കേരളാ കോൺഗ്രസ് പാർട്ടി പിളർന്നു; ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത് ആൾക്കൂട്ടമാണ്, അതിനെ അംഗീകരിക്കാനാവില്ല; സമാന്തരയോഗം വിളിച്ചത് നടപടിക്രമങ്ങൾ പാലിക്കാതെ; പത്ത് ദിവസത്തെ നോട്ടീസ് നൽകാതെ പ്രധാന നേതാക്കൾ പങ്കെടുക്കാതെ ചേർന്ന യോഗം അംഗീകരിക്കില്ല; ജോസ് കെ മാണി വിഭാഗം പുറത്ത് പോയിക്കഴിഞ്ഞു; ജോസ് കെ മാണിയെ ചെയർമാനായി അംഗീകരിക്കാത്ത ജോസഫ് തന്റെ നിലപാട് പറഞ്ഞത് ഇങ്ങനെ
June 16, 2019 | 05:56 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: സമാന്തര യോഗം വിളിച്ച് ജോസ് കെ മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത തീരുമാനം അംഗീകരിക്കാതെ പി ജെ ജോസഫ്. കേരളാ കോൺഗ്രസ് എം പിളർന്നെന്ന് പി ജെ ജോസഫ് വ്യക്തമാക്കി. പിളർന്നവരുടെ കൂടെ ആളില്ലെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് ചേർന്ന യോഗം പാർട്ടി ഭരണഘടനക്ക് വിരുദ്ധമാണ്. സമാന്തരയോഗം വിളിച്ചത് നടപടിക്രമങ്ങൾ പാലിക്കാതെയാണ് പത്ത് ദിവസത്തെ നോട്ടീസ് നൽകാതെ പ്രധാന നേതാക്കൾ പങ്കെടുക്കാതെ ചേർന്ന യോഗം അനധികൃതമാണെന്നും പി ജെ ജോസഫ് പറഞ്ഞു. യോഗതീരുമാനങ്ങൾ നിലനിൽക്കില്ലെന്നും പി ജെ ജോസഫ് കൂട്ടിച്ചേർത്തു.
ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത് ആൾക്കൂട്ടമാണ്. അതിനെ അംഗീകരിക്കാനാവില്ല. ജോസ് കെ മാണി വിഭാഗം പുറത്ത് പോയിക്കഴിഞ്ഞെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയത്ത് ചേർന്ന സംസ്ഥാന സമിതി യോഗമാണ് കേരള കോൺഗ്രസ് എം ചെയർമാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തത്. സംസ്ഥാനസമിതിയിൽ ഭൂരിപക്ഷം പേരും ജോസ് കെ മാണി വിഭാഗത്തോട് ഒപ്പമാണെങ്കിലം പാർട്ടി എംഎൽഎമാരിൽ കൂടുതൽ പേരും ജോസഫ് പക്ഷത്താണ്. ഇതോടെ പാർട്ടിയുടെ യഥാർത്ഥ അവകാശിയെ കണ്ടെത്താൻ നീണ്ട നിയമപോരാട്ടം തന്നെയാവും ഇനി നടക്കുക. സി എഫ് തോമസ് അടക്കം മുതിർന്ന നേതാക്കളും ജോയ് എബ്രഹാമും തോമസ് ഉണ്ണിയാടനും യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
പിജെ ജോസഫിനെ കൂടാതെ മോൻസ് ജോസഫ്, സിഎഫ് തോമസ്, സി തോമസ് എന്നീ എംഎൽഎമാരും പിജെ ജോസഫിനൊപ്പം നിൽക്കുകയാണ് ജോസ് കെ മാണിക്കൊപ്പം മറുവശത്ത് റോഷി അഗസ്റ്റിൻ, എൻ. ജയരാജ് എന്നീ എംഎൽഎമാരാണുള്ളത്. അതേസമയം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയ് എബ്രഹാം ജോസഫ് വിഭാഗത്തോട് ഒപ്പമാണ്. കോട്ടയത്ത് ഇന്ന് ചേർന്ന കേരള കോൺഗ്രസ് സംസ്ഥാന സമിതിയോഗത്തിൽ എട്ട് ജില്ലാ പ്രസിഡന്റുമാർ പങ്കെടുത്തിട്ടുണ്ട്. നാല് ജില്ലാ അധ്യക്ഷന്മാർ വിട്ടു നിന്നു. കേരള കോൺഗ്രസ് എമ്മിന്റെ തിരുവനന്തപുരം, തൃശൂർ, എറണാകുളം, പാലക്കാട്, ഇടുക്കി എന്നീ ജില്ലാ പ്രസിഡന്റുമാരാണ് യോഗത്തിൽ നിന്നും വിട്ടു നിന്നത്.
അതേസമയം ഉറച്ച നിലപാടുമായി മുന്നോട്ടു പോകാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. 437 അംഗ സംസ്ഥാന സമിതിയിൽ 325 പേരും പങ്കെടുത്ത യോഗത്തിലാണ് ജോസ് കെ മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത്. യോഗത്തിൽ പങ്കെടുത്ത എല്ലാവരും തീരുമാനത്തെ അംഗീകരിച്ചു. ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത സംസ്ഥാന സമിതി തീരുമാനത്തിൽ കെ എം മാണിയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകുമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞു. തെരഞ്ഞെടുത്ത ശേഷം നടത്തിയ ആദ്യ പ്രസംഗത്തിൽ പ്രവർത്തകർക്ക് നന്ദി പറഞ്ഞാണ് ജോസ് കെ മാണി തുടങ്ങിയത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പ്രവർത്തകർക്ക് ജോസ് കെ. മാണി നന്ദി പറഞ്ഞു. 'ഇപ്പോഴൊന്നും പറയാനില്ല. ഇതിനു ശേഷം പലതും പറയാനുണ്ട്. അതിലേക്കു കടക്കുന്നില്ല. മുന്നോട്ടുള്ള യാത്രയിൽ മാണി സാർ നമുക്കൊപ്പമുണ്ട്. മാണി സാറിന്റെ പാത പിന്തുടരാൻ തീർച്ചയായും കഠിനാധ്വാനം ചെയ്യും. പാർട്ടിയെ ഒരു ഘട്ടത്തിലും കൈവിടില്ല, ഒറ്റക്കെട്ടായി തന്നെ മുന്നോട്ടു പോകും...' ചെയർമാനായതിനു ശേഷമുള്ള ആദ്യ പ്രസംഗത്തിൽ ജോസ് കെ.മാണി പറഞ്ഞു.
പാർട്ടി ഭരണഘടനപ്രകാരം വ്യവസ്ഥാപിതമാർഗത്തിലൂടെയാണ് യോഗം വിളിച്ചത്. ഇത് ഫാൻസ് അസോസിയേഷൻ യോഗമാണെന്ന പി.ജെ. ജോസഫിന്റെ പ്രസ്താവന മറുപടി അർഹിക്കുന്നില്ലെന്നും ജോസ് കെ.മാണി പറഞ്ഞു. കമ്മിറ്റി യോഗത്തെപ്പറ്റി പി.ജെ. ജോസഫ് ഉൾപ്പെടെ എല്ലാവരെയും അറിയിച്ചിരുന്നു. ജോസഫ് വിഭാഗത്തിന്റെ ഭാഗത്തു നിന്നു പ്രതിഷേധത്തിനു സാധ്യതയുള്ളതിനാൽ തന്നെ, സംസ്ഥാന സമിതി യോഗം നടക്കുന്ന ഹാളിലേക്കു പരിശോധനയ്ക്കു ശേഷമാണ് അംഗങ്ങളെ കടത്തി വിട്ടത്. ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ ജോസ് കെ.മാണിയെ ആനയിച്ചു കൊണ്ടുപോകാനുള്ള വാഹനം ഉൾപ്പെടെ തയാറായിരുന്നു.
അടച്ചിട്ട ഹാളിലായിരുന്നു വൈകിട്ട് മൂന്നോടെ യോഗം നടന്നത്. അധികം വൈകാതെ തന്നെ ചെയർമാനായി ജോസ് കെ.മാണിയെ തിരഞ്ഞെടുത്ത തീരുമാനം വന്നു. ഇതോടെ അണികൾ മുദ്രാവാക്യം വിളിച്ചു യോഗ ശേഷം പാർട്ടി ഓഫീസിലേക്ക് ജോസിനെ തുറന്ന വാഹനത്തിലാണ് കൊണ്ടുപോയത്. നൂറു കണക്കിന് പ്രവർത്തകരും ജോസ് കെ മാണിക്ക് അകമ്പടിയായി യാത്ര ചെയ്തു. ഇന്ന് ചേർന്ന യോഗത്തിൽ സിഎഫ് തോമസ് പങ്കെടുത്തിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കുന്ന കേരള കോൺഗ്രസ് എമ്മിൽ താനുണ്ടാകുമെന്ന് മുതിർന്ന നേതാവ് സി.എഫ്. തോമസ് വ്യക്തമാക്കി.
