Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിലപാടു കടുപ്പിച്ച് ജെഡിയു; യുഡിഎഫ് യോഗം ബഹിഷ്‌കരിക്കാൻ ആലോചന; അനുനയിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ശ്രമം; വീരേന്ദ്രകുമാറുമായി നാളെ കൂടിക്കാഴ്ച

നിലപാടു കടുപ്പിച്ച് ജെഡിയു; യുഡിഎഫ് യോഗം ബഹിഷ്‌കരിക്കാൻ ആലോചന; അനുനയിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ശ്രമം; വീരേന്ദ്രകുമാറുമായി നാളെ കൂടിക്കാഴ്ച

കോഴിക്കോട്: യുഡിഎഫ് വിട്ട് ഇടതുമുന്നണിയിലേക്കു ചേക്കേറാൻ ഒരുങ്ങുന്ന ജെഡിയുവിനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ നേരിട്ട് ഇറങ്ങുന്നു. ജെഡിയു നേതാവ് എം പി വീരേന്ദ്രകുമാറുമായി നാളെ കോഴിക്കോട്ടുവച്ച് മുഖ്യമന്ത്രി ചർച്ച നടത്തും.

യുഡിഎഫ് വിട്ടുപോകാൻ ജെഡിയു ഒരുങ്ങുന്നതായി മുമ്പുതന്നെ വാർത്തകൾ വന്നിരുന്നു. പാർട്ടി യോഗങ്ങളിലും യുഡിഎഫിനെതിരായ നിലപാടുകൾ തന്നെയാണ് ജെഡിയു എടുക്കുന്നതെന്നാണ് സൂചന. യുഡിഎഫ് യോഗത്തിൽ നിന്നും വിട്ടു നിൽക്കാനും പാർട്ടിക്കുള്ളിൽ ആലോചന നടക്കുന്നുണ്ട്.

ഏറെ നാളായി യുഡിഎഫുമായി മാനസിക അകൽച്ചയിലാണ് ജെഡിയു. പാലക്കാട്ട് ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ തോൽവി സംബന്ധിച്ചു നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതും ജെഡിയുവിനെ ചൊടിപ്പിച്ചിട്ടുണ്ട്.

പാലക്കാട് ഡിസിസി പ്രസിഡന്റടക്കം ജില്ലയിലെ മൂന്നു കോൺഗ്രസ് നേതാക്കൾക്കു എം പി വീരേന്ദ്രകുമാറിന്റെ പരാജയത്തിൽ പങ്കുള്ളതായി യുഡിഎഫ് നിയോഗിച്ച ഉപസമിതി കണ്ടെത്തിയിരുന്നു. എന്നാൽ അന്തിമ റിപ്പോർട്ടിൽ നിന്നും ഡിസിസി പ്രസിഡന്റിനെ ഒഴിവാക്കാൻ ആലോചന നടക്കുന്നതായി ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണു ജെഡിയു നിലപാടു കടുപ്പിക്കുന്നത്.

ലോക്‌സഭയിലെ തോൽവിക്കു കാരണമായ പാലക്കാട് ഡി.സി.സി പ്രസിഡന്റ് സി.വി.ബാലചന്ദ്രൻ, സി.ചന്ദ്രൻ, പി.ബാലഗോപാൽ എന്നിവർക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഇടതു മുന്നണിയിലേക്ക് ചേക്കേറാനൊരുങ്ങുന്ന എം പി വീരേന്ദ്രകുമാറിനെ അനുനയിപ്പിച്ച് ഒപ്പം നിർത്താനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിക്കു ശുപാർശ ചെയ്തതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. എന്നാൽ, ഇക്കാര്യത്തിൽ നടപടികൾ വൈകുന്നത് ജെഡിയുവിനെ ചൊടിപ്പിച്ചിരിക്കുകയാണ്.

യു.ഡി.എഫിൽ തൃപ്തരല്ലെന്ന് തന്നെയാണ് ജെ.ഡി.യു നേതൃയോഗത്തിന് ശേഷം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നത്. യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയിൽ പോകുന്നതിൽ അവർക്ക് തടസ്സമൊന്നുമില്ലെന്നും കേന്ദ്രത്തിന് സൂചന നൽകിയിട്ടുണ്ട്. മാത്രമല്ല, ദേശീയതലത്തിൽപോലും ജനതാദളിന്റെ സ്വാഭാവിക മിത്രം ഇടതുപാർട്ടികളാണ്. ആ സാഹചര്യത്തിൽ പാർട്ടിരൂപീകരണ പ്രക്രിയ പൂർത്തിയായലുടൻ തന്നെ മുന്നണിമാറ്റ പ്രഖ്യാപനം ദേശീയതലത്തിൽ ഉണ്ടാകും. ഇതോടൊപ്പം ദേശീയസംസ്ഥാന തലങ്ങളിൽ സിപിഐ(എം) നേതൃത്വത്തിലുണ്ടായിട്ടുള്ള മാറ്റവും ജെ.ഡി.യുവിന് ആശ്വാസം പകരുന്നുണ്ട്. യെച്ചൂരി നേതൃത്വത്തിൽ വന്നതുകൊണ്ടുതന്നെ സിപിഎമ്മുമായി ഇനി സഹകരിക്കുന്നതിൽ വലിയ പ്രശ്‌നമുണ്ടാവില്ലെന്നാണ് ദേശീയതലത്തിലുള്ള നിലപാട്.

ഈ സാഹചര്യങ്ങളെല്ലാം നിലനിൽക്കെയാണ് ജനതാദളിനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രിതന്നെ നേരിട്ട് ഇറങ്ങുന്നത്. തന്ത്രങ്ങളുടെ ആശാനായ ഉമ്മൻ ചാണ്ടി നാളെ കോഴിക്കോടുവച്ചാണ് എം പി വീരേന്ദ്രകുമാറുമായി കൂടിക്കാഴ്ച നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP