Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാഗേഷിനെതിരായ അവിശ്വാസ പ്രമേയം നാളെ ചർച്ചക്കെടുക്കും; പ്രശ്‌ന സാധ്യത മുന്നിൽ കണ്ട് അവിശ്വാസ ചർച്ചായോഗവും കനത്ത പൊലീസ് കാവലിൽ; രാഗേഷിനെ യുഡിഎഫിലെ എല്ലാവരും പിൻതുണക്കില്ലെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; ആരെങ്കിലും മാറി ചിന്തിച്ചാൽ രാഗേഷിന്റെ ഡപ്യൂട്ടി മേയർ പദവി ത്രിശങ്കുവിലാകും

കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാഗേഷിനെതിരായ അവിശ്വാസ പ്രമേയം നാളെ ചർച്ചക്കെടുക്കും; പ്രശ്‌ന സാധ്യത മുന്നിൽ കണ്ട് അവിശ്വാസ ചർച്ചായോഗവും കനത്ത പൊലീസ് കാവലിൽ; രാഗേഷിനെ യുഡിഎഫിലെ എല്ലാവരും പിൻതുണക്കില്ലെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; ആരെങ്കിലും മാറി ചിന്തിച്ചാൽ രാഗേഷിന്റെ ഡപ്യൂട്ടി മേയർ പദവി ത്രിശങ്കുവിലാകും

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർക്കെതിരായ അവിശ്വാസ ചർച്ചായോഗവും കനത്ത പൊലീസ് കാവലിലാകും. നാളെയാണ് അവിശ്വാസ പ്രമേയ ചർച്ച ചെയ്യാൻ പ്രത്യേക യോഗം നടക്കുന്നത്. ഡപ്യൂട്ടിമേയർ കോൺഗ്രസ്സ് വിമതനായ പി.കെ. രാഗേഷ് എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിന് പിൻതുണ നൽകിയതോടെയാണ് ഡപ്യൂട്ടി മേയർക്കെതിരെ എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. അവിശ്വാസ പ്രമേയ ചർച്ചയിൽ കൗൺസിലർമാർക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ നിർദേശവുമുണ്ട്.

ഇടതുപക്ഷത്തെ സ്വതന്ത്ര അംഗം പി.കെ. അഷ്റഫ് നൽകിയ ഹരജിയിലാണ് കോടതിയുടെ നിർദ്ദേശം. ഡപ്യൂട്ടി മേയർ പി.കെ. രാഗേഷ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.ഒ. മോഹനൻ എന്നിവരിൽ നിന്നും ഭീഷണിയുള്ളതായി കാണിച്ചാണ് അഷ്റഫ് കോടതിയെ സമീപിച്ചത്. ഡപ്യൂട്ടി മേയർക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകിയതു മുതൽ തനിക്ക് ഭീഷണിയുള്ളതായി പരാതിയിൽ പറഞ്ഞിട്ടുണ്ട്. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നാണ് ഭീഷണിയെന്നും പറയുന്നു. ഹരജിക്കാരനും മറ്റ് കൗൺസിലർമാർക്കും ചർച്ചയിൽ പങ്കെടുക്കാനും ആവശ്യമായ സുരക്ഷ ഒരുക്കാനും ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

നാളെ രാവിലെ 9 മണി മുതലാണ് ഡപ്യൂട്ടി മേയർക്കെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ച ചെയ്യാൻ കൗൺലസിലിന്റെ പ്രത്യേക യോഗം വിളിച്ചു ചേർത്തിട്ടുള്ളത്. നേരത്തെ മേയർക്കെതിരെയുള്ള അവിിശ്വാസ പ്രമേയ ചർച്ചയും യു.ഡി.എഫ് , എൽ.ഡി.എഫ് അംഗങ്ങൾ തമ്മിലുള്ള വാഗ്വാദത്തിനും വെല്ലുവിളിക്കും ഇടയാക്കിയിരുന്നു. പി.കെ. രാഗേഷിനെ യു.ഡി.എഫിലെ എല്ലാവരും പിൻതുണക്കില്ലെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. ആരെങ്കിലും മാറി ചിന്തിച്ചാൽ രാഗേഷിന്റെ ഡപ്യൂട്ടി മേയർ പദവി ത്രിശങ്കുവിലാകും.

നിലവിൽ മുസ്ലിം ലീഗിലെ ഒരു വിഭാഗം ജില്ലാ ലീഗ് നേതൃത്വത്തോട് നീരസം പുലർത്തുന്നവരാണ്. പള്ളിക്കുന്നിലെ മൂുസ്ലീം ലീഗ് കൗൺസിലറിൽ എൽ.ഡി. എഫിന് പ്രതീക്ഷ നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും എൽ.ഡി.എഫിലെ ഒരു കൗൺസിലർ മരണമടഞ്ഞത് സിപിഎം. ന്റെ ഡപ്യൂട്ടി മേയർ സ്വപ്നത്തിന് തടസ്സമാണ്. യു.ഡി.എഫിൽ നിന്നും രണ്ട് പേരെങ്കിലും മാറി ചിന്തിച്ചാൽ മാത്രമേ രാഗേഷിനെ തോൽപ്പിക്കാൻ കഴിയൂ. അതിനുള്ള സാധ്യത നിലവിൽ കാണുന്നില്ല. എൽ.ഡി.എഫിനെ കണ്ണൂർ കോർപ്പറേഷൻ ഭരണത്തിൽ നിന്നും മാറ്റിയതിനുള്ള വിരോധം രാഗേഷിനെതിരെ സജീവമായി നിൽക്കുന്നുണ്ട്. കഴിഞ്ഞ നാല് വർഷത്തെ എൽ.ഡി.എഫ് ഭരണത്തിന്റെ ഗുണഭോക്താവാണ് രാഗേഷെന്ന് എൽ.ഡി.എഫ് ഉയർത്തിക്കാട്ടുന്നു.

സ്വതന്ത്രനായി മത്സരിച്ച് ജയിച്ച രാഗേഷ് ഭരണത്തിൽ പങ്കാളിയാവുകയും പദവിയും ആനുകൂല്യവും പറ്റിയെന്നുമാണ് എൽഡി.എഫിന്റെ ആരോപണം. എൽഡി.എഫിലെ 27 അംഗങ്ങളുടെ പിൻതുണയിലാണ് ഡപ്യൂട്ടി മേയർ എന്ന പദവി രാഗേഷിന് ലഭിച്ചത്. അദ്ദേഹം തീർത്തും അധാർമ്മികതയാണ് കാണിച്ചതെന്നും എൽ.ഡി.എഫ് ആരോപിക്കുന്നു. എന്നാൽ രാഗേഷ് പ്രതികരിക്കുന്നത് ഇങ്ങിനെ. ഒരിക്കലും നഗരസഭ ഭരിക്കാത്ത സിപിഎം. ന് തന്റെ ഔദാര്യത്തിലാണ് നാല് വർഷക്കാലം മേയർ സ്ഥാനത്ത് ഇരിക്കാൻ കഴിഞ്ഞതെന്നും അക്കാര്യം അവർ മറക്കരുതെന്നും രാഗേഷ് പറയുന്നു.

എന്നാൽ രാഗേഷ് യു.ഡി.എഫിന്റെ ഡപ്യൂട്ടി മേയർ ആകുന്നതിൽ വിയോജിപ്പുണ്ടെന്നാണ് എൽ.ഡി.എഫ് പറയുന്നത് . ഇരു പക്ഷത്തുമുള്ള കൗൺസിലർമാരെ ഉറപ്പിച്ച് നിർത്താൻ ഇരുമുന്നണികളും അവസാന വട്ട ഒരുക്കത്തിലാണ്. വോട്ട് നിലയിൽ 28 അംഗങ്ങളുള്ള യു.ഡി.എഫിന് തന്നെയാണ് ഭൂരിപക്ഷമുള്ളതെങ്കിലും ഡപ്യൂട്ടി മേയർ സ്ഥാനം രാഗേഷിൽ നിന്നും തട്ടപ്പറിക്കാൻ എൽ.ഡി.എഫ് അവസാന ശ്രമം നടത്തുകയാണ്. സിപിഐയിലെ വെള്ളോറ രാജനാണ് എൽ.ഡി.എഫിന്റെ ഡപ്യൂട്ടി മേയർ സ്ഥാനാർത്ഥി. കനത്ത സുരക്ഷ സംവിധാനം ഒരുക്കിയാണ് നാളത്തെ കൗൺസിൽ യോഗം നടക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP