Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടാം സീറ്റ് ചോദിച്ചു പി ജെ ജോസഫ് യുഡിഎഫിൽ കലാപത്തിന് വിത്തു വിതച്ചതിന് പിന്നിൽ മോൻസ് ജോസഫിന്റെ മന്ത്രിപദവി മോഹം; രണ്ടാം സീറ്റില്ലെങ്കിൽ ഏക സീറ്റ് തന്നേ മതിയാകൂ എന്നു പറഞ്ഞു ജോസഫിനെ ഇറക്കിയത് ജോസഫിന് പകരം അടുത്ത തവണ സംസ്ഥാന മന്ത്രിസഭയിൽ എത്താമെന്ന മോൻസ് ജോസഫിന്റെ മോഹം; കടുത്തുരുത്തി എംഎൽഎ നടത്തിയ നീക്കത്തിൽ വീണ ജോസഫ് തലവേദന ഉണ്ടാക്കുന്നത് ജോസ് കെ മാണിയുടെ കേന്ദ്രമന്ത്രി മോഹത്തിൽ

രണ്ടാം സീറ്റ് ചോദിച്ചു പി ജെ ജോസഫ് യുഡിഎഫിൽ കലാപത്തിന് വിത്തു വിതച്ചതിന് പിന്നിൽ മോൻസ് ജോസഫിന്റെ മന്ത്രിപദവി മോഹം; രണ്ടാം സീറ്റില്ലെങ്കിൽ ഏക സീറ്റ് തന്നേ മതിയാകൂ എന്നു പറഞ്ഞു ജോസഫിനെ ഇറക്കിയത് ജോസഫിന് പകരം അടുത്ത തവണ സംസ്ഥാന മന്ത്രിസഭയിൽ എത്താമെന്ന മോൻസ് ജോസഫിന്റെ മോഹം;  കടുത്തുരുത്തി എംഎൽഎ നടത്തിയ നീക്കത്തിൽ വീണ ജോസഫ് തലവേദന ഉണ്ടാക്കുന്നത് ജോസ് കെ മാണിയുടെ കേന്ദ്രമന്ത്രി മോഹത്തിൽ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: വളരുന്തോറും പിളരുന്ന പാർട്ടിയാണ് കേരളാ കോൺഗ്രസ്. ഇടക്കാലം കൊണ്ട് പ്രശ്‌നകലുഷിതമായ പാർട്ടിയിൽ അടുത്തകാലത്തായി വലിയ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടു പോകുകയായിരുന്നു. എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫിനെയും ആശങ്കയിലാക്കി കേരളാ കോൺഗ്രസ് മാണി വിഭാഗത്തിൽ ആശങ്ക പടരുകയാണ്. പാർട്ടിക്ക് കിട്ടിയ ഏക സീറ്റിൽ പി ജെ ജോസഫ് അവകാശവാദം ഉന്നയോച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. രണ്ട് സീറ്റ് യുഡിഎഫ് മുന്നണിയോട് ചോദിച്ചു വാങ്ങുക, അല്ലെങ്കിൽ കോട്ടയം വിട്ടുകൊടുത്ത് ടുക്കി വാങ്ങി അവിടെ പി ജെ ജോസഫിനെ മത്സരിപ്പിക്കണം എന്ന ആവശ്യവുമാണ് ഉയർന്നിരിക്കുന്നത്.

ഇത്രയും കാലം ഇല്ലാത്ത വിധത്തിൽ കേരളാ കോൺഗ്രസിൽ സീറ്റു പ്രശ്‌നം എങ്ങനെയാണ് ഉയർന്നുവന്നത്? ഇതിന് പിന്നിൽ എന്താണ് യഥാർത്ഥത്തിൽ നടക്കുന്നത്? കേന്ദ്രത്തിൽ വീണ്ടും അധികാര മാറ്റം ഉണ്ടാകുമെന്ന സൂചനകളും ഇത് കണ്ടറിഞ്ഞുള്ള കരുനീക്കങ്ങളുമാണ് കേരളാ കോൺഗ്രസിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് ആധാരമായി മാറിയത്. ബിജെപി ഭരണത്തിന് എതിരായ ജനവികാരം ശക്തമായ വേളയിലാണ് കോട്ടയത്തു നിന്നും മത്സരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ രാജ്യസഭാ സീറ്റ് ജോസ് കെ മാണി തരപ്പെടുത്തിയത്. കോട്ടയത്ത് വീണ്ടും മത്സരിക്കാൻ ഇറങ്ങിയാൽ കോൺഗ്രസുകാർ കാലു വാരുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് അദ്ദേഹം ഇങ്ങനെ ഒരു നീക്കം നടത്തിയത്. ഇത് കേന്ദ്രത്തിൽ അധികാരമാറ്റം ഉണ്ടായാൽ ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രി ആകാനുള്ള അവസരം ഒരുക്കാൻ വേണ്ടായായിരുന്നു.

കോട്ടയത്തു നിന്നം ജോസ് കെ മാണി മാറിയതോടെയാണ് ഈ സീറ്റിൽ കണ്ണുവെച്ച് പി ജെ ജോസഫ് രംഗത്തെത്തിയത്. ജോസഫിന്റെ നീക്കം മോൻസ് ജോസഫിന്റെ താൽപ്പര്യത്തിലും സമ്മർദ്ദത്താലുമായിരുന്നു. ഇടുക്കി സീറ്റ് ചോദിച്ചു വാങ്ങി ഈ സീറ്റിൽ മത്സരിച്ചാൽ ജോസഫ് വിജയിക്കുമെന്നത് സുനിച്ഛിതമായ കാര്യമാണ്. ഇങ്ങനെ എംപിയായാൽ പാർട്ടിയുടെ വർക്കിങ് ചെയർമാൻ എന്ന നിലയിൽ മന്ത്രിസ്ഥാനം വരെ ലഭിക്കാൻ ഇടയുണ്ട. അതുകൊണ്ടാണ് പി ജെ ജോസഫിന് മത്സരിക്കാൻ സീറ്റുവേണമെന്നാ വാദം ഉയരുന്നത്. ജോസഫ് എംപിയായാൽ തൊടുപുഴ സീറ്റിൽ അദ്ദേഹത്തിന്റെ മകൻ അപ്പുവിനെ മത്സരിപ്പിക്കാനും സാധിക്കും. അടുത്ത തവണ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ജോസഫിന് പകരം കേരളത്തിൽ മന്ത്രിയാകാൻ തനിക്ക് അവസരം ഒരുങ്ങുമെന്നുമുള്ള ചിന്തയാണ് മോൻസിന്റെ നീക്കങ്ങൾക്ക് പിന്നിലും.

ജോസഫിനെ കേന്ദ്രത്തിൽ അടുപ്പിക്കാതിരിക്കുക എന്നത് ഇതോടെ ജോസ് കെ മാണിയുടെ ആവശ്യമായി മാറുകയാണ്. ഇങ്ങനെ ഇനിയും ലഭിച്ചിട്ടില്ലാത്ത അധികാര പദവികളുടെ പേരിലാണ് കേരളാ കോൺഗ്രസിൽ ഇപ്പോൾ അടി കനക്കുന്നത്. പാർട്ടിക്കുള്ളിലും ജോസഫ് വിഭാഗത്തിന് ലോക്‌സഭാ സീറ്റു വേണമെന്ന് വാദിക്കുന്നത് കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ് തന്നെയാണ്. രാജ്യസഭ സീറ്റ് ജോസ് കെ മാണിക്ക് നൽകിയത് പോലെ പ്രശ്‌നമില്ലാതെ സ്ഥാനാർത്ഥി നിർണയം നടത്തുമെന്നും മോൻസ് ജോസഫ് പറഞ്ഞു. ഈ മാസം 18ന് സീറ്റു വിഭജനം സംബന്ധിച്ച ഉഭയകക്ഷി ചർച്ച നടക്കാനിരിക്കെയാണ് ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചത്. ഇത് യുഡിഎഫിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ നിലയിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നൽകാമെന്ന വാഗ്ദാനം നൽകി ത്ൽക്കാലം പ്രശ്‌നങ്ങൾ തീർക്കാനാകും ശ്രമം.

ലോക്സഭാ സീറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിട്ടു വീഴ്ചയ്ക്ക് പിജെ ജോസഫ് തയ്യാറല്ല. രണ്ട് സീറ്റ് യുഡിഎഫിൽ നിന്ന് ചോദിച്ചു വാങ്ങണമെന്നാണ് ആവശ്യം. എന്നാൽ പാർട്ടി ചെയർമാൻ കെ എം മാണിക്ക് ഇതിനോട് താൽപ്പര്യമില്ല. ദേശീയ രാഷ്ട്രീയത്തിലെ പ്രത്യേക സാഹചര്യത്തിൽ കോൺഗ്രസിന് സീറ്റ് കൂടണമെന്നാണ് മാണിയുടെ നിലപാട്. അതുകൊണ്ട് തന്നെ ഒറ്റ സീറ്റുകൊണ്ട് തൃപ്തിപ്പെടാനാണ് മാണിയുടെ തീരുമാനം. സീറ്റ് സംബന്ധിച്ച തർക്കങ്ങൾ ഉയരുന്നതിനിടെ ജോസ്. കെ. മാണി നയിക്കുന്ന കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ വർക്കിങ് ചെയർമാൻ പങ്കെടുക്കില്ലെന്ന വിലയിരുത്തലുമുണ്ട്.

ഇരു കേരളാ കോൺഗ്രസുകളും ലയനത്തിനു ശേഷം മാണിജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത കേരള യാത്രയോടെയാണു രൂക്ഷമായത്. പാർട്ടി ചെയർമാനും വർക്കിങ് ചെയർമാനും ഉള്ളപ്പോൾ വൈസ് ചെയർമാൻ ജോസ് കെ. മാണിയെ യാത്രയുടെ ക്യാപ്റ്റനാക്കിയത് പാർട്ടി പിടിച്ചടക്കാനുള്ള നീക്കമാണെന്നാണ് പി.ജെ. ജോസഫും കൂട്ടരും പറയുന്നത്. സീറ്റു ലഭിച്ചില്ലെങ്കിൽ ജോസഫിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫിൽ തുടരാനുള്ള നീക്കവും നടക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പു അടുത്ത സാഹചര്യത്തിൽ ഉയർന്ന ഈ തർക്കങ്ങളിൽ കടുത്ത ആശങ്ക മുന്നണിക്കുണ്ട്.

കേരളാ കോൺഗ്രസിന്റെ കെ എം മാണിയുടെ പിൻഗാമിയാവുകയാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. മാണിയുടെ മകൻ കേരള യാത്രയുമായെത്തിയത് ഇതിന് വേണ്ടി കൂടിയാണ്. അവിടെ ഇടത് നേതാക്കളുമായി ജോസഫ് ചർച്ച ചെയ്യുമെന്നാണ് സൂചന. കേരളാ കോൺഗ്രസിൽ നിന്ന് പുറത്തു ചാടി ഇടതു പക്ഷ സ്ഥാനാർത്ഥിയായി ഇടുക്കിയിൽ ജോസഫ് എത്താനും സാധ്യതയുണ്ട്. ലോക്സഭയിലേക്ക് ജയിച്ച ശേഷം മകനെ തൊടുപുഴയിൽ മത്സരിപ്പിക്കുകയാണ് ജോസഫിന്റെ ലക്ഷ്യം. ഇതിന് വേണ്ടിയാണ് രണ്ട് സീറ്റുകൾ കേരളാ കോൺഗ്രസ യുഡിഎഫിൽ നിന്ന് വാങ്ങണമെന്ന് ജോസഫ് ആവശ്യപ്പെടുന്നത്. ഇനി ഒരു സീറ്റേ കിട്ടൂവെങ്കിൽ കോട്ടയം കോൺഗ്രസിന് നൽകി ഇടുക്കി വാങ്ങണം. അവിടെ താൻ മത്സരിക്കാമെന്നാണ് ജോസഫ് പറയുന്നത്. തന്റെ മകനേയും നിയമസഭയിൽ എത്തിക്കാണ് ജോസഫിന്റെ ശ്രമം.

തന്റെ മകനേയും അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിൽ സജീവമാക്കാനാണ് ജോസഫിന്റെ നീക്കം. അതിനുള്ള സുവർണ്ണാവസരമാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പ്. ജോസഫ് ജയിച്ച് ലോക്സഭയിലെത്തിയാൽ തൊടുപുഴയിൽ ഉപതെരഞ്ഞെടുപ്പ് വരും. അവിടെ മകൻ അപ്പുവിനെ മത്സരിക്കാനാണ് ജോസഫിന്റെ പദ്ധതി. എന്നാൽ ജോസ് കെ മാണിയുടെ രാഷ്ട്രീയ സ്വപ്നങ്ങളെ തകർക്കാനാണ് ജോസഫിന്റെ നീക്കം. ജോസഫ് ജയിച്ച് പാർലമെന്റിലെത്തിയാൽ ഇല്ലാതാകുന്നത് രാജ്യ സഭാ അംഗമായ ജോസ് കെ മാണിയുടെ കേന്ദ്രമന്ത്രിപദ മോഹമാണ്. അതുകൊണ്ടാണ് ജോസഫിനെ എംപിയാക്കാൻ മാണി താൽപ്പര്യം കാട്ടാത്തത്.

കേരളാ കോൺഗ്രസ് എമ്മിന് നിയമസഭയിൽ ആറു പേരാണുള്ളത്. മാണിയും ജോസഫും മോൻസ് ജോസഫും ജയരാജും സിഎഫ് തോമസും റോഷി അഗസ്റ്റിനും. ഇതിൽ ജോസഫിന്റെ ഗ്രൂപ്പിലുള്ളത് മോൻസ് മാത്രമാണ്. എന്നാൽ പുതിയ പ്രതിസന്ധിയിൽ സി എഫ് തോമസും മറുപക്ഷത്താണ്. ജോസ് കെ മാണിയെ നേതാവാക്കാനുള്ള മാണിയുടെ കരുനീക്കവും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടില്ലെന്ന തിരിച്ചറിവുമാണ് ഇതിന് പിന്നിൽ. സി എഫ് തോമസിനൊപ്പം ജനപക്ഷം നേതാവായ പിസി ജോർജും പതിയെ ജോസഫിനോട് അടുക്കുന്നുണ്ട്.

ജോസഫിന് യുഡിഎഫിൽ തുടരാനാണ് താൽപ്പര്യം. കേരളാ കോൺഗ്രസി(എം)ൽ പ്രതിസന്ധി രൂക്ഷമായി പാർട്ടി പിളർന്നാൽ മാണിയും ജോസഫും ഒരു മുന്നണിയിൽ എങ്ങനെ നിൽക്കുമെന്നതാണ് ഉയരുന്ന ചോദ്യം. മാണിയെ തള്ളി ജോസഫിനെ കൂടെ കൂട്ടാൻ കോൺഗ്രസിനാകില്ല. ഇതിനൊപ്പമാണ് ജോസഫിനൊപ്പം ചേർന്നുള്ള പിസി ജോർജിന്റെ നടത്തം. ജോസഫ് ഇടതുപക്ഷത്തേക്ക് മാറിയാൽ അത് ഇടുക്കിയിൽ പ്രതിഫലനവുമുണ്ടാകും. അതുകൊണ്ട് തന്നെ കേരളാ കോൺഗ്രസിലെ പുതിയ പ്രതിസന്ധിയെ സസൂക്ഷ്മം വീക്ഷിക്കുകയാണ് കോൺഗ്രസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP