Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പൊലീസ് ആർഎസ്എസിന്റെ ഒറ്റുകാരായി എന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നാണ്... ശുദ്ധ കളവ് എന്ന് പറഞ്ഞാൽ ഇതിൽ പരം ഒരു കളവില്ല...ഇങ്ങനെയാണ് വാർത്തകൾ വരുന്ന ഒരുരീതി': പൊലീസിന്റെ നേട്ടങ്ങളും കോട്ടങ്ങളുമാണ് താൻ പറഞ്ഞത്; പൊലീസ് ആർഎസ്എസിന്റെ ഒറ്റുകാരാണെന്ന് ഈ നാട്ടിൽ ആരെങ്കിലും പറയുമോ? വലിയ തെറ്റിദ്ധാരണയാണ് അതുണ്ടാക്കിയതെന്നും ആരെയാണ് അത് ശക്തിപ്പെടുത്തുകയെന്നും ചോദിച്ച് മുഖ്യമന്ത്രി; മാധ്യമ വാർത്തകളുടെ പിന്നാലെ പോയാൽ വിഷമത്തിലാകുമെന്നും പിണറായി

'പൊലീസ് ആർഎസ്എസിന്റെ ഒറ്റുകാരായി എന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നാണ്... ശുദ്ധ കളവ് എന്ന് പറഞ്ഞാൽ ഇതിൽ പരം ഒരു കളവില്ല...ഇങ്ങനെയാണ് വാർത്തകൾ വരുന്ന ഒരുരീതി': പൊലീസിന്റെ നേട്ടങ്ങളും കോട്ടങ്ങളുമാണ് താൻ പറഞ്ഞത്; പൊലീസ് ആർഎസ്എസിന്റെ ഒറ്റുകാരാണെന്ന് ഈ നാട്ടിൽ ആരെങ്കിലും പറയുമോ? വലിയ തെറ്റിദ്ധാരണയാണ് അതുണ്ടാക്കിയതെന്നും ആരെയാണ് അത് ശക്തിപ്പെടുത്തുകയെന്നും ചോദിച്ച് മുഖ്യമന്ത്രി; മാധ്യമ വാർത്തകളുടെ പിന്നാലെ പോയാൽ വിഷമത്തിലാകുമെന്നും പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസുകാർ ആർ.എസ്.എസിന്റെ ഒറ്റുകാരാണെന്ന് താൻ പറഞ്ഞതായി പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാധ്യമങ്ങളിൽ വരുന്ന വാർത്തകളെല്ലാം ശരിയാകണമെന്നില്ലെന്നും അതിന് പിന്നാലെ പോയാൽ വിഷമത്തിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന മൂല്യ സംരക്ഷണ സമിതി യോഗത്തിലാണ് ഇക്കാര്യം സംസാരിച്ചത്. കഴിഞ്ഞ ദിവസം നടന്ന പൊലീസ് യോഗത്തിൽ പൊലീസുകാർ ആർ.എസ്.എസിന്റെ ഒറ്റുകാരാണെന്ന് അഭിപ്രായപ്പെട്ടുവെന്നതരത്തിലാണ് ഒരു മാധ്യമത്തിൽ വാർത്ത വന്നത്. ഇത് ശുദ്ധ കളവാണ്. പൊലീസിന്റെ പ്രവർത്തനങ്ങളിലെ നേട്ടങ്ങളും കോട്ടങ്ങളും മുഖ്യമന്ത്രിയെന്ന നിലയിൽ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. മനിതിസംഘം ശബരിമലയിൽ എത്തിയപ്പോൾ ചില പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം നാറാണത്തു ഭ്രാന്തനെ പോലെയായിരുന്നു. ഉത്തരവാദിത്തബോധം മറന്ന ഇവർ സ്വന്തം താത്പര്യമനുസരിച്ച് ഓടിനടന്നു. പൊലീസ് എക്കാലവും സർക്കാർ നയത്തിനൊപ്പമായിരിക്കണം. അല്ലാത്തവർക്കെതിരേ കടുത്ത നടപടി വേണ്ടിവരുമെന്ന് മുഖ്യമന്ത്രി അന്നത്തെ യോഗത്തിൽ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:

"ആ വാർത്ത ശരിയായിട്ട് വിശ്വസിച്ച് പോയാൽ പിന്നെ കുഴപ്പത്തിലാകും. കാരണം ചിലപ്പോൾ ശരിയായ വാർത്തയാവണമെന്നില്ല അത്. തെറ്റായ കാര്യങ്ങൾ ചിലരുടെ തലയിൽ അടിച്ചേൽപ്പിച്ചുവെന്ന് വരും. അപ്പോ അങ്ങനെയൊരു കൂട്ടർ പറഞ്ഞോ, ഞങ്ങൾ എടുത്തൊരു നിലപാടിനെ തള്ളിപ്പറഞ്ഞോ എന്നെല്ലാമുള്ള ശങ്ക ചിലപ്പോ അങ്ങനെയുണ്ടാകും. അതിന്റെ ഭാഗമായിട്ടാകാം ഇങ്ങനെയൊരു സംശയം ഉയർന്നുവന്നത്. മാധ്യമവാര്ത്തകളുടെ പിന്നാലെ പോയാൽ നമ്മൾ വെള്ളത്തിലാകും. ഓരോ കൂട്ടരും അവരവരുടേതായ നിലപാട് പരസ്യമായി പറയുന്നുണ്ട്. അതുതന്നെ കാണുന്നതായിരിക്കും നല്ലത്. ഇപ്പോൾ അടുത്ത ഒരുഉദാഹരണം പറഞ്ഞാൽ, കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെന്ന നിലയ്ക്ക്, പൊലീസ് ഓഫീസർമാരുമായി സംവാദമുണ്ടായിരുന്നു.

അവരോട് പറയേണ്ട കാര്യങ്ങൾ അവരോട് പറയുകയായിരുന്നു. അതിൽ ചിലർ കൊടുത്ത ഹെഡ്ഡിങ് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. നിങ്ങൾ പൊലീസ് ആർഎസ്എസിന്റെ ഒറ്റുകാരായി എന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നാണ്. ശുദ്ധ കളവ് എന്ന് പറഞ്ഞാൽ ഇതിൽ പരം ഒരു കളവില്ല. ഇങ്ങനെയാണ് വാർത്തകൾ വരുന്ന ഒരുരീതി. പൊലീസ് ആർഎസ്എസിന്റെ ഒറ്റുകാരാണെന്ന് ഈ നാട്ടിൽ ആരെങ്കിലും പറയുമോ? എന്നാൽ, പൊലീസുകാരുടെ കാര്യം ഞാൻ പറയുമ്പോൾ സ്വാഭാവികമായി അവരുടെ നേട്ടങ്ങൾ പറയും ..എന്നാൽ അവരുടെ പാളിച്ചകളോ ദൗർബല്യങ്ങളോ ഉണ്ടായിട്ടുണ്ടെങ്കിൽ, അത് മുഖ്യമന്ത്രിയെന്ന നിലയ്ക്ക ചൂണ്ടിക്കാണിക്കേണ്ടത് എന്റെ ബാധ്യതയല്ലേ..അത് ചെയ്തുവെന്ന് വരും. അതിനപ്പുറം ഇതിനൊരു മാനമില്ല. പക്ഷേ എന്തുമാത്രം വലിയ തെറ്റിദ്ധാരണയാണ് അതുണ്ടാക്കിയത്. ആരെയാണ് അത് ശക്തിപ്പെടുത്തുക? ആർഎസ്എസിന് വിവരങ്ങളാകെ ചോർത്തിക്കൊടുക്കുന്ന ഒരുപൊലീസ് സംവിധാനമാണ് ഇവിടെയുള്ളത് എന്ന പ്രതികരണമല്ലേ ഉയർന്നുവരിക? അപ്പോൾ എത്ര തെറ്റായ രീതിയിലാണ് വാർത്തകൾ വരുന്നതെന്നാണ് നമ്മൾ നോക്കേണ്ടത്. അതുകൊണ്ട് വാർത്തയുടെ പിന്നാലെ പോയി നമ്മൾ ഏതെങ്കിലും ഒരുനിഗമനത്തിൽ എത്താൻ പാടില്ല. ഓരോ കൂട്ടരും എന്താണോ പറഞ്ഞിട്ടുള്ളത്, അതിന്റെ മേലേ തന്നെ നിലപാടിലേക്ക് പോവുകയായിരിക്കാം നന്നാവുക."

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി പൊലീസിനെതിരെ ആഞ്ഞടിച്ചത്. നെടുങ്കണ്ടം പൊലീസ് കസ്റ്റഡി മരണത്തിലും പൊലീസിനെതിരെ രൂക്ഷപ്രതികരണമാണ് മുഖ്യമന്ത്രി നടത്തിയത്. മനിതി സംഘത്തെ പ്രവേശിപ്പിക്കുന്നത് തടയാൻ പൊലീസ് തീവ്രശ്രമം നടത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചതായാണ് വാർത്ത പ്രചരിച്ചത്. അതായത് ശബരിമല വിഷയത്തിൽ നിലപാടിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് പറയാതെ പറയുകയായിരുന്നു മുഖ്യമന്ത്രി. ഭരണഘടനാ ചുമതല വഹിക്കേണ്ട പൊലീസുകാർ പക്ഷേ ഉത്തരവാദിത്വം നടപ്പിലാക്കാതെ കലാപകാരികൾക്കൊപ്പം പോയത് ശരിയായില്ല എന്നാണ് മുഖ്യമന്ത്രി വിമർശിച്ചത്.
പൊലീസ് സേനക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്ന് വന്ന സാഹചര്യത്തിലാണ് ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം പിണറായി വിജയൻ തിരുവനന്തപുരത്ത് വിളിച്ച് ചേർത്തത്.

ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലും സർക്കാർ നിലപാടിന് ഒപ്പം നിൽക്കുന്നതിലും പൊലീസിന് വീഴ്ചയുണ്ടായി. ഉന്നത ഉദ്യോഗസ്ഥർ പലരും ഉത്തരവാദിത്തത്തിൽ നിന്ന് ബോധപൂർവ്വം ഒഴിഞ്ഞു നിന്നു. മനിതി സംഘം എത്തിയപ്പോൾ ഉത്തരവാദിത്വം മറന്ന പൊലീസുകാർ സ്വന്തം താൽപര്യം അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. പൊലീസ് സേനയിൽ നിന്ന് പലപ്പോഴും വിവരങ്ങൾ ചോർന്നു എന്നും പിണറായി വിജയൻ പറഞ്ഞു.

കസ്റ്റഡി മരണത്തിന്റെ സാഹചര്യവും വിമർശന വിധേയമായി. പ്രതികളെ മർദ്ദിക്കുന്നത് ഹരമായി ചില പൊലീസുകാർ കാണുന്നു എന്നായിരുന്നു പിണറായി വിജയന്റെ വിമർശനം. കസ്റ്റഡിമർദ്ദനത്തിനെതിരെ ശക്തമായ നിലപാടാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുക. കേസന്വേഷണത്തിനും നടപടിയിലും ഒരു അലംഭാവവും ഉണ്ടാകില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം തന്നെ പ്രതികരണവുമായി എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP