Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലീഗ് കോട്ടയിൽ അട്ടിമറി വിജയം നേടാൻ ഏത് നാറിയ കളിക്കും പിവി അൻവർ രംഗത്തിറങ്ങുമോ? ലീഗിന് കോൺഗ്രസുകാരെ പോലും വിശ്വാസമില്ല; പിവി അൻവറുമായി ഇടപാട് നടത്തിയെന്നാരോപിച്ച് വഴിയിൽ തടഞ്ഞത് കെപിസിസി അംഗമായ കുഞ്ഞഹമ്മദ് ഹാജിയെ; തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയപ്പോഴേ പൊന്നാനിയിൽ ലീഗുകാരും കോൺഗ്രസുകാരും തമ്മിൽ ഭിന്നത തുടങ്ങി

ലീഗ് കോട്ടയിൽ അട്ടിമറി വിജയം നേടാൻ ഏത് നാറിയ കളിക്കും പിവി അൻവർ രംഗത്തിറങ്ങുമോ? ലീഗിന് കോൺഗ്രസുകാരെ പോലും വിശ്വാസമില്ല; പിവി അൻവറുമായി ഇടപാട് നടത്തിയെന്നാരോപിച്ച് വഴിയിൽ തടഞ്ഞത് കെപിസിസി അംഗമായ കുഞ്ഞഹമ്മദ് ഹാജിയെ; തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയപ്പോഴേ പൊന്നാനിയിൽ ലീഗുകാരും കോൺഗ്രസുകാരും തമ്മിൽ ഭിന്നത തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

പൊന്നാനി: കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു നിലമ്പൂർ. ആര്യാടൻ മുഹമ്മദിന്റെ ശക്തി കേന്ദ്രം. എന്നിട്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ ആര്യാടന്റെ മകൻ അര്യാടൻ ഷൗക്കത്തിന് പിഴച്ചു, പിവി അൻവറിന്റെ വ്യക്തിബന്ധങ്ങളായിരുന്നു ഇതിന് കാരണം. വിവാദ വ്യവസായി പഴയ കോൺഗ്രസുകാരനാണ്. യൂത്ത് കോൺഗ്രസിന്റെ പഴയ ഭാരവാഹി. ഇടത് ക്യാമ്പിൽ സ്വതന്ത്ര പരിവേഷവുമായി നിൽക്കുമ്പോഴും അൻവറിന് കോൺഗ്രസിനുള്ളിൽ ആത്മബന്ധമുണ്ട്. ഇതായിരുന്നു നിലമ്പൂരിലെ അട്ടിമറിക്ക് കാരണവും. അൻവറിന്റെ കോൺഗ്രസ് ബന്ധങ്ങൾ തിരിച്ചറിഞ്ഞാണ് പൊന്നാനിയിലെ ലീഗ് കോട്ടയിൽ വിള്ളലുണ്ടാക്കാൻ ലോക്‌സഭാ അങ്കത്തിന് സിപിഎം നിലമ്പൂരിലെ എംഎൽഎ നിയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ലീഗ് അണികളും കരുതലിലാണ്.

അൻവറിന് അനുകൂലമായ വോട്ട് ചോർച്ച കോൺഗ്രസിൽ നിന്നുണ്ടാകുമെന്ന് അവർ ഭയക്കുന്നു. പൊന്നാനിയിൽ മൂന്നാം അങ്കത്തിനിറങ്ങുന്ന ഇടി മുഹമ്മദ് ബഷീറിന് ലീഗിലും ചില ശത്രുക്കളുണ്ട്. കോൺഗ്രസും ഈ ലീഗ് വിമതരും ചേർന്ന് ഇടിയെ അട്ടിമറിക്കാൻ നീക്കമുണ്ടെന്നാണ് ഏവരുടേയും സംശയം. ജയിക്കാൻ വേണ്ടി അൻവർ എന്തും ചെയ്യുമെന്ന് ലീഗ് അണികൾ കരുതുന്നു. അതിനാൽ കരുതലുകൾ ഏറെ എടുക്കുകയാണ്. പി.വി അൻവറുമായി രഹസ്യ ചർച്ച നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവിനെ ലീഗ് പ്രവർത്തകർ വഴിയിൽ തടഞ്ഞതോടെ പ്രശ്‌നങ്ങൾ ചർച്ചയാവുകയാണ്. മുൻ ഡി.സി.സി ഭാരവാഹിയും കെപിസിസി അംഗവുമായ എം.എൻ കുഞ്ഞഹമ്മദ് ഹാജിയെ ആണ് ലീഗ് പ്രവർത്തകർ തടഞ്ഞത്.

പൊന്നാന്നിയിൽ വച്ചാണ് ലീഗ് പ്രവർത്തകർ കുഞ്ഞഹമ്മദ് ഹാജിയുടെ കാർ തടഞ്ഞ് നിർത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ ലീഗ് പ്രവർത്തകർ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. കാറ് തടഞ്ഞ ശേഷം കുഞ്ഞഹമ്മദ് ഹാജിയോട് തട്ടിക്കയറുന്ന പ്രവർത്തകർ നിങ്ങൾ പണത്തിന് വേണ്ടിയല്ല, പാർട്ടിക്ക് വേണ്ടിയാണ് പ്രവർത്തിക്കേണ്ടത് എന്നെല്ലാം പറയുന്നുണ്ട്. എന്നാൽ ഒരു സുഹൃത്തിന്റെ വീട്ടിൽവെച്ച് പി.വി അൻവറിനെ അവിചാരിതമായി കണ്ടതാണെന്നാണ് എം.എൻ കുഞ്ഞഹമ്മദ് ഹാജിയുടെ വിശദീകരണം. ഇതോടെ അൻവറും കുഞ്ഞഹമ്മദ് ഹാജിയും തമ്മിൽ കണ്ടെന്നതിന് സ്ഥിരീകരണമുണ്ടാവുകയാണ്. ഇത്തരം രഹസ്യ ചർച്ചകൾ വേണ്ടെന്ന് അറിയിക്കാൻ കൂടിയാണ് തടയുന്ന വീഡിയോ പ്രചരിപ്പിക്കുന്നത്.

നിയസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തിരുരങ്ങാടി മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിയായി നിയാസ് പുളിക്കലത്ത് മത്സരിച്ച സമയത്തും കുഞ്ഞഹമ്മദ് ഹാജിക്കെതിരെ വോട്ട് മറിക്കൽ ആരോപണം ഉയർന്നിരുന്നു. ലീഗിന്റെ കോട്ടയാണ് പൊന്നാനി. എന്നാൽ അതിന് ചെറിയ ഇടത് ചായ് വ് ലീഗ് കാണുന്നുണ്ട്. നിലമ്പൂരിലെ അൻവറിന്റെ വിജയം ഇതിന് തെളിവാണ്. കഴിഞ്ഞ തവണ ലോക്‌സഭിൽ ഇടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം 25410ആയിരുന്നു. സാധാരണ വലിയ ഭൂരിപക്ഷം നേടുന്ന മണ്ഡലമാണ് ഇത്. അതുകൊണ്ട് തന്നെ അൻവർ ഏന്ത് കളികളിച്ചും വോട്ടുകൾ അനുകൂലമാക്കും. ഇതിന് കോൺഗ്രസിലെ പഴയ സുഹൃത്തുക്കളെ ഉപയോഗിക്കുമെന്നാണ് ലീഗിന്റെ ഭയം. ഈ സാഹചര്യത്തിലാണ് കുഞ്ഞഹമ്മദ് ഹാജിയെ പ്രവർത്തകർ തടഞ്ഞതും താക്കീത് ചെയ്തതും.

1977 മുതൽ പൊന്നാനി മുസ്ലിം ലീഗിനൊപ്പമാണ്. കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കിന്റെ നിർമ്മാണം മുതൽ ഭൂമി കയ്യേറ്റം വരെയുള്ള നിരവധി ആരോപണങ്ങൾ നിലനിൽക്കുമ്പോഴും മുസ്ലിം ലീഗിന്റെ കോട്ട പിടിക്കാൻ സി. പി. എം അൻവറിനെ തന്നെ ഇറക്കിയത് ചില കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ്. 2009 ൽ 82000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പൊന്നാനി എം. പി. യായി ജയിച്ച ഇ. ടി. മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം 2014 ലെത്തുമ്പോഴേക്കും വെറും 25000 ത്തിൽപ്പരമായി കുറഞ്ഞു. വോട്ടു വിഹിതത്തിലുണ്ടായ ഈ ഇടിവാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി അൻവറിനെ ഇറക്കാൻ സി. പി. എമ്മിനെ പ്രേരിപ്പിച്ചത്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ, തവനൂർ, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് പൊന്നാനി ലോക്സഭാ നിയോജകമണ്ഡലം. മത ന്യൂനപക്ഷങ്ങൾ കൂടുതലുള്ള മണ്ഡലം. 1952 ൽ കെ. കേളപ്പൻ (കിസാൻ മസ്ദൂർ പ്രജ പാർട്ടി ), 1962 ൽ ഇ.കെ. ഇമ്പിച്ചി ബാവ, 1967ൽ സി.കെ. ചക്രപാണി, 1971 ൽ എം.കെ. കൃഷ്ണൻ എന്നിവർ ഇടതുപക്ഷ പ്രതിനിധികളായി മണ്ഡലത്തിൽ വിജയിച്ചു. അതുകൊണ്ട് തന്നെ പൊന്നാനിയിൽ അൻവറിന് അത്ഭുതം കാട്ടാനാകുമെന്ന് കരുതുന്നവർ സിപിഎമ്മിലുണ്ട്.

കോൺഗ്രസ് ക്യാമ്പിൽ നിന്ന് വോട്ടൊഴുക്കുകയാണ് ഇതിനുള്ള മാർഗ്ഗം. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിലെ നാല് നിയമസഭാ മണ്ഡലങ്ങൾ യു.ഡി.എഫും മൂന്നെണ്ണം എൽ.ഡി.എഫും നേടി. തിരൂരങ്ങാടി, തിരൂർ, കോട്ടയ്ക്കൽ, തൃത്താല എന്നിവയാണ് വലതിനൊപ്പം. താനൂരും തവനൂരും പൊന്നാനിയും ഇടതിനൊപ്പവും. ഏഴിൽ അഞ്ചിടത്തും സ്വതന്തരെ ഇറക്കിയാണ് ഇടതുപക്ഷം യു.ഡി.എഫ്. ഭൂരിപക്ഷം 1404 വോട്ടിൽ പിടിച്ചുകെട്ടിയത്. അതുകൊണ്ടുതന്നെ പൊതുസ്വീകാര്യതയുള്ള സ്വതന്ത്രനായി അൻവർ എത്തുന്നതിനെ ഗൗരവത്തോടെയാണ് ലീഗ് നേതൃത്വം കാണുന്നത്. ഇടതുചേരിയിൽ പൊതുസ്വതന്ത്രനായി നിലമ്പൂർ എംഎ‍ൽഎ. പി.വി. അൻവറാണ് ജനവിധി തേടുന്നത്. മന്ത്രി കെ.ടി. ജലീൽ ഉൾപ്പെടെ പത്തോളം പേരെ പരിണഗിച്ചിരുന്നെങ്കിലും അവസാനഘട്ടത്തിൽ അൻവറിനായിരുന്നു മുൻതൂക്കം. കോൺഗ്രസ് വോട്ടുകളെ ആകർഷിക്കാനുള്ള കഴിവ് തന്നെയായിരുന്നു അൻവറിന് ഗുണകരമായത്. അതു കൊണ്ട് കൂടിയാണ് ലീഗ് വോട്ട് ചോർച്ച തടയാൻ അതിശക്തമായി രംഗത്തുള്ളതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP