Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പീഡന പരാതിയിൽ പാർട്ടി വെള്ളപൂശിയതിന് പിന്നാലെ പി.കെ.ശശി ചെയർമാനായ അൺഎയ്ഡഡ് സ്‌കൂൾ കോളേജ് കെട്ടിടം ഉദ്ഘാടനം ചെയ്യാൻ പിണറായി വിജയൻ; ഉദ്ഘാടനം വരുന്ന 23 നു രാവിലെ മണ്ണാർക്കാട്; പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സർക്കാർ ഊർജ്ജിതമാക്കുമ്പോൾ അൺഎയ്ഡഡ് ഉദ്ഘാടന പരിപാടി പാർട്ടി നയപരിപാടിക്ക് വിരുദ്ധമെന്ന് മുറുമുറുപ്പ്; ശശിയുടെ ഇമേജ് ബ്രൈറ്റാക്കാനുള്ള മുഖ്യമന്ത്രിയുടെ വരവ് പീഡനവിവാദം ആളിക്കത്തിച്ചവർക്കുള്ള താക്കീതും

പീഡന പരാതിയിൽ പാർട്ടി വെള്ളപൂശിയതിന് പിന്നാലെ പി.കെ.ശശി ചെയർമാനായ അൺഎയ്ഡഡ് സ്‌കൂൾ കോളേജ് കെട്ടിടം ഉദ്ഘാടനം ചെയ്യാൻ പിണറായി വിജയൻ; ഉദ്ഘാടനം വരുന്ന 23 നു രാവിലെ മണ്ണാർക്കാട്; പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സർക്കാർ ഊർജ്ജിതമാക്കുമ്പോൾ അൺഎയ്ഡഡ് ഉദ്ഘാടന പരിപാടി പാർട്ടി നയപരിപാടിക്ക് വിരുദ്ധമെന്ന് മുറുമുറുപ്പ്; ശശിയുടെ ഇമേജ് ബ്രൈറ്റാക്കാനുള്ള മുഖ്യമന്ത്രിയുടെ വരവ് പീഡനവിവാദം ആളിക്കത്തിച്ചവർക്കുള്ള താക്കീതും

എം മനോജ് കുമാർ

പാലക്കാട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഊർജ്ജിതപ്പെടുത്താൻ പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ ശ്രമം നടക്കവേ മുഖ്യമന്ത്രി നേരിട്ട് തന്നെ അൺ-എയിഡഡ് സ്‌കൂൾ-കോളേജ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നു. വരുന്ന 23നു രാവിലെ 11 നാണു മണ്ണാർക്കാട് യൂണിവേഴ്‌സൽ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് കോളേജിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന സ്‌കൂളിന് അനുബന്ധിച്ചുള്ള കോളേജ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി എത്തുന്നത്. സഹകരണ എഡ്യുക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള അൺഎയിഡഡ് സ്‌കൂളും കോളേജുമാണ് ഇവിടെ പ്രവർത്തിക്കുന്നത്. പുതുതായി പണി തീർത്ത നാല് നില മുഖ്യ കെട്ടിടമാണിത്. കോളേജ് ഡെവലപ്മെന്റ് കൗൺസിൽ ചെയർമാൻ ഷൊർണൂർ എംഎൽഎ പി.കെ.ശശി ആണെന്നത് ഉദ്ഘാടനത്തിനു രാഷ്ട്രീയ വിവാദത്തിന്റെ നിറം നൽകുന്നു.

സ്ത്രീ പീഡന വിവാദത്തിൽ കുരുങ്ങിയതിനെ തുടർന്ന് ശശിയുടെ ഇമേജ് പാർട്ടിയിൽ മങ്ങിയ അവസ്ഥയിലായിരുന്നു. ഈ ഘട്ടത്തിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് ശശി ചെയർമാനായ കോളേജിന്റെ കെട്ടിട ഉദ്ഘാടനത്തിനു എത്തുന്നത് ശശിക്ക് രാഷ്ട്രീയ ജീവവായു നൽകുന്ന നീക്കം കൂടിയാകുന്നു. പക്ഷെ ഇവിടെ മുഖ്യമന്ത്രി നേരിട്ട് എത്തുന്നത് ഇടത് സർക്കാരിന്റെ നയനിലപാടുകൾക്ക് എതിരായി മാറുക കൂടിയാണ് ചെയ്യുന്നത്. പൊതുവിഭ്യാഭ്യാസ സംരക്ഷണ യജഞം ഇടത് സർക്കാർ വലിയ രീതിയിൽ മുന്നോട്ടു കൊണ്ട് പോവുന്ന വേളയിൽ തന്നെയാണ് അൺ-എയിഡഡ് സ്‌കൂൾ-കോളേജ് കെട്ടിടം മുഖ്യമന്ത്രി നേരിട്ട് ഉദ്ഘാടനം ചെയ്യുന്നത്.

കോളേജിന്റെ ഏഴു കോഴ്സുകൾക്ക് ഈ അടുത്ത കാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേഷൻ ലഭിച്ചിരുന്നു. ബികോം കമ്പ്യുട്ടർ അപ്ലിക്കേഷൻ , ബികോം ഫിനാൻസ്, ബിബിഎ, ബിഎസ്സി കമ്പ്യുട്ടർ സയൻസ്, ബിഎസ്സി മാത്തമാറ്റിക്‌സ്, ബിസിഎ, ബിഎ ഇഗ്ലിഷ് എന്നീ കോഴ്സുകൾക്കാണ് അംഗീകാരം ലഭിച്ചത്, ഇതിനോട് അനുബന്ധിച്ചാണ് പുതിയ നാലുനില കെട്ടിടം പടുത്തുയർത്തിയത്. അഞ്ചേക്കർ ഭൂമി വിലയ്ക്ക് വാങ്ങിയാണ് പി.കെ.ശശി എംഎൽഎ ചെയർമാനായ കോളേജ് ഡെവലപ്മെന്റ് കൗൺസിൽ കെട്ടിടം പടുത്തുയർത്തിയത്. ഈ കെട്ടിട ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി എത്തുന്നത്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പുരോഗമിക്കുമ്പോഴാണ് അൺ എയിഡഡ് സ്‌കൂൾ- കോളേജ് കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു എന്നതാണ് വാർത്താ തലക്കെട്ടുകൾ പിടിച്ചടക്കുന്നത്. പിണറായി സർക്കാർ നേതൃത്വം നൽകുന്ന ഇടത് സർക്കാർ പദ്ധതിയാണ് നവകേരള മിഷൻ. ഈ മിഷന്റെ ഭാഗമായ നാല് പദ്ധതികളുടെ ഭാഗമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം. ഹരിതകേരളം, ആർദ്ദ്രം, ലൈഫ് മിഷൻ എന്നിവയാണ് മറ്റു പദ്ധതികൾ. കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീതി ഉടച്ചു വാർക്കുന്ന വിദ്യാഭ്യാസ നവീകരണ പദ്ധതിയാണിത്. പൊതുവിദ്യാലയങ്ങൾ കുട്ടികളുടെ എണ്ണം ചുരുങ്ങിയ പശ്ചാത്തലത്തിൽ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേയ്ക്ക് തിരികെകൊണ്ടുവരുന്ന പദ്ധതിയാണിത്.

കുട്ടികൾക്ക് നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമുള്ള യത്‌നങ്ങളാണ് പൊതുവിദ്യാഭ്യാസ യജ്ഞം വഴി ലക്ഷ്യമിടുന്നത്. പിണറായി സർക്കാർ വന്നശേഷം ആവിഷ്‌ക്കരിച്ച പദ്ധതികളിൽ ഒന്നാണ് പൊതുവിദ്യാഭ്യാസ യജ്ഞം. ഈ യജ്ഞം പുരോഗമിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി മണ്ണാർക്കാട് അൺഎയിഡഡ് കോളേജ് കെട്ടിടം ഉദ്ഘാടനത്തിന് എത്തുന്നത്. പക്ഷെ ശശി ചെയർമാനായ കോളേജ് ആകുമ്പോഴാണ് അകമ്പടിയായി രാഷ്ട്രീയ വിവാദം കൂടി തലപൊക്കുന്നത്. സ്ത്രീ പീഡന വിവാദത്തിൽപ്പെട്ടതിനെ തുടർന്ന് സിപിഎമ്മിന്റെ ഉൾപ്പോരുകളിൽ കുരുങ്ങികിടന്ന ശശിയുടെ രാഷ്ട്രീയ ഭാവി തന്നെ തുലാസിലായിരുന്നു.

ആദ്യം ശശിയുടെ കാര്യത്തിൽ നിഷ്പക്ഷമായ നിലപാട് പിന്തുടർന്ന സിപിഎം പൊടുന്നനെ കൂറുമാറി ശശിയുടെ പക്ഷത്ത് നിലയുറപ്പിക്കുകയായിരുന്നു. ശശി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെങ്കിലും അത് ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരില്ലെന്നാണ് സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷൻ തന്നെ വിലയിരുത്തിയിരുന്നത്. ഇതോടെ ലൈംഗിക വിവാദത്തിൽ സിപിഎം ശശിയുടെ ഒപ്പമെന്നു വ്യക്തമാവുകയായിരുന്നു. ശശി നടത്തിയത് തീവ്രത കുറഞ്ഞ ലൈംഗിക പീഡനമെന്ന പാർട്ടി അന്വേഷണ കമ്മീഷൻ വിലയിരുത്തൽ സിപിഎമ്മിലും സംസ്ഥാനത്തിനകത്തും വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇപ്പോൾ ശശി ചെയർമാനായ കോളേജ് കെട്ടിട ഉദ്ഘാടനത്തിനു മുഖ്യമന്ത്രി നേരിട്ട് എത്തുന്നതോടെ ലൈംഗിക വിവാദം പൊക്കിയടിച്ച് ശശിയെ എതിർത്ത പാർട്ടിയിലെ ഒരു വിഭാഗത്തിനുമുള്ള താക്കീത് കൂടിയാകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP