Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചാണ്ടിയും സുധീരനും ഇനി ഭായി ഭായി; അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ചുള്ള സംശയം നീക്കി കെപിസിസി അധ്യക്ഷൻ; പാർട്ടിയെ സുധീരൻ നയിക്കട്ടേ എന്ന നിലപാടിലേക്ക് ഉമ്മൻ ചാണ്ടിയും; പുനഃസംഘടനയിൽ പ്രസിഡന്റിനെ എ ഗ്രൂപ്പ് അനുസരിക്കും; ചെന്നിത്തലയുടെ അധികാര മോഹത്തെ തകർക്കാൻ പുതു കൂട്ടായ്മ

ചാണ്ടിയും സുധീരനും ഇനി ഭായി ഭായി; അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ചുള്ള സംശയം നീക്കി കെപിസിസി അധ്യക്ഷൻ; പാർട്ടിയെ സുധീരൻ നയിക്കട്ടേ എന്ന നിലപാടിലേക്ക് ഉമ്മൻ ചാണ്ടിയും; പുനഃസംഘടനയിൽ പ്രസിഡന്റിനെ എ ഗ്രൂപ്പ് അനുസരിക്കും; ചെന്നിത്തലയുടെ അധികാര മോഹത്തെ തകർക്കാൻ പുതു കൂട്ടായ്മ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുറച്ചു ദിവസം മുമ്പ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണോ നയിക്കുകയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് ചോദിച്ചപ്പോൾ അതൊന്നും തീരുമാനിക്കാറായില്ലെന്നായിരുന്നു മറുപടി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഇതേ ചോദ്യം കെപിസിസി അധ്യക്ഷൻ വി എം സുധീരനോട് ആയി. അദ്ദേഹമാകട്ടെ ഒരു സംശയവും കൂടാതെ മറുപടി നൽകി. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ നയിക്കുമെന്നു സുധീരൻ അർത്ഥ ശങ്കയില്ലാതെ പറഞ്ഞു. ഇക്കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും സുധീരന്റെ നിലപാട്. ഉമ്മൻ ചാണ്ടിയുടെ ഭരണം കോൺഗ്രസിനു മുതൽക്കൂട്ടാണെന്നും സുധീരൻ പറയുന്നു. കോൺഗ്രസിനുള്ളിൽ പുതിയ ചേരി രൂപപ്പെടുന്നതിന്റെ സൂചനയാണ് ഇത്.

പത്തേക്കർ വരെയുള്ള നെൽവയൽ സ്വകാര്യ ആവശ്യത്തിന് നികത്താൻ അനുമതി നൽകുന്ന നെൽവയൽ, നീർത്തട സംരക്ഷണ നിയമ ഭേദഗതി ബിൽ തത്ക്കാലം കൊണ്ടുവരേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചതും കെപിസിസിയുടെ നിർദ്ദേശ പ്രകാരമാണ്. മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരേണ്ടിയിരുന്ന ബിൽ പിൻവലിക്കുകയാണെന്ന് റവന്യൂമന്ത്രി അടൂർ പ്രകാശ് അറിയിച്ചു. ബിൽ യു.ഡി.എഫിന്റെ പരിഗണനയ്ക്ക് വിടാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. യു.ഡി.എഫിൽ അഭിപ്രായ ഐക്യം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ബിൽ പിൻവലിക്കുന്നത്. സ്വകാര്യ ആവശ്യത്തിനായി പത്തേക്കർ വരെയുള്ള നെൽവയൽ നികത്തുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള ഭേദഗതി ബിൽ വലിയ വിമർശമാണ് വരുത്തിവച്ചത്. പാർട്ടിതലത്തിൽ ഗൗരവമായി ചർച്ച ചെയ്യാതെ നെൽവയൽ സംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് കെപിസിസി. പ്രസിഡന്റ് വി എം. സുധീരൻ തന്നെ ഇതിനെതിരെ രംഗത്തുവന്നു. ആദ്യ ഘട്ടത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും റവന്യു വകുപ്പിന് ഒപ്പമായിരുന്നു. എന്നാൽ ഗ്രൂപ്പ് സമവാക്യങ്ങളിൽ മാറ്റം വന്നതോടെ ഉമ്മൻ ചാണ്ടി നിലപാട് മാറ്റി.

കെപിസിസിയെ നിഷേധിച്ച് ബില്ലുമായി മുന്നോട്ട് പോകേണ്ടെന്ന് റവന്യൂമന്ത്രിയെ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ഇത് പിൻവലിക്കാൻ ഐ ഗ്രൂപ്പിലെ പ്രമുഖൻ കൂടിയായ റവന്യൂമന്ത്രി അടൂർ പ്രകാശ് നിർബന്ധിതനായത്. സംസ്ഥാനത്ത് സ്വകാര്യമേഖലയിൽ മെഗാ പ്രോജക്ടുകൾ നടപ്പിൽ വരുത്തുന്നതിന് 2008 ലെ നെൽവയൽ തണ്ണീർത്തട നിയമത്തിലെ ചില വകുപ്പുകൾ തടസ്സമായി വർത്തിക്കുന്നുണ്ടെന്നും ഇപ്രകാരം ഗണ്യമായ മൂലധനനിക്ഷേപത്തിനും തൊഴിലിന്റെ അവസരവും സംസ്ഥാനത്തിന് നഷ്ടപ്പെടുന്നുവെന്നും കുതിച്ചുയരുന്ന തൊഴിലില്ലായ്മയും വരുമാന ഇടിവും കാരണം സംസ്ഥാനത്തിന് ഇക്കാര്യത്തിൽ സന്ധി ചെയ്യാനാകില്ലെന്നും വിശദീകരിച്ചാണ് സർക്കാർ നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്. ഇതിനെയാണ് സുധീരൻ വിമർശിച്ചത്. ഭൂ മാഫിയയെ സഹായിക്കുന്നതാണ് നിയമമെന്നും വാദിച്ചു. ഇതൊക്കെ ആദ്യ ഘട്ടത്തിൽ ശക്തമായി എതിർത്തത് എ ഗ്രൂപ്പായിരുന്നു. എന്നാൽ രമേശ് ചെന്നിത്തലയേയും ഐ ഗ്രൂപ്പിനേയും വെട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമായി സുധീരന് വേണ്ടി നെൽവയൽ, നീർത്തട സംരക്ഷണ നിയമ ഭേദഗതി പോലും ഉമ്മൻ ചാണ്ടി വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

സുധീരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാൻ എ-ഐ ഗ്രൂപ്പുകൾ യോജിച്ച് ശ്രമിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തിന് രമേശ് ചെന്നിതല കണ്ണുവയ്ക്കുന്ന സാഹചര്യത്തിൽ പുതിയ ചേരിയുണ്ടാകണമെന്ന അഭിപ്രായത്തിൽ മുഖ്യമന്ത്രി വഴിമാറി. കോൺഗ്രസ് പുനഃസംഘടനയിൽ എ-ഐ ഗ്രൂപ്പുകൾ ഏകപക്ഷീയമായി വീതം വയ്ക്കുന്നത് ദോഷമാകുമെന്നും മുഖ്യമന്ത്രി വിലയിരുത്തുന്നു. അങ്ങനെ തുല്യ ശക്തികളായി മാറിയാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പോലും ഐ ഗ്രൂപ്പിന് സ്വാധീനം ചെലുത്താനാകും. ഡിസിസികളുടെ പട്ടികയിൽ രമേശ് ചെന്നിത്തലയുടെ വിശ്വസ്തരെത്തും. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിലപേശൽ നടത്താൻ ഈ അംഗ ബലം ചെന്നിത്തല ഉപയോഗിക്കുമെന്നാണ് സൂചന.

അതുകൊണ്ട് തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടിയെ വീണ്ടും അവതരിപ്പിക്കാൻ മടിക്കുന്ന ചെന്നിത്തലയ്ക്ക് പകരം സുധീരൻ തന്നെയാണ് നല്ലതെന്ന നിഗമനത്തിൽ എ ഗ്രൂപ്പ് എത്തുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസിന് പുനഃസംഘടനാക്കാലമാണ്. ഡിസിസികളുടെ ഭാരവാഹികളെ  നിശ്ചയിക്കുന്നതിലുൾപ്പെടെ സുധീരന്റെ അഭിപ്രായത്തിനും എ ഗ്രൂപ്പ് മതിയായ പ്രാധാന്യം നൽകും. ഇതു കൂടി പരിഗണിച്ചാകും പുനഃസംഘടനയിൽ എ ഗ്രൂപ്പ് സമ്മതം അറിയിക്കുക. ഇതിനൊപ്പം കെപിസിസി അധ്യക്ഷനായി സുധീരനെ തന്നെ ഉയർത്തിക്കാട്ടുകയും ചെയ്യും. കോൺഗ്രസ് ഹൈക്കമാണ്ടിന് സുധീരനോടാണ് താൽപ്പര്യമെന്ന വാദമാകും ഉയർത്തുക. ഗ്രൂപ്പ് അതീത കോൺഗ്രസ് രാഷ്ട്രീയമെന്ന സുധീരന്റെ മുദ്രാവാക്യം സംഘടനയ്ക്ക് ഗുണകരമാണെന്ന പരോക്ഷ നിലപാടിലേക്ക് ഉമ്മൻ ചാണ്ടി പക്ഷം എത്തും. കെപിസിസി പ്രസിഡന്റിനെ പരസ്യമായി വിമർശിക്കുന്നതിൽ നിന്നും എ നേതാക്കൾ വിട്ടു നിൽക്കും.

ഇതിനെല്ലാം ഉമ്മൻ ചാണ്ടിയെ പ്രേരിപ്പിക്കുന്നത് സംഘടനയും ഭരണവും തന്റെ കൈപ്പിടിയിൽ ഒതുക്കാനുള്ള തന്ത്രമാണ്. ഭരണ തുടർച്ച ഉറപ്പാണെന്ന നിഗമനത്തിലാണ് ഈ നീക്കം. സുധീരൻ  ശക്തനായി തുടർന്നാൽ ഐ ഗ്രൂപ്പിന്റെ ഇടപെടലുകൾ നടക്കില്ല. ഐ ഗ്രൂപ്പുമായി ചേർന്നാൽ മുഖ്യമന്ത്രിയായി താൻ തുടരുന്നതിനാൽ കെപിസിസി അധ്യക്ഷ സ്ഥാനം അവർക്ക് നൽകേണ്ടി വരും. കെ മുരളീധരൻ, കെ സുധാകരൻ തുടങ്ങിയവരെല്ലാം അങ്ങനെ കെപിസിസി അധ്യക്ഷനാകാൻ തയ്യാറായി മുന്നിലുണ്ട്. ഇവരിൽ ഒരാൾ കെപിസിസി അധ്യക്ഷനായാലും ആഭ്യന്തര മന്ത്രി പദം ചെന്നിത്തലയ്ക്ക് കൈയാളുകയും ചെയ്യാം. ഫലത്തിൽ വലിയ അധികാര കേന്ദ്രമായി ഐ വിഭാഗം മാറും. മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടുള്ള ചെന്നിത്തലയുടെ  നീക്കങ്ങൾ സജീവമാവുകയും ചെയ്യും. എ ഗ്രൂപ്പിന്റെ തളർച്ചയ്ക്ക് മാത്രമേ ഇത് ഉപകരിക്കൂ. മറിച്ച് സുധീരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടർന്നാൽ കെപിസിസിയിൽ ഐ ഗ്രൂപ്പിന് വലിയ മെച്ചം കിട്ടുകയുമില്ല. ഹൈക്കമാണ്ടും എ കെ ആന്റണിയും പറയുന്നത് അനുസരിക്കുന്ന സുധീരനെ മെരുക്കുകയും എളുപ്പമാകും.

ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും വെടിനിർത്തലിന് തയ്യാറാകുന്നത്. പുനഃസംഘടനയിലും മറ്റും എ ഗ്രൂപ്പിന്റെ അവകാശ വാദങ്ങൾ സുധീരൻ അംഗീകരിക്കും. എന്നാൽ തനിക്കൊപ്പമുള്ളവരെ വെട്ടിനിരത്താനുള്ള ഐ ഗ്രൂപ്പിന്റെ നീക്കത്തിനെതിരെ ഉമ്മൻ ചാണ്ടിയും അണിനിരക്കണമെന്നാണ് സുധീരന്റെ ആവശ്യം. ഇതും എ ഗ്രൂപ്പ് അംഗീകരിച്ചിട്ടുണ്ട്. ഭരണപരമായ വിഷയങ്ങളിൽ സുധീരൻ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾക്കും മതിയായ പരിഗണന നൽകും. മുഖ്യമന്ത്രിയെ വിമർശിക്കുന്നത് ഒഴിവാക്കി ആവശ്യങ്ങളെല്ലാം നേരിട്ട സുധീരൻ അറിയിക്കും. കെപിസിസിയും മുഖ്യമന്ത്രിയും ഒരുമിച്ച് നിന്നാൽ ഭരണതുടർച്ച ഉറപ്പാണെന്നാണ് ഇരുവരുടേയും വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പോലും സുധീരൻ മുന്നോട്ട് വച്ച മാർഗ്ഗ നിർദ്ദേശം ഗുണകരമായെന്നാണ് മുഖ്യമന്ത്രിയുടേയും വിലയിരുത്തൽ. ഐ ഗ്രൂപ്പിന്റെ അപ്രമാദിത്യം ഇതിലൂടെ അവസാനിച്ചെന്നാണ് നിരീക്ഷണം. ഈ സാഹചര്യത്തിലാണ് സുധീരൻ തന്നെ കെപിസിസി പ്രസിഡന്റായി തുടരാൻ എ ഗ്രൂപ്പ് സമ്മതം മൂളുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലും ഗ്രൂപ്പിന് അതീതമായ ഇത്തരത്തിലൊരു ഫോർമുല കെപിസിസി മുന്നോട്ട് വയ്ക്കും. ജയസാധ്യതാ മാനദണ്ഡവാദത്തിൽ ഐ ഗ്രൂപ്പിലെ സ്ഥാനാർത്ഥി മോഹങ്ങളെ നുള്ളിക്കളയാമെന്നാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തൽ.

മഹാനവമി പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (വ്യാഴം) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP