Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജോസഫിന്റെ നീക്കം പൊളിച്ചത് ആ പഴയ 'മാണി-കോണി' കൂട്ടുകെട്ട് തന്നെ! ജോസഫിന് വേണ്ടി കരുക്കൾ നീക്കിയ കോൺഗ്രസിന്റെ മോഹം പൊലിഞ്ഞത് കുഞ്ഞാലിക്കുട്ടിയും മാണിയും ഒരുമിക്കുന്ന ആ പഴയതന്ത്രം ജോസ് കെ മാണി പുറത്തെടുത്തതോടെ; ജോസ് കെ മാണിക്കെതിരായ ഒരു നീക്കവും പാടില്ലെന്ന് തീർത്തു പറഞ്ഞ് കുഞ്ഞാലിക്കുട്ടി; ഇടതുപക്ഷത്തിന്റെ പിന്തുണയോടെ മത്സരിക്കുമെന്ന ജോസഫിന്റെ ഭീഷണിയിൽ അസ്വസ്ഥരായി മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും: കോട്ടയം ജില്ലാപ്രസിഡന്റ് സ്ഥാനം മാണി വിഭാഗം കൈപ്പിടിയിൽ ഒതുക്കിയത് ഇങ്ങനെ

ജോസഫിന്റെ നീക്കം പൊളിച്ചത് ആ പഴയ 'മാണി-കോണി' കൂട്ടുകെട്ട് തന്നെ! ജോസഫിന് വേണ്ടി കരുക്കൾ നീക്കിയ കോൺഗ്രസിന്റെ മോഹം പൊലിഞ്ഞത് കുഞ്ഞാലിക്കുട്ടിയും മാണിയും ഒരുമിക്കുന്ന ആ പഴയതന്ത്രം ജോസ് കെ മാണി പുറത്തെടുത്തതോടെ; ജോസ് കെ മാണിക്കെതിരായ ഒരു നീക്കവും പാടില്ലെന്ന് തീർത്തു പറഞ്ഞ് കുഞ്ഞാലിക്കുട്ടി; ഇടതുപക്ഷത്തിന്റെ പിന്തുണയോടെ മത്സരിക്കുമെന്ന ജോസഫിന്റെ ഭീഷണിയിൽ അസ്വസ്ഥരായി മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും: കോട്ടയം ജില്ലാപ്രസിഡന്റ് സ്ഥാനം മാണി വിഭാഗം കൈപ്പിടിയിൽ ഒതുക്കിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇന്ന് നിർണായകമായ നീക്കമാണ് നടന്നത്. കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തിങ്കലിനെ വിജയിപ്പിച്ചത് ജോസ് കെ മാണിയുടെ തന്ത്രങ്ങൾ തന്നെയാണ്. മാണിയുടെ തട്ടകമായ കോട്ടയത്ത് കയറി കളിക്കാനുള്ള ജോസഫിന്റെ ശ്രമം പൊളിഞ്ഞത് ആ പഴയ 'മാണി-കോണി' കൂട്ടുകെട്ടിൽ തന്നെയാണ്. കുഞ്ഞാലിക്കുട്ടിയും കെ എം മാണിയുമാണ് പലപ്പോഴും കോൺഗ്രസ് രാഷ്ട്രീയത്തിലെ ഗ്രൂപ്പുവടംവലിയിൽ പോലും പലപ്പോഴും സമ്മർദ്ദ ശക്തിയായി നിലകൊണ്ടിരുന്നത്. മാണി വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ മകനായ ജോസ് കെ മാണിയുമായി കൈകോർക്കുകയാണ് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ചെയ്തത്. കുഞ്ഞാലിക്കുട്ടിയുടെ നിർണായക നീക്കം തന്നെയാണ് ഇത്തവണ ജോസ് കെ മാണിയുടെ താൽപ്പര്യങ്ങളെ വിജയിപ്പിച്ചത്.

കോൺഗ്രസ് ജില്ലാ നേതൃത്വത്തിന് പി ജെ ജോസഫുമായി കൈകോർത്ത് പ്രവർത്തിക്കാനായിരുന്നു താല്പര്യം. അതുകൊണ്ട് തന്നെയാണ് രണ്ട് പേർക്കും സ്ഥാനം വീതിച്ചു നൽകാമെന്ന വിധത്തിലുള്ള നിലപാട് സ്വീകരിച്ചത്. എന്നാൽ, ഇക്കാര്യം യുഡിഎഫിലേക്ക് എത്തിയതോടെ കാര്യങ്ങൾ മാറി. കേരളാ കോൺഗ്രസ് (എം)ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം നൽകിയ വിപ്പാണ് നിർണായകമെന്ന ഘട്ടത്തിലേക്ക് വന്നു. പാർട്ടിഭരണഘടനയുടെ വിവിധ വകുപ്പുകൾ ചൂണ്ടിക്കാട്ടി വിപ്പ് നൽകാനുള്ള അധികാരം ചെയർമാനോ വർക്കിങ് ചെയർമാനോ ഇല്ല എന്നും തെളിയിച്ചുകൊടുത്തതോടെ പി ജെ ജോസഫിനെ പിന്തുണയ്ക്കാനുള്ള കോട്ടയം കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശത്തെ കെപിസിസി നേതൃത്വം അവഗണിക്കുകയാിരുന്നു. കെ എം മാണിയുടെ പിൻഗാമിയെന്ന് മാണിയുടെ കുടുംബവും പാർട്ടിയിലെ ബഹുഭൂരിപക്ഷവും കരുതുന്ന ജോസ് കെ മാണിക്ക് എതിരായ ഒരു നീക്കവും പാടില്ല എന്ന എ കെ ആന്റണിയുടെയും നിർദേശവും കോട്ടയത്തെ കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി.

മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി ജോസ് കെ മാണി വിഭാഗത്തിന് വേണ്ടി ശക്തമായ നിലപാടെടുത്തതും കോൺഗ്രസിന് എതിരായി. ഇന്നലെ തിരുവനന്തപുരത്ത് യുഡിഎഫ് സംസ്ഥാന നേതൃത്വം ആദ്യം കണ്ടത് പി ജെ ജോസഫിനെയായിരുന്നു. തന്റെ നോമിനിക്ക് സ്ഥാനം നൽകിയില്ലെങ്കിൽ പി സി ജോർജിന്റെയും ഇടതുപക്ഷത്തിന്റെയും പിന്തുണയോടെ മത്സരിക്കുമെന്നു വരെ പി ജെ ജോസഫ് ഭീഷണി മുഴുക്കി. ഇത് യുഡിഎഫ് സംസ്ഥാന നേതൃത്വത്തോടൊപ്പം കോട്ടയം ജില്ലാ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു കളഞ്ഞു. ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിൽ പോകും എന്ന പ്രചരണം കോൺഗ്രസിന് വേണ്ടി നടത്തിയ ജോസഫ് വിഭാഗം ചെന്നിത്തലയ്ക്കും, ഉമ്മൻ ചാണ്ടിക്കും, മുല്ലപ്പള്ളിക്കും മുൻപിൽ തന്നെ തങ്ങൾ ഇടതുപക്ഷത്തു പോകും എന്ന ഭീഷണി കോൺഗ്രസ് നേതാക്കളെ അസ്വസ്തരാക്കി.

പാർട്ടി ഭരണഘടനയുടെ വിവിധ വകുപ്പുകളെപ്പറ്റി വിശദമായി പറയാൻ പോലും ജോസഫിനായില്ല. പാർട്ടി ചെയർമാനാണ് എല്ലാ അധികാരങ്ങളും തനിക്കു മാത്രം ആയതിനാൽ താൻ പറുന്നതേ പാർട്ടിയിൽ നടക്കു എന്നുള്ള വാശിയിലായിരുന്നു ജോസഫ്. പാതിരായോട് കൂടിയാണ് ജോസ് കെ മാണിയുടെമായി യുഡിഎഫ് സംസ്ഥാന നേതൃത്വം ചർച്ച ആരംഭിച്ചത്. പാർട്ടി ഭരണഘടനയുടെ അടിസ്ഥാനത്തിൽ കേരളാ കോൺഗ്രസ് പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസത്തിൽ കോൺഗ്രസ് ഇടപെടേണ്ടതില്ലെന്നും പാർട്ടി ചെയർമാനെ സംബന്ധിച്ച കേസ് ഇന്ന് ഇടുക്കി കോടതി വാദി കേൾക്കുന്നതിനാൽ ജോസഫ് വിഭാഗത്തിന്റെ വാദങ്ങളൊക്കെ പിന്നീട് പരിഗണിക്കേണ്ട കാര്യങ്ങളാണെന്നുമുള്ള നിലപാടിലായിരുന്നു ജോസ് കെ മാണി.

കേരളാ കോൺഗ്രസ് (എം) പാർട്ടിയുടെ ഭരണഘടന ആർക്കും വേണമെങ്കിലും പഠിക്കാമെന്നും വേണമെങ്കിൽ ഏത് അഭിഭാഷകരെയും നിയമോപദേശം കോൺഗ്രസിന് തേടാമെന്നും അങ്ങനെ ചെയ്താൽ തങ്ങൾ പറയുന്നതാണ് ശരി എന്ന് പകൽപോലെ വ്യക്തമാകുമെന്നും ജോസ് കെ മാണി കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. പാർട്ടി ഭരണഘടന പ്രകാരം സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി അധികാരപ്പെടുത്തിയ പാർട്ടി ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റിനാണ് ത്രിതല പഞ്ചായത്തുകളിൽ വിപ്പ് നൽകാനുള്ള അധികാരം എന്ന് ജോസ് കെ മാണി വ്യക്തമാക്കി. ഭരണഘടന പ്രകാരം ജോസ് കെ മാണി ഗ്രൂപ്പിന്റെ നിലപാടാണ് ശരി എന്ന് വ്യക്തമായപ്പോൾ ഇനിയും കാലം രണ്ട് ടേമായി രണ്ടുകൂട്ടരും വീതിച്ചെടുക്കണമെന്നായി കോൺഗ്രസ് നേതൃത്വം അത് തങ്ങളുടെ പാർട്ടിയുടെ ആഭ്യന്തരകാര്യമാണെന്നും ജോസ് കെ മാണി പറഞ്ഞു. പാർട്ടി ചെയർമാനെ സംബന്ധിച്ച നിയമപ്രശ്നങ്ങൾ എത്രയും പെട്ടെന്ന് തീരുമെന്നതിനാൽ 'ടേം' ചർച്ചയ്ക്ക് പ്രസക്തിയില്ലെന്നും ജോസ് കെ മാണി വിഭാഗം പ്രതികരിച്ചു.

ചർച്ചയിൽ തീരുമാനമാകാതെ വന്നപ്പോൾ ജോസ് കെ മാണി മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ ബന്ധപ്പെട്ട് കാര്യങ്ങൾ വിശദമാക്കിക്കൊടുത്തു. ഇതോടെ ജോസ് കെ മാണിക്ക് വേണ്ടി കുഞ്ഞാലിക്കുട്ടി അരയും തലയും മുറുക്കി ഇറങ്ങുകയായിരുന്നു. കോട്ടയത്തെ കോൺഗ്രസ് നേതാക്കന്മാരുമായി അടക്കം ചർച്ചകൾ നടത്തുകയും കാര്യങ്ങൾ ബോധിപ്പിക്കുകയും ചെയ്തത് കുഞ്ഞാലിക്കുട്ടിയായിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും കോൺഗ്രസ് വിട്ടു നിന്നു അധികാരം ഇടതുമുന്നണിയുടെ കൈകളിലെത്തുന്ന സാഹചര്യം ഉണ്ടാകരുതെന്നും കർശനമായി കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

രണ്ടുകൂട്ടർക്കും രണ്ട് ടേം നൽകുന്ന കാര്യം കോൺഗ്രസ് നേതാക്കൾ കുഞ്ഞാലിക്കുട്ടിക്ക് മുൻപിൽ വച്ചെങ്കിലും അത് പിന്നീട് പരിഗണിക്കാമെന്നും പാർട്ടി ചെയർമാൻ കേസിൽ തീരുമാനമുണ്ടായ ശേഷം വരുന്ന സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ അപ്പോൾ ചർച്ച നടത്തി തീരുമാനിക്കാമെന്നുമുള്ള നിർദ്ദേശമാണ് കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്ത് നിന്നുണ്ടായത്. അതേസമയം തനിക്കെതിരെ വിമാനത്തിനുള്ളിലുണ്ടായ സ്ത്രീപീഡനക്കേസിലെ ഗൂഢാലോചന നടത്തിയത് പി സി ജോർജ് ആണെന്ന് ആരോപിച്ച പി ജെ ജോസഫ് ഇന്നെല അതേ പി സി ജോർജിന്റെ പിന്തുണ അഭ്യർത്ഥിച്ചതും കൗതുകമുണർത്തിയ കാര്യമായി മാറി. പി സി ജോർജിന്റെ അടുത്ത സുഹൃത്തായിരുന്ന ജോയി എബ്രഹാം വഴി മോൻസ് ജോസഫിനായിരുന്നു ജോർജിന്റെ പിന്തുണ തേടിയത്. ജോസഫിന്റെ സ്ഥാനാർത്ഥിക്ക് ജോർജ് പിന്തുണ പ്രഖ്യാപിച്ചത് ഉമ്മൻ ചാണ്ടിക്കും തിരുവഞ്ചൂരിനും തിരിച്ചടിയായി.

ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേയ്ക്കെന്ന കുപ്രചരണം സോഷ്യൽമീഡിയ വഴി അഴിച്ചുവിട്ട ജോസഫ് വിഭാഗം തന്നെ കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ തങ്ങൾ ഇടത് മുന്നണിയിൽ പോകും എന്ന ഭീഷണി കോട്ടയത്തെ കോൺഗ്രസ് നേതാക്കളെ ശരിക്കും വെട്ടിലാക്കിയിരുന്നു. പാർട്ടി ഭരണഘടനയുടെ 16-ാംവകുപ്പ് 10-ാം ഉപവകുപ്പ് പ്രകാരം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി ജില്ലാകമ്മിറ്റികൾക്കും അതിന്റെ പ്രസിഡന്റിനും നൽകിയ ത്രിതല പഞ്ചായത്തിലെ വിപ്പ് അവകാശം പാർട്ടി ചെയർമാനെന്ന നിലയിൽ പി ജെ ജോസഫിന്റെ അധികാരത്തിൽ പെട്ടതല്ലെന്നും വ്യക്തമാക്കുന്നു. പാർട്ടിയുടെ 16-ാം വകുപ്പ് പ്രകാരം സംസ്ഥാന കമ്മിറ്റിക്കാണ് പരമാധികാരം. സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റിക്കുമുണ്ട് അധികാരം.

നാളിതുവരെ പാർട്ടി ചെയർമാനായിരുന്ന കെ എം മാണി എന്ന വടവൃക്ഷത്തിന് മുന്നിൽ പാർട്ടിഭരണഘടന ഒന്നും വിലപ്പോയിരുന്നില്ല. ഇപ്പോൾ മാണിയുടെ അഭാവത്തിൽ അധികാരത്തെ സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് കേരളാ കോൺഗ്രസ് (എം) ചെയർമാൻ എന്നാൽ അധികാരമില്ലാത്ത സ്ഥാനമാണെന്നു വ്യക്തമാകുന്നത്. അതിനിടെ വലിയ വാഗ്ദാനങ്ങൾ നൽകി ജോസ് കെ മാണി പക്ഷത്ത് നിന്നും മോൻസ് ജോസഫിനോട് അടുപ്പമുള്ള ഒരു വമ്പൻ പൊതുമരാമത്ത് കോൺട്രാക്ടർ വഴി ജോസഫ് പക്ഷത്തെത്തിയ അജിത് മുതിരമലയും വെട്ടിലായിരുന്നു. അജിതിന്റെ വാർഡിൽ ജോസഫ് വിഭാഗക്കാരെ ഇല്ല. ഇതോടെ പ്രസിഡന്റ് ആക്കാമെന്ന വാഗ്ദാനം നൽകി മോൻസും കൂട്ടരും ചതിച്ചെന്ന ആക്ഷേപവും അജിത്തിനുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ജോസ് കെ മാണി പക്ഷത്തേയ്ക്ക് തന്നെ ചായാനാണ് അജിത്തിന്റെ തീരുമാനമെന്നും അറിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP