പത്തനംതിട്ടയിൽ സ്വന്തം ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിച്ച് പിജെ ഗ്രൂപ്പ്; മാണി പക്ഷത്തു നിന്ന് ചാടിയ വിക്ടർ ടി തോമസ് ജില്ലാ പ്രസിഡന്റ്; മുൻകാല മാണിഗ്രൂപ്പുകാരും ജോസഫിന്റെ യോഗത്തിൽ; ജോസ് കെ മാണി ആൾമാറാട്ടക്കാരനെന്ന് ആരോപിച്ച് പി ജെ ജോസഫ്
June 23, 2019 | 09:43 PM IST | Permalink

ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: കെഎം മാണിയുടെ അവസാനകാലത്താണ് അരുമ ശിഷ്യൻ വിക്ടർ ടി തോമസിനെ താഴെയിറക്കി എൻഎം രാജുവെന്ന പത്തുപുത്തനുള്ള വ്യവസായിയെ കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റാക്കിയത്. ഇതിന് പിന്നാലെ വലിയ ആരോപണങ്ങളും രാജുവിനെതിരേ ഉയർന്നു. വിക്ടർ ടി തോമസിന് ലക്ഷങ്ങൾ നൽകി രാജു പ്രസിഡന്റ് സ്ഥാനം വാങ്ങി എന്നതായിരുന്നു അതിലൊന്ന്. കോട്ടയത്ത് പാർട്ടി ജില്ലാ കമ്മറ്റി ഓഫീസിന് ലിഫ്ട് വച്ചു കൊടുത്തതിന്റെ ഉപകാരസ്മരണയാണ് പ്രസിഡന്റ് സ്ഥാനമെന്ന് മറ്റൊരു വാദഗതിയും ഉയർന്നു. എന്തായാലും ജോസഫ് എം പുതുശേരിയുടെ പിന്തുണയോടെ ആയിരുന്നു രാജുവിന്റെ വരവ്.
പ്രസിഡന്റ് കസേരയിൽ ഇരിപ്പുറപ്പിച്ച രാജു തന്റെ അടുത്ത ലക്ഷ്യം, പുതുശേരി നോക്കി വച്ചിരിക്കുന്ന റാന്നി സീറ്റാണെന്ന് അറിയിച്ചു. ഇതോടെ പുതുശേരി രാജുവിനെ കൈവിട്ടു. ലോക്സഭ തെരഞ്ഞെടുപ്പു കാലത്ത് രാജുവിന്റെ നേതൃത്വത്തിലായിരുന്നു പാർട്ടി. ഒരു പ്രവർത്തനവും നടന്നതുമില്ല. എന്നാലിതാ ഇപ്പോൾ പുതിയ സംഭവ വികാസങ്ങൾ ഉടലെടുത്തതോടെ കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ആയി വിക്ടർ ടി തോമസിനെ വീണ്ടും അവരോധിച്ചിരിക്കുന്നു.
ആക്ടിങ് ചെയർമാൻ പിജെ ജോസഫിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത ജില്ലാ കമ്മറ്റിയോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. എൻ ബാബു വർഗീസിനും ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനം തിരികെ കിട്ടി. ഇന്നലെ ചേർന്ന യോഗത്തിൽ പഴയ മാണിഗ്രൂപ്പുകാരിൽ ഏറെക്കുറെ മിക്കവരും പങ്കെടുത്തിരുന്നു.
മാണി ചോരയും നീരും നൽകി വളർത്തിയ കേരളാ കോൺഗ്രസിന്റെ പാരമ്പര്യം ജോസ് കെ മാണി അംഗീകരിക്കുന്നില്ലെന്ന് പിജെ ജോസഫ് തുറന്നടിച്ചു. ആൾമാറാട്ടം നടത്തിയാണ് ജോസ് കെ മാണി ജനറൽ ബോഡി വിളിച്ചു ചേർത്തത്. കേരളാ കോൺഗ്രസിന്റെ ഭരണഘടന അനുസരിച്ച് ചെയർമാന്റെ അസാന്നിധ്യത്തിൽ വർക്കിങ് ചെയർമാനാണ് ചുമതല.
കേരളാ കോൺഗ്രസിന്റ 25 ജനറൽ സെക്രട്ടറിമാരിൽ ഒരാൾ ഇല്ലാത്ത അധികാരമുപയോഗിച്ച് ആൾമാറാട്ടം നടത്തി വിളിച്ചു ചേർത്ത ഒരു ആൾക്കൂട്ടം മാത്രമാണ് കോട്ടയത്ത് നടന്ന പൊതുയോഗം. അധികാരമില്ലാത്ത ഒരാൾ വിളിച്ചു ചേർത്ത യോഗം കോടതി, വെന്റിലേറ്ററിൽ വച്ചിരിക്കുന്നതു പോലെ മരവിപ്പിച്ച് നിർത്തിയിരിക്കുകയാണെന്നും ജോസഫ് പറഞ്ഞു. 1984 ൽ താൻ പാർട്ടി ചെയർമാനും മാണി പാർലമെന്ററി പാർട്ടി നേതാവും ആയി ഇരുന്നിട്ടുള്ളത് ജോസ് കെ മാണിക്ക് ഓർമ്മയില്ലെന്നും ജോസഫ് പറഞ്ഞു.
sreelal@marunadanmalayali.com
