Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉമ്മൻ ചാണ്ടി പറയുന്നത് പച്ചക്കള്ളം; ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിച്ച് സീറ്റ് മാറ്റിയത് ഉമ്മൻ ചാണ്ടിതന്നെ; എന്നേക്കാൾ രണ്ടുവയസ്സ് കുറവേയുള്ളൂ ചാണ്ടിക്കെന്ന് പറഞ്ഞ് പ്രായത്തിന്റെ പേരിൽ ഒതുക്കേണ്ടെന്ന് ഒളിയമ്പും: ചെന്നിത്തല വീട്ടിലെത്തി കണ്ടതിന് പിന്നാലെ ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് പി ജെ കുര്യൻ; യുപിഎക്ക് ഒരു സീറ്റ് നഷ്ടപ്പെടുത്തിയാണോ ശക്തിപ്പെടുത്തലെന്ന് ചോദിച്ച് സുധീരനും

ഉമ്മൻ ചാണ്ടി പറയുന്നത് പച്ചക്കള്ളം; ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിച്ച് സീറ്റ് മാറ്റിയത് ഉമ്മൻ ചാണ്ടിതന്നെ; എന്നേക്കാൾ രണ്ടുവയസ്സ് കുറവേയുള്ളൂ ചാണ്ടിക്കെന്ന് പറഞ്ഞ് പ്രായത്തിന്റെ പേരിൽ ഒതുക്കേണ്ടെന്ന് ഒളിയമ്പും: ചെന്നിത്തല വീട്ടിലെത്തി കണ്ടതിന് പിന്നാലെ ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് പി ജെ കുര്യൻ; യുപിഎക്ക് ഒരു സീറ്റ് നഷ്ടപ്പെടുത്തിയാണോ ശക്തിപ്പെടുത്തലെന്ന് ചോദിച്ച് സുധീരനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാണി കോൺഗ്രസിന് രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തതിൽ സംസ്ഥാനത്തെ കോൺഗ്രസിനകത്ത് ഉരുൾപൊട്ടൽ തുടരുന്നു. തുടർച്ചയായ മൂന്നാം ദിവസവും ആഞ്ഞടിച്ച് യുവ നേതാക്കളും പിജെ കുര്യനും വി എം സുധീരനും രംഗത്തെത്തി. ഉമ്മൻ ചാണ്ടിയുടെ തന്ത്രമാണ് ഇത്തരമൊരു ആപത്ത് കോൺഗ്രസിന് ഉണ്ടാക്കിയതെന്ന് ശക്തമായ വികാരം ഒരുവശത്ത് പ്രചരിപ്പിക്കുമ്പോൾ മറുവശത്ത് താൻ നിരപരാധിയാണെന്ന് വരുത്താൻ നീക്കവുമായി ചെന്നിത്തലയും രംഗത്ത് സജീവമായി.

ആരോടും സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും സീറ്റ് കിട്ടാത്തതിൽ പരാതിയില്ലെന്നും പറഞ്ഞുകൊണ്ടാണ് പിജെ കുര്യൻ ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ചത്. ചെന്നിത്തല ഇന്ന് കുര്യനെ സന്ദർശിച്ചിരുന്നു. ചെന്നിത്തല വന്നുകണ്ട് മാപ്പുപറഞ്ഞുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഉമ്മൻ ചാണ്ടിതന്നെ ഇക്കുറി തനിക്ക് പാരവച്ചുവെന്ന നിലയിൽ കാര്യങ്ങൾ എത്തിക്കുന്നത്. 2005ൽ സീറ്റ് നൽകാൻ ഇടപെട്ടുവെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത് പച്ചക്കള്ളമാണ്. വ്യക്തിപരമായ ഒരാവശ്യത്തിലും ഉമ്മൻ ചാണ്ടിയുടെ സഹായം തേടിയിട്ടില്ല. രാഷ്ട്രീയപരമായി ആവശ്യപ്പെട്ടതുപോലും ഉമ്മൻ ചാണ്ടി ചെയ്തുതന്നില്ല. ഉമ്മൻ ചാണ്ടി ഫോണിൽപോലും സംസാരിച്ചുപോലുമില്ല. ഉമ്മൻ ചാണ്ടി നടപ്പാക്കിയത് സ്വകാര്യ അജണ്ടയാണ്. കാര്യങ്ങൾ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. എന്തു സഹായമാണ് ചെയ്തുതന്നതെന്ന് വ്യക്തമാക്കണം. - കുര്യൻ പറഞ്ഞു.

ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ഉമ്മൻ ചാണ്ടി ഘടകകക്ഷിയെ ഉപയോഗിച്ച് സീറ്റ് ഇക്കുറി കോൺഗ്രസിൽ നിന്ന് മാറ്റിയത്. തനിക്കെതിരെ ഉണ്ടായ കേസിലും ഒരു സഹായവഉം ചെയ്തിട്ടില്ല. ലോക്‌സഭാ സീറ്റിന് മാണിയുടെ സഹായം വേണമെന്നാണ് ചൂണ്ടിക്കാട്ടിയത്. ഉമ്മൻ ചാണ്ടിക്ക് എന്നേക്കാൾ രണ്ടുവയസ്സു കുറവേയുള്ളൂ. പ്രായത്തിന്റെ കൂടുതൽ പറഞ്ഞ് തന്നെ ഒതുക്കാൻ നോക്കേണ്ടെന്ന ധ്വനിയുമായി കുര്യൻ പറഞ്ഞു. 2012ൽ മറ്റൊരാളുടെ പേരു പറഞ്ഞുവെന്നതിലും പൊരുത്തക്കേടുണ്ടെന്നും പിന്നീട് ഒഴിവ് വന്നപ്പോൾ എന്തുകൊണ്ട് ആ പേര് പറഞ്ഞില്ലെന്നും കുര്യൻ ചോദിച്ചു.

അതേസമയം, രാജ്യസഭാ സീറ്റ് വിഷയത്തിൽ ഇടഞ്ഞുനിൽക്കുന്ന പി.ജെ. കുര്യൻ എംപിയെ അനുനയിപ്പിക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കത്തിന്റ ഭാഗമായാണ് പ്രതിപക്ഷ നേതാവ് ചെന്നിത്തല ഇന്ന് കുര്യനെ സന്ദർശിച്ചത്. 1.45ഓടെ തിരുവല്ല വെണ്ണികുളത്തെ വീട്ടിലെത്തിയ ചെന്നിത്തല അടച്ചിട്ട മുറിയിൽ കുര്യനുമായി കൂടിക്കാഴ്ച നടത്തി. ചർച്ച 15 മിനിട്ട് നീണ്ടു നിന്നു. സൗഹൃദ സന്ദർശനമാണ് നടന്നതെന്നും രാഷ്ട്രീയം ചർച്ചയായില്ലെന്നും കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യസഭാ സീറ്റ് നൽകിയതിൽ മുഖ്യപങ്ക് ചെന്നിത്തലക്കല്ലെന്നും വ്യക്തമാക്കി.

എന്നാൽ ഈ സന്ദർശനം അനുനയമെന്നതിലുപരി രാജ്യസഭാ സീറ്റ് മാണിക്ക് നൽകിയതിൽ തനിക്ക് പങ്കില്ലെന്ന് വരുത്താനുള്ള ചെന്നിത്തലയുടെ നീക്കമായിരുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. രാജ്യസഭാ സീറ്റ് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പുറത്തുവിടാനായി പി.ജെ. കുര്യൻ ഉച്ചക്ക് മൂന്നു മണിക്ക് വാർത്താസമ്മേളനം വിളിച്ച സാഹചര്യത്തിലാണ് ചെന്നിത്തല അനുനയ ശ്രമവുമായി വീട്ടിലെത്തിയത്. അതോടെ ഇതിന്റെ പ്രതിഫലനം കൂടിയായി കുര്യന്റെ വാർത്താ സമ്മേളനം. എല്ലാ കുഴപ്പവും ഉണ്ടാക്കിയത് ഉമ്മൻ ചാണ്ടിയാണെന്ന് ആഞ്ഞടിച്ചായിരുന്നു കുര്യന്റെ പത്രസമ്മേളനം.

രാജ്യസഭാ സീറ്റിൽ വീണ്ടും മൽസരിക്കാൻ കുര്യൻ നടത്തിയ ശ്രമം സംസ്ഥാനത്തെ കോൺഗ്രസിൽ വൻ പ്രതിഷേധത്തിന് വഴിക്കുകയും ഇത് ചർച്ചയാകുന്നതിനിടെ തികച്ചും അപ്രതീക്ഷിതമായി ലീഗിന്റെ ഇടപെടലിലൂടെ മാണി കോൺഗ്രസിന് സീറ്റ് വിട്ടുകൊടുക്കാൻ ഹൈക്കമാൻഡ് തീരുമാനിക്കുകയായിരുന്നു. അതേസമയം, വിഷയത്തിൽ സുധീരനും യുവ നേതാക്കളും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.

ദുരൂഹതയും അട്ടിമറിയുമെന്ന് സുധീരൻ

കേരള കോൺഗ്രസിനു രാജ്യസഭാ സീറ്റു നൽകിയതിൽ ദുരൂഹതയും അട്ടിമറിയുമുണ്ടെന്ന് ആരോപിച്ച് സുധീരനും രംഗത്തെത്തി. കോൺഗ്രസ് പ്രവർത്തകർ ശക്തമായി വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്ന് ഉമ്മൻ ചാണ്ടിക്കു നേരെ വിമർശനമുയർത്തി സുധീരൻ പറഞ്ഞു. ഘടകകക്ഷിക്കു സീറ്റ് പോയപ്പോൾ മന്ത്രിപദവി രാജിവച്ചത് ഓർക്കണം. മുഖ്യമന്ത്രിക്കെതിരെ കൊട്ടാരവിപ്ലവം നടത്തിയതും ഓർമയിൽ വേണം. ഇപ്പോൾ രസ്യപ്രതികരണങ്ങളെ വിമർശിക്കുന്നതു ശരിയല്ലെന്നും സുധീരൻ പറഞ്ഞു.

മറ്റൊരു കോൺഗ്രസുകാരൻ സ്ഥാനത്ത് മുൻ നിരയിൽ വരുന്നത് തടയാനുള്ള നീക്കമാണു നടന്നതെന്ന് പ്രവർത്തകർ വിശ്വസിക്കുന്നു. ആർഎസ്‌പിയെ കൊണ്ടുവന്നതു പലതവണ നടത്തിയ ചർച്ചകൾക്കുശേഷമാണ്. അന്ന് എവിടെയെങ്കിലും പ്രതിഷേധം ഉയർന്നിരുന്നോയെന്നും സുധീരൻ ചോദിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ വികാരം മാനിച്ചായിരുന്നു അന്നത്തെ തീരുമാനം. എന്നാൽ ഇക്കുറി ഉത്തമ താൽപര്യങ്ങൾ മറന്നാണ് തീരുമാനം ഉണ്ടായത്. യുപിഎയ്ക്കു പാർലമെന്റിൽ ഒരു സീറ്റ് നഷ്ടപ്പെട്ടു. ഇങ്ങനെയാണോ കോൺഗ്രസിനെ ശക്തിപ്പെടുത്തുകയെന്നും ശക്തമായി ആഞ്ഞടിച്ചാണ് സുധീരൻ പ്രതികരിക്കുന്നത്.

യുപിഎ വോട്ട് നഷ്ടപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നു കേരള കോൺഗ്രസിനോട് അഭ്യർത്ഥിക്കുന്നതായും വിട്ടുപോകുമ്പോൾ കോൺഗ്രസിനെതിരെ ഉന്നയിച്ച ആക്ഷേപങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്ന് കെ.എം.മാണി വ്യക്തമാക്കണമെന്നും സുധീരൻ പറഞ്ഞു. മാണിയുടെ പത്രസമ്മേളനത്തിന്റെ ഓൺലൈൻ റിപ്പോർട്ടുകൾ സുധീരൻ വാർത്താസമ്മേളനത്തിൽ വായിച്ചു. ഇതിൽ ഖേദപ്രകടനം നടത്താനുള്ള സന്മനസ്സ് അദ്ദേഹം കാണിക്കണം. പ്രകടിപ്പിക്കുന്നത് അണികളുടെ വികാരമാണ്. വ്യക്തിപരമല്ല ഈ വിമർശനമെന്നും യാതൊരു താൽപര്യങ്ങളും തനിക്കില്ലെന്നും കോൺഗ്രസ് പ്രവർത്തകർ ശക്തമായി വഞ്ചിക്കപ്പെട്ടുവെന്നും സുധീരൻ പറഞ്ഞു.

രാജ്യസഭാ സീറ്റ് മാണിക്ക് വിട്ടുകൊടുത്തതിൽ പ്രതിഷേധവുമായി യുവ നേതാക്കളും എംഎൽഎമാരും രംഗത്തെത്തുന്നു. കടുത്ത വിമർശനമാണ് ബൽറാം ഉൾപ്പെടെയുള്ള നേതാക്കൾ ഉയർത്തുന്നത്. പ്രവർത്തകരും സംസ്ഥാനത്തുടനീളം നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി ഇറങ്ങുന്നുമുണ്ട്.

അതേസമയം, സുധീരന്റെ വിമർശനങ്ങൾ സമനില തെറ്റിയതുപോലെ ആണെന്നും വിമർശനങ്ങൾ പാർട്ടി വേദിയിലാകണമെന്ന പ്രസ്താവന സുധീരൻ മറക്കരുതെന്നും ജോസഫ് പറഞ്ഞു. ഖേദം പ്രകടിപ്പിക്കേണ്ടതൊന്നും പറഞ്ഞിട്ടില്ലെന്ന നിലപാടുമായി കെ.എം.മാണിയും രംഗത്തെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP