Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബന്ധുനിയമനം: സ്വന്തം ലെറ്റർ പാഡിൽ ജയിംസ് മാത്യു എംഎൽഎ മന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പുമായി പി.കെ.ഫിറോസ്; ഇൻഫർമേഷൻ കേരള മിഷനിലെ ഡെപ്യൂട്ടി ഡയറക്ടർ നിയമനത്തിലെ ക്രമക്കേട് തെളിഞ്ഞിട്ടും എ.സി.മൊയ്തീൻ അനധികൃത നിയമനത്തിന് പച്ചക്കൊടി കാട്ടി; അനധികൃതമായി നിയമിച്ചത് കോലിയക്കോട് കൃഷ്ണൻനായരുടെ സഹോദര പുത്രനെ; സിപിഎമ്മിനെ വെട്ടിലാക്കി യൂത്ത് ലീഗ് ജന.സെക്രട്ടറിയുടെ വെളിപ്പെടുത്തൽ

ബന്ധുനിയമനം: സ്വന്തം ലെറ്റർ പാഡിൽ ജയിംസ് മാത്യു എംഎൽഎ മന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പുമായി പി.കെ.ഫിറോസ്; ഇൻഫർമേഷൻ കേരള മിഷനിലെ ഡെപ്യൂട്ടി ഡയറക്ടർ നിയമനത്തിലെ ക്രമക്കേട് തെളിഞ്ഞിട്ടും എ.സി.മൊയ്തീൻ അനധികൃത നിയമനത്തിന് പച്ചക്കൊടി കാട്ടി; അനധികൃതമായി നിയമിച്ചത് കോലിയക്കോട് കൃഷ്ണൻനായരുടെ സഹോദര പുത്രനെ; സിപിഎമ്മിനെ വെട്ടിലാക്കി യൂത്ത് ലീഗ് ജന.സെക്രട്ടറിയുടെ വെളിപ്പെടുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

 കോഴിക്കോട് : ഇൻഫർമേഷൻ കേരള മിഷനിൽ ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലെ നിയമനത്തിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസിന്റെ വെളിപ്പെടുത്തൽ. നിയമനത്തിൽ ക്രമക്കേട് നടന്നതായി തെളിയിക്കുന്ന സിപിഎം എംഎ‍ൽഎ ജെയിംസ് മാത്യുവിന്റെ പരാതിയുടെ പകർപ്പ് ഫിറോസ് പുറത്തു വിട്ടു. ഐകെഎം ഡപ്യൂട്ടി ഡയറക്ടർ തസ്തികയിലേക്ക് കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദര പുത്രൻ ഡി.എസ്.നീലകണ്ഠനെ അനധികൃതമായാണ് നിയമിച്ചതെന്നും ഇത് ഉയർത്തിക്കാട്ടിയാണ് കോടിയേരിയെ മന്ത്രി കെ.ടി.ജലീൽ ബ്ലാക്ക്‌മെയിൽ ചെയ്യുന്നതെന്നും യൂത്ത് ലീഗ് കഴിഞ്ഞാഴ്ച ആരോപിച്ചിരുന്നു.

കഴിഞ്ഞ വർഷം ഡിസംബർ അഞ്ചിനാണ് തളിപ്പറമ്പ് എംഎൽഎ ജെയിംസ് മാത്യു തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് പരാതി നൽകിയത്. സ്വന്തം ലെറ്റർ പാഡിലാണ് എംഎൽഎ മന്ത്രിക്ക് പരാതി നൽകിയത്. പരാതിയിൽ അഡീഷണൽ ചീഫ് സെക്രട്ടറി അഭിപ്രായം സമർപ്പിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകിയെങ്കിലും ഇതുവരെ റിപ്പോർട്ടുകളൊന്നും നൽകിയതായി അറിയില്ലെന്നും ഫിറോസ് പറഞ്ഞു.

ഇൻഫർമേഷൻ കേരള മിഷൻ പുനഃക്രമീകരിക്കുന്നതിനായി സർക്കാർ തയാറാക്കിയ റിപ്പോർട്ടിന് വിരുദ്ധമായാണ് ഒരു ലക്ഷം രൂപ ശമ്പളവും 10000 രൂപ ഇൻക്രിമെന്റുമടക്കം ദീർഘകാലാടിസ്ഥാനത്തിൽ ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിൽ നിയമനം നടന്നതെന്നാണ് ജെയിംസ് മാത്യുവിന്റെ പരാതി. ഈ പുനഃക്രമീകരണ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുന്നതിന് മാസങ്ങൾക്ക് മുമ്പേ റിപ്പാർട്ടിൽ പറയുന്ന ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിൽ നിയമനം നടത്തിയെന്നും ജെയിംസ് മാത്യു എംഎ‍ൽഎ പരാതിയിൽ ആരോപിക്കുന്നു. കോലിയക്കോട് കൃഷ്ണൻ നായരുടെ ബന്ധുവിന് നൽകിയ ഈ നിയമനം ഉയർത്തിക്കാട്ടിയാണ് കെ.ടി. ജലീൽ തന്റെ ബന്ധു നിയമനത്തിൽ നിന്ന് തലയൂരിയതെന്നാണ് പി.കെ. ഫിറോസിന്റെ ആരോപണം.

കഴിഞ്ഞ ഡിസംബർ 12-ന് ആയിരുന്നു ഐ.കെ.എമ്മിൽ നടന്നത് അനധികൃത നിയമനമാണെന്നും മാനേജന്മെന്റിന്റെ തെറ്റായ നടപടിയാണെന്നും കാട്ടി ജെയിംസ് മാത്യു മന്ത്രിക്ക് കത്ത് നൽകിയത്. എന്നാൽ കത്ത് കിട്ടി മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതിന്റെ കാരണം മന്ത്രി എ.സി മൊയ്തീൻ വ്യക്തമാക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. എംഎ‍ൽഎ തന്നെ കത്തുകൊടുത്തിട്ടും ഡി.എസ് നീലകണ്ഠനെ ഒന്നും ചെയ്യാൻ കഴിയാത്തത് അയാൾക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃഷ്ണനുമായുള്ള അടുപ്പം കൊണ്ടാണ്. അല്ലെങ്കിൽ എംഎ‍ൽഎയെ തള്ളിപ്പറയാൻ എ.സി മൊയ്തീനും കോടിയേരി ബാലൃകൃഷ്ണും തയ്യാറാവണമെന്നും അതുമല്ലെങ്കിൽ തെറ്റായ ആരോപണം ഉന്നയിച്ചുവെന്നതിന്റെ പേരിൽ തനിക്കെതിരെ മാനനഷ്ടക്കേസിന് കൊടുക്കാനെങ്കിലും അവർ തയ്യാറാവണമെന്നും പി.കെ ഫിറോസ് കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിൽ നിയമിക്കുന്നതിന് മന്ത്രിസഭ അംഗീകരിച്ച റിപ്പോർട്ടുണ്ട്. എന്നാൽ, അതൊന്നും പാലിക്കാതെ നിയമനം നടത്തിയെന്നും ഒരു ലക്ഷം രൂപ ശമ്പളവും 10 ശതമാനം ഇൻക്രിമെന്റ് അടക്കം വൻ തുക ഡി.എസ് നീലകണ്ഠൻ കൈപ്പറ്റിയെന്നുമാണ് ജയിംസ് മാത്യു മന്ത്രിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നത്. അഞ്ച് വർഷത്തെ കരാർ അടിസ്ഥാനത്തിൽ സേവനമനുഷ്ടിച്ച് വരുന്ന ഡിഎസ് നീലകണ്ഠന്റെ നിയമനം സംബന്ധിച്ചും വേതന വർദ്ധനവ് വരുത്തിയതും സംബന്ധിച്ചും വ്യക്തത നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP