Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മറുകണ്ടം ചാടിയതോടെ പി.കെ.രാഗേഷ് വീണ്ടും ശത്രുവായി; കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ നിന്നും സ്ഥലം മാറ്റം; പുതിയ ജോലിസ്ഥലം 45 കിലോമീറ്റർ അകലെ പേരാവൂർ ബ്രാഞ്ചിൽ; രാഗേഷിനെ പാഠം പഠിപ്പിക്കാൻ സിപിഎം തീരുമാനിച്ചത് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ചതോടെ; ഡപ്യൂട്ടി മേയർക്കെതിരായ അവിശ്വാസപ്രമേയം പാസാക്കാനും കരുനീക്കം തുടരുന്നു

മറുകണ്ടം ചാടിയതോടെ പി.കെ.രാഗേഷ് വീണ്ടും ശത്രുവായി; കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ നിന്നും സ്ഥലം മാറ്റം; പുതിയ ജോലിസ്ഥലം 45 കിലോമീറ്റർ അകലെ പേരാവൂർ ബ്രാഞ്ചിൽ; രാഗേഷിനെ പാഠം പഠിപ്പിക്കാൻ സിപിഎം തീരുമാനിച്ചത് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ചതോടെ; ഡപ്യൂട്ടി മേയർക്കെതിരായ അവിശ്വാസപ്രമേയം പാസാക്കാനും കരുനീക്കം തുടരുന്നു

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ പി.കെ.രാഗേഷിനെ കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ നിന്നും സ്ഥലം മാറ്റി. സിപിഎം. നിയന്ത്രണത്തിലുള്ള ജില്ലാ സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിൽ അക്കൗണ്ടന്റായി ജോലി നോക്കി വരികയായിരുന്നു രാഗേഷ്. കണ്ണൂരിൽ നിന്നും 45 കിലോ മീറ്റർ ദൂരമുള്ള പേരാവൂർ ബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയത്. കണ്ണൂർ കോർപ്പറേഷനിൽ സിപിഎം. ന് പ്രഥമ മേയറെ സംഭാവന ചെയ്യുന്നതിൽ മുഖ്യപങ്ക് വഹിച്ച പി.കെ. രാഗേഷ് ഡപ്യൂട്ടി മേയറാണ്. ഇക്കഴിഞ്ഞ 17 ാം തീയ്യതി മേയർ ഇ.പി. ലതക്കെതിരെ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ പിൻതുണച്ച് എൽ.ഡി.എഫിന്റെ നാല് വർഷത്തെ ഭരണത്തിന് അറുതി വരുത്തിയത് രാഗേഷിന്റെ പിൻതുണയായിരുന്നു.

ഇതിനുള്ള തിരിച്ചടിയായിട്ടായിരുന്നു രാഗേഷിനെ കണ്ണൂരിൽ നിന്നും സ്ഥലം മാറ്റിയതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കോൺഗ്രസ്സ് നേതാവ് കെ.സുധാകരനുമായി അകന്നിരുന്ന രാഗേഷ് പള്ളിക്കുന്നിലെ പഞ്ഞിക്കാ വാർഡിൽ നിന്നും കോൺഗ്രസ്സ് വിമതനായി മത്സരിച്ചാണ് 2015 ൽ കൗൺസിലറായത്. രാഗേഷിന്റെ ഒറ്റവോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എൽ.ഡി.എഫിന് ഇത്രയും കാലം കോർപ്പറേഷൻ ഭരണം കയ്യാളാനായത്. എൽ.ഡി.എഫ് മേയറെ സ്ഥാന ഭ്രഷ്ടയാക്കിയതോടെ രാഗേഷിനെതിരെ അവിശ്വാസ പ്രമേയത്തിന് എൽ.ഡി.എഫ് നോട്ടീസ് നൽകിയിട്ടുണ്ട്.

ഓഗസ്റ്റ് 31ന് രാവിലെ 9നു നടക്കുന്ന അവിശ്വാസ പ്രമേയം സംബന്ധിച്ച കൗൺസിൽ യോഗത്തിൽ നാടകീയ നീക്കങ്ങളുണ്ടാവുമെന്ന ആകാംക്ഷ തുടരുകയാണ്. അവിശ്വാസ പ്രമേയത്തിൽ തങ്ങൾക്ക് അനുകൂലമായി യു.ഡി.എഫ് അംഗങ്ങളിൽ നിന്നു തന്നെ വോട്ട് ലഭിക്കുമെന്നാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. പ്രമേയം പാസായാൽ രാഗേഷിനു കനത്ത തിരിച്ചടിയാവും. പ്രാദേശിക വിഷയങ്ങളുടെ പേരിൽ രാഗേഷിനോട് എതിർപ്പുള്ള കൗൺസിലർമാർ, പ്രത്യേകിച്ച് ലീഗ് പ്രതിനിധികൾ തിരിച്ചടിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

രാഗേഷ് കോൺഗ്രസിലേക്ക് തിരിച്ചുവരുന്നതിൽ പാർട്ടിയിലും ചിലർക്ക് എതിർപ്പുണ്ട്. സിപിഐയുടെ വെള്ളോറ രാജനെയാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് എൽ.ഡി.എഫ് കൊണ്ടുവരികയെന്നാണ് സൂചന. ആകെയുള്ള 55 കൗൺസിലർമാരിൽ ഇരുമുന്നണികൾക്കും 27 വീതം സീറ്റുകൾ ലഭിക്കുകയും കോൺഗ്രസ് വിമതനായി ജയിച്ച പി.കെ രാഗേഷ് നിർണായകമാവുകയുമായിരുന്നു. നിലവിൽ രാഗേഷ് ഉൾപ്പെടെ 28 അംഗങ്ങളുടെ പിന്തുണ യു.ഡി.എഫിനുണ്ട്. എന്നാൽ, ഒരംഗം മരണപ്പെട്ടതിനാൽ എൽ.ഡി.എഫിന് 26 കൗൺസിലർമാരുടെ പിന്തുണയാണുള്ളത്. പി.കെ രാഗേഷ് പിന്തുണച്ചതിനാൽ രണ്ടു വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മേയർക്കെതിരായ അവിശ്വാസം പാസായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP