Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്വന്തം ഇഷ്ടക്കാരനെ യൂത്ത് പ്രസിഡന്റാക്കുന്നതിനായി നേരിട്ട് വിളിച്ചത് കൂടാതെ വിവിധ സഭാ അധ്യക്ഷന്മാരെ ഉപയോഗിച്ചും ചെന്നിത്തലയെ സമ്മർദ്ദത്തിലാക്കി; തിരുവല്ലയിൽ യൂത്ത് കോൺഗ്രസിനെ നയിക്കുന്നയാൾ സ്വന്തം നോമിനിയായിരിക്കണമെന്ന് പിടിവാശി; അഭിലാഷിനെ ഒഴിവാക്കാനുള്ള നീക്കത്തിൽ ഐ ഗ്രൂപ്പിൽ എതിർപ്പ് ശക്തം; തിരുവല്ലയെ കൈപ്പിടിയിൽ ഒതുക്കാൻ പിജെ കുര്യൻ രണ്ടും കൽപ്പിച്ച് അങ്കത്തിന്

സ്വന്തം ഇഷ്ടക്കാരനെ യൂത്ത് പ്രസിഡന്റാക്കുന്നതിനായി നേരിട്ട് വിളിച്ചത് കൂടാതെ വിവിധ സഭാ അധ്യക്ഷന്മാരെ ഉപയോഗിച്ചും ചെന്നിത്തലയെ സമ്മർദ്ദത്തിലാക്കി; തിരുവല്ലയിൽ യൂത്ത് കോൺഗ്രസിനെ നയിക്കുന്നയാൾ സ്വന്തം നോമിനിയായിരിക്കണമെന്ന് പിടിവാശി; അഭിലാഷിനെ ഒഴിവാക്കാനുള്ള നീക്കത്തിൽ ഐ ഗ്രൂപ്പിൽ എതിർപ്പ് ശക്തം; തിരുവല്ലയെ കൈപ്പിടിയിൽ ഒതുക്കാൻ പിജെ കുര്യൻ രണ്ടും കൽപ്പിച്ച് അങ്കത്തിന്

എസ് രാജീവ്‌

തിരുവല്ല : മുൻ രാജ്യസഭാ ഉപാധ്യക്ഷനും എ ഗ്രൂപ്പിന്റെ പ്രധാന വക്താവുമായിരുന്ന പ്രഫ. പി ജെ കുര്യൻ എ ഗ്രൂപ്പ് വിട്ട് ഐ ഗ്രൂപ്പിലേക്ക് ചേക്കേറാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിൽ യൂത്ത് കോൺഗ്രസ് ഭാരവാഹിത്വ തെരഞ്ഞെടുപ്പിൽ നടത്തുന്ന ഇടപെടീലുകൾ വിവാദമാകുന്നു. അടുത്ത ആഴ്ചയോടെ നടക്കാനിരിക്കുന്ന യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്കടക്കം ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ സഭാ നേതൃത്വത്തെ വരെ കൂട്ടുപിടിച്ച് പി ജെ കുര്യൻ നടത്തുന്ന നീക്കങ്ങളാണ് ഇപ്പോൾ കോൺഗ്രസിനുള്ളിൽ കലാപക്കൊടി ഉയർത്തുന്നത്.

തിരുവല്ലയിൽ നിന്നുള്ള കെ പി സി സി അംഗവും കേരളാ കോൺഗ്രസ് എമ്മിലെ മുതിർന്ന നേതാവും പ്രശസ്തനായ ചലച്ചിത്ര സംവിധായകനും കുര്യന്റെ നീക്കങ്ങൾക്ക് പിന്തുണയുമായുണ്ടെന്നാണ് ലഭിക്കുന്ന വിവരം . പി ജെ കുര്യൻ നടത്തുന്ന ഈ നീക്കത്തിനെതിരെ എ, ഐ ഗ്രൂപ്പിലെയും യൂത്ത് കോൺഗ്രസിലെയും ചില മുതിർന്ന നേതാക്കൾ തന്നെ ശക്തമായ എതിർപ്പുമായി രംഗത്തെത്തിക്കഴിഞ്ഞു. തിരുവല്ലയിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി യുവജന സംഘടനയെ കൈപ്പിടിയിലൊതുക്കുക എന്നതാണ് കുര്യന്റെ ലക്ഷ്യമെന്നാണ് ഉയരുന്ന ആരോപണം.

ഐ ഗ്രൂപ്പിലെ അഭിലാഷ് വെട്ടിക്കാടനെ നിയോജക മണ്ഡലം പ്രസിഡന്റാക്കാനുള്ള കോൺഗ്രസ് തീരുമാനം അട്ടിമറിക്കാൻ പി ജെ കുര്യനും കെ പി സി സി നിർവ്വാഹക സമിതിയംഗം പ്രഫ. സതീഷ് കൊച്ചുപറമ്പിലും ചേർന്ന് നടത്തുന്ന നീക്കങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഐ ഗ്രൂപ്പിലെ സുധാകരപക്ഷക്കാരനും സ്വന്തം സഭക്കാരനുമായ ആളെ മണ്ഡലം പ്രസിഡന്റാക്കാനുള്ള നീക്കളാണ് പി ജെ കുര്യൻ നടത്തുന്നതെന്നാണ് ആരോപണം. ചലച്ചിത്ര സംവിധായകനും, കേരളാ കോൺഗ്രസ് ( എം) സംസ്ഥാന സെക്രട്ടറിയും മുൻ നഗരസഭാ ചെയർമാനുമായിരുന്ന വർഗീസ് ജോൺ എന്നിവരും ഈ അണിയറ നാടകങ്ങൾക്ക് ചരടുവലിക്കാരായി കുര്യനൊപ്പമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

സ്വന്തം ഇഷ്ടക്കാരനെ യൂത്ത് പ്രസിഡന്റാക്കുന്നതിനായി നേരിട്ട് വിളിച്ചത് കൂടാതെ വിവിധ സഭാ അധ്യക്ഷന്മാരെക്കൊണ്ട് വരെ ചെന്നിത്തലയെ ടെലിഫോണിൽ വിളിപ്പിച്ചതായാണ് വിവരം. എന്നാൽ അഭിലാഷിനെ ഒഴിവാക്കി മറ്റൊരാളെ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനോട് ചെന്നിത്തലയ്ക്ക് താൽപര്യമെന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. അടുത്തിടെ വരെ എ ഗ്രൂപ്പുകാരനായി അറിയപ്പെട്ടിരുന്ന പി ജെ കുര്യൻ ഐ ഗ്രൂപ്പിലേക്ക് ചേക്കേറാനൊരുങ്ങുന്നുവെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ആഴ്ച മുതലാണ് സജീവമായത്. ഈ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വന്തം നോമിനിയെ ഉയർത്താനുള്ള കുര്യന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണിക്ക് തുടർച്ചയായ പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തിൽ കേരളാ കോൺഗ്രസ് എമ്മിൽ നിന്നും തിരുവല്ല സീറ്റ് തിരികെ പിടിക്കാൻ കെ പി സി സി തീരുമാനിച്ചിട്ടുണ്ട്. അങ്ങനെ വന്നാൽ യു ഡി എഫിന്റെ സ്ഥാനാർത്ഥിയാവുക എന്ന ലക്ഷ്യമാണ് പി ജെ കുര്യനുള്ളത്. മാർത്തോമ്മാ സഭയ്ക്കും ഐ ഗ്രൂപ്പിനും ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് തിരുവല്ലയെന്നതാണ് സഭാ വിശ്വാസിയായ പി ജെ കുര്യന്റെ ഗ്രൂപ്പുമാറ്റത്തിന് പിന്നിലുള്ളതെന്നതാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. കേരളാ കോൺഗ്രസ് എമ്മിൽ അടക്കം കുര്യനുള്ള സ്വകാര്യതയും തിരുവല്ല നോട്ടമിടാൻ കുര്യന് പ്രേരണയായിട്ടുണ്ട്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പി ജെ പേര് ഉയർന്നു വന്നാൽ മണ്ഡലത്തിലെ സ്ഥാനാർത്ഥി മോഹികളായ പല എ , ഐ ഗ്രൂപ്പ് നേതാക്കളും സീറ്റ് സംബന്ധിച്ച അവകാശ വാദങ്ങളിൽ പിന്തിരിയാനാണ് സാധ്യതയെന്നും ഐ ഗ്രൂപ്പ് നേതൃത്വം വിലയിരുത്തുന്നുണ്ട്. ഇങ്ങനെ വന്നാൽ യു ഡി എഫ് സ്ഥാനാർത്ഥിയായി തന്റെ പേരിനാകും മുൻതൂക്കം ലഭിക്കുകയെന്നും പി ജെ കുര്യൻ കണക്കുകൂട്ടുന്നുണ്ട്. അതിന്റെ മുന്നോടിയായാണ് യുവജന വിഭാഗത്തിന്റെ തലപ്പത്തടക്കം സ്വന്തക്കാരെ നിയമിക്കാൻ നടത്തുന്ന തത്രപ്പാടുകളെന്നാണ് ലഭിക്കുന്ന വിവരം.

എന്നാൽ രമേശ് ചെന്നിത്തലയടക്കം വിയോജിപ്പ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ യൂത്ത് ഭാരവാഹിക്കായി കുര്യൻ കടുംപിടുത്തത്തിന് മുതിരില്ലെന്ന വിവരങ്ങളും ഇതിനോടകം പുറത്തു വരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP