Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വന്തം ഗ്രൂപ്പുകാരിയെ കോൺഗ്രസുമായി ചേർന്ന് പഞ്ചായത്ത് പ്രസിഡന്റാക്കാൻ വിപ്പ് നൽകാതെ സിപിഎം നേതൃത്വം; ജില്ലാ സെക്രട്ടറിയേറ്റംഗത്തിന്റെ സഹോദരനെ വൈസ് പ്രസിഡന്റാക്കാൻ വിപ്പു നൽകുകയും ചെയ്തു; പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തോറ്റു; അടൂർ ഏറത്ത് പഞ്ചായത്തിൽ ഭൂരിപക്ഷമുണ്ടായിട്ടും സിപിഎമ്മിന് ഭരണ നഷ്ടം; രണ്ടു ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ വടംവലിയിൽ നാണം കെട്ടത് പാർട്ടി

സ്വന്തം ഗ്രൂപ്പുകാരിയെ കോൺഗ്രസുമായി ചേർന്ന് പഞ്ചായത്ത് പ്രസിഡന്റാക്കാൻ വിപ്പ് നൽകാതെ സിപിഎം നേതൃത്വം; ജില്ലാ സെക്രട്ടറിയേറ്റംഗത്തിന്റെ സഹോദരനെ വൈസ് പ്രസിഡന്റാക്കാൻ വിപ്പു നൽകുകയും ചെയ്തു; പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തോറ്റു; അടൂർ ഏറത്ത് പഞ്ചായത്തിൽ ഭൂരിപക്ഷമുണ്ടായിട്ടും സിപിഎമ്മിന് ഭരണ നഷ്ടം; രണ്ടു ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ വടംവലിയിൽ നാണം കെട്ടത് പാർട്ടി

ശ്രീലാൽ വാസുദേവൻ

അടൂർ: രണ്ടു സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ തമ്മിലുള്ള വടം വലിയിൽ പാർട്ടിക്ക് നഷ്ടമായത് പഞ്ചായത്ത് ഭരണം. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പിബി ഹർഷകുമാറും ടിഡി ബൈജുവും തമ്മിലുള്ള വിഭാഗീയതയെ തുടർന്ന് ഏറത്ത് പഞ്ചായത്ത് ഭരണമാണ് ഭൂരിപക്ഷമുണ്ടായിട്ടും സിപിഎമ്മിനു നഷ്ടമായത്. സിപിഎം വിമത കോൺഗ്രസ് സഹായത്തോടെ പ്രസിഡന്റും കോൺഗ്രസുകാരൻ സിപിഎം വിമതരുടെ പിന്തുണയോടെ വൈസ് പ്രസിഡന്റുമായി.

സ്വന്തം പക്ഷക്കാരിയായ സിപിഎം വിമതയെ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിപ്പിച്ചെടുക്കാൻ ടിഡി ബൈജുവിനായി. എന്നാൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വന്തം സഹോദരനെ വിജയിപ്പിച്ചെടുക്കാനുള്ള ബൈജുവിന്റെ നീക്കം തിരിച്ചടിക്കുകയും ചെയ്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് നൽകിയിരുന്നില്ല. എന്നാൽ, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നൽകുകയും ചെയ്തു. സിപിഎം വിമതരിലൊരാൾ വിപ്പ് കൈപ്പറ്റി. മറ്റൊരാൾ കൈപ്പറ്റിയതുമില്ല.

ഇന്നലെ രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം വിമത ഷൈലാ റെജിയാണ് പ്രസിഡന്റായത്. കോൺഗ്രസിലെ ഷൈലേന്ദ്രനാഥ് വൈസ് പ്രസിഡന്റുമായി. ഏഴിനെതിരേ ഒമ്പതു വോട്ടുകൾക്കാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്തിലെ കക്ഷി നില: ആകെ സീറ്റ്-17. എൽഡിഎഫ്-ഒമ്പത് (സിപിഎം-എട്ട്, സിപിഐ-ഒന്ന്), യുഡിഎഫ്-ഏഴ്, ബിജെപി-ഒന്ന്.

സിപിഎം ഭരണം കൈയാളിയിരുന്ന പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം വീതം വയ്ക്കാമെന്ന് ധാരണയുണ്ടായിരുന്നു. ആദ്യ രണ്ടരവർഷം പ്രസന്ന വിജയകുമാറിന് നൽകി ശേഷിച്ച സമയം ഷൈല റെജിക്ക് എന്നായിരുന്നു കരാർ. കാലാവധി പൂർത്തിയാക്കിയിട്ടും പ്രസന്ന ഒഴിയാൻ തയാറാകാതെ വന്നതോടെ സിപിഎം അംഗങ്ങളായ ഷൈല റെജിയും ബാബു ചന്ദ്രനും യുഡിഎഫിനൊപ്പം ചേർന്ന് ഭരണസമിതിക്കെതിരേ അവിശ്വാസം കൊണ്ടു വന്നു. നവംബറിൽ സിപിഎം ഏരിയാ നേതൃത്വം പ്രസന്ന വിജയകുമാറിനോട് രാജി വയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും അവർ സ്ഥാനമൊഴിയാൻ തയാറാകാതിരുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിനെതിരെ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം രണ്ട് സിപിഎം അംഗങ്ങൾ പിന്തുണച്ചത്. അവിശ്വാസം ചർച്ചയ്ക്കെടുക്കുന്നതിന് മുൻപ് തന്നെ വൈസ് പ്രസിഡന്റ് ടിഡി സജി രാജി വച്ചു. പ്രസിഡന്റ് പ്രസന്ന അവിശ്വാസത്തിലുടെ പുറത്താവുകയും ചെയ്തു. ഇതിന് ശേഷം ഹർഷകുമാറിന്റെ നേതൃത്വത്തിൽ പാർട്ടി യോഗം ചേർന്ന് സരസ്വതിയെ അടുത്ത പ്രസിഡന്റാക്കണമെന്ന് തീരുമാനിച്ചു.

ഷൈല റെജിയുടെ പേര് പരാമർശിക്കുക പോലും ചെയ്തിരുന്നില്ല. എന്നാൽ, ഷൈലയെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാനും സഹോദരൻ സജിയെ വൈസ് പ്രസിഡന്റാക്കാനും തയ്യാറെടുത്തിരുന്ന ജില്ലാ സെക്രട്ടിയേറ്റ് അംഗം ടിഡി ബൈജു മറ്റൊരു കളിയാണ് നടത്തിയത്. കോൺഗ്രസിന്റെ പിന്തുണയോടെ ഷൈലയെ പ്രസിഡന്റും സിപിഎമ്മിലെ മറ്റ് അംഗങ്ങളുടെ പിന്തുണയോടെ സജിയെ വൈസ് പ്രസിഡന്റും ആക്കാനായിരുന്നു നീക്കം. ഇതിനുള്ള കരുക്കൾ നീങ്ങിയപ്പോഴാണ് വൈസ് പ്രസിഡന്റ് സ്ഥാനം തങ്ങൾക്ക് കിട്ടിയെങ്കിൽ മാത്രമേ ഷൈലയ്ക്കൊപ്പം നിൽക്കൂവെന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചത്. നാടകത്തിനുള്ളിലെ നാടകം മനസിലാക്കാൻ ബൈജുവും സജിയും വൈകി. ഇന്നലെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോറ്റപ്പോഴാണ് ഇരുവർക്കും കാര്യം പിടികിട്ടിയത്. ഇന്നലെ രാവിലെ 11 ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച സിപിഎം വിമത ഷൈലാ റെജിക്ക് ഒമ്പതും എൽഡിഎഫ് സ്ഥാനാർത്ഥി സരസ്വതിക്ക് ഏഴും വോട്ടുകൾ ലഭിച്ചു.

ഷൈലാ റെജിയുടെ പേര് കോൺഗ്രസിലെ ഷൈലേന്ദ്രനാഥ് നിർദ്ദേശിച്ചു. വത്സമ്മ സുകുമാരൻ പിന്തുണച്ചു. എൽഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി സരസ്വതിയുടെ പേര് സിപിഐയിലെ രാജേഷ് നിർദ്ദേശിക്കുകയും ടിഡി സജി പിന്താങ്ങുകയും ചെയ്തു. ബിജെപി അംഗം അജിത്ത് വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിപ്പ് നൽകാൻ തയാറാകാതിരുന്ന സിപിഎം നേതൃത്വം ഉച്ച കഴിഞ്ഞുള്ള വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വേണ്ടി അതു നൽകി. വിമത അംഗങ്ങളിൽ ഷൈല റെജി വിപ്പ് കൈപ്പറ്റിയില്ല. ബാബു ചന്ദ്രൻ കൈപ്പറ്റിയെങ്കിലും ലംഘിച്ചു. കോൺഗ്രസിലെ ഷൈലേന്ദ്രനാഥ് ഒമ്പത് വോട്ട് നേടി വിജയിച്ചു. സിപിഎമ്മിലെ ടിഡി സജിക്ക് ഏഴ് വോട്ട് ലഭിച്ചു. ഷൈലേന്ദ്ര നാഥിന്റെ പേര് ഷെല്ലി ജി ജോൺ നിർദ്ദേശിക്കുകയും ടിസി രാമൻ പിന്താങ്ങുകയും ചെയ്തു. ടിഡി സജിയുടെ പേര് ആർ സരസ്വതി നിർദ്ദേശിച്ചു. സുജാ സാനു പിന്താങ്ങി.

പത്തനംതിട്ട ജില്ലയുടെ ഭരണം കൈയാളുന്നത് സിപിഎം അടൂർ ഏരിയാ കമ്മറ്റിയിൽ നിന്നുള്ളവരാണ്. കെപി ഉദയഭാനുവാണ് സെക്രട്ടറി. പിബി ഹർഷകുമാറും ടിഡി ബൈജുവും സെക്രട്ടറിയേറ്റ് അംഗങ്ങളുമാണ്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ പരസ്പരമുള്ള പാര പണിയലിൽ അരമന രഹസ്യമെല്ലാം അങ്ങാടിപ്പാട്ടാണ്. വ്യാജരേഖ ചമച്ച് ജയസൂര്യ പ്രകാശ്, പ്രശാന്ത് എന്നിവർ കോടികൾ തട്ടിയ സംഭവത്തിൽ ഹർഷകുമാറിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമം നടന്നിരുന്നു. പുറത്തിറങ്ങിയ തട്ടിപ്പുകാർ വീണ്ടും പഴയ രീതിയിൽ തന്നെ വിലസാൻ തുടങ്ങിയിട്ടുണ്ട്. ഇവർ എന്തെങ്കിലും വെളിപ്പെടുത്തിയാൽ നേതാക്കളുടെ മുഖംമൂടി അഴിഞ്ഞു വീഴുമെന്ന ഭയവുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP