Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മുഖ്യമന്ത്രി അല്ലാത്ത പിണറായി വിജയൻ ഇന്ദ്രനെയോ ചന്ദ്രനെയോ ഭയപ്പെടാത്ത ആളാണ്, ഊരിപ്പിടിച്ച കത്തിക്കും വാളിനും ഇടയിലൂടെ താൻ നടന്നു പോയിട്ടുണ്ട്, അതുകൊണ്ട് വിരട്ടൊന്നും ഇങ്ങോട്ടു വേണ്ട'; ആർഎസ്എസ് എന്നും മതസൗഹാർദത്തിനു എതിരു നിൽക്കുന്ന സംഘടന'; സംഘപരിവാറിന് കടുത്ത ഭാഷയിൽ മറുപടി നൽകി പിണറായി; മംഗലാപുരത്തെ ചെങ്കടലാക്കി മതസൗഹാർദ റാലി

'മുഖ്യമന്ത്രി അല്ലാത്ത പിണറായി വിജയൻ ഇന്ദ്രനെയോ ചന്ദ്രനെയോ ഭയപ്പെടാത്ത ആളാണ്, ഊരിപ്പിടിച്ച കത്തിക്കും വാളിനും ഇടയിലൂടെ താൻ നടന്നു പോയിട്ടുണ്ട്, അതുകൊണ്ട് വിരട്ടൊന്നും ഇങ്ങോട്ടു വേണ്ട'; ആർഎസ്എസ് എന്നും മതസൗഹാർദത്തിനു എതിരു നിൽക്കുന്ന സംഘടന'; സംഘപരിവാറിന് കടുത്ത ഭാഷയിൽ മറുപടി നൽകി പിണറായി; മംഗലാപുരത്തെ ചെങ്കടലാക്കി മതസൗഹാർദ റാലി

മംഗളുരു: കർണാടകത്തിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന സംഘപരിവാർ ഭീഷണിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മംഗലാപുരത്ത് നടത്തിയ മതസൗഹാർദ്ദ റാലിയിൽ സംസാരിക്കവരേയാണ് മുഖ്യമന്ത്രി സംഘപരിവാറിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്. 'മുഖ്യമന്ത്രി അല്ലാത്ത പിണറായി വിജയൻ ഇന്ദ്രനെയോ ചന്ദ്രനെയോ ഭയപ്പെടാത്ത ആളാണ്, അതുകൊണ്ട് വിരട്ടൊന്നും ഇങ്ങോട്ടു വേണ്ട'ന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 

പൊലീസ് കാവൽ ഇല്ലാത്ത കാലത്ത് ആർഎസ്എസിനു തന്നെ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ലെന്നു പിണറായി പറഞ്ഞു. അക്കാലത്ത് നിങ്ങളുടെ ഊരിപ്പിടിച്ച കത്തിക്കും വാളിനും ഇടയിലൂടെ താൻ നടന്നു പോന്നിട്ടുണ്ട്. എങ്കിൽ പൊലീസ് കാവൽ ഉള്ള ഇപ്പോളും ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു. തന്നെ തടയുമെന്നു പ്രഖ്യാപിച്ച ആർഎസ്എസിനുള്ള മറുപടിയായാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. പൊതുസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഒരു ദിവസം ആകാശത്തുനിന്ന് പൊട്ടി വീണ ആളല്ല ഞാൻ. മുഖ്യമന്ത്രി ആയതു കൊണ്ടാണ് ഒരു സംസ്ഥാനത്ത് ചെല്ലുമ്പോൾ ആ സർക്കാർ പറയുന്ന കാര്യങ്ങൾ അനുസരിച്ചത്. അതുകൊണ്ടാണ് സർക്കാർ പോകരുതെന്നു പറഞ്ഞ സ്ഥലങ്ങളിൽ പോകാതിരുന്നതും. മുഖ്യമന്ത്രി അല്ലാത്ത പിണറായി വിജയൻ ആയിരുന്നെങ്കിൽ ഇന്നു താൻ എല്ലായിടത്തും എത്തിയേനെ. തടയാൻ നിങ്ങൾക്കാകുമായിരുന്നില്ലെന്നും പിണറായി കൂട്ടിച്ചേർത്തു. തനിക്കു സുരക്ഷ ഒരുക്കിയ കർണാടക സർക്കാരിനെ അഭിനനന്ദിക്കുന്നതായും പിണറായി പറഞ്ഞു.

താൻ കോളജ് പഠനം കഴിഞ്ഞിറങ്ങിയ കാലഘട്ടത്തെ ഓർമിപ്പിച്ചു കൊണ്ടാണ് പിണറായി ആർഎസ്എസിനു മറുപടി നൽകിയത്. ബ്രണ്ണൻ കോളജിൽ നിന്നു താൻ പഠനം കഴിഞ്ഞിറങ്ങിയ കാലം നിങ്ങൾ ഓർക്കണം. അന്ന് ആർഎസ്എസിന്റെ ഊരിപ്പിടിച്ച കത്തിക്കും വാളിനും ഇടയിലൂടെയാണ് താൻ അന്നു നടന്നു നീങ്ങിയത്. അന്ന് നിങ്ങൾക്ക് എന്നെ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ലെങ്കിൽ ഇപ്പോഴും ഒന്നും ചെയ്യാൻ സാധിക്കില്ല. ഇപ്പോൾ മുഖ്യമന്ത്രി അല്ലായിരുന്നെങ്കിലും തന്നെ ഒന്നും ചെയ്യാൻ സാധിക്കില്ലായിരുന്നെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.

പ്രസംഗത്തിൽ ഉടനീളം ആർഎസ്എസ് വിമർശനങ്ങൾ

പിണറായി വിജയന്റെ പ്രസംഗത്തിൽ ഉടനീളം കടുത്ത ഭാഷയിൽ ആർഎസ്എസിനെതിരെ വിമർശനം ഉയർത്തി. വർഗീയ വിദ്വേഷം വളർത്താനാണ് ആർഎസ്എസ് എല്ലാക്കാലത്തും ശ്രമിച്ചിരുന്നതെന്നും പിണറായി ആരോപിച്ചു. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ആർഎസ്എസിന്റെ നീക്കത്തിന് അനുസരിച്ചാണ് നീങ്ങുന്നത്. ഇന്ത്യൻ സ്വാതന്ത്രസമരകാലത്ത് സ്ഥാപിച്ചതാണെങ്കിലും സ്വാതന്ത്ര്യ സമരത്തിനു വേണ്ടി ഒന്നും ചെയ്യാത്ത സംഘടനയാണ് ആർഎസ്എസ്. സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച ചരിത്രമാണ് ആർഎസ്എസിന്റേത്. ബ്രിട്ടീഷുകാർ ഇന്ത്യയിൽ തുടരണമെന്ന നിലപാടാണ് അവർ സ്വീകരിച്ചിരുന്നത്.

രാജ്യത്തെ ഒന്നായിക്കാണാതെ ജനങ്ങളെ ഭിന്നിപ്പിക്കുക, വർഗീയമായി ചേരിതിരിക്കുക എന്നതാണ് ആർഎസ്എസ്സിന്റെ എപ്പോഴത്തെയും നയം. ആർഎസ്എസ് എന്ന സംഘടന രാജ്യത്തിന്റെ ഐക്യത്തിന് എതിരാണ്. എക്കാലത്തും ജനങ്ങളെ ഭിന്നിപ്പിക്കനാണ് അവർ ശ്രമിച്ചിരുന്നത്. എന്തിനാണ് മഹാത്മാ ഗാന്ധി കൊല ചെയ്യപ്പെട്ടത്. ഗാന്ധി ഏതെങ്കിലും ആർഎസ്എസുകാരനെ ഉപദ്രവിച്ചിട്ടില്ല. ഗാന്ധിജി കൊലചെയ്യപ്പെട്ടപ്പോൾ അന്ന് ആർഎസ്എസ് മധുരം വിതരണം ചെയ്തുവെന്നത് ഓർക്കേണ്ട കാര്യമാണ്. മുസോളിനിയുടെ ഫാസിസ്റ്റ് സംഘടനയുടെ രൂപമാണ് ആർഎസ്എസ്. ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം നാസിസമാണ് പിണറായി പറഞ്ഞു.

ക്രിസ്ത്യാനികളും മുസ്‌ലിംകളും കമ്മ്യൂണിസ്റ്റുകാരും ആഭ്യന്തര ശത്രുക്കളാണ് എന്ന നയമാണ് ആർഎസ്എസിന്റെത്. ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളിയ വർഗീയ കലാപങ്ങൾക്ക് നേതൃത്വം നൽകിയത് ആർഎസ്എസ് ആണ്. അതിനവർക്ക് പ്രത്യേകമായ പരിശീലന രീതികളുണ്ട്. ആർഎസ്എസ് മതനിരപേക്ഷതയ്ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. 1947 ജൂലൈ 17ന് അവരുടെ മുഖപത്രം ഓർഗനൈസർ നമ്മുടെ രാജ്യത്തിന്റെ ദേശീയ പതാകയെ കുറിച്ച് ഒരു മുഖപ്രസംഗം എഴുതിയിട്ടുണ്ട്. ഇതിൽ ഭാരതത്തിന്റേതായ അംശങ്ങൾ ഇല്ലെന്നായിരുന്നു വാദം. രാജ്യത്തിന്റെ പേര് ഇന്ത്യ എന്നു സ്വീകരിച്ചതിനെയും ആർഎസ്എസ് എതിർക്കുകയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങൾക്ക് പ്രിയപ്പെട്ടവരെ കൊലചെയ്യാൻ സംഘപരിവാർ തയാറാകുന്നു. കൽബുർഗി, ഗോവിന്ദ് പൻസാര നരേന്ദ്ര ധാബോൽക്കർ എന്നിവർ വധിക്കപ്പെട്ടത് ഇങ്ങനെയാണെന്നും പിണറായി തന്റെ പ്രസംഗത്ിൽ പറഞ്ഞു. ആർഎസ്എസ് നിലപാടിനു വിരുദ്ധമാണെങ്കിൽ രാജ്യത്തിന് പുറത്തു പോകൂവെന്നതാണ് അവരുടെ മറുപടി. ഈ രാജ്യം എല്ലാവരുടേതുമാണ്. ആർഎസ്എസിന് പ്രത്യേകിച്ച് അവകാശമെന്നും ഇല്ല. കലാകാരന്മാർക്കും എഴുത്തുകാർക്കും ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചെങ്കടലായി മംഗലാപുരം

തടയുമെന്ന സംഘപരിവാറിന്റെ ഭീഷണി തള്ളി മംഗലാപുരത്തെത്തിയ കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ഉജ്ജ്വല സ്വീകരമാണ് ഒരുക്കിയിരുന്നത്. പഴുതടച്ച സുരക്ഷ ഒരുക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്നിൽ നിന്നപ്പോൾ മംഗാലപുരത്തെ ചെങ്കടലാക്കിയ മതസൗഹാർദ്ദ റാലിയും നടന്നു. ആയിരക്കണക്കിന് പേർ റാലിയിൽ പങ്കെടുത്തു. നെഹ്‌റു മൈതാനത്താണ് പൊതുസമ്മേളനം നടന്നത്.

മംഗലാപുരത്ത് മുഖമന്ത്രി പിണറായി വിജയനെ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നു സംഘപരിവാർ ഭീഷണിപ്പെടുത്തിയിരുന്നു. ഈ ഭീഷണി തള്ളിക്കളഞ്ഞാണ് മുഖ്യമന്ത്രി മംഗലാപുരത്ത് എത്തിയത്. ഇന്നു രാവിലെ കന്നട ദിനപത്രമായ വാർത്തഭാരതിയുടെ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനവും പിണറായി നിർവഹിച്ചു. പരിപാടി അലങ്കോലപ്പെടുത്താൻ സംഘപരിവാറുകാർ വ്യാപക അക്രമവും അഴിച്ചുവിടുന്നുണ്ട്.

തൊക്കോട്ട് സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസിന് തീയിട്ട അക്രമികൾ നഗരത്തിലെ പ്രചരണബോർഡുകളും കൊടികളും നശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി കാസർകോട്ടുനിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിനുനേരെ കല്ലേറുമുണ്ടായി. സംഘപരിവാറിന്റെ അക്രമങ്ങൾക്കൊന്നും സിപിഐ എമ്മിനെ പിറകോട്ട് നയിക്കാൻ കഴിയില്ലെന്ന് ജി വി ശ്രീറാം റെഡ്ഡി പറഞ്ഞു. പിണറായിയെ തടയുകയെന്ന ലക്ഷ്യത്തോടെ ബന്ദിന് അഹ്വാനം ചെയ്ത സംഘപരിവാർ സംഘടനകൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ. ഇതൊന്നും വകവെക്കാതെയാണ് പിണറായി മംഗലാപുരത്തെത്തിയതും അണികളെ കൈയിലെടുത്തതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP