Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇടതും വലതും കൈവിട്ട പിസി തോമസ് മോദി പരിവാരമാകും; കാർഷിക ബജറ്റെന്ന ഡിമാൻഡുമായി ബിജെപി മുന്നണിയിൽ കയറും

ഇടതും വലതും കൈവിട്ട പിസി തോമസ് മോദി പരിവാരമാകും; കാർഷിക ബജറ്റെന്ന ഡിമാൻഡുമായി ബിജെപി മുന്നണിയിൽ കയറും

ആലപ്പുഴ: കർഷകബജറ്റ് പ്രഖ്യാപിക്കണമെന്ന ഏകവ്യവസ്ഥയിൽ പി സി തോമസ്് എൻ ഡി എ യിലേക്ക്. പഴയ ലാവണത്തിലേക്കുള്ള പി സിയുടെ യാത്രയ്ക്ക് ബിജെപി സംസ്ഥാന - ദേശീയ നേതൃത്വങ്ങൾ പച്ചക്കൊടി വീശിക്കഴിഞ്ഞതായറിയുന്നു.

നാളെ കോട്ടയത്തു പബ്ലിക് ലൈബ്രറി ഹാളിൽ നടക്കുന്ന കേരള കോൺഗ്രസ് പി സി തോമസ് വിഭാഗത്തിന്റെ സംസ്ഥാന നേതൃയോഗം ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുക്കും. അതിനെത്തുടർന്ന് ബിജെപിയുടെ തീർപ്പുമുണ്ടാകും. മോദി സർക്കാർ കാർഷിക ബജറ്റ് പ്രഖ്യാപിക്കണമെന്ന ഒറ്റ ആവശ്യം മാത്രമാണ് താൻ ബിജെപി നേതൃത്വത്തിനു മുമ്പാകെ സമർപ്പിച്ചിട്ടുള്ളതെന്ന് പി സി തോമസ് മറുനാടൻ മലയാളിയോടു പറഞ്ഞു. തന്റെ ആവശ്യം അനുഭാവപൂർവം പരിഗണിച്ചതായും പി സി പറഞ്ഞു.

പി സി യെ എൻ ഡി എയുടെ ഭാഗമാക്കാനുള്ള തീരുമാനം എത്രയും പെട്ടെന്നു പ്രഖ്യാപിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിനും താല്പര്യം. അരുവിക്കരയിലെ തെരഞ്ഞെടുപ്പ്് മുന്നിൽക്കണ്ടുള്ള നീക്കമാണ് പി സി യും ബിജെപി യും നടത്തുന്നത്. കാർഷിക ബജറ്റിൽ നെല്ലിനു പുറമേ റബറിനും തുല്യപ്രാധാന്യമാണ് പി സി ആവശ്യപ്പെട്ടിട്ടുള്ളത്. പി സി തോമസിന്റെ ഡിമാൻഡ് അംഗീകരിച്ചാൽ കേരളത്തിലെ കർഷകർക്കു പ്രതീക്ഷിക്കാൻ വകയുണ്ടാകും. പ്രത്യേകിച്ചു റബർ വിലയിടിവു മൂലം തകർന്നിരിക്കുന്ന റബർ കർഷകർക്ക്. റബർവിലയുയർത്താനുള്ള നയങ്ങൾ സ്വീകരിക്കാൻ ബിജെപി തയാറാകുമെന്നാണ് പി സിയുടെ പ്രതീക്ഷ. അങ്ങനെയെങ്കിൽ അരുവിക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചു തന്നെ ഗുണപരമായ മാറ്റം ബിജെപി സർക്കാരിൽനിന്നു പ്രതീക്ഷിക്കാം.

റബറിന്റെ താങ്ങുവില 200 രൂപയാക്കിയാൽ മാത്രമേ കർഷകർ രക്ഷപ്പെടൂവെന്നു പി സി പറയുന്നു. റബർ കർഷകരുടെ പ്രശ്്‌നങ്ങളിൽ സജീവമായി ഇടപെടാമെന്നു ബിജെപി ഉറപ്പു നൽകിയിട്ടുണ്ട്്. അതുകൊണ്ടുതന്നെ എൻ ഡി എയിലേക്ക് ചേക്കേറാനുള്ള അവസാനവട്ട ഒരുക്കങ്ങളും പി സി പൂർത്തിയാക്കിക്കഴിഞ്ഞു. നാളെ നടക്കുന്ന നേതൃയോഗം പ്രഖ്യാപനത്തിനു മാത്രമുള്ളതാണ്. കേരളത്തിൽ ഏതു വിധേനയും അക്കൗണ്ട് തുറക്കുകയെന്ന ബിജെപിയുടെ ലക്ഷ്യത്തിനു കൂറച്ചുകൂടി ശക്തി പകരുന്നതാണ് പി സി യുടെ പ്രവേശനം.

രാജ്യത്തുടനീളം ബിജെപി കുതിച്ചു കയറിയിട്ടും കേരളത്തിൽ നിലംതൊടാൻ കഴിയാത്തത്് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പടുമ്പോഴാണ്് പി സി യും ബിജെപി പാളയത്തിലെത്തുന്നത്. കാർഷിക ബജറ്റ് മുഴുവൻ ജനങ്ങളും അംഗീകരിക്കുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള കൃഷിചെയ്യാത്തവർ സംസ്ഥാനത്തു വളരെ കുറവാണ്. ഒരു കാർഷികബജറ്റ് വന്നാൽ അത് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നത് കേരളത്തിനാണെന്നും പി സി പറഞ്ഞു. പതിറ്റാണ്ടുകളായി താൻ കാർഷിക മേഖലയ്ക്കായി പൊരുതുകയാണ്. കാർഷിക ബജറ്റ് യു ഡി എഫ് സർക്കാരിനുമുന്നിലും കേന്ദ്രത്തിലെ അന്നത്തെ യു പി എ സർക്കാരിനും സമർപ്പിച്ചിരുന്നു. എന്നാൽ ആരും അംഗീകരിച്ചില്ല. എൻ ഡി എ മാത്രമാണ് തന്റെ ആവശ്യം ആംഗീകരിച്ചത്.

അതേസമയം ബിജെപിക്ക് പി സി യുടെ ആവശ്യം വേഗം സാധിച്ചുകൊടുക്കാവുന്ന ഒന്നാണ് . ആവശ്യം ബിജെപിയുടെ അജണ്ടയിലുള്ളതുമാണ്. ബിജെപി ഭരിക്കുന്ന മുഴുവൻ സംസ്ഥാനങ്ങളിലും കാർഷിക പാക്കേജും കേന്ദ്രത്തിൽ ബജറ്റും നടപ്പിലാക്കാൻ നേരത്തെ ആലോചനയുള്ളതാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ നാലുകൊല്ലമായി കർണാടകയിൽ കാർഷിക ബജറ്റ് നടപ്പിലാക്കുകയാണ്്. കേരളത്തിന്റെ വികസനത്തിന് ഉതകുന്ന പല പദ്ധതികളും തന്റെ മനസിലുണ്ടെന്നും മുറപോലെ നടത്താൻ കഴിയുമെന്നും പി സി പറഞ്ഞു.

കേരളത്തിലെ ശബരി പാതയുടെ കാര്യത്തിൽ സർക്കാർ ഒളിച്ചുകളിക്കുകയാണ്. 50 ശതമാനം വിഹിതം നൽകി റോഡു ചെയ്യാൻ പണമില്ലെന്ന് ഇതുവരെയും സർക്കാർ കേന്ദ്രത്തെ അറിയിച്ചിട്ടില്ല. അറിയിച്ചാൽ ഇത് അനുഭാവപൂർവ്വം മോദി സർക്കാർ അംഗീകരിച്ചേനെ. ഇതുസംബന്ധിച്ച് ഉറപ്പു തനിക്ക് ലഭിച്ചിട്ടുണ്ടെന്നും പി സി പരോക്ഷമായി സൂചിപ്പിച്ചു. ഏതായാലും കേരളത്തിൽനിന്നും ബിജെപി പാളയത്തിലേക്ക് പോകുന്ന രണ്ടാമത്തെ പ്രബലനാണ് പി സി തോമസ്. നേരത്തെ വി എച്ച് പി നേതാവ് പ്രവീൺ തൊഗാഡിയ എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശനെ വീട്ടിൽ ചെന്നുകണ്ട് പിന്തുണ അഭ്യർത്ഥിച്ചിരുന്നു. അന്നുതന്നെ ബിജെപിക്ക് അനുകൂല നിലപാടുമായി വെള്ളാപ്പള്ളിയും രംഗത്തെത്തിയിരുന്നു.

വാജ്‌പേയ് സർക്കാരിൽ നിയമസഹമന്ത്രിയായിരുന്നു പിസി തോമസ്. കേരളാ കോൺഗ്രസ് മാണിയുടെ ടിക്കറ്റിൽ മൂവാറ്റുഴയിൽ നിന്ന് സ്ഥിരമായി ജയിച്ചിരുന്ന തോമസ് മാണിയുമായുള്ള പ്രശ്‌നങ്ങളെ തുടർന്നാണ് പാർട്ടി വിട്ടത്. ഐഎഫ്ഡിപിയെന്ന ദേശീയ പാർട്ടിയുണ്ടാക്കി വാജ്‌പേയ് സർക്കാരിന്റെ ഭാഗമായി. കേന്ദ്രമന്ത്രിയായ ശേഷം എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച് വീണ്ടും പാർലമെന്റിലെത്തി. ഇതിനിടെയിൽ തെരഞ്ഞെടുപ്പ് കേസിൽ കുടുങ്ങി എംപി സ്ഥാനം നഷ്ടമായി. പിന്നീട് മൂവാറ്റുപുഴ കോട്ടയം മണ്ഡലമായതോടെ പിസിക്ക് പാർലമെന്റെ മണ്ഡലവും നഷ്ടമായി. പിജെ ജോസഫിന്റെ ഭാഗമായി ഇടതുമുന്നണിയിലെത്തി. പിന്നീട് പിജെ ജോസഫ്, മാണിക്കൊപ്പം മാറിയപ്പോൾ പിസി തോമസ് ഇടതു മുന്നണിയിൽ ഉറച്ചു നിന്നു.

എന്നാൽ സ്‌കറിയാ തോമസുമായുള്ള പ്രശ്‌നം കാര്യങ്ങൾ വഷളാക്കി. കേരളാ കോൺഗ്രസിലെ സ്‌കറിയാ തോമസിനൊപ്പം നിൽക്കാൻ സിപിഐ(എം) തീരുമാനിച്ചതോടെ പിസി തോമസ് ഇടതു മുന്നണിയിൽ നിന്ന് പുറത്തായി. ഈ സാഹചര്യത്തിലാണ് ബിജെപിയുമായി വീണ്ടും അടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP