Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാദ വ്യവസായി വി എം രാധാകൃഷ്ണനെ പ്രശംസിച്ച് പിണറായി വിജയന്റെ ലേഖനം; എളമരത്തിനെതിരായ മലബാർ സിമന്റ്‌സ് അഴിമതി 'പൊളിഞ്ഞുപോയ നുണക്കഥ'യെന്നും പിണറായി

വിവാദ വ്യവസായി വി എം രാധാകൃഷ്ണനെ പ്രശംസിച്ച് പിണറായി വിജയന്റെ ലേഖനം; എളമരത്തിനെതിരായ മലബാർ സിമന്റ്‌സ് അഴിമതി 'പൊളിഞ്ഞുപോയ നുണക്കഥ'യെന്നും പിണറായി

പാലക്കാട്: വിവാദ വ്യവസായിയായ വി എം രാധാകൃഷ്ണനെ പ്രശംസിച്ചും ന്യായീകരിച്ചും സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ ലേഖനം. മലബാർ സിമന്റ്‌സ് അഴിമതി വിവാദത്തിൽ സിപിഐ(എം) കേന്ദ്രകമ്മിറ്റിയംഗം എളമരം കരീമിനെയും ന്യായീകരിക്കുന്ന ലേഖനം ചിന്തയാണ് പ്രസിദ്ധീകരിച്ചത്.

വി എം രാധാകൃഷ്ണൻ വിഡ്ഢിയല്ലെന്നും കേരളത്തിലും പുറത്തും അറിയപ്പെടുന്ന വ്യവസായി ആയി ഉയർന്ന ആളാണെന്നുമാണ് പിണറായി വിശദീകരിക്കുന്നത്. ഒരു വിഡ്ഢിയായിരുന്നുവെങ്കിൽ തന്റേതായ ഒരു മേഖല വ്യവസായരംഗത്ത് വളർത്തിയെടുക്കാൻ രാധാകൃഷ്ണന് കഴിയുമായിരുന്നില്ലെന്നും പിണറായി ചൂണ്ടിക്കാട്ടുന്നു.

ജൂൺ അഞ്ചിന് പുറത്തിറങ്ങിയ ചിന്ത വാരികയിലാണ് പിണറായിയുടെ ലേഖനമുള്ളത്. മലബാർ സിമന്റ്‌സുമായി ബന്ധപ്പെട്ട് എളമരം കരീമിനെതിരെ ഉയർന്ന അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് 'പൊളിഞ്ഞു പോയ നുണക്കഥ' എന്ന പേരിൽ പിണറായി വിജയന്റെ പ്രതികരണം ചിന്തയിൽ പ്രസിദ്ധീകരിച്ചത്.

മലബാർ സിമന്റ്‌സ് അഴിമതിക്കേസിലും ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിലും ആരോപണങ്ങളുടെ മുൾമുന രാധാകൃഷ്ണനു നേർക്കു തിരിഞ്ഞിരുന്നു. കൂടാതെ ദേശാഭിമാനിക്കു രാധാകൃഷ്ണൻ പരസ്യം നൽകിയതും വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പാർട്ടി പ്ലീനം നടക്കുമ്പോഴാണ് ദേശാഭിമാനിക്ക് രാധാകൃഷ്ണൻ പരസ്യം നൽകിയത്. പാർട്ടിക്കുള്ളിൽ തന്നെ ഇതിനെ എതിർത്ത് നിരവധി ശബ്ദങ്ങൾ ഉയരുകയും വിവാദം കൊഴുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് രാധാകൃഷ്ണനു പിന്തുണയുമായി സിപിഐ(എം) മുൻ സംസ്ഥാന സെക്രട്ടറിയുടെ ലേഖനം ചിന്തയിൽ പ്രത്യക്ഷപ്പെട്ടത്.

മലബാർ സിമന്റ്‌സ് അഴിമതിയിൽ എളമരത്തെ പിണറായി ന്യായീകരിക്കുന്നുമുണ്ട് ലേഖനത്തിൽ. മലബാർ സിമന്റ്‌സ് എം.ഡി.യായിരുന്ന സുന്ദരമൂർത്തിയെ അഴിമതിക്കേസിൽ പ്രതിചേർത്ത് സിബിഐ. ചോദ്യം ചെയ്തിരുന്നു. അന്നു നൽകിയ മൊഴിയാണ് എളമരത്തെ കുടുക്കിയത്. അഴിമതി നടക്കുന്ന സമയം സംസ്ഥാന വ്യവസായമന്ത്രിയായിരുന്നു എളമരം കരീം.

രാധാകൃഷ്ണൻ ദൂതൻവഴി കൊടുത്തുവിട്ട കവർ താൻ അന്ന് മന്ത്രിയായിരുന്ന എളമരം കരീമിന് രഹസ്യമായി കൈമാറിയെന്നായിരുന്നു സുന്ദരമൂർത്തി സിബിഐ.ക്ക് നൽകിയ മൊഴി. പണമടങ്ങിയ കവറാണ് കൈമാറിയതെന്നും സുന്ദരമൂർത്തി പറഞ്ഞിരുന്നു. ഇക്കാര്യത്തിലും വലിയ വിവാദമാണ് ഉണ്ടായത്. വ്യവസായ മന്ത്രിയായിരിക്കെ 2010ൽ എളമരം കരീം സെയിൽസ് ഓഫീസ് ഉദ്ഘാടനത്തിന് മലബാർ സിമന്റ്‌സ് സന്ദർശിച്ചപ്പോഴാണ് പണമടങ്ങിയ കവർ കൈമാറിയത്.

വി എം. രാധാകൃഷ്ണൻ നൽകിയ കവർ ആനന്ദൻ എന്നയാളാണ് ഏല്പിച്ചത്. ഇത് എളമരം കരീമിന് നൽകാനായി രാധാകൃഷ്ണൻ ഫോണിലൂടെ ആവശ്യപ്പെട്ടതായും എം. സുന്ദരമൂർത്തിയുടെ കുറിപ്പിൽ പറയുന്നു. വാളയാർ ഗസ്റ്റ് ഹൗസിൽ വച്ചാണ് പണം കൈമാറിയത്. രാധാകൃഷ്ണന്റെ അനുവാദത്തോടെയാണ് നിയമനങ്ങളും സ്ഥലംമാറ്റവുമെല്ലാം നടന്നിരുന്നതെന്നും സുന്ദരമൂർത്തി മൊഴിയിൽ പറയുന്നു. കുറ്റസമ്മത കുറിപ്പ് എം.ഡി. പത്മകുമാർ സിബിഐ.ക്ക് കൈമാറിയതിനെത്തുടർന്ന്, പിന്നീട് എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേട്ട് 2013 ഏപ്രിലിൽ സുന്ദരമൂർത്തിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. ഈ മൊഴി പുറത്തു വന്നതോടെ 'ചാക്ക്' രാധാകൃഷ്ണൻ എന്നറിയപ്പെടുന്ന വി എം രാധാകൃഷ്ണനും ഒപ്പം എളമരം കരീമും വിവാദച്ചുഴിയിൽ അകപ്പെടുകയായിരുന്നു. എന്നാൽ, എളമരത്തിനെതിരായ അഴിമതി ആരോപണങ്ങളൊക്കെ പൊളിഞ്ഞുവെന്നാണ് പിണറായി ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP