റ് നൽകി; പ്രതിഷേധിച്ച് മന്ത്രിസ്ഥാനം രാജിവച്ച് ഉമ്മൻ ചാണ്ടി; ഇന്ന് രാജി വയ്ക്കാൻ ആർക്കും പദവിയില്ല

കാൽനൂറ്റാണ്ട് മുമ്പും ഇതുപോലൊരു അട്ടിമറി; അന്ന് കരുണാകരൻ പണി കൊടുത്തത് ലീഗിന് സീറ്റ് നൽകി; പ്രതിഷേധിച്ച് മന്ത്രിസ്ഥാനം രാജിവച്ച് ഉമ്മൻ ചാണ്ടി; ഇന്ന് രാജി വയ്ക്കാൻ ആർക്കും പദവിയില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്നലെ നടന്നത് 1994ന്റെ ആവർത്തനം. കോൺഗ്രസ് സ്വന്തം രാജ്യസഭാ സീറ്റ് ഘടകകക്ഷിക്കു നൽകുന്നത് ഇത് ആദ്യമല്ല. രണ്ട് പ്രമുഖരെ രാജ്യസഭയിലെത്തിക്കാതിരിക്കാനാണ് ഇത് രണ്ടും സംഭവിച്ചത്. ആദ്യത്തേത് കരുണാകരന്റെ ചാണക്യ തന്ത്രമായിരുന്നു. ഇപ്പോഴത്തേത് ഉമ്മൻ ചാണ്ടിയുടേതെന്നും വിമർശനം ഉയരുന്നു. 1994ൽ എല്ലാം കെ കരുണാകരൻ ഒറ്റയ്ക്ക് നിശ്ചയിച്ചപ്പോൾ ഇത്തവണ ഉമ്മൻ ചാണ്ടിക്ക് പിന്തുണയുമായി കരുണാകന്റെ വൽസല ശിഷ്യൻ രമേശ് ചെന്നിത്തലയും ഒപ്പം കൂടി.

1994ൽ യുഡിഎഫിനു ലഭിക്കാവുന്ന രണ്ടു സീറ്റിലേക്കും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും നാമനിർദേശ പത്രിക നൽകുകയും ചെയ്തു. എ-ഐ ഗ്രൂപ്പ് വഴക്കിന്റെ പാരമ്യത്തിൽ ഒരു സീറ്റ് കെ.കരുണാകരൻ മുസ്ലിംലീഗിനു സമ്മാനിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിയായി പത്രിക നൽകിയ ഡോ.എം.എ.കുട്ടപ്പൻ (എ ഗ്രൂപ്പ്) ഒടുവിൽ പിന്മാറി. വയലാർ രവി (കോൺഗ്രസ്), അബ്ദുസ്സമദ് സമദാനി (മുസ്ലിം ലീഗ്), ഇ.ബാലാനന്ദൻ (സിപിഎം) എന്നിവരാണ് അന്നു രാജ്യസഭയിലെത്തിയത്. രാജ്യസഭാ സീറ്റ് കൈവിടുകയും എ ഗ്രൂപ്പുകരാനായ കുട്ടപ്പനെ പത്രിക നൽകിയ ശേഷം പിൻവലിപ്പിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച്, കെ.കരുണാകരൻ മന്ത്രിസഭയിൽ നിന്നു ധനമന്ത്രി ഉമ്മൻ ചാണ്ടി രാജിവച്ചു. കോൺഗ്രസിലെ ഗ്രൂപ്പു വൈരത്തിന് ഇത് പുതിയ മാനം നൽകി. എ ഗ്രൂപ്പിൽ ഉമ്മൻ ചാണ്ടി രണ്ടാമനായി. പിന്നീട് ആന്റണിയെ വെട്ടി വീഴ്‌ത്തി എ ഗ്രൂപ്പ് ഉമ്മൻ ചാണ്ടി പിടിച്ചെടുത്തു. തിരുത്തൽ വാദമുയർത്തി ജി കാർത്തികേയനും രമേശ് ചെന്നിത്തലയും കരുണാകരനെ തളർത്തി. ഇതോടെ കരുണാകരൻ രാഷ്ട്രീയത്തിൽ ഒതുക്കപ്പെട്ടതും ചരിത്രം.

ഇതാണ് ഇപ്പോൾ വീണ്ടും പുനരാവർത്തിക്കുന്നത്. ഏകപക്ഷീയ തീരുമാനത്തിലൂടെ ഉമ്മൻ ചാണ്ടി ലീഗിന് സീറ്റ് വിട്ടുകൊടുത്തുവെന്നാണ് ആരോപണം. ലീഗിന്റെ താൽപ്പര്യത്തിന് അത് കേരളാ കോൺഗ്രസിന് നൽകി. പികെ കുഞ്ഞാലിക്കുട്ടി എന്ത് തീരുമാനിച്ചാലും യുഡിഎഫിൽ നടക്കുമെന്ന അവസ്ഥ. 1994ൽ കരുണാകരനെതിരെ കലാപം നയിച്ച ഉമ്മൻ ചാണ്ടി പഴയെതല്ലാം മറന്നുവെന്നാണ് കോൺഗ്രസുകാർ പറയുന്നത്. 1994ലെ തീരുമാനം കരുണാകരനുണ്ടാക്കിയ അവസ്ഥ ഉമ്മൻ ചാണ്ടിക്ക് വരുമെന്നാണ് പിജെ കുര്യനെ പോലുള്ള നേതാക്കൾ വിശ്വസിക്കുന്നത്. സോളാർ അഴിമതിയിൽ കുടുങ്ങിയ കോൺഗ്രസിനെ കരകയറാൻ ആവാത്ത വിധം രാജ്യസഭാ സീറ്റ് കൈമാറൽ തളർത്തിയെന്നാണ് ഉയരുന്ന വാദം.

1994ൽ കരുണാകരൻ തീരുമാനിച്ചപ്പോൾ ഉമ്മൻ ചാണ്ടിക്ക് രാജിവയ്ക്കാൻ സ്ഥാനമുണ്ടായിരുന്നു. ഇന്ന് ആർക്കും ഔദ്യോഗിക പദവികളൊന്നുമില്ല. അതുകൊണ്ട് മാത്രം രാജിയില്ല. ബാക്കിയെല്ലാം 1994ൽ സംഭവിച്ചത് പോലെ വരും. ഉമ്മൻ ചാണ്ടി ഡൽഹിക്ക് വിമാനം കയറുകയാണ്. 1994ന് ശേഷം കരുണാകരൻ കേന്ദ്രമന്ത്രിയായി ഡൽഹിയിലെത്തിയത് രാഷ്ട്രീയ വനവാസത്തിന് സമാനമായിരുന്നു. അതിന് ശേഷം കേരളത്തിൽ കരുണാകരന് പിടിമുറുക്കാനായില്ല. ഐ ഗ്രൂപ്പ് പലവഴിക്കായി. തിരുത്തൽവാദം കരുണാകര രാഷ്ട്രീയത്തെ തളർത്തി. സമാനമാണ് ഇപ്പോഴത്തെ കാര്യങ്ങളും. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരായ യുവ എംഎൽഎമാർ പോലും ഉമ്മൻ ചാണ്ടിയെ ചോദ്യം ചെയ്യുന്നു. എ ഗ്രൂപ്പിനെ ഇത് തളർത്തുമെന്നാണ് വിലയിരുത്തൽ.

യുഡിഎഫിനെ ശക്തിപ്പെടുത്താൻ കേരള കോൺഗ്രസ് ഒപ്പമുണ്ടാവണമെന്നും രാജ്യസഭാ സീറ്റ് നൽകി അവരെ സ്വീകരിക്കണമെന്നുമുള്ള മുസ്ലിം ലീഗിന്റെ ആവശ്യത്തിനു മുന്നിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം വഴങ്ങി. ഇക്കാര്യം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു മുന്നിൽ അവതരിപ്പിച്ച് അനുമതി നേടിയ സംസ്ഥാന നേതാക്കൾ, യുഡിഎഫിലേക്കു കേരള കോൺഗ്രസിന്റെ (എം) പുനഃപ്രവേശം ഹൈക്കമാൻഡ് തലത്തിൽ ഉറപ്പാക്കി. മുന്നണി പുനഃപ്രവേശം തിരുവനന്തപുരത്തു കേരള കോൺഗ്രസ് (എം) പാർലമെന്ററിസമിതി യോഗത്തിനുശേഷം പാർട്ടി ചെയർമാൻ കെ.എം.മാണി പ്രഖ്യാപിക്കും. തുടർന്ന്, കേരള കോൺഗ്രസ് കൂടി പങ്കെടുക്കുന്ന യുഡിഎഫ് നേതൃയോഗം ചേരും. ഇതൊക്കെയാണ് തയ്യാറാക്കിയ തിരിക്കഥയുടെ പൂർണ്ണരൂപം.

രാജ്യസഭാ സീറ്റിനായി പരിഗണനയിലുണ്ടായിരുന്ന പി.ജെ.കുര്യൻ ഉൾപ്പെടെയുള്ള ഒരുപിടി കോൺഗ്രസ് നേതാക്കളെ ഞെട്ടിച്ചു നടത്തിയ നീക്കം. 1994ൽ കരുണാകരൻ കുട്ടപ്പനെ വെട്ടിയെങ്കിൽ ഇപ്പോൾ ഉമ്മൻ ചാണ്ടി പണികൊടുത്തത് കരുത്തനായ കുര്യനേയും. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിക്കെതിരെ പട നയിക്കാൻ കുര്യൻ എത്തും. കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ ഏറെ മാറ്ി മറിയുകയാണ് ഈ തീരുമാനത്തിലൂടെ. തീരുമാനം യുഡിഎഫിന്റെ പൊതുതാൽപര്യം കണക്കിലെടുത്തുള്ളതാണെന്ന് ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിശദീകരിച്ചവെങ്കിലും നേതാക്കളും അണികളും തൃപ്തരല്ല.

സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും യുവ നേതാക്കളെ തനിക്കെതിരെ തിരിച്ചത് ഉമ്മൻ ചാണ്ടിയാണെന്നും തുറന്നടിച്ച് കുര്യൻ രംഗത്തുവന്നതോടെ കോൺഗ്രസ് നേതൃനിരയിൽ കലാപം ശക്തമായി. നിലവിൽ മുന്നണിയുടെ ഭാഗമല്ലാത്ത ഘടകകക്ഷിക്കു രാജ്യസഭാ സീറ്റ് നൽകുന്നതു പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്തുള്ള ഒറ്റത്തവണ നടപടി മാത്രമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. നാലു വർഷത്തിനു ശേഷം സംസ്ഥാനത്തു രാജ്യസഭയിലേക്ക് ഒഴിവു വരുമ്പോൾ കേരള കോൺഗ്രസിന് അർഹതപ്പെട്ട സീറ്റ് കോൺഗ്രസിനു നൽകാൻ ഇരുകക്ഷികളും ധാരണയിലെത്തി. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിൽ കേരള കോൺഗ്രസ് തന്നെ മൽസരിക്കും.

കുഞ്ഞാലിക്കുട്ടിയും ജോസ് കെ.മാണിയുമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നടത്തിയ ചർച്ചകളിലുരുത്തിരിഞ്ഞ ധാരണ ഇന്നലെ വൈകിട്ടു നടത്തിയ കൂടിക്കാഴ്ചയിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം.ഹസനും രാഹുലിനെ അറിയിച്ചു. തുടർന്നു കുഞ്ഞാലിക്കുട്ടിയും ജോസ് കെ.മാണിയും കോൺഗ്രസ് നേതാക്കളും ഒന്നിച്ചിരുന്നു രാഹുലുമായി ചർച്ച നടത്തി. പിന്നീട് തീരുമാനം പ്രഖ്യാപിച്ചു. കേരളത്തിലെ കോൺഗ്രസിനുള്ളിൽ കൂടിയാലോചനയോ ചർച്ചയോ നടന്നുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP