Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്തെ ബിജെപിയുടെ ഏക നഗരസഭാ ഭരണത്തിന് 5ാം തീയ്യതി അവസാനമാകും; പാലക്കാട് നഗരസഭയിൽ യുഡിഎഫിന്റെ അവിശ്വാസത്തിന് സിപിഎം പിന്തുണ നൽകിയേക്കും; ബിജെപിയെ താഴെയിറക്കാൻ സിപിഎമ്മുമായി സഹകരിക്കാൻ തയ്യാറാണെന്ന് കെപിസിസി പ്രസിഡണ്ട്

സംസ്ഥാനത്തെ ബിജെപിയുടെ ഏക നഗരസഭാ ഭരണത്തിന് 5ാം തീയ്യതി അവസാനമാകും; പാലക്കാട് നഗരസഭയിൽ യുഡിഎഫിന്റെ അവിശ്വാസത്തിന് സിപിഎം പിന്തുണ നൽകിയേക്കും; ബിജെപിയെ താഴെയിറക്കാൻ സിപിഎമ്മുമായി സഹകരിക്കാൻ തയ്യാറാണെന്ന് കെപിസിസി പ്രസിഡണ്ട്

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: പാലക്കാട് നഗരസഭയിലെ ബിജെപിയുടെ ഭരണത്തിന് വരുന്ന അഞ്ചാം തീയ്യതിയോട് കൂടി അവസാനമാകും. സംസ്ഥാനത്ത് ബിജെപിക്ക് ഭരണമുള്ള ഏക നഗരസഭയാണ് പാലക്കാട്. സംസ്ഥാന ചരിത്രത്തിൽ തന്നെ ബിജെപിക്ക് ഭരണം ലഭിച്ച ആദ്യ നഗരസഭയും പാലക്കാട് തന്നെ. കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടുപോലും യുഡിഎഫിന്റെയും സിപിഎമ്മിന്റെയും ഐക്യമില്ലായ്മ കാരണമാണ് പാലക്കാട് നഗരസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി അധികാരത്തിലെത്തിയത്.

എന്നാൽ ഇപ്പോൾ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിന് സിപിഎമ്മിന്റെ പിന്തുണ ഉറപ്പാക്കിയതോടെ ബിജെപിക്ക് ഭരണം നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. ഈ മാസം 5ന് യുഡിഎഫിന്റെ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കുന്നതോടെ പാലക്കാട് നഗരസഭയിലെ ബിജെപിയുടെ ഭരണത്തിന് അവസാനമാകുമെന്നാണ് കണക്കുകൂട്ടലുകൾ. നേരത്തെ ഇത്തരത്തിൽ 5 സ്ഥിരം സമിതി അദ്ധ്യക്ഷന്മാർക്കെതിരെ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസത്തിൽ നാലെണ്ണവും സിപിഎമ്മിന്റെ പിന്തുണയോട് കൂടി വിജയിച്ചിരുന്നു.

മാത്രവുമല്ല പാലക്കാട് നഗരസഭയിൽ ബിജെപിയെ താഴെയിറക്കാൻ സിപിഎമ്മുമായി എന്ത് വിട്ടുവീഴ്ചക്കും സഹകരണത്തിനും തങ്ങൾ തയ്യാറാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പാലക്കാട് വെച്ച് കഴിഞ്ഞ ദിവസം നടന്ന ഇന്ദിരാഗാന്ധി അനുസ്മരണ പരിപാടിക്കിടെ ജില്ലയിലെ നേതാക്കളുമായി സംസാരിച്ചിരുന്നു. മുല്ലപ്പള്ളിയിൽ നിന്ന് ഉറപ്പു ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക നേതൃത്വം സിപിഎമ്മുമായി ചർച്ച നടത്തിയതായാണ് വിവരം. 5ാം തീയ്യതി നഗരസഭാ ചെയർപേഴ്സണെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കുമ്പോൾ സിപിഎമ്മിന്റെ പിന്തുണ മുൻകൂട്ടി ഉറപ്പിച്ചിട്ടുമുണ്ട്.

52 അംഗ പാലക്കാട് നഗരസഭാ കൗൺസിലിൽ 24 അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ ഇത് കേവലഭൂരിപക്ഷമല്ലതാനും. കോൺഗ്രസിന് 13, ലീഗിന് 4, വെൽഫയർപാർട്ടിക്ക് 1, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് യുഡിഎഫ് അനുകൂല കക്ഷികളുടെ എണ്ണം. ഇതോടൊപ്പം 9 അംഗങ്ങളുള്ള സിപിഎമ്മിന്റെ കൂടി പിന്തുണ ഉറപ്പാക്കിയ സാഹചര്യത്തിൽ ബിജെപിയെ അട്ടിമറിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പാലക്കാട്ടെ യുഡിഎഫ് നേതൃത്വം. കേരളത്തിലെ മറ്റ് നഗരസഭകളെ അപേക്ഷിച്ച് ബിജെപിക്ക് ഏറെ വേരോട്ടമുള്ള സ്ഥലമാണ് പാലക്കാട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം അത് പ്രതിഫലിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാറിന്റെ സഹായത്തോടെ പല പദ്ധതികളും കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊന്നും നടപ്പിലാക്കാനുമായിട്ടില്ല. ബിജെപി സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടുന്ന നഗരസഭകൂടിയാണ് പാലക്കാട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്ന നഗരസഭയിലെ വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാറിന്റെ ആനുകൂല്യം കൂടി പ്രയോജനപ്പെടുത്തുമെന്ന് ബിജെപി നേതാക്കൾ പ്രഖ്യാപിച്ചിരുന്നത്. വ്യക്തമായ ഭൂരിപക്ഷമില്ലാത്തതും സ്ഥിരം സമിതി അദ്ധ്യക്ഷന്മാരില്ലാത്തതും നഗരസഭയിലെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചതായി ബിജെപി നേതൃത്വം തന്നെ വിലയിരുത്തിയിരുന്നു.

ഇതോടൊപ്പം ഉയർന്നുവന്ന നിരവധി അഴിമതിയാരോപണങ്ങളും ബിജെപിക്ക് സംസ്ഥാനത്ത് ലഭിച്ച ഏക നഗരസഭാ ഭരണത്തിന്റെ ശോഭകെടുത്തി. ഈ സാഹചര്യത്തിലാണ് സിപിഎം പിന്തുണയോട് കൂടി ബിജെപിയെ ഭരണത്തിൽ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങൾക്ക് യുഡിഎഫ് നേതൃത്വം നൽകിയിരിക്കുന്നത്. അഞ്ചാം തീയ്യതി അവിശ്വാസ പ്രമേയ ചർച്ചക്കെടുക്കുമ്പോൾ ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് പാലക്കാട്ടെ കോൺഗ്രസ് നേതൃത്വം.

അതേ സമയം മുസ്ലിം ലീഗ് പിന്തുണയോടെയുള്ള സ്വതന്ത്ര അംഗത്തിന് വോട്ട് ചെയ്യാനാകുമോ എന്നാ കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്. ഇയാൾക്കെതിരെ കോടതി വിധിയുള്ളതിനാലാണിത്. എന്നിരുന്നാലും കണക്കുകൾ പ്രകാരം ബിജെപിയൊഴികെയുള്ള കക്ഷികൾ ഒരുമിച്ച് നിന്നാൽ തന്നെ അവിശ്വാസ പ്രമേയം വിജയിപ്പിച്ചെടുക്കാനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP