Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്ലസ്ടു ഇടപാടിലെ കോഴ ഇടപാട് സംബന്ധിച്ച് കൂടുതൽ തെളിവുകൾ പുറത്ത്; മാനദണ്ഡ ലംഘനത്തിനെതിരെ അമ്പതിലേറെ എയ്ഡഡ് സ്‌കൂളുകൾ ഹൈക്കോടതിയിൽ

പ്ലസ്ടു ഇടപാടിലെ കോഴ ഇടപാട് സംബന്ധിച്ച് കൂടുതൽ തെളിവുകൾ പുറത്ത്; മാനദണ്ഡ ലംഘനത്തിനെതിരെ അമ്പതിലേറെ എയ്ഡഡ് സ്‌കൂളുകൾ ഹൈക്കോടതിയിൽ

തിരുവനന്തപുരം: പ്ലസ്ടു സ്‌കൂൾ ഇടപാടിന് പിന്നിൽ നടന്നത് വൻ കോഴയാണെന്ന ആരോപണങ്ങൾക്ക് തെളിവുണ്ടെങ്കിൽ കൊണ്ടുവരാൻ ആവശ്യപ്പെട്ട മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുലിവാല് പിടിച്ചേക്കും. തെളിവ് ചോദിച്ച മുഖ്യമന്ത്രിക്ക് മുമ്പിൽ കോഴയ്ക്ക് തെളിവുകൾ നിരത്തി മാദ്ധ്യമങ്ങൾ രംഗത്തെത്തി. കാസർകോട് ജില്ലയിലെ ബോവിക്കാനത്ത് പണം കൊടുത്താണ് രണ്ട് അധികബാച്ച് വാങ്ങിയതെന്ന് സ്‌കൂൾ മാനേജർ വിശദീകരിക്കുന്ന ദൃശ്യങ്ങൾ സംഭാഷണ സഹിതം ചാനലുകൾ പുറത്തുവിട്ടു.

പ്ലസ്ടു അധികബാച്ച് നേടുന്നതിന് കോഴ വാങ്ങിയെന്ന് വ്യക്തമാക്കുന്ന സംഭാവഷണത്തിന്റെ ദൃശ്യങ്ങളാണ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പുറത്തുവിട്ടത്. അദ്ധ്യാപകനിയമനത്തിന് 30 ലക്ഷം രൂപ മുൻകൂർ ആവശ്യപ്പെടുമ്പോഴാണ് ഭരണക്കാർക്ക് നൽകിയ കോഴയുടെ കണക്കുകൾ മാനേജർ ബോധ്യപ്പെടുത്തുന്നത്. ലഭിച്ച അധികബാച്ചുകളിലേക്കായി 30 ലക്ഷം വീതം വാങ്ങി രണ്ടുപേരെ നിയമിച്ചെന്നും മാനേജർ പറയുന്നു. മൂന്നാമനോട് ഗസ്റ്റ് ലക്ചററായി കയറുംമുമ്പുതന്നെ മുഴുവൻ തുകയും വേണമെന്ന് ആവശ്യപ്പെടുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. സ്ഥിരനിയമനം സർക്കാർ ഉറപ്പുതന്നിട്ടുണ്ടെന്നും മാനേജർ അവകാശപ്പെടുന്നു.

മാനേജരുടെ സംഭാഷണം ദൃശ്യങ്ങൾ സഹിതം പുറത്തുവന്നിട്ടും തെളിവ് എത്തിച്ചാൽ നടപടിയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവർത്തിച്ചു. പുതിയ സ്‌കൂളുകളിലും അധികബാച്ചുകളിലുമായി മൂവായിരത്തിലേറെ അദ്ധ്യാപകരെ മാനേജുമെന്റുകൾക്ക് നിയമിക്കാനാകും. ഈ വകയിൽത്തന്നെ കുറഞ്ഞത് ആയിരം കോടിയുടെ കോഴ ഇടപാടിനാണ് അവസരം ഒരുങ്ങിയത്.

അതിനിടെ പ്ലസ് ടു സ്‌കൂളുകൾ അനുവദിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന പരാതിയുമായി. അമ്പതിലേറെ എയ്ഡഡ് സ്‌കൂളുകൾ ഹൈക്കോടതിയെ സമീപിച്ചു. മുൻകൂട്ടി പ്രസിദ്ധീകരിച്ച മാനദണ്ഡങ്ങൾ പ്രകാരം കുട്ടികളുടെ എണ്ണവും വിദ്യാഭ്യാസ ആവശ്യകതയും പരിഗണിച്ച് സമർപ്പിച്ച ശുപാർശ തള്ളിക്കളഞ്ഞതിനെയാണ് മാനേജ്‌മെന്റുകൾ ചോദ്യംചെയ്യുന്നത്. മറ്റേതെങ്കിലും ആധികാരിക റിപ്പോർട്ടിന്റെയോ, വിവരങ്ങളുടെയോ പിൻബലമില്ലാതെയാണ് ഡയറക്ടറുടെ ശുപാർശ ഉപസമിതി മറികടന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിലെ ഇരുപതിലേറെ സ്‌കൂളുകളാണ് ഹൈക്കോടതിയിൽ ഹർജിനൽകിയത്. ക്രിസ്തീയ സഭയുടെ മേൽനോട്ടത്തിലുള്ള തലസ്ഥാനത്തെ സ്‌കൂളടക്കം മുപ്പതോളം ഹർജികൾ ഇന്നും നാളെയുമായി ഫയൽ ചെയ്യും. പഞ്ചായത്തുകളിൽ പുതുതായി അനുവദിച്ചതും അപ്‌ഗ്രേഡ് ചെയ്തതുമടക്കം മാനദണ്ഡങ്ങൾ ലംഘിച്ച് അനുവദിച്ച സ്‌കൂളുകളുടെ ഹയർസെക്കൻഡറിയും പ്ലസ് വൺ പ്രവേശനവും റദ്ദാക്കണമെന്നാണ് ഹർജികളിലെ ആവശ്യം.

അപേക്ഷിച്ച് സ്‌കൂളിൽ നിന്ന് അടുത്ത ഹയർസെക്കൻഡറിയിലേക്കുള്ള ദൂരം പ്രധാന മാനദണ്ഡമായിരിക്കെ, മൂന്നും നാലു സ്‌കൂളുകളുടെ പരിസരത്തുള്ള ഹൈസ്‌കൂളുകൾക്കു പോലും പ്ലസ്ടു അനുവദിച്ചിട്ടുണ്ട്. അതേസമയം, 13 കിലോമീറ്റർ പരിധിയിൽ ഹയർസെക്കൻഡറിയില്ലാത്തിടത്ത് അർഹമായവർക്ക് പ്ലസ്ടു നിഷേധിക്കുകയും ചെയ്തതായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം പ്ലസ്ടു കോഴയിടപാടിനെ കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണം വിഭാഗവും അന്വേഷിക്കുന്നുണ്ട്. അദ്ധ്യാപക നിയമനത്തിലുമടക്കമുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇന്റലിജൻസ് പരിശോധിക്കും. പ്‌ളസ് ടൂ അനുവദിക്കാൻ ഭരണകക്ഷിയിലെ ചിലർ ഒരു കോടി രൂപ കോഴ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തിയ പുത്തൂർ പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ ഓമന ശ്രീറാമിൽ നിന്ന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വിവരം ശേഖരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP