Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പി എസ് ശ്രീധരൻ പിള്ളയെ ബിജെപി സംസ്ഥാന പ്രസിഡന്റായി നിയമിച്ചു കേന്ദ്ര നേതൃത്വം; അധ്യക്ഷ പദവിയിൽ പിള്ളയ്ക്ക് രണ്ടാമൂഴം ലഭിച്ചത് മുരളീധരൻ -കൃഷ്ണദാസ് പക്ഷങ്ങൾ തമ്മിലുള്ള തമ്മിലടി കനത്തപ്പോൾ; വി മുരളീധരന് ആന്ധ്രാപ്രദേശിന്റെ സംഘടനാ ചുമതല നൽകി അമിത് ഷായുടെ വെടിനിർത്തൽ തന്ത്രം; കുമ്മനത്തെ മിസോറാം ഗവർണറാക്കിയതോടെ മൂന്ന് മാസത്തോളം നാഥനില്ലാതിരുന്ന ബിജെപിക്ക് ഒടുവിൽ നാഥനായി; ലോക്‌സഭാ തെരഞ്ഞെടുപ്പിന് പാർട്ടിയെയും മുന്നണിയെയും സജ്ജമാക്കുക പിള്ളക്ക് മുമ്പിലെ പ്രധാന വെല്ലുവിളി

പി എസ് ശ്രീധരൻ പിള്ളയെ ബിജെപി സംസ്ഥാന പ്രസിഡന്റായി നിയമിച്ചു കേന്ദ്ര നേതൃത്വം; അധ്യക്ഷ പദവിയിൽ പിള്ളയ്ക്ക് രണ്ടാമൂഴം ലഭിച്ചത് മുരളീധരൻ -കൃഷ്ണദാസ് പക്ഷങ്ങൾ തമ്മിലുള്ള തമ്മിലടി കനത്തപ്പോൾ; വി മുരളീധരന് ആന്ധ്രാപ്രദേശിന്റെ സംഘടനാ ചുമതല നൽകി അമിത് ഷായുടെ വെടിനിർത്തൽ തന്ത്രം; കുമ്മനത്തെ മിസോറാം ഗവർണറാക്കിയതോടെ മൂന്ന് മാസത്തോളം നാഥനില്ലാതിരുന്ന ബിജെപിക്ക് ഒടുവിൽ നാഥനായി; ലോക്‌സഭാ തെരഞ്ഞെടുപ്പിന് പാർട്ടിയെയും മുന്നണിയെയും സജ്ജമാക്കുക പിള്ളക്ക് മുമ്പിലെ പ്രധാന വെല്ലുവിളി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അഡ്വ. പി എസ് ശ്രീധരൻ പിള്ളയെ ബിജെപി കേരള സംസ്ഥാനത്തിന്റെ അധ്യക്ഷനായി നിയമിച്ചു. ബിജെപി കേന്ദ്ര നേതൃത്വമാണ് ശ്രീധരൻ പിള്ളയെ നിയമിച്ചത്. വി മുരളീധരൻ- പികെ കൃഷ്ണദാസ് പക്ഷങ്ങൾ തമ്മിലുള്ള ശീതയുദ്ധത്തിന് ഒടുവിൽ സമവായ സ്ഥാനാർത്ഥിയായാണ് പിള്ളയെ അധ്യക്ഷനാക്കി നിയമിച്ചത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പു വരെ ശ്രീധരൻ പിള്ള അധ്യക്ഷ സ്ഥാനത്തു തുടരും. ആർഎസ്എസിന്റെ കൂടി നിലപാടിന്റെ ഭാഗമായാണ് പിള്ളയുടെ നിയമനം. അതേസമയം വി മുരളീധൻ എംപിക്ക് ആന്ധ്രാപ്രദേശിന്റെ അധിക ചുമതലയും നൽകിയും സംസ്ഥാന നേതൃത്വത്തിലെ വെടിനിർത്തലിന് അമിത് ഷാ ശ്രമം നടത്തി.

കെ. സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന വി. മുരളീധരപക്ഷത്തിന്റെ നീക്കം തള്ളിയാണ് ശ്രീധരൻ പിള്ളയെ അധ്യക്ഷനാക്കി നിയമിച്ചത്. ഗ്രൂപ്പുകൾക്ക് അതീതനായ വ്യക്തിയാകണം പാർട്ടിയെ നയിക്കേണ്ടത് എന്ന തീരുമാനമാണ് പിള്ളയ്ക്ക് അനുകൂലമായി മാറിയത്. ഇത് രണ്ടാം തവണയാണ് പിള്ള ബിജെപി സംസ്ഥാന അധ്യക്ഷനാകുന്നത്. ശ്രീധരൻ പിള്ള ഡൽഹിയിൽ ദേശീയ സംഘടനാ സെക്രട്ടറി രാംലാലുമായി ചർച്ച നടത്തിയിരുന്നു. പിള്ള അധ്യക്ഷനാകാൻ സമ്മതം അറിയിച്ചതോടെ പിന്നാലെ അദ്ദേഹത്തെ നിയമിച്ചു കൊണ്ട് ഉത്തരവും പുറത്തിറങ്ങി.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് കുമ്മനം രാജശേഖരനെ കേരളത്തിലേക്കു തിരികെ കൊണ്ടുവരുമെന്ന സൂചനയുമുണ്ട്. നിലവിൽ മിസോറം ഗവർണറുടെ ചുമതല വഹിക്കുകയാണ് കുമ്മനം. ഇദ്ദേഹത്തെ തിരികെ രാഷ്ട്രീയത്തിലേക്കു കൊണ്ടുവരുമെന്നാണ് സൂചന. കുമ്മനത്തെ തിരികെക്കൊണ്ടുവന്ന് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ മൽസരിപ്പിക്കണമെന്ന ആവശ്യം ആർഎസ്എസും ഉന്നയിച്ചിരുന്നു. കുമ്മനം മൽസരിച്ചാൽ ജയസാധ്യത കൂടുതലാണെന്നാണ് പൊതുവിലയിരുത്തൽ.

മാത്രമല്ല, ഗ്രൂപ്പുകൾക്കതീതനായ പി.എസ്. ശ്രീധരൻപിള്ളയ്ക്കു ചുമതല നൽകുന്നതിൽ ആർഎസ്എസിനും അനുകൂല നിലപാടാണ്. ആർഎസ്എസ് നേതാക്കളിൽ ആരെയെങ്കിലും അധ്യക്ഷസ്ഥാനത്തേക്കു കെട്ടിയിറക്കാനുള്ള സാധ്യതയില്ല. കെ. സുരേന്ദ്രനുവേണ്ടി മുരളീധര പക്ഷവും എം ടി. രമേശിനുവേണ്ടി കൃഷ്ണദാസ് പക്ഷവും നിലപാടു കടുപ്പിച്ചതോടെയാണ് അധ്യക്ഷപദത്തിലെ അന്തിമ തീരുമാനം അനിശ്ചിതത്വത്തിലായിരുന്നത്. സുരേന്ദ്രനെ അധ്യക്ഷനാക്കുന്നതിൽ ആർഎസ്എസും എതിർപ്പറിയിച്ചിരുന്നു. എം ടി. രമേശിനെ അധ്യക്ഷനായി തീരുമാനിച്ചാൽ സഹകരിക്കില്ലെന്നു മറുപക്ഷവും നിലപാടെടുത്തിരുന്നു. സമവായ നീക്കവുമായി അമിത് ഷാ കേരളത്തിലെത്തിയെങ്കിലും തീരുമാനമെടുക്കാൻ കഴിയാതെ മടങ്ങുകയായിരുന്നു.

കുമ്മനം രാജശേഖരൻ സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞു രണ്ടുമാസം കഴിഞ്ഞിട്ടും പുതിയ അധ്യക്ഷനെ തീരുമാനിക്കാൻ പാർട്ടി ദേശീയ നേതൃത്വത്തിനു കഴിയാതിരുന്നതു വൻ വിമർശനമുണ്ടാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ രണ്ടാം ഘട്ടം തുടങ്ങേണ്ടതിനാൽ അടിയന്തരമായി സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കണമെന്നായിരുന്നു ബിജെപിയുടെ കേരള ഘടകത്തിന്റെ ആവശ്യം. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായിരുന്നു ശ്രീധരൻ പിള്ള.

ബിഡിജെഎസുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് എൻ എസ് എസിനെ അടുപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നീക്കം കൂടിയാണ് ഈ നീക്കം. ഇതിനൊപ്പം വെള്ളാപ്പള്ളി നടേശനുമായും ശ്രീധരൻ പിള്ളയ്ക്ക് സൗഹൃദമുണ്ട്. ഇതുപയോഗിച്ച് ബിഡിജെസിനെ വീണ്ടും ബിജെപിയോട് അടുപ്പിക്കാനും നീക്കം നടത്തും. പാർട്ടിയിൽ നിന്ന് അകന്നു നിൽക്കുന്ന പിപി മുകുന്ദൻ ഉൾപ്പെടെയുള്ളവരെ സജീവമാക്കി ബിജെപിയെ ശക്തമാക്കാനും നീക്കമുണ്ട്. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദവലയവും എല്ലാ ഗ്രൂപ്പുകൾക്കും പൊതുസമ്മതൻ എന്നതുമാണു ശ്രീധരൻപിള്ളയെ പ്രസിഡന്റാക്കാൻ കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിച്ചത്.

എൻ.ഡി.എയിൽ ഇടഞ്ഞുനിൽക്കുന്ന ബി.ഡി.ജെ.എസുമായി പിള്ളയ്ക്കുള്ള അടുത്തബന്ധവും അനുകൂലഘടകമായി. ഇതിനൊപ്പം എൻ എസ് എസുമായുള്ള സൗഹൃദവും ഗുണകരമായി മാറി. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി ശ്രീധരൻ പിള്ളയ്ക്ക് അടുത്ത ബന്ധമാണുള്ളത്. എൻ എസ് എസിന്റെ കേസുകളും ശ്രീധരൻ പിള്ള വാദിക്കുന്നുണ്ട്. ക്രൈസ്തവ സഭകളും മുസ്ലിം സംഘടനകളുമായും ശ്രീധരൻ പിള്ളയ്ക്ക് വ്യക്തി ബന്ധമുണ്ട്. കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാരുമായും അടുപ്പം സൂക്ഷിക്കുന്നതും ശ്രീധരൻ പിള്ളയ്ക്ക് തുണയായി. എൻഡിഎയെ ശക്തിപ്പെടുത്താൻ പൊതു സമ്മതനായ ശ്രീധരൻ പിള്ളയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.

2003-2006-ലാണ് ഇതിനുമുമ്പ് ശ്രീധരൻപിള്ള സംസ്ഥാന പ്രസിഡന്റായിരുന്നത്. ഇത്തവണ പ്രസിഡന്റാകാൻ മറ്റു പല പേരുകളും ഉയർന്നുവന്നെങ്കിലും ഗ്രൂപ്പുകളിലൊന്നുമില്ലാത്ത ശ്രീധരൻപിള്ള അവസാനഘട്ടത്തിൽ മുന്നിൽ എന്നാണു സൂചന. കുമ്മനം രാജശേഖരൻ പ്രസിഡന്റ് പദവി ഒഴിഞ്ഞു മൂന്ന് മാസത്തോളമായിട്ടും പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ കഴിയാത്തത് കനത്ത തിരിച്ചടിയായും വിലയിരുത്തപ്പെട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ രണ്ടാംഘട്ടത്തിന്റെ മുന്നോടിയായാണ് പുതിയ അധ്യക്ഷൻ എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP