Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അരുവിക്കരയിൽ സ്ഥാനാർത്ഥിയെ നിറുത്തിയത് കൂറുമാറ്റം; ജോർജിനെ അയോഗ്യനാക്കി പുറത്താക്കും; 1989ൽ പിള്ളയെ കുടുക്കിയ തന്ത്രം പുറത്തെടുത്ത് ജോസഫ് ഗ്രൂപ്പ്; കോൺഗ്രസിന്റെ പിന്തുണയുള്ളതിനാൽ മുൻ ചീഫ്‌വിപ്പിനെ സ്പീക്കർ അയോഗ്യനാക്കാൻ സാധ്യത

അരുവിക്കരയിൽ സ്ഥാനാർത്ഥിയെ നിറുത്തിയത് കൂറുമാറ്റം; ജോർജിനെ അയോഗ്യനാക്കി പുറത്താക്കും; 1989ൽ പിള്ളയെ കുടുക്കിയ തന്ത്രം പുറത്തെടുത്ത് ജോസഫ് ഗ്രൂപ്പ്; കോൺഗ്രസിന്റെ  പിന്തുണയുള്ളതിനാൽ മുൻ ചീഫ്‌വിപ്പിനെ സ്പീക്കർ അയോഗ്യനാക്കാൻ സാധ്യത

തിരുവനന്തപുരം: പിസി ജോർജിനെ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ പുതിയ തന്ത്രവുമായി കേരളാ കോൺഗ്രസ്. എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് തീരുമാനം. അരുവിക്കരയിൽ യുഡിഎഫ് മുന്നണിക്ക് എതിരെ സ്ഥാനാർത്ഥിയെ നിർത്തിയ ജോർജിനെ അയോഗ്യനാക്കാൻ 1989ലെ കീഴ് വഴക്കമാണ് ഉപയോഗിക്കുന്നത്. അന്ന് ആർ ബാലകൃഷ്ണപിള്ളയെ പുറത്താക്കാൻ കേരളാ കോൺഗ്രസിലെ പിജെ ജോസഫ് ഉപയോഗിച്ച തന്ത്രം പുനരവതരിപ്പിക്കാനാണ് നീക്കം. എന്നാൽ നിയമസഭയിൽ പാർട്ടി തീരുമാനം അംഗീകരിച്ചാൽ തന്നെ ആർക്കും അയോഗ്യനാക്കാൻ കഴിയില്ലെന്ന് പിസി ജോർജ്ജും വ്യക്തമാക്കി.

അഴിമതി വിരുദ്ധ മുന്നണിയുടെ പ്രവർത്തകനാണ് താൻ. കെഎം മാണിയുടെ അനുമതിയോടെയാണ് അതിൽ ചേർന്നത്. 1989ലെ കൂറൂമാറ്റ നിരോധന നിയമമല്ല ഇപ്പോഴള്ളത്. എല്ലാം മനസ്സിലാക്കി തന്നെയാണ് ഞാൻ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ തനിക്കെതിരെ ഒന്നും ചെയ്യാൻ കഴിയില്ല. ഇനി സ്പീക്കറുടെ പിന്തുണയോടെ എന്തെങ്കിലും ചെയ്താൽ നിയമപോരാട്ടത്തിലൂടെ നീതി നേടും. വിവരമുള്ള അഭിഭാഷകരില്ലാത്തതാണ് ഇത്തരം ആലോചനകൾക്ക് കാരണം. തന്നെ ഒരു മണ്ണും ചുണ്ണാമ്പും ചെയ്യാൻ കഴിയില്ലെന്നും പിസി ജോർജ്ജ് വ്യക്തമാക്കി. എന്നാൽ ജോർജിനെ അയോഗ്യനാക്കുമെന്ന് തന്നെയാണ് മാണിയുടെ നിലപാട്. ഇതിന് വ്യക്തമായ കാരണങ്ങളുണ്ടെന്നും വിശദീകരിക്കുന്നു. അത്തരമൊരു നിയമസാഹചര്യത്തെ മറികടക്കാൻ എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതും ജോർജ് പരിഗണിക്കുന്നുണ്ടെന്ന് സൂചനയുണ്ട്.

ഇതിനെല്ലാം ഉയർത്തിക്കാട്ടുന്നത 1989ലെ അയോഗ്യനാക്കൽ വിഷയമാണ്. അന്ന് പിജെ ജോസഫിന്റെ കേരളാ കോൺഗ്രസിനൊപ്പമായിരുന്നു ആർ ബാലകൃഷ്ണപിള്ള. എന്നാൽ അന്നത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം പാർട്ടി തീരുമാനത്തിനെതിരെ ബാലകൃഷ്ണപിള്ള നിന്നു. ജോസഫിനെ ധിക്കരിച്ച് മൂവാറ്റുപുഴയിൽ കെ എം മാണിയുടെ സ്ഥാനാർത്ഥി പിസി തോമസിനെ പിന്തുണച്ചു. ഇതിന് പുറമേ കൊടിക്കുന്നിൽ സുരേഷിനൊപ്പം നാമനിർദ്ദേശ പത്രിക സമർപ്പിക്കാനും പിള്ള പോയി. ഇതു രണ്ടും ചൂണ്ടിക്കാട്ടി സ്പീക്കർക്ക് പിജെ ജോസഫിന്റെ പാർട്ടി പരാതി നൽകി. ഇത് പരിഗണിച്ച് സ്പീക്കർ വർക്കല രാധാകൃഷ്ണൻ പിള്ളയെ അയോഗ്യനുമാക്കി. ഇതേ സാഹചര്യം ഇപ്പോഴുമുണ്ടെന്നാണ് കേരളാ കോൺഗ്രസിന്റെ വാദം. പിള്ളയെ പുറത്താക്കാൻ കരുക്കൾ നീക്കിയ ജോസഫ് തന്നെയാണ് മാണിക്കായി ജോർജ്ജിനെതിരേയും മുന്നിലുള്ളത് എന്നതും യാദൃശ്ചികമാണ്.

1989ലെ കൂറൂമാറ്റ നിരോധനത്തിൽ ഇതിന് പ്രത്യക്ഷത്തിൽ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ ഇന്ന് നിയമസഭാ അംഗത്വത്തിന്റെ അയോഗ്യതയ്ക്ക് രണ്ട് കാരണങ്ങളാണുള്ളത്. പാർട്ടി അംഗത്വം എംഎൽഎ സ്വയം രാജിവച്ചാൽ അയോഗ്യനാക്കപ്പെടും. രണ്ട് നിയമസഭയിൽ എതിർത്ത് വോട്ട് ചെയ്യണം. അതായത് പ്രത്യക്ഷത്തിൽ ജോർജിനെ പുറത്താക്കാൻ വ്യവസ്ഥയില്ല. എന്നാൽ പാർട്ടി അംഗത്വം സ്വയം രാജിവയ്ക്കുക എന്ന ചട്ടം ജോർജിൽ പ്രയോഗിക്കാനാണ് നീക്കം. അതായത് പാർട്ടി വിരുദ്ധ പ്രസ്താവനകൾ അതിനൊപ്പം അരുവിക്കരയിൽ സ്വന്തം സ്ഥാനാർത്ഥി നിറുത്തി പാർട്ടിയെ വെല്ലുവിളിച്ചു. ഇതിനെ സ്വയം പാർട്ടിയിൽ നിന്നുള്ള പുറത്തുപോകലായി വ്യാഖ്യാനിക്കാനാണ് നീക്കം. ഇത് പുതിയ നിയമപ്രശ്‌നങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.

ഏതായാലും നാളെ ചേരുന്ന കേരളാ കോൺഗ്രസ് സ്റ്റിയറിങ് കമ്മറ്റി ജോർജിനെതിരെ സ്പീക്കർക്ക് പരാതി നൽകും. കോൺഗ്രിസന്റെ പിന്തുണയും ഈ നീക്കത്തിനുള്ളതിനാൽ കീഴ് വഴക്കം ചൂണ്ടിക്കാട്ടി ജോർജിനെ അയോഗ്യനാക്കാനാണ് നീക്കം. അതോടെ ആറു വർഷത്തേക്ക് ജോർജിന് തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ കഴിയാതെ വരും. നിയമപോരാട്ടത്തിലൂടെ അനുകൂലവിധി നേടിയെടുക്കാൻ കാലതാമസം വേണ്ടി വരുമെന്നാണ് സൂചന. ഇതിനെ മറികടക്കാനാണ് എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നത് ജോർജ് പരിഗണിക്കുന്നത്. അരുവിക്കര തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ജോർജ് രാജിവച്ചേക്കും. അതിന് മുമ്പ് കൂറുമാറ്റ നിരോധന നിയമപ്രകാരം പരാതി നൽകാനാണ് മാണി ഗ്രൂപ്പിന്റെ നീക്കം.

അതിനിടെ താൻ സ്പീക്കർക്ക് നൽകിയ കത്തിൽ മറുപടി ലഭിച്ചില്ലെന്ന് ജോർജ് പ്രതികരിച്ചു. ഒരു കരാറിന്റെ ഭാഗമായാണ് താനും ജോസഫും മാണിയും ഒന്നിക്കുന്നത്. ഇതിന്റെ ഭാഗമായി തനിക്ക് പാർട്ടി വൈസ് ചെയർമാൻ സ്ഥാനം ലഭിച്ചു. അതുകൊണ്ട് തന്നെ ഏകപക്ഷീയമായി തന്നെ പുറത്താക്കാൻ മാണിക്ക് കഴിയില്ല. അതുകൊണ്ട് നിയമസഭയിൽ സ്വതന്ത്ര നിലപാട് എടുക്കാൻ അനുവദിക്കണമെന്നായിരുന്നു സ്പീക്കർക്ക് നൽകിയ അപേക്ഷ. എന്നാൽ ഇതിൽ സ്പീക്കർ തീരുമാനം അറിയിച്ചിട്ടില്ലെന്നും പ്രതികരിച്ചു. പാവയായ സ്പീക്കറെ ഉപയോഗിച്ച് തന്നെ അയോഗ്യനാക്കാൻ ശ്രമിച്ചാൽ നിയമപരമായി തിരിച്ചടി നൽകും. അരുവിക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജിവച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുമെന്നും ജോർജ് പ്രതികരിച്ചിട്ടുണ്ട്.

അതായത് എംഎൽഎ സ്ഥാനം ഉടൻ രാജിവയ്ക്കുമെന്ന സൂചനയാണ് ജോർജ് നൽകുന്നത്. കൂറൂമാറ്റ നിരോധന നിയമത്തെ ജോർജ് ഭയക്കുന്നതു കൊണ്ടാണിതെന്നാണ് മാണി ഗ്രൂപ്പിന്റെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP