Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സെക്രട്ടറി സ്ഥാനത്തുനിന്ന് സ്ഥാനമൊഴിയുന്ന പന്ന്യന്റെ മറുപടി പ്രസംഗം വികാരാധീനമായി; പുതിയ സംസ്ഥാന നേതാവിനെ നാളെ അറിയാം

സെക്രട്ടറി സ്ഥാനത്തുനിന്ന് സ്ഥാനമൊഴിയുന്ന പന്ന്യന്റെ മറുപടി പ്രസംഗം വികാരാധീനമായി; പുതിയ സംസ്ഥാന നേതാവിനെ നാളെ അറിയാം

കോട്ടയം: പൊതു ചർച്ചയ്ക്കു മറുപടി പറയവെ സിപിഐ സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ വികാരാധീനനായി. തനിക്ക് ഒരിക്കലും മുൻ സെക്രട്ടറിമാരായ പി കെ വാസുദേവൻ നായർ, വെളിയം ഭാർഗവൻ, സി കെ ചന്ദ്രപ്പൻ എന്നിവരെപ്പോലെ പാർട്ടിയെ നയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മറുപടി പ്രസംഗത്തിൽ പന്ന്യൻ പറഞ്ഞു.

അതേസമയം സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയെ നാളെ അറിയാം. കാനം രാജേന്ദ്രൻ- കെ ഇ ഇസ്മയിൽ പക്ഷങ്ങൾ തങ്ങളുടെ നേതാവു തന്നെ സെക്രട്ടറിയാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ്.

മഹാന്മാരായിരുന്നു മുൻ സെക്രട്ടറിമാരെന്നു പന്ന്യൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. പി കെ വി, വെളിയം, സി കെ ചന്ദ്രപ്പൻ എന്നിവരെ പോലെ പാർട്ടിയെ നയിക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ല. താൻ എത്ര ശ്രമിച്ചാലും അവരെ പോലെ ആകാൻ കഴിയുമെന്ന് കരുതുന്നില്ല. പി കെ വിയും വെളിയവും ചന്ദ്രപ്പനുമൊക്കെ പാർട്ടിയെ നയിച്ചത് കണ്ടാൽ ആരും അത്ഭുതപ്പെടും. അത് ഒരു കഴിവായിരുന്നു. നേതൃത്വപാടവമായിരുന്നു. എന്നാൽ എനിക്ക് അതുപോലെ പാർട്ടിയെ നയിക്കാൻ കഴിഞ്ഞില്ല.

പരിമിതികൾക്കുള്ളിൽ നിന്നാണ് ഞാൻ പ്രവർത്തിച്ചത്. അപ്പോഴും എന്നിലെ ഏറ്റവും മികച്ചത് പാർട്ടിക്ക് നൽകാൻ ഞാൻ ശ്രമിച്ചു. എന്നാൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ബലി കഴിക്കുകയോ ആരുടേയും മുന്നിൽ അടിയറ വയ്ക്കുകയോ ചെയ്തിട്ടില്ല. സാധാരണ കുടുംബത്തിൽ നിന്നാണ് താൻ പാർട്ടിയിലേക്ക് എത്തിയത്. സിപിഐയെ പോലുള്ള പാർട്ടിയുടെ സെക്രട്ടറിയാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും പന്ന്യൻ പറഞ്ഞു.

ഫുട്‌ബോൾ കമന്ററിയിലും മുടിയിലുമാണ് ശ്രദ്ധയെന്ന വിമർശനം തന്നെ വേദനിപ്പിച്ചതായും പന്ന്യൻ പറഞ്ഞു. വിമർശനങ്ങളെ തുറന്ന മനസോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, കാനം- ഇസ്മയിൽ ചേരികൾ സെക്രട്ടറി പദത്തിനായി അണിയറയിൽ ചരടുവലികൾ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലുണ്ടായില്ലെങ്കിൽ മത്സരത്തിലേക്ക് വഴിമാറാമെന്ന സൂചനയാണ് സമ്മേളനം നൽകുന്നത്. സെക്രട്ടറി സ്ഥാനത്തേക്ക് കാനം രാജേന്ദ്രന്റെ പേരിന് അടുത്തദിവസം വരെ മുൻതൂക്കം കല്പിച്ചിരുന്നെങ്കിലും അവസാനനിമിഷമാണ് ഇസ്മായിൽപക്ഷം കരുനീക്കങ്ങൾ ആരംഭിച്ചത്.

പുതിയ സംസ്ഥാന കൗൺസിലിനെയും സെക്രട്ടറിയെയും നാളെയാണ് തെരഞ്ഞെടുക്കുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകൾ ഒപ്പമുണ്ടെന്നാണ് ഇസ്മയിൽ പക്ഷത്തിന്റെ അവകാശവാദം. വയനാട് ജില്ല കേന്ദ്രനേതൃത്വം കൈക്കൊള്ളുന്ന നിലപാടിനൊപ്പം നിൽക്കുമെന്നും ബാക്കി ആറ് ജില്ലകളേ മറുചേരിക്കൊപ്പമുള്ളൂ എന്നും ഇവർ പറയുന്നു. എന്നാൽ തിരുവനന്തപുരവും ആലപ്പുഴയും പകുതിയോളം പേർ തങ്ങൾക്കൊപ്പമാണെന്ന് കാനംപക്ഷം വാദിക്കുന്നു. എഐടിയുസി പിന്തുണയും തങ്ങൾക്കൊപ്പമാണെന്നാണ് ഇവരുടെ വാദം.

സംസ്ഥാന കൗൺസിൽ അംഗത്വത്തിലേക്ക് ജില്ലകൾക്ക് നിശ്ചയിച്ച ക്വോട്ടകളിൽ ഇരുപക്ഷവും തങ്ങളുടെ ആളുകളെ തിരുകിക്കയറ്റാൻ മത്സരിക്കുമെന്നുറപ്പാണ്. ഇതിനെ ആശ്രയിച്ചാകും സെക്രട്ടറി തിരഞ്ഞെടുപ്പും. നാളെ ഉച്ചയോടെ തിരഞ്ഞെടുപ്പ് പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP