Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിപിഎമ്മിനോടാണ് സമരമെങ്കിൽ ശബരിമലയെ വെറുതെ വിട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ആകാമല്ലോ? ഭക്തരുടെ പേരിൽ പ്രക്ഷോഭം നടത്തുന്നത് ആർഎസ്എസ് എന്ന് അടിവരയിട്ട് മുഖ്യമന്ത്രി; അറസ്റ്റിലായ ആർഎസ്എസുകാരുടെ പേരും പദവിയും എടുത്തു പറഞ്ഞു; സുരക്ഷ ഭക്തർക്കെന്നും നുണപ്രചരണത്തിൽ ഡോക്ടറേറ്റ് എടുത്ത സംഘപരിവാറുകാർക്ക് അല്ലെന്നും വ്യക്തമാക്കി; പ്രശ്‌നക്കാരെ പിടികൂടിയില്ലെന്ന് പരാതി പറഞ്ഞിട്ട് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്ന ചെന്നിത്തലയ്ക്കും പരിഹാസം: വാർത്താ സമ്മേളനത്തിൽ സംഘപരിവാറിനെ കടന്നാക്രമിച്ച് പിണറായി

സിപിഎമ്മിനോടാണ് സമരമെങ്കിൽ ശബരിമലയെ വെറുതെ വിട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ആകാമല്ലോ? ഭക്തരുടെ പേരിൽ പ്രക്ഷോഭം നടത്തുന്നത് ആർഎസ്എസ് എന്ന് അടിവരയിട്ട് മുഖ്യമന്ത്രി; അറസ്റ്റിലായ ആർഎസ്എസുകാരുടെ പേരും പദവിയും എടുത്തു പറഞ്ഞു; സുരക്ഷ ഭക്തർക്കെന്നും നുണപ്രചരണത്തിൽ ഡോക്ടറേറ്റ് എടുത്ത സംഘപരിവാറുകാർക്ക് അല്ലെന്നും വ്യക്തമാക്കി; പ്രശ്‌നക്കാരെ പിടികൂടിയില്ലെന്ന് പരാതി പറഞ്ഞിട്ട് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്ന ചെന്നിത്തലയ്ക്കും പരിഹാസം: വാർത്താ സമ്മേളനത്തിൽ സംഘപരിവാറിനെ കടന്നാക്രമിച്ച് പിണറായി

ആർ പീയൂഷ്

തിരുവനന്തപുരം: യുവതി പ്രവേശത്തിലല്ല സമരം എങ്കിൽ എന്തിനാണ് ശബരിമലയിൽ പ്രക്ഷോഭമുണ്ടാക്കുന്നതെന്ന് ബിജെപിയോട് ചോദിച്ച് മുഖ്യമന്ത്രി. രാഷ്ട്രീയ സമരമാണെങ്കിൽ പാവം ഭക്തരെ ഭീതിയിലാക്കാതെ സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റാമല്ലോ എന്നും ശ്രീധരൻ പിള്ളയ്ക്ക് മറുപടിയായി അദ്ദേഹം ചോദിച്ചു.രാഷ്ട്രീയമായ സമരമാണ് ഉദ്ദേശിക്കുന്നതെങ്കിൽ സെക്ട്ട്ടേറിയേറ്റിന് മുന്നിലാക്കാമല്ലോ. എന്തിന് ഭക്തരെ ബലിയാടാക്കുന്നു. ആശയപരമായ വ്യത്യാസമാകാമെങ്കിൽ അത് നമുക്ക് തമ്മിൽ സംസാരിക്കാം. തുറന്നവേദിയാകാം.എന്തിനാണ് ശബരിമലയെ ഇത്തരമൊരു വേദിയാക്കുന്നത്. ഏതായാലും ശബരിമലയിലെ അയ്യപ്പ ഭക്തരെ നിങ്ങളുടെ രാഷ്ട്രീയ താതപര്യങ്ങൾക്കായി ഉപയോഗപ്പെടുത്തരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു

ആചാരപരമായ വിശ്വാസി വരുന്നിടത്ത് അതൊന്നും ആഗമിക്കാൻ തയ്യാറാവാകതെ പ്രക്ഷോഭത്തിന് വേദിയാക്കി ശബരിമലയെ മാറ്റാനും ഭക്തർക്ക് തടസ്സം സൃഷ്ടിക്കാനുമാണ് ഇത്തരക്കാർ തയ്യാറാവുന്നത്. അതിന് വേണ്ടി എന്തെല്ലാം നാടകങ്ങളാണ് നടത്തുന്നത്. ശബരിമലയിലെ പ്രക്ഷോഭം ഭക്തരുടേതല്ല. ആർഎസ്എസ് നേതാക്കളുടേത് മാത്രമാണ്. അത് എല്ലാവർക്കും മനസ്സിലായി കഴിഞ്ഞു എന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല സംഘപരിവാറിന്റെ കൈപ്പിടിയിൽ ഒതുക്കാനായിരുന്നു ശ്രമം, അതിനായി എന്തുകളവും വിളിച്ചുപറയുകയായിരുന്നു. ഭക്തർ എന്ന് പറഞ്ഞുവന്നവർ സംഘപരിവാറിന്റെ നേതാക്കളായിരുന്നു. രാജേഷ് ആർ എന്ന വ്യക്തി മുൻപ് ആർഎസ്എസിന്റെ മൂവാറ്റുപുഴ ജില്ലാ കാര്യവാഹ് ആയിരുന്നു. ഇപ്പോൾ എറണാകുളം-മൂവാറ്റുപുഴ ജില്ലകളുടെ ചുമതലയുള്ള വിഭാഗീയ കാര്യകർതൃ സദസ്യനാണ്.

ആർഎസ്എസിന് എറണാകുളം റവന്യു ജില്ലയിൽ രണ്ട് സംഘകടനാ ജില്ലകളാണുള്ളത്. ചിത്തിര ആട്ട വിശേഷ ദിവസം തൃശൂർ സ്വദേശിനിയായ ഭക്തയെയും കൂട്ടരേയും ആക്രമിക്കാൻ നേതൃത്വം കൊടുത്തത് രാജേഷാണെന്ന് ദൃശ്യങ്ങളിലൂടെ വ്യക്തമായി. പി വി സജീവ്: മൂവാറ്റുപുഴ ജില്ലാ കാര്യവാഹ്( കോഴിക്കോട് ജില്ലക്കാരൻ), പി ആർ കണ്ണൻ (ജില്ലാ പ്രചാർ പ്രമുഖ്), വിഷ്ണു സുരേഷ്( എബിവിപി ദേശീയ കമ്മറ്റി അംഗമാണ്, യുവമോർച്ച പെരുമ്പാവൂർ മണ്ഡലം സെക്രട്ടറിയാണ്),എബി ബിജു( ഹിന്ദു ഐക്യവേദി (എറണാകുളം ജില്ലാ സെക്രട്ടറി).ഇവരിൽ പലരുടേയും പേരിൽ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളുണ്ട്. ഇവരാണ് ശബരിമലയിൽ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ചത്. സാധാരണ വഴിയിലൂടെയല്ല, വനത്തിലൂടെയാണ് ഇവരിൽ പലരും സന്നിധാനത്തെത്തിയത്. ഇത്തരക്കാർ എങ്ങനെയാണ് ശബരിമലയിൽ എത്തുന്നത് എന്ന് ബിജെപിയുടെ സർക്കുലർ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വ്യക്തമായി.

ഗൂഢപദ്ധതിയാണ് ഇവർ ഒരുക്കിയിട്ടുള്ളത്. സർക്കുലർ പുറത്തുവന്നതോടെ ശബരിമല പിടിച്ചടക്കാൻ സംഘപരിവാർ നീങ്ങുന്നു എന്ന് എല്ലാവർക്കും മനസിലായി. ശബരിമല സ്ത്രീപ്രവേശനത്തിന് എതിരായസമരമല്ല ഇതെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരാണെന്നും ശ്രീധരൻ പിള്ള പരസ്യമായി പറഞ്ഞു. പാവപ്പെട്ട ഭക്തരെ രാഷ്ട്രീയതാത്പര്യത്തിന് വേണ്ടി എന്തിന് ബലിയാടാക്കുന്നു എന്നും മുഖ്യമന്ത്രി ചോദിച്ചു.അതിന് ശബരിമലയെ വേദിയാക്കേണ്ടതുണ്ടോ? വിശ്വാസത്തിന്റെ പ്രതീകമായ ഇരുമുടിക്കെട്ട് ഒരു ബിജെപി നേതാവ് വലിച്ചെറിയുന്നു. പൊലീസ് അത് തിരിച്ചേൽപ്പിച്ചു. അത് അദ്ദേഹം വീണ്ടും വലിച്ചെറിഞ്ഞു. ഏതെങ്കിലും ഭക്തർ ചെയ്യുന്ന കാര്യമാണോ ഇത്. അദ്ദേഹത്തിന്റെ വസ്ത്രം അദ്ദേഹം തന്നെ വലിച്ചുകീറി, എന്നിട്ട് പൊലീസ് മർദ്ദനത്തിൽ കീറിയതാണ് എന്ന് പറയുന്നു.

ഒരാളുടെ നെഞ്ചത്ത് പൊലീസ് ചവിട്ടി എന്നതരത്തിലുള്ള വ്യാജ ചിത്രം ദേശീയ തരത്തിൽ സംഘപരിവാർ പ്രചരിപ്പിക്കുകയാണ്. ഇത്തരത്തിൽ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ശബരിമലയെ ഉപയോഗിക്കുകയാണ്. തീർത്ഥാടകരെ ആകെ ബുദ്ധിമുട്ടിലാക്കുന്ന ഹർത്താലാണ് ബിജെപി നടത്തിയത്. ശബരിമല ഉൾക്കൊള്ളുന്ന ജില്ലയെ ഒഴിവാക്കുന്ന സാധാരണ രീതി പാലിച്ചില്ല. ശബരിമല തീർത്ഥാടകരെ ഒഴിവാക്കാനും ശ്രമിച്ചില്ല. ഭക്തർക്ക് വലിയ തോതിൽ ബുദ്ധിമുട്ടാണ് ഇത് മൂലം ഉണ്ടായത്. കേരളത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് കൂടുതൽ ഒരു സഹായവും കേന്ദ്രത്തിൽ നിന്നും ലഭിക്കില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു

വ്യാജപ്രചരണത്തിൽ ഡോക്ടറേറ്റ് എടുത്തവരാണ് സംഘപരിവാർ. അതിലൂടെ നാട്ടിലാകെ കലാപമുണ്ടാക്കാമോ എന്നാണ് നോക്കുന്നത്. ശബരിമലയിൽ ശരണം വിളിക്കരുതെന്ന് ആരും പറയില്ല. തങ്ങൾക്ക് ക്യാംപ് ചെയ്യാൻ സാധിക്കാത്തതുകൊണ്ട് സംഘപരിവാർ അക്രമികൾ നടത്തിയ വ്യാജപ്രചരണമാണത്. മാധ്യമപ്രവർത്തകർക്കെതിരായ പ്രചരണവും സൂചിപ്പിക്കുന്നത് ജനാധിപത്യ സംവിധാനത്തെ തകർക്കുകയാണ് സംഘപരിവാരിന്റെ ലക്ഷ്യമെന്നാണ്. നാടാകെ രംഗത്തുവന്ന് ഇത്തരം നീക്കങ്ങളെ ഒറ്റപ്പെടുത്തും.സംരക്ഷണം വിശ്വാസികൾക്ക് മാത്രമാണെന്നും സംഘപരിവാർ ഗുണ്ടകൾക്കും മത തീവ്രവാദികൾക്കും അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.യഥാർത്ഥ ഭക്തജനങ്ങൾ ക്യാംപ് ചെയ്താൽ യാതൊരു പ്രശനവുമില്ല. എന്നാൽ സംഘപരിവാറിന് ക്യാംപ് ചെയ്യാൻ കഴിഞ്ഞാലാണ് സംഘർഷമുണ്ടാക്കാൻ സാധിക്കുക. അത്തരം നീക്കങ്ങൾ ശക്തമായി ചെറുക്കും.

ശബരിമലയിൽ മുഴുവൻ വിശ്വാസികൾക്കും ദർശനമടക്കമുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ബിജെപി നേതാക്കളും ദർശനത്തിനെത്തിയാൽ ആവശ്യമായ സൗകര്യങ്ങളുണ്ടാകും. എന്നാൽ സംഘർഷമുണ്ടാക്കാനാണ് വരുന്നതെങ്കിൽ അതിനെ ആ രീതിയിൽ തന്നെ കാണേണ്ടിവരും. ഭക്തജനങ്ങൾക്ക് ഒരു അലോസരവുമില്ലാതെ മടങ്ങിപ്പോകാനാകണം. ഭക്തരിൽ നിന്നും പൊതുവെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. വിശ്വാസികൾക്ക് സംരക്ഷണം നൽകുക എന്നതാണ് സർക്കാരിന്റെ നയം. അക്രമികൾക്കും വിഷയത്തെ രാഷ്ട്രീയ ആയുധമാക്കുന്നവർക്കുമെതിരെ വിട്ടുവീഴ്‌ച്ചയില്ലാത്ത നടപടി സ്വീകരിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭക്തർക്ക് ശബരിമലയിൽ സൗകര്യം ഒരുക്കണം എന്നാണു പൊലീസ് നിലപാട്. ആ നിലയ്ക്കു പൊലീസ് സംയമനത്തോടെ കാര്യങ്ങൾ നിർവഹിച്ചു. തടസം സൃഷ്ടിക്കുന്ന ചിലരെ സ്വാഭാവികമായും അറസ്റ്റു ചെയ്തു നീക്കേണ്ടിവരും. അതു ദർശനത്തിനു സൗകര്യം ഒരുക്കുന്നതിനാണ്. ചിത്തിരആട്ടത്തിരുനാൾ ഒരു ദിവസത്തെ ഉത്സവമാണ്. ശബരിമലയിൽ ഇന്നു വരെ ഇല്ലാത്ത അക്രമ നടപടിയാണ് കണ്ടത്. സന്നിധാനം പവിത്രമായ ഇടമാണ്.

ഭക്തരുടെ പ്രധാന സ്ഥലം. ആ സന്നിധാനത്ത് തന്നെ പ്രശ്നം സഷ്ടിക്കാൻ സംഘപരിവാറിന്റെ നേതൃത്വത്തിൽ ശ്രമം നടന്നു. സ്ത്രീകളെ സന്നിധാനത്തുവച്ചുതന്നെ ആക്രമിക്കുന്ന സ്ഥിതി ഉണ്ടായി. 50 വയസു കഴിഞ്ഞ സ്ത്രീയെപോലും ആക്രമിച്ചു. സംഘപരിവാരിനു ശബരമിലയിൽ മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കണമായിരുന്നു. അൻപതു വയസു കഴിഞ്ഞെന്നു തിരിച്ചറിഞ്ഞിട്ടും സ്ത്രീയെ ആക്രമിച്ചു. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് ചോറൂണിനു എത്തിയ സ്ത്രീയും ആക്രമിക്കപ്പെട്ടു. പൊലീസിന്റെ ശക്തമായ ഇടപെടൽ ഉണ്ടായതുകൊണ്ടാണ് അവർക്ക് ദർശനം നടത്താൻ കഴിഞ്ഞത്. വലിയ പ്രകോപനം സംഘപരിവാറുകാർ സംഘടിപ്പിച്ചു.

ആർഎസ്എസിനൊപ്പം തങ്ങളും ഉണ്ടെന്ന് പ്രവൃത്തിയിലൂടെ കാണിച്ചുകൊണ്ടാണ് കോൺഗ്രസ് നിലകൊള്ളുന്നത്. ബിജെപിയുടെ നീക്കത്തെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്ക്കുകയാണ് കോൺഗ്രസ്. ചിത്തിര ആട്ടവിശേഷ സമയത്ത് അക്രമം നടത്തിയവരെ സർക്കാർ നേരിട്ടില്ല എന്ന ആക്ഷേപമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. എന്നാൽ അക്രമികളെ അറസ്റ്റ് ചെയ്തപ്പോൾ ജുഡീഷ്യൽ അന്വേഷണം വേണം എന്നായി അദ്ദേഹത്തിന്റെ നിലപാട്. നിലപാടുകൾ നിരന്തരം മാറ്റിക്കൊണ്ടിരിക്കുകയാണ് പ്രതിപക്ഷ നേതാവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP