Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി അതെല്ലാം മറന്നേക്കും..! പൊന്നാനിയിലെ തോൽവി മുന്നിൽകണ്ട് നിലപാടിൽ മലക്കംമറിഞ്ഞു പി വി അൻവർ; പൊന്നാനിയിൽ തോറ്റാൽ നിലമ്പൂരിൽ രാജിവെക്കില്ലെന്നും, അങ്ങിനെ ആരും മനപ്പായസം ഉണ്ണേണ്ടെന്നും എൽഡിഎഫ് സ്ഥാനാർത്ഥി; എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് പറഞ്ഞത് തെരഞ്ഞെടുപ്പ് ആവേശമായി കണ്ടാൽ മതിയെന്ന് പറഞ്ഞ് തടിയെടുക്കൽ; അൻവറിനായി പാർട്ടിയിലെ ഒരു വിഭാഗം പ്രചരണത്തിനിറങ്ങിയില്ലെന്നും പരാതി

ഇനി അതെല്ലാം മറന്നേക്കും..! പൊന്നാനിയിലെ തോൽവി മുന്നിൽകണ്ട് നിലപാടിൽ മലക്കംമറിഞ്ഞു പി വി അൻവർ; പൊന്നാനിയിൽ തോറ്റാൽ നിലമ്പൂരിൽ രാജിവെക്കില്ലെന്നും, അങ്ങിനെ ആരും മനപ്പായസം ഉണ്ണേണ്ടെന്നും എൽഡിഎഫ് സ്ഥാനാർത്ഥി; എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് പറഞ്ഞത് തെരഞ്ഞെടുപ്പ് ആവേശമായി കണ്ടാൽ മതിയെന്ന് പറഞ്ഞ് തടിയെടുക്കൽ; അൻവറിനായി പാർട്ടിയിലെ ഒരു വിഭാഗം പ്രചരണത്തിനിറങ്ങിയില്ലെന്നും പരാതി

ജംഷാദ് മലപ്പുറം

മലപ്പുറം: നിലപാടിൽ മലക്കംമറിഞ്ഞ് നിലമ്പൂർ എംഎ‍ൽഎയും പൊന്നാനി ലോകസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ പി.വി.അൻവർ, പൊന്നാനിയിൽ താൻപരാജയപ്പെട്ടാലും, വിജയിച്ചാലും നിലമ്പൂരിലെ എംഎ‍ൽഎസ്ഥാനം രാജിവെക്കുമെന്നും, പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും മാധ്യമങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ച അൻവറാണ് ഈനിലപാടിൽനിന്ന് മലക്കംമറിഞ്ഞത്.  നിലമ്പൂരിലെ വോട്ടർമാരോട് തനിക്ക് കടപ്പാടുണ്ടെന്നും, അതിനാൽ നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവക്കുമെന്ന് ആരും മനപ്പായസമുണ്ണേണ്ടെന്നുമാണ് നിലവിൽ അൻവർ പറയുന്നത്. പൊന്നാനിയിലെ തോൽവി മുന്നിൽ കണ്ടാണ് റിസൾട്ട് വരുന്നതിന് മുമ്പുതന്നെ ഇത്തരത്തിൽ നിലപാട് മാറ്റിയതെന്നാണ് സൂചന.

പൊന്നാനിയിൽ താൻ അട്ടിമറി വിജയംനേടുമെന്ന് 100ശതമാനം ഉറപ്പാണെന്നും ഇല്ലെങ്കിൽ പൊതുപ്രവർത്തനം നിർത്തുമെന്നുമാണ് അൻവർ ആദ്യം തൃത്താലയിൽ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ പ്രസംഗിച്ചത്. തുടർന്ന് പിറ്റേദിവസം ഇതെ കുറിച്ചു മാധ്യമങ്ങൾ ചോദിച്ചപ്പോൾ താൻ പരാജയപ്പെട്ടാലും, വിജയിച്ചാലും നിലമ്പൂരിലെ എംഎ‍ൽഎ സ്ഥാനം രാജിവെക്കുമെന്നും പ്രഖ്യാപിച്ചു. ഈ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും അൻവർ തീർത്ത് പറഞ്ഞിരുന്നു. അങ്ങിനെയെങ്കിൽ പാർട്ടി രാജിവെക്കുന്നത് എതിർത്താലോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അങ്ങിനെയെങ്കിൽ പാർട്ടിയോട് തനിക്കും ചിലത് പറയാനുണ്ടാകുമെന്നാണ് അൻവർ മറുപടി നൽകിയത്. അതോടൊപ്പംതന്നെ താങ്കൾ നിലമ്പൂരിൽനിന്നും രാജിവച്ചാൽ അവിടെ താങ്കളെ വിജയിപ്പിച്ച ജനങ്ങളോടുള്ള വഞ്ചനയല്ലെ എന്ന ചോദ്യത്തിന് അദ്ദേഹം അന്ന് മറുപടി നൽകിയിരുന്നു. ഇത് എന്റെ തീരുമാനമാണെന്നും ഇതിൽ മാറ്റമുണ്ടാകില്ലെന്നും പറഞ്ഞ അൻവറാണ് നിലവിൽ നിലപാട് മാറ്റ് രംഗത്തുവന്നിട്ടുള്ളത്.

അതേ സമയം അൻവർ ഇത്തരത്തിൽ നടത്തിയ പ്രസ്താവനകൾക്കെതിരെ പാർട്ടിക്കുള്ളിൽ വലിയൊരു വിഭാഗത്തിന് എതർപ്പും, അമർശവും ഉയർന്നിരുന്നു, ഇതു സംബന്ധിച്ചു അൻവറിൻെ സ്ഥാനാർത്ഥിയാക്കാൻ മൂൻകൈ എടുത്ത എൽ.ഡി.എഫ് കൺവീനർ വിജയരാഘവനും മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ അൻവറിനോട് പരസ്യമായ ചോദ്യംചെയ്യുകയും ചെയ്തിരുന്നു, എന്നാൽ പാർട്ടിയിലെ ഒരു വിഭാഗം തനിക്കുവേണ്ടി മണ്ഡലത്തിൽ പ്രചരണത്തിൽ സജീവമായില്ലെന്ന പരാതിയാണ് അൻവർ പാർട്ടിക്കു മുന്നിൽവെച്ചത്. അതോടൊപ്പം പ്രചരണത്തിനുള്ള ഫണ്ടു സംബന്ധിച്ചും അൻവറും, പാർട്ടിയും തമ്മിൽ ചില തർക്കങ്ങളുണ്ടായതായും ആരോപണമുയർന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അൻവർ എൽ.ഡി.എഫ് വിടുമെന്ന അഭ്യൂഹങ്ങളും ഇതിനോടകം പ്രചരിച്ചിരുന്നു.

അൻവറിന്റെ നിലമ്പൂരിലെ രാജിപ്രഖ്യാപനത്തിനെതിരെ സിപിഎം നേതൃത്വത്തിൽ അതൃപ്തിയുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിക്കേണ്ടെന്ന് കരുതിയാണ് ഇതിനെതിരെ പ്രതികരിക്കാതിരുന്നത്. അൻവർ പാർട്ടികളുടെ നിലപാടുമായി യോജിച്ചുപോകുന്ന വ്യക്തിയല്ലെന്നും കച്ചവട മനസ്സുമായാണ് അൻവർ തെരഞ്ഞെടുപ്പ് പ്രചരണത്തെയും കാണുന്നതെന്ന് ചില നേതാക്കൾ പരാതിപ്പെട്ടിരുന്നു. എന്നാൽ നിലമ്പൂരിൽ യു.ഡി.എഫ് കോട്ട പിടിച്ചടക്കിയ അൻവർ ഏതെങ്കിലും വിധേന പൊന്നാനി പിടിച്ചടക്കുമോ എന്നുകാണാൻവേണ്ടിയാണ് പ്രചരണങ്ങൾക്ക് അൻവറിന്റെ ഇഷ്ടങ്ങൾക്കെതിരെ പാർട്ടി മുഖം തിരിക്കാതിരുന്നത്.

എന്നാൽ സിപിഎമ്മുമായി അകൽച്ചയിലാണന്നും മുന്നണി വിടാൻ സാധ്യതയുണ്ടെന്നുമുള്ള അഭ്യൂഹങ്ങൾ അസംബന്ധമാണെന്നും തന്നെ മൽസരിപ്പിച്ച് എംഎൽഎ ആക്കിയത് സിപിഎം ആണെന്നും, എക്കാലവും സിപിഎം സഹയാത്രികനായിരിക്കുമെന്നുമാണ് അൻവർ ഇതിനോട് പ്രതികരിച്ചത്. അൻവർ പൊ്ന്നാനിയിൽ പരാജയപ്പെടുമെന്ന സൂചനകളാണ് പാർട്ടി കണക്കെടുപ്പിൽ ലഭിച്ചതെന്നാണ് സൂചനയെങ്കിലും 3000മുതൽ പതിനായിരംവരെ വരുന്ന ഭൂരിപക്ഷത്തിന് ജയിക്കുമെന്ന അവകാശ വാദംതന്നെയാണ് എൽ.ഡി.എഫും അൻവറും ഇപ്പോഴും അവകാശപ്പെടുന്നത്. എന്നാൽ ഇത്തവ ഭൂരിപക്ഷം വർധിക്കുമെന്നും ്, 40,000 മുതൽ 80,000വരെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നുമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി.മുഹമ്മദ് ബഷീർ എംപിയും, നേതൃത്വവും കണക്ക് കൂട്ടുന്നത്. പൊന്നാനിയിൽ ലോകസഭാ മണ്ഡലത്തിൽപോളിങ് 75.37 ശതമാനമായി ഉയർന്നിരുന്നു.

പൊന്നാനി ലോകസഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലെ രണ്ടു മണ്ഡലങ്ങളായ കോട്ടയ്ക്കലിൽനിന്നും, തിരൂരങ്ങാടിയിൽനിന്നുമാണ് 30,000ത്തോളം ഭൂരിപക്ഷം ലഭിക്കുമെന്ന് യു.ഡി.എഫ് കണക്ക് കൂട്ടുന്നത്. മറ്റു മണ്ഡലങ്ങളായ തിരൂർ, താനൂർ, തൃത്താല മണ്ഡലങ്ങളിൽനിന്നും പതിനായിരംമുതൽ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു. പൊന്നാനിയിലും മുമ്പിലെത്തുമെന്ന് പ്രതീക്ഷയുണ്ട്, തവനൂരിൽ എൽ.ഡി.എഫിന് മൂൻതൂക്കമുണ്ടാകാനുള്ള സാധ്യതയും കണക്ക് കൂട്ടുന്നു. എന്നാൽ കോട്ടയ്ക്കലും, തിരൂരങ്ങാടിയും ഒഴിച്ചുള്ള മറ്റു മണ്ഡലങ്ങളിൽനിന്നെല്ലാം താന്മുന്നിട്ടുനിൽക്കുമെന്നാണ് അൻവറിന്റെ അവകാശവാദം, അടിയൊഴുക്കുകൾ ഉണ്ടാകുമെന്നും കാലങ്ങളായ യു.ഡി.എഫിനൊപ്പം നിന്ന വോട്ടുകൾ ഇത്തവണ എൽ.ഡി.എഫിന് ലഭിച്ചിട്ടുണ്ടെന്നുമാണ് അൻവറിന്റെ അവകാശ വാദം. അതേ സമയം മുൻതവണത്തേക്കാൾ കൂടുതൽ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും, എസ്.ഡി.പി.ഐയും.

യു.ഡി.എഫ് സ്ഥാനാർത്ഥിയായ മുസ്ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ മണ്ഡലത്തിൽ ഹാട്രിക് പ്രതീക്ഷിച്ചാണ് മത്സരിക്കുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥിയായി ബിജെപി സംസ്ഥാന സമിതിയംഗം പ്രഫ.വി.ടി.രമയും, എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അഡ്വ. കെ.സി. നസീറും, പി.ഡി.പി.സ്ഥാനാർത്ഥി പൂന്തുറ സിറാജുംമാണ് മത്സരിച്ച മറ്റു സ്ഥാനാർത്ഥികൾ, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇ.ടി.മുഹമ്മദ് ബഷീർ ഇടതുസ്വതന്ത്രൻ വി.അബ്്ദുറഹ്മാനെ തോൽപ്പിച്ചത് 25410 വോട്ടുകൾക്കാണ്. മൊത്തം പോൾ ചെയ്ത വോട്ടുകളുടെ 43.4 ശതമാനം വോട്ടുകൾ ബഷീറിനു ലഭിച്ചപ്പോൾ വി.അബ്്ദുറഹ്്മാനു 40.5 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥിയായിരുന്ന നാരായണൻ മാസ്റ്റർക്ക് ആകട്ടെ 8.6 ശതമാനം വോട്ടുകളായിരുന്നു ലഭിച്ചത്.

മണ്ഡലത്തിലെ പരമ്പരാഗത യു.ഡി.എഫ് വോട്ടുകളിൽ തന്നെയാണ് ഇത്തവണയും ഇ.ടി. മുഹമ്മദ്ബഷീറിന്റെ പ്രതീക്ഷ. തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ നിയമസഭാ മണ്ഡലങ്ങളിലാണ് കഴിഞ്ഞ തവണ യു.ഡി.എഫിനു ലീഡുള്ളത്. തിരൂരങ്ങാടിയിൽ നിന്നു മാത്രം 23367 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. താനൂരിൽ 6220, തിരൂരിൽ 7245, കോട്ടയ്ക്കലിൽ 11881 എന്നിങ്ങനെയായിരുന്നു യു.ഡി.എഫിന്റെ ഭൂരിപക്ഷം. ഇത്തവണ ഈ ഭൂരിപക്ഷത്തിൽ വർധനവുണ്ടാക്കുകയും മറ്റു മൂന്നു മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിന്റെ വോട്ടുകൾ കുറക്കുകയും ചെയ്യാനാണ് യു.ഡി.എഫ് ലക്ഷ്യംവെക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP