Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യുവതീ പ്രവേശനവും സാമ്പത്തിക സംവരണത്തിലെ നിലപാടും മൂലം നവോത്ഥാന മൂല്യസംരക്ഷണ സമിതിയിൽ വീണ വിള്ളൽ പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ തിരക്കിട്ട നീക്കം; നവോത്ഥാന തുടർച്ച ആവശ്യപ്പെട്ട് ഉടൻ തന്നെ സമിതിയുടെ യോഗം വിളിച്ചേക്കും; സമിതിയുടെ പ്രവർത്തനങ്ങൾ പൂർവാധികം ശക്തിയായി തുടരുമെന്ന് വ്യക്തമാക്കി പിണറായി; ലക്ഷ്യം എസ്എൻഡിപി യോഗത്തെ ഒപ്പം നിർത്തൽ

യുവതീ പ്രവേശനവും സാമ്പത്തിക സംവരണത്തിലെ നിലപാടും മൂലം നവോത്ഥാന മൂല്യസംരക്ഷണ സമിതിയിൽ വീണ വിള്ളൽ പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ തിരക്കിട്ട നീക്കം; നവോത്ഥാന തുടർച്ച ആവശ്യപ്പെട്ട് ഉടൻ തന്നെ സമിതിയുടെ യോഗം വിളിച്ചേക്കും; സമിതിയുടെ പ്രവർത്തനങ്ങൾ പൂർവാധികം ശക്തിയായി തുടരുമെന്ന് വ്യക്തമാക്കി പിണറായി; ലക്ഷ്യം എസ്എൻഡിപി യോഗത്തെ ഒപ്പം നിർത്തൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ അടിയന്തിര യോഗം വിളിച്ചു ചേർക്കാൻ മുഖ്യമന്ത്രി ഒരുങ്ങുന്നതായി സൂചന. ശബരിമല ദർശനത്തിനു യുവതികളെ സർക്കാർ എത്തിച്ചതിനെ തുടർന്ന് സമിതിയിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിനെ തുടർന്ന് സമിതിയിൽ അഭിപ്രായം വ്യത്യാസം രൂപപ്പെട്ടതിനെ മുഖ്യമന്ത്രി ഗൗരവകരമായാണ് വീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്ന് സമിതിയുടെ ഭാരവാഹികളെ മുഖ്യമന്ത്രി തന്നെ അറിയിച്ചിട്ടുണ്ട്.

മുൻപ് നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ യോഗം വനിതാ മതിലിനായി വിളിച്ചു ചേർക്കപ്പെട്ടപ്പോൾ റിവ്യൂ പെറ്റിഷനിൽ സുപ്രീംകോടതി വിധി വരുന്നത് വരെ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലാ എന്നൊരു തീരുമാനം വന്നിരുന്നു. ഈ തീരുമാനം ലംഘിക്കപ്പെട്ടതിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടർന്നാണ് മുഖ്യമന്ത്രീയുടെ നേതൃത്വത്തിലുള്ള അനുനയശ്രമം. ശബരിമല യുവതീപ്രവേശനത്തോടെ എൻഎസ് എസ് പൂർണമായും ബിജെപി പക്ഷത്തായതിനാൽ എസ്എൻഡിപി യോഗത്തിനെ നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ ഭാഗമായി നിലനിർത്താൻ മുഖ്യമന്ത്രിക്കും സിപിഎമ്മിനും നിർബന്ധമുണ്ട്. അതിനാൽ സമിതിയെ ഒറ്റക്കെട്ടായി നിലനിർത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

പത്ത് ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നീക്കത്തെ സിപിഎമ്മും സ്വാഗതം ചെയ്തതിനാൽ നിലവിലെ സിപിഎമ്മിലെ പിന്നോക്ക വിഭാഗം വോട്ടുബാങ്കിനെ ഈ തീരുമാനം സ്വാധീനിക്കുമോ എന്നും മുഖ്യമന്ത്രിക്ക് ആശങ്കയുണ്ട്. അതിനാലാണ് ഉടനടി തന്നെ യോഗം വിളിക്കാൻ തീരുമാനം എടുത്തത്. വനിതാ മതിലിന്റെ പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകും എന്നാണ് മുഖ്യമന്ത്രി നവോത്ഥാന മൂല്യസംരക്ഷണ സമിതിയെ അറിയിച്ചത്. നവോത്ഥാനമൂല്യസംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ കാര്യങ്ങളും മുഖ്യമന്ത്രിയും സിപിഎമ്മും സജീവമായി ആലോചിക്കുന്നുണ്ട്.

അതിനായി വലിയ പ്രോജക്ടുകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. നവോത്ഥാന ലൈബ്രറി, നവോത്ഥാന മ്യൂസിയം ജോലികൾ അണിയറിൽ ഒരുങ്ങുന്നുണ്ട്. ഒപ്പം പുതിയ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും പദ്ധതിയുണ്ട്. ഇതെല്ലാം മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്. ശബരിമലയിൽ യുവതികൾ എത്തിയതിൽ സമിതിക്കുള്ളിൽ അഭിപ്രായവും സൃഷ്ടിക്കാതിരിക്കാനാണ് മുഖ്യമന്ത്രി ശ്രദ്ധ നൽകുന്നത്. അതിന്റെ ഭാഗമായാണ് ഉടനടി തന്നെ യോഗം വിളിച്ചു ചേർക്കാനുള്ള തീരുമാനം വരുന്നത്. നവോത്ഥാന മൂല്യസംരക്ഷണ സമിതി ചെയർമാനായ വെള്ളാപ്പള്ളിക്കും സമിതി ജോയിന്റ് കൺവീനർ ആയ സി.പി.സുഗതനുമാണ് ശബരിമല പ്രശ്‌നത്തിൽ അഭിപ്രായവ്യത്യാസമുള്ളത്.

പുന്നല ശ്രീകുമാറിന് യുവതികൾ ശബരിമല ദർശനം നടത്തുന്നതിനോട് അനുകൂല നിലപാടാണ്. സമിതി വൈസ് ചെയർമാനായ വിദ്യാസാഗറിനോ, ട്രഷറർ സോമദാസ് എംപിക്കോ ശബരിമലയിൽ യുവതികളെ ദർശനത്തിനു എത്തിച്ചതിനോട് വലിയ എതിർപ്പില്ല. നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ എക്‌സിക്യൂട്ടിവ് കമ്മറ്റിക്ക് ഒപ്പം 15 അംഗ സംസ്ഥാന സമിതികൂടി ഒപ്പം രൂപീകരിച്ചിട്ടുണ്ട്. വിവിധ സമുദായ നേതാക്കളെയാണ് നവോത്ഥാന മൂല്യസംരക്ഷണസമിതിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

നവോത്ഥാന മൂല്യസംരക്ഷണസമിതിയിൽ വനിതകൾ ഇല്ലാ എന്ന എന്ന പരാതിയെ പരാതിയെ തുടർന്ന് ഒരു 13 അംഗ വനിതാ സെക്രട്ടറിയേറ്റ് കൂടി സമിതിയിൽ രൂപീകരിച്ചിട്ടുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത് പ്രസിഡന്റ് ശാന്തകുമാരിയുടെ നേതൃത്വത്തിലാണ് സമിതി രൂപവത്ക്കരിച്ചത്. ഇതുകൂടാതെ ഓരോ ജില്ലയിലും ഒരു മന്ത്രി ചെയർമാനും ജില്ലാ കളക്ടർ കൺവീനറുമായി ഒരു സമിതി നിലവിലുണ്ട്. നിലവിലെ ഈ നവോത്ഥാന മൂല്യസംരക്ഷണ സമിതി അപ്പാടെ തന്നെ പുനരേകീകരിക്കാനാണ് നിലവിൽ നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP