Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രധാനമന്ത്രിയെ കാണാൻ സമയം ചോദിച്ചപ്പോൾ ധനമന്ത്രിയെ കണ്ടോളൂ എന്നു മോദി; ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും നയങ്ങൾ പിന്തുടരുന്ന കേന്ദ്രത്തിൽ നിന്ന് ജനാധിപത്യ ബോധം പ്രതീക്ഷിക്കേണ്ടെന്നു പിണറായി; ഉലകം ചുറ്റും വാലിബനായ മോദിക്ക് കേരളത്തിന്റെ വികാരം മനസിലാകില്ലെന്നു ചെന്നിത്തല: സർവകക്ഷി സംഘത്തിനു സമയം അനുവദിക്കാത്ത പ്രധാനമന്ത്രിയുടെ നടപടിയിൽ വ്യാപക പ്രതിഷേധം

പ്രധാനമന്ത്രിയെ കാണാൻ സമയം ചോദിച്ചപ്പോൾ ധനമന്ത്രിയെ കണ്ടോളൂ എന്നു മോദി; ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും നയങ്ങൾ പിന്തുടരുന്ന കേന്ദ്രത്തിൽ നിന്ന് ജനാധിപത്യ ബോധം പ്രതീക്ഷിക്കേണ്ടെന്നു പിണറായി; ഉലകം ചുറ്റും വാലിബനായ മോദിക്ക് കേരളത്തിന്റെ വികാരം മനസിലാകില്ലെന്നു ചെന്നിത്തല: സർവകക്ഷി സംഘത്തിനു സമയം അനുവദിക്കാത്ത പ്രധാനമന്ത്രിയുടെ നടപടിയിൽ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: സഹകരണമേഖലയിലെ പ്രതിസന്ധി സംബന്ധിച്ച് പ്രധാനമന്ത്രിയെ കാണാൻ അനുവാദം ചോദിച്ച സർവകക്ഷി സംഘത്തിനോടു പ്രധാനമന്ത്രിക്കു നിഷേധ നിലപാട്. സമയം ചോദിച്ച കേരളത്തിനോട് ധനമന്ത്രിയെ കാണാനായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം. കാണാൻ സമയം ചോദിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തോടു കാട്ടിയതു നിഷേധാത്മക നിലപാടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മാദ്ധ്യമങ്ങളോടു പറഞ്ഞു. സഹകരണ മേഖലയിലെ വിഷയവുമായി ബന്ധപ്പെട്ടു കേരള നിയമസഭയുടെ വികാരം മോദി ഉൾക്കൊണ്ടില്ലെന്നും പിണറായി പറഞ്ഞു.

തിരുവനന്തപുരത്ത് വാർത്താസമ്മേളനം വിളിച്ചാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സർവകക്ഷിസംഘത്തിന് അനുമതി നിഷേധിച്ച വാർത്ത മുഖ്യമന്ത്രി അറിയിച്ചത്. സർവകക്ഷി സംഘത്തെ കാണാൻ സമയം അനുവദിക്കാത്ത പശ്ചാത്തലത്തിൽ ഡൽഹിയിലേക്കു പോകേണ്ടതില്ലെന്നും സംസ്ഥാന സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ അംഗീകരിക്കുന്ന ജനാധിപത്യ മര്യാദ പ്രധാനമന്ത്രി കാട്ടിയില്ലെന്നും പിണറായി പറഞ്ഞു.

രാജ്യത്തിനാകെ മാതൃകയായ സഹകരണമേഖലയെ തകർക്കുന്ന തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് കേരളനിയമസഭ ഇന്നലെ പ്രത്യേക യോഗം ചേർന്നു പ്രമേയം പാസാക്കിയിരുന്നു. പ്രശ്‌നം ശ്രദ്ധയിൽപെടുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനും തീരുമാനിച്ചിരുന്നു. ഈ സർവകക്ഷി സംഘത്തിനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അനുവാദം നിഷേധിച്ചത്.

പ്രധാനമന്ത്രിയെ കാണാൻ സമയം ചോദിച്ചപ്പോൾ ധനമന്ത്രിയെ കണ്ടോളൂ എന്നായിരുന്നു മോദിയുടെ മറുപടി. മുഖ്യമന്ത്രിയും എംപിമാരും വിഷയത്തിൽ നേരത്തെ ധനമന്ത്രി അരുൺ ജയ്റ്റ്ലിയെ കണ്ടിരുന്നു. ഈ പശ്ചാത്തലത്തിൽ വീണ്ടും ധനമന്ത്രിയെ കാണാനായി ഡൽഹിയിലേക്കു പോകേണ്ടതില്ല എന്നാണു സർക്കാരിന്റെ തീരുമാനം. ഹിറ്റ്ലറുടെയും മുസോളിനിയുടെയും നയങ്ങൾ പിന്തുടരുന്ന കേന്ദ്രത്തിൽ നിന്ന് ജനാധിപത്യ ബോധം പ്രതീക്ഷിക്കേണ്ടെന്നും പിണറായി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ നിലപാട് സംസ്ഥാനത്തോട് കാണിക്കുന്ന അങ്ങേയറ്റം അനാദരവാണ്. സാധാരണഗതിയിൽ സംസ്ഥാനത്തെ അംഗീകരിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാരുകൾ കൈക്കൊള്ളാറ്. എന്നാൽ ഇതൊന്നും ബാധകമല്ല എന്നാണ് പ്രധാനമന്ത്രിയുടെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിൽ കേരളത്തിന്റെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. നിയമസഭയെ അംഗീകരിക്കുക എന്നത് ജനാധിപത്യമര്യാദയുടെ ഭാഗമാണ്. ഹിന്ദുത്വ- ഫാസിസ്റ്റ് മൂല്യങ്ങൾ പിന്തുടരുന്ന ഒരു സംഘടനയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ നിന്ന ഇതിലും വലിയ മര്യാദ പ്രതീക്ഷിക്കേണ്ടതില്ലയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചത് പോലെ ധനകാര്യമന്ത്രിയെ കാണാൻ മാത്രമായി ഡൽഹിക്ക് പോകില്ല. പ്രതിസന്ധി ഉണ്ടായ ഉടൻ തന്നെ ധനമന്ത്രിയെ നേരിൽ കണ്ട് പ്രശ്‌നം ശ്രദ്ധയിൽപെടുത്തിയതാണ്. വീണ്ടും പോകേണ്ട എന്നാണ് സർക്കാർ സ്വീകരിച്ച നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളനിയമസഭ ഇന്നലെ അംഗീകരിച്ച പ്രമേയം കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധി മുഖേന പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

പ്രധാനമന്ത്രിയുടേതു സംസ്ഥാനത്തോടുള്ള കടുത്ത അവഹേളനമെന്നു ചെന്നിത്തല

ലകം ചുറ്റും വാലിബനെപ്പോലെ ലോകം മുഴുവൻ സഞ്ചരിക്കുന്ന പ്രധാനമന്ത്രിക്ക് കേരളത്തിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയാത്തത് എന്തുകൊണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ഏകാധിപതിയാകാനുള്ള ശ്രമമാണു മോദി നടത്തുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്തോടുള്ള കടുത്ത അവഹേളനമാണ് പ്രധാനമന്ത്രി കാട്ടിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണു മോദിയുടേത്. സംസ്ഥാനത്തെ സർവകക്ഷി സംഘത്തെ കാണാതിരിക്കാനുള്ള മോദിയുടെ നടപടി അപലപനീയമെന്നും ചെന്നിത്തല പറഞ്ഞു. പദവിക്ക് ചേർന്ന പ്രവർത്തിയല്ല മോദിയുടേത്. ഒരു പ്രധാനമന്ത്രിയും നാളിതുവരെ ഇത്തരമൊരു അവഹേളനം നടത്തിയിട്ടില്ല. കേരളത്തെ പ്രധാനമന്ത്രി അപമാനിച്ചിരിക്കുകയാണ്. ഫെഡറൽ സംവിധാനം തകർക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. ഇതിനെതിരേയുള്ള പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിക്കാൻ കത്തെഴുതുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ധിക്കാരപരമായ നിലപാടെന്ന് എ കെ ആന്റണി

സംസ്ഥാനത്തെ മുഖ്യമന്ത്രിയും എല്ലാ രാഷ്ട്രീയ കക്ഷികളും കാണാൻ സമയം ചോദിക്കുമ്പോൾ നിഷേധസമീപനം സ്വീകരിക്കുന്നതു ധിക്കാരപരമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. പാർലമെന്റിൽ പോലും വിഷയത്തെക്കുറിച്ച് ഒന്നും പറയാതെ ഒളിച്ചോടുകയാണു പ്രധാനമന്ത്രിയെന്നും എ കെ ആന്റണി പറഞ്ഞു.

ഈ പോക്കുപോയാൽ ജനാധിപത്യം കുഴിച്ചുമൂടപ്പെടും: കുഞ്ഞാലിക്കുട്ടി

പ്രധാനമന്ത്രിയുടെ നിലപാട് അങ്ങേയറ്റം അപലപനീയമാണെന്നു മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമസഭയിലെ ബിജെപി അംഗം പോലും പ്രധാനമന്ത്രിയെ പോയി കാണാനാണ് ആവശ്യപ്പെട്ടത്. എന്നിട്ടും നിഷേധാത്മക നിലപാടാണു പ്രധാനമന്ത്രി സ്വീകരിച്ചത്. ഈ പോക്കുപോയാൽ ഇന്ത്യയിൽ ജനാധിപത്യം കുഴിച്ചുമൂടപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രധാനമന്ത്രിയുടേത് അൽപ്പത്തരമെന്നു സുധീരൻ

നിഷേധാത്മകമായ സമീപനം സ്വീകരിച്ച പ്രധാനമന്ത്രി തികഞ്ഞ സ്വേച്ഛാധിപതിയെ പോലെയാണു പെരുമാറുന്നതെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു. ഫെഡറൽ സംവിധാനത്തെ അപ്പാടെ തകർക്കുന്ന സമീപനമാണിപ്പോൾ ഉണ്ടായിരിക്കുന്നത്. വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളവരെ കണ്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കാൻ ബാധ്യതപ്പെട്ട പ്രധാനമന്ത്രി സർവകക്ഷി സംഘത്തെ കാണാൻ പോലും കൂട്ടാക്കുന്നില്ല എന്നതു കേരളത്തോടു കാണിച്ച ധിക്കാരമാണ്. ഇത്തരത്തിലൊരു പ്രധാനമന്ത്രിയെ കുറിച്ചു രാജ്യം ലജ്ജിക്കുന്നു. പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സമീപനമാണു മോദിയുടെ കൈയിൽ നിന്നുണ്ടായിരിക്കുന്നത്. മോദിയുടെ മനസ് എത്രമാത്രം ഇടുങ്ങിയതാണെന്നു തെളിയിക്കുന്നതാണ് ഈ സംഭവമെന്നും ഇത് അൽപ്പത്തരമായിപ്പോയെന്നും വി എം സുധീരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP