Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്ലസ്ടു വിഷയത്തിലെ കോടതി വിധി ഏറ്റവും പ്രഹരമേല്പിച്ചത് അഴിമതിക്ക് തെളിവു ചോദിച്ച മുഖ്യമന്ത്രിക്ക്; പ്രതിസന്ധി മറികടക്കാൻ അപ്പീൽ നൽകാൻ തിരക്കിട്ട ശ്രമം; ലീഗ് നേതാക്കളുമായി ഉമ്മൻ ചാണ്ടി കൂടിയാലോചന നടത്തി

പ്ലസ്ടു വിഷയത്തിലെ കോടതി വിധി ഏറ്റവും പ്രഹരമേല്പിച്ചത് അഴിമതിക്ക് തെളിവു ചോദിച്ച മുഖ്യമന്ത്രിക്ക്; പ്രതിസന്ധി മറികടക്കാൻ അപ്പീൽ നൽകാൻ തിരക്കിട്ട ശ്രമം; ലീഗ് നേതാക്കളുമായി ഉമ്മൻ ചാണ്ടി കൂടിയാലോചന നടത്തി

തിരുവനന്തപുരം: ഹയർ സെക്കൻഡറി ഡയറക്ടർ അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശ മറികടന്ന് അനുവദിച്ച പ്ലസ്ടു സ്‌കൂളുകളും ബാച്ചുകളും ഹൈക്കോടതി സ്റ്റേ ചെയ്തത് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ സർക്കാർ തലത്തിൽ ശ്രമം ഊർജ്ജിതമാക്കി. മന്ത്രിസഭയുടെ തീരുമാനം തെറ്റാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി വിധിയോടെ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം രംഗത്ത് വരുക കൂടി ചെയ്ത സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. വിധിക്കെതിരെ അപ്പീൽ നൽകി അനുകൂല വിധി സമ്പാദിക്കാനാണ് നീക്കം. വിധി ഏറ്റവും കൂടുതൽ തിരിച്ചടി നൽകിയത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കാണെന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ യുഡിഎഫ് ഒറ്റക്കെട്ടായി നീങ്ങിയത്.

പ്രതികൂല വിധി വന്നതോടെ സെക്രട്ടേറിയറ്റിലും കൊച്ചിയിലും തിരക്കിട്ട ചർച്ചകളാണ് ഇന്നലെ നടന്നത്. ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ സാജുദ്ദീൻ സെക്രട്ടേറിയറ്റിലെത്തി ഉന്നത ഉദ്യോഗസ്ഥരെ കണ്ടു. വിധിപ്പകർപ്പ് അഡ്വക്കേറ്റ് ജനറൽ സെക്രട്ടേറിയറ്റിലേക്ക് ഫാക്‌സ് ചെയ്തു. വിധി പരിശോധിച്ച ശേഷം സെക്രട്ടറിയും ജോയിന്റ് ഡയറക്ടറും മന്ത്രി പി.കെ.അബ്ദു റബ്ബുമായി സംസാരിച്ചു. മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ.ബാബു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ജെ.ജോസഫ് എന്നിവരും വിദ്യാഭ്യാസമന്ത്രിയുമായും എ.ജിയുമായും സംസാരിച്ചു. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ എം.പി ,ലീഗ് സംസ്ഥാനജനറൽ സെക്രട്ടറി കെ.പി.എ മജീദ് തുടങ്ങിയ നേതാക്കളുമായും കൂടിയാലോചന നടത്തി.

ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ നൽകുന്ന കാര്യം പരിശോധിക്കാൻ അഡ്വക്കേറ്റ് ജനറലിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതേക്കുറിച്ച് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച ചെയ്‌തേക്കും. അതിനിടെ പ്ലസ്ടുയിൽ യാതൊരു അഴിമതിയും നടന്നിട്ടില്ലെന്നും തെളിവുണ്ടെങ്കിൽ പുറത്തുകൊണ്ടുവരണമെന്നും വെല്ലുവിളിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കാണ് ഏറ്റവും തിരിച്ചടിയായത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മന്ത്രിസഭാ ഉപസമിതിഅംഗങ്ങളായ പി കെ അബ്ദുറബ്ബ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ ബാബു, പി ജെ ജോസഫ് എന്നിവർക്കു മേലാണ് കടുത്ത സമ്മർദ്ദം.

കോടികൾ വിലപേശി പ്ലസ്ടു സ്‌കൂളുകൾ ലേലം വിളിച്ച് നൽകിയത് പുറത്തുവന്നിട്ടും തെളിവില്ലെന്ന് ആവർത്തിച്ചുകൊണ്ടിരുന്ന ഉമ്മൻ ചാണ്ടിയുടെ മുഖത്ത് കിട്ടിയ അടിയായി കോടതി വിധി. അഴിമതിക്ക് തെളിവുകൾ മാദ്ധ്യമങ്ങൾ പുറത്തു കൊണ്ടുവന്നപ്പോഴും മൗനം പാലിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.

പ്ലസ്ടു ഇല്ലാത്ത 148 പഞ്ചായത്തിലും പ്ലസ്ടു സ്‌കൂളുകൾ കുറവുള്ള എറണാകുളം മുതൽ വടക്കോട്ടുള്ള എട്ടു ജില്ലയിലും ആവശ്യാനുസരണം സ്‌കൂളുകളും അധികബാച്ചുകളും അനുവദിക്കാനാണ് 2013 ജൂണിൽ വിജ്ഞാപനം ഇറക്കിയത്. സംസ്ഥാനത്ത് മുഴുവൻ സ്ഥലങ്ങളിലും പ്ലസ്ടു വേണമെന്ന ആവശ്യവുമായി ചില മാനേജ്‌മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചപ്പോൾ സ്‌കൂൾ അനുവദിക്കുന്നത് സ്റ്റേചെയ്തു. പിന്നീട് ഡിവിഷൻ ബെഞ്ച് സ്റ്റേ നീക്കിയപ്പോൾ പ്ലസ്ടു ഇല്ലാത്ത പഞ്ചായത്തുകളിൽ സ്‌കൂൾ അനുവദിക്കാനുള്ള സർക്കാർ തീരുമാനം തെറ്റല്ലെന്ന് കോടതി വ്യക്തമാക്കി.

തുടർന്ന്, ഇവിടങ്ങളിൽ സ്‌കൂൾ അനുവദിക്കാനുള്ള നീക്കവുമായി വിദ്യാഭ്യാസമന്ത്രി മുന്നേറിയപ്പോഴാണ് യുഡിഎഫ് യോഗത്തിൽ എതിർപ്പുയർന്നതും തീരുമാനം റദ്ദാക്കി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതും. നിലവിലുള്ള വിജ്ഞാപനം റദ്ദാക്കി സർക്കാർ പുതിയ വിജ്ഞാപനം ഇറക്കിയപ്പോൾ ഹൈക്കോടതി വീണ്ടും ഇടപെട്ടു. പ്ലസ്ടു ഇല്ലാത്ത പഞ്ചായത്തുകളിൽ സ്‌കൂൾ അനുവദിക്കാനുള്ള തീരുമാനം റദ്ദുചെയ്ത നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. പിന്നീട് കോഴക്കച്ചവടത്തിനായി പഴയ അപേക്ഷകളും പുതിയതും ഒന്നിച്ച് പരിഗണിക്കുകയായിരുന്നു.

ഹയർ സെക്കൻഡറി ഡയറക്ടർ സമർപ്പിച്ച വിദഗ്ധസമിതി റിപ്പോർട്ട് അപ്പാടെ മന്ത്രിസഭാ ഉപസമിതി തള്ളി. പുതിയ സ്‌കൂൾ, അപ്ഗ്രഡേഷൻ, അധിക ബാച്ച് എന്നിങ്ങനെ മൂന്ന് ലിസ്റ്റ് തയ്യാറാക്കിയായിരുന്നു കച്ചവടം. കൂടുതൽ കോഴ നൽകിയവർക്കു വേണ്ടി മന്ത്രിമാർ തമ്മിലടിക്കുന്നതുവരെയെത്തി ഉപസമിതി യോഗങ്ങൾ എന്ന ആരോപണവും ശക്തമായിരുന്നു. വിദ്യാഭ്യാസവകുപ്പ് കൈയാളുന്ന മുസ്ലിംലീഗും സർക്കാരിനെ നയിക്കുന്ന കോൺഗ്രസും തമ്മിൽ തർക്കം മൂത്തപ്പോഴാണ് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് നടപടി വിട്ടത്. ഈങ്ങനെ മന്ത്രിമാർ തിരുകി കയിറ്റിയ സ്‌കൂളുകളെ പടിക്ക് പുറത്താക്കുന്നതാണ് കോടതി വിധി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP