Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പി സി ജോർജ് എംഎൽഎ സ്ഥാനം രാജിവച്ചു; രാജിക്കത്ത് മറ്റന്നാൾ സ്പീക്കർക്കു കൈമാറും; മാണി തന്നെ മാതൃകയാക്കണം; അഴിമതിക്കു കൂട്ടുനിന്ന മുഖ്യമന്ത്രി ഒഴിയണമെന്ന്‌ മുൻ ചീഫ് വിപ്പ്

പി സി ജോർജ് എംഎൽഎ സ്ഥാനം രാജിവച്ചു; രാജിക്കത്ത് മറ്റന്നാൾ സ്പീക്കർക്കു കൈമാറും; മാണി തന്നെ മാതൃകയാക്കണം; അഴിമതിക്കു കൂട്ടുനിന്ന മുഖ്യമന്ത്രി ഒഴിയണമെന്ന്‌ മുൻ ചീഫ് വിപ്പ്

കോട്ടയം: മുൻ ചീഫ് വിപ്പ് പി സി ജോർജ് എംഎൽഎ സ്ഥാനം രാജിവച്ചു. രാജിക്കത്ത് 12ന് സ്പീക്കർ എൻ ശക്തനു നൽകുമെന്നും പി സി ജോർജ് കോട്ടയത്തു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ധനമന്ത്രി കെ എം മാണി തന്നെ മാതൃകയാക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. ബാർകോഴക്കേസിൽ കോടതിവിധി പുറത്തുവന്ന പശ്ചാത്തലത്തിൽ വിവിധ കോണുകളിൽ നിന്നു കെ എം മാണിയുടെ രാജി ആവശ്യം ഉയരുന്ന വേളയിലാണു പി സി ജോർജ് സ്ഥാനം രാജിവച്ചത്.

കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള പരാതിയിൽ സ്പീക്കറുടെ ഭാഗത്തുനിന്നു നിഷ്പക്ഷ നിലപാടു വന്നില്ലെങ്കിൽ ഉടൻ രാജിവയ്ക്കുമെന്നു പി സി ജോർജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജി പ്രഖ്യാപനവുമായി പി സി ജോർജ് മാദ്ധ്യമങ്ങളെ കണ്ടത്. മാണിക്കു പുറമെ ബാർകോഴയ്ക്കും അഴിമതികൾക്കും കൂട്ടുനിന്ന ഉമ്മൻ ചാണ്ടിയും രാജിവയ്ക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. അഴിമതിക്കെതിരായ പോരാട്ടം തന്റെ ധർമമാണ്. പണമുണ്ടാക്കുകയാണു മാണിയുടെ ധർമം. തന്റെ രാജി യഥാസമയം തന്നെയെന്നും പി സി ജോർജ് പറഞ്ഞു.

ജനപ്രാതിനിധ്യ നിയമത്തോടുള്ള അവഹേളനമാണ് സ്പീക്കർ കാണിക്കുന്നതെന്നും പി.സി. ജോർജ് ആരോപിച്ചിരുന്നു. കേരള കോൺഗ്രസ് സെക്യുലർ പാർട്ടിയുടെ നേതൃസ്ഥാനം ജോർജ് ഏറ്റെടുക്കണമെന്നു സെക്രട്ടേറിയറ്റ് യോഗത്തിൽ നേരത്തെ ആവശ്യമുയർന്നു. കേരള കോൺഗ്രസ് (എം)ൽ നിന്നു സ്ഥാനമൊഴിഞ്ഞു വേണം നേതൃസ്ഥാനം ഏറ്റെടുക്കേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു. ഈ മാസം 22ന് കോട്ടയത്തു സെക്യുലറിന്റെ സംസ്ഥാന കമ്മിറ്റി യോഗം ചേരും. അതിനുമുൻപ് പി.സി. ജോർജ് നേതൃസ്ഥാനം ഏറ്റെടുക്കണമെന്നും ഒപ്പം എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും യോഗത്തിൽ അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണു ജോർജിന്റെ രാജി.

കഴിഞ്ഞ മാസം തന്നെ രാജിക്കാര്യത്തിൽ ജോർജ് നിലപാട് വ്യക്തമാക്കിയിരുന്നു. അടുത്ത നിയമസഭാ സമ്മേളനത്തിന് മുമ്പ് എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്ന് പിസി ജോർജ് അന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ കൃത്യമായ തീയതി പറഞ്ഞിരുന്നില്ല. എന്നാൽ മാണിയ്‌ക്കെതിരെ കുരുക്ക് മുറുകയിതോടെ തീയതി പ്രഖ്യാപിക്കുകയായിരുന്നു. നിയമസഭ കൂടുമ്പോൾ നിയമം അനുസരിച്ച് യുഡിഎഫിന് വോട്ട് ചെയ്യേണ്ടി വരും. അതിന് എനിക്ക് കഴിയില്ല. ഈ സാഹചര്യത്തിൽ ജനങ്ങളുടെ അനുവാദത്തോടെ രാജി വയ്ക്കാനാണ് തീരുമാനം. ഏറ്റവും വലിയ അഴിമതി സർക്കാരാണ് കേരളം ഭരിക്കുന്നത്. അതുകൊണ്ട് കൂടിയാണ് ധാർമികത അനുസരിച്ചൊരു തീരുമാനം എടുക്കുന്നതെന്നാണ് ജോർജിന്റെ നിലപാട്.

രാജി വച്ച് കഴിഞ്ഞാൽ കേരളാ കോൺഗ്രസ് സെക്യുലറിന്റെ ഭാഗമാകുമെന്നും ജോർജ് വ്യക്തമാക്കിയിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമപ്രകാരം ജോർജിനെ അയോഗ്യനാക്കുന്നതു സംബന്ധിച്ച് സ്പീക്കറുടെ തെളിവെടുപ്പ് നടക്കുന്നതിനിടെയാണ് ജോർജ് രാജിക്കാര്യം പരസ്യമാക്കിയത്. ജോർജിനെതിരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭാ സ്പീക്കർക്ക് മൊഴി നൽകിയുന്നു.. പി സി ജോർജ് മുന്നണിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ജോർജിനെ അയോഗ്യനാക്കണമെന്ന കേരളാ കോൺഗ്രസ് പരാതിയിൽ നിയമസഭ സ്പീക്കർ എൻ ശക്തൻ നടത്തിയ തെളിവെടുപ്പിലാണ് മുഖ്യമന്ത്രി ഇങ്ങനെ മൊഴി നല്കിയത്. കെ പി സി സി അധ്യക്ഷൻ വി എം സുധീരനും മൊഴി നൽകിയിരുന്നു. മുന്നണി വിരുദ്ധ പ്രവർത്തനമാണ് പി സി ജോർജ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫിനെതിരെ പ്രവർത്തിച്ച ജോർജ് മുന്നണിക്കെതിരെ മറ്റൊരു സ്ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിക്കുകയും ചെയ്തു. ഇതിനു പുറമേ ജോർജ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നണിയിൽ തുടരാൻ ജോർജിന് അർഹതയില്ലെന്ന് വി എം സുധീരൻ മൊഴി നൽകി. ഈ സാഹചര്യത്തിൽ ജോർജിനെ സ്പീക്കർ അയോഗ്യനാക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നത്. അയോഗ്യനാക്കപ്പെട്ടാൽ ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പ് മത്സര വിലക്ക് ജോർജിന് വരാനും സാഹചര്യമുണ്ട്. അതുകൊണ്ട് കൂടിയാണ് എംഎൽഎ സ്ഥാനം രാജിവച്ച് ഈ നടപടികളിൽ നിന്ന് രക്ഷപ്പെടാൻ ജോർജ് ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP