Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആ 'ക്വട്ടേഷൻ' മുഖ്യമന്ത്രി സ്വയം ഏറ്റെടുത്തു; മദ്യനയത്തിൽ സർക്കാറിനെതിരെ സമരത്തിനിറങ്ങിയ കെസിബിസിയെ അനുനയിപ്പിക്കാൻ ഉമ്മൻ ചാണ്ടി താമരശ്ശേരി ബിഷപ്പിനെ കണ്ടു; മദ്യനയത്തിൽ വെള്ളം ചേർത്തിട്ടില്ലെന്ന് മുഖ്യമന്ത്രി

ആ 'ക്വട്ടേഷൻ' മുഖ്യമന്ത്രി സ്വയം ഏറ്റെടുത്തു; മദ്യനയത്തിൽ സർക്കാറിനെതിരെ സമരത്തിനിറങ്ങിയ കെസിബിസിയെ അനുനയിപ്പിക്കാൻ ഉമ്മൻ ചാണ്ടി താമരശ്ശേരി ബിഷപ്പിനെ കണ്ടു; മദ്യനയത്തിൽ വെള്ളം ചേർത്തിട്ടില്ലെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: ഒടുവിൽ കെ സി ജോസഫിനും മന്ത്രി കെ ബാബുവിനും നൽകിയ 'ക്വട്ടേഷൻ' തിരിച്ചെടുത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ ആ ദൗത്യം ഏറ്റെടുത്തു. സർക്കാറിന്റെ മദ്യനയത്തിനെതിരെ കെസിബിസി പ്രത്യക്ഷത്തിൽ സമരത്തിനിറങ്ങുകയും കെ സി ജോസഫിനെയും ബാബുവിനെയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഉമ്മൻ ചാണ്ടി താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചാനാനിയിലുമായി കൂടിക്കാഴ്‌ച്ച നടത്തി. ഇന്ന് രാവിലെ ബിഷപ്പ് ഹൗസിലെത്തിയാണ് മുഖ്യമന്ത്രി കൂടിക്കാഴ്‌ച്ച നടത്തിയത്. മദ്യനയത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനം ഉയർത്തി കെസിബിസിയുടെ മദ്യനിരോധന സമിതി രംഗത്തെത്തിയ സാഹചര്യത്തിൽ അനുനയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ച്ച.

അടിസ്ഥാന മദ്യനയത്തിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൂടിക്കാഴ്‌ച്ചക്ക് ശേഷം പ്രതികരിച്ചു. വർഷം തോറും 10 ശതമാനം വീതം ബിവറേജസ് ഔട്ട്‌ലറ്റുകൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തിലും മാറ്റമുണ്ടാവില്ല. വീര്യം കൂടിയ മദ്യം 10 വർഷം കൊണ്ട് നിർത്തലാക്കും. ബിഷപ്പുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യത്തിന് കൂടിക്കാഴ്ചയിൽ തൃപ്തനാണ്, വിവരങ്ങൾ ബിഷപ്പിനെ ധരിപ്പിച്ചു, വിശദാംശങ്ങൾ പുറത്തുപറയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മദ്യനയത്തിൽ മാറ്റം വരുത്താനിടയാക്കിയ സാഹചര്യവും അദ്ദേഹം ബിഷപ്പിനെ ധരിപ്പിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ചെയർമാനാണ് തമാരശേരി ബിഷപ്പ്. ഇന്നലെ കെസിബിസിയുടെ മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ സർക്കാറിന്റെ മദ്യനയത്തിനെതിരെ കോഴിക്കോട് വായ് മൂടിക്കെട്ടി നിൽപ്പു സമരം സംഘടിപ്പിച്ചിരുന്നു. സമരത്തിൽ കെ സി ജോസഫിനും ബാബുവിനുമെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്.

തെരഞ്ഞെടുപ്പ് സമയത്ത് അരമനയുടെ തിണ്ണ നിരങ്ങുന്നവർ സഭയെ അവഹേളിക്കുകയാണ്. കെസി ജോസഫിന്റെ പരാമർശങ്ങൾ സഭയോടുള്ള അവഹേളനമാണ്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന കെസി ജോസഫല് ഇരിക്കൂറിലെ കൂടി കൊമ്പ് മുറിക്കുകയാണ്. എക്‌സൈസ് മന്ത്രി കെ ബാബു മദ്യപാനിയെപോലെയാണ് പെരുമാറുന്നതെന്ന് കെസിബിസി കുറ്റപ്പെടുത്തി. കെസിബിസിക്കെതിരെ പ്രതിഷേധിക്കാൻ മുഖ്യമന്ത്രി കെ സി ജോസഫിനും കെ ബാബുവിനും ക്വട്ടേഷൻ കൊടുത്തിരിക്കുകയാണ്. വിനാശകാലെ വിപരീത ബുദ്ധി എന്നും കെസിബിസി വിമർശിച്ചിരുന്നു.

എന്നാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ പ്രസ്താവന കുരുടൻ ആനയെ കണ്ടതു പോലെയാണെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് തിരിച്ചടിച്ചു. ചില സ്ഥാപിത താൽപര്യക്കാരുടെ ചട്ടുകമായി കെസിബിസി മാറുന്നുവെന്നും ഡീൻ കുര്യാക്കോസ് ആരോപിച്ചത്. അതേസമയം തനിക്കെതിരായ കെസിബിസിയുടെ ആക്ഷേപങ്ങളെ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്നായിരുന്നു ബാബുവിന്റെ പ്രതികരണം.

കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പോലും മദ്യനയത്തിൽ ഇപ്പോൾ മൗനത്തിലാണ്. ഇതിനിടെയാണ് കെസിബിസി സർക്കാറിനെതിരെ കർശന നിലപാടുമായി രംഗത്തെത്തിയത്. ഈ സാഹചര്യത്തിൽ മദ്യനിരോധന സമിതിയെ അനുനയിപ്പിക്കാനാണ് മുഖ്യമന്ത്രി നേരിട്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP