Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ എസിന്റെ സ്ഥാനാരോഹണ ചടങ്ങിൽ മുൻനിരയിൽ രാഷ്ട്രീയ ഗുരുവിനും സ്ഥാനം; പരിവാർ രാഷ്ട്രീയത്തിലെ പഴയ കരുത്തന് സീറ്റ് നൽകിയ സുരേന്ദ്രൻ നൽകുന്നത് എല്ലാവരേയും ഒരുമിപ്പിക്കുമെന്ന സന്ദേശം; എംടി രമേശും ശോഭാ സുരേന്ദ്രനും വിട്ടു നിന്നെങ്കിലും അണികളെ ആവേശത്തിലാക്കി മുതിർന്ന നേതാവിന്റെ തിരിച്ചു വരവ്; മുൻനിരയിൽ രാജഗോപാലിന് തൊട്ടടുത്ത് സീറ്റ് നൽകി ആദരിക്കൽ; സുരേന്ദ്രന്റെ സ്ഥാനമേറ്റടുക്കലിൽ താരമായി പിപി മുകുന്ദനും

കെ എസിന്റെ സ്ഥാനാരോഹണ ചടങ്ങിൽ മുൻനിരയിൽ രാഷ്ട്രീയ ഗുരുവിനും സ്ഥാനം; പരിവാർ രാഷ്ട്രീയത്തിലെ പഴയ കരുത്തന് സീറ്റ് നൽകിയ സുരേന്ദ്രൻ നൽകുന്നത് എല്ലാവരേയും ഒരുമിപ്പിക്കുമെന്ന സന്ദേശം; എംടി രമേശും ശോഭാ സുരേന്ദ്രനും വിട്ടു നിന്നെങ്കിലും അണികളെ ആവേശത്തിലാക്കി മുതിർന്ന നേതാവിന്റെ തിരിച്ചു വരവ്; മുൻനിരയിൽ രാജഗോപാലിന് തൊട്ടടുത്ത് സീറ്റ് നൽകി ആദരിക്കൽ; സുരേന്ദ്രന്റെ സ്ഥാനമേറ്റടുക്കലിൽ താരമായി പിപി മുകുന്ദനും

എം മനോജ് കുമാർ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായുള്ള കെ.സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങിൽ ശ്രദ്ധ പിടിച്ചു പറ്റിയത് സംസ്ഥാന ബിജെപിയിലെ ഏറ്റവും തലമുതിർന്ന നേതാവ് പി.പി.മുകുന്ദന്റെ സാന്നിധ്യം. പതിറ്റാണ്ടുകൾ കേരളത്തിലെ സംഘപരിവാർ അധികാരകേന്ദ്രമായി നിലകൊണ്ട് ഈ മുതിർന്ന നേതാവ് വർഷങ്ങളായി സംഘപരിവാർ രാഷ്ട്രീയത്തിൽ നിന്നും പുറത്തുമായിരുന്നു. ഇതേ പി.പി.മുകുന്ദനാണ് സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങിൽ മുതിർന്ന നേതാവ് എന്ന നിലയിൽ നിറഞ്ഞു നിന്നത്. മുകുന്ദന്റെ സാന്നിധ്യം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

സുരേന്ദ്രന്റെ സ്ഥാനമേൽക്കൽ ചടങ്ങിൽ എംടി രമേശും ശോഭാ സുരേന്ദ്രനും തുടങ്ങിയ പ്രമുഖ പങ്കെടുത്തിരുന്നില്ല. സുരേന്ദ്രനെ പോലെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചവരായിരുന്നു അവർ. രമേശ് റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ഈ അസാന്നിധ്യങ്ങൾക്കിടെയാണ് വി മുരളീധരൻ അടക്കമുള്ളവർക്കൊപ്പം പിപി മുകുന്ദൻ ബിജെപി വേദിയിൽ എത്തുന്നത്. നേമത്ത് രാജഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കൺവെൻഷനിൽ മുകുന്ദൻ പങ്കെടുത്തിരുന്നു. അതിന് ശേഷം അദ്ദേഹത്തെ സംസ്ഥാന നേതൃത്വം പരിപാടികളിൽ ഒന്നും പങ്കെടുപ്പിച്ചില്ല. ആർഎസ്എസ് പരിപാടികൾ എത്തുമ്പോഴും ചിലർ അയിത്തം കൽപ്പിച്ചു. ഇതിനാണ് സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങിലൂടെ വിരമമാകുന്നത്.

യുവമോർച്ചാ പ്രസിഡന്റായി കെ സുരേന്ദ്രനെത്തുമ്പോൾ ബിജെപിയെ നിയന്ത്രിച്ചിരുന്നത് പിപി മുകുന്ദനാണ്. രണ്ട് തവണ സുരേന്ദ്രൻ യുവമോർച്ചാ അധ്യക്ഷനായി. അന്ന് നടത്തിയ പ്രക്ഷോഭങ്ങളും ഇടപെടലുമാണ് സുരേന്ദ്രനെ കേരള രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന മുഖമാക്കിയത്. അതുകൊണ്ട് തന്നെ സുരേന്ദ്രന്റെ രാഷ്ട്രീയ ഗുരുവായി പിപി മുകുന്ദനെ വിലയിരുത്തുന്നവരുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് മുകുന്ദന് ബിജെപി വേദിയിൽ ഉചിതമായ സ്ഥാനം സുരേന്ദ്രൻ ഒരുക്കിയത്. വി മുരളീധരനും ഇതിന് ഇത്തവണ തടസ്സം പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. അതായത് പികെ കൃഷ്ണദാസ് വിഭാഗത്തിലെ പ്രമുഖർ വിട്ടു നിൽക്കുമ്പോൾ മുകുന്ദനെ താരമാക്കി കൈയടി വാങ്ങുകയായിരുന്നു സുരേന്ദ്രൻ. കെ രാമൻപിള്ളയും ചടങ്ങിനെത്തി.

ക്ഷണിക്കാതെ ഒരു വേദിയിലും പോകുന്ന ശീലം മുകുന്ദനില്ല. അതുകൊണ്ട് തന്നെ സ്ഥാനം ഏറ്റെടുക്കുമ്പോൾ ഉണ്ടാകണമെന്ന അഭ്യർത്ഥന മുകുന്ദന് മുമ്പിൽ സുരേന്ദ്രൻ വച്ചിരുന്നുവെന്നും വ്യക്തമാണ്. കുടം തുറന്ന വന്ന ഭൂതം പോലെ ആരോപണങ്ങൾ നാലുപാട് നിന്നും പ്രവഹിച്ചതോടെയാണ് കേരളത്തിലെ ഏറ്റവും കരുത്തനായ ഈ നേതാവ് സംഘപരിവാർ രാഷ്ട്രീയത്തിൽ നിന്നും പുറത്താകുന്നത്. പി.പി.മുകുന്ദനോട് വാക്കിനു മറുവാക്ക് പറയാൻ സംഘപരിവാർ നേതാക്കൾ മടിച്ചിരുന്ന അതേ കാലത്ത് തന്നെയാണ് സംഘപരിവാറിന്റെ ഈ ശക്തികേന്ദ്രം സംഘപരിവാർ ഉന്നത സ്ഥാനങ്ങളിൽ നിന്ന് പുറത്ത് പോകുന്നതും. ബിജെപിയുടെ സ്റ്റേറ്റ് ഓർഗനൈസിങ് സെക്രട്ടറി പദവിയിലിരിക്കെയാണ് മുകുന്ദൻ പരിവാർ രാഷ്ട്രീയത്തിനു പുറത്തേക്ക് നീങ്ങുന്നത്.

ദാവൂദ് ഇബ്രാഹിമുമായി പോലും ബന്ധം എന്നു പറഞ്ഞു മുകുന്ദനെതിരെ വന്ന ആരോപണങ്ങളാണ് സംഘപരിവാർ രാഷ്ട്രീയത്തിൽ ഈ നേതാവിന് വിലങ്ങു തടിയായി മാറിയത്. സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങിൽ പി.പി.മുകുന്ദന് തൊട്ടടുത്ത് ഒ.രാജഗോപാൽ ഇരുന്നതും എന്നതും കൗതുകകരമായി. ഒ.രാജഗോപാലും കെ.ജി.മാരാരും പി.പി.മുകുന്ദനും കെ.രാമൻ പിള്ളയും ബിജെപിയുടെ അധികാരം കയ്യാളിയിരുന്ന കാലത്ത് തന്നെയാണ് പി.പി.മുകുന്ദൻ ആരോപണങ്ങൾ വഴി സംഘപരിവാർ രാഷ്ട്രീയത്തിൽ നിന്നും പുറത്താകുന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ചത് രാജഗോപാലായിരുന്നു.

അധികാരത്തിനു പുറത്തായി പോയ മുകുന്ദന് തിരികെ വരാൻ പിന്നീടൊരിക്കലും അവസരം ഒരുങ്ങിയില്ല. വീണ്ടും ബിജെപിയിൽ സജീവമാകാൻ വി.മുരളീധരൻ സംസ്ഥാന പ്രസിഡന്റ് ആയ കാലത്ത് പി.മുകുന്ദൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് പഴയ സംസ്ഥാന കമ്മറ്റി ഓഫീസായ മാരാർജി ഭവനിൽ ബിജെപി നേതാക്കളെ കാത്ത് മണിക്കൂറുകൾ പി.പി.മുകുന്ദൻ കാത്ത് കെട്ടിക്കിടന്നതും വാർത്തയായിരുന്നു. പി.പി.മുകുന്ദൻ ബിജെപിക്ക് അകത്തോ അതോ പുറത്തോ എന്ന കാര്യത്തിൽ പോലും ആർക്കും തീർച്ചയില്ലാത്ത കാലമാണ് കഴിഞ്ഞു പോയത്.

മുകുന്ദൻ ബിജെപിയിൽ നിന്നും പുറത്തു പോയി എന്ന തോന്നലിൽ സിപിഎമ്മിൽ നിന്നടക്കം പി.പി.മുകുന്ദന് ക്ഷണം വന്നിരുന്നു. മുകുന്ദനോട് ഒരു സോഫ്റ്റ് കോർണർ ആണ് സംസ്ഥാന സിപിഎം നേതാക്കൾ കൈക്കൊണ്ടതും. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള നീക്കവും മുകുന്ദന്റെ ഭാഗത്ത് നിന്നും വന്നിരുന്നു. പക്ഷെ പിന്നീട് ഈ നീക്കത്തിൽ നിന്നും അദ്ദേഹം പിൻ വാങ്ങുകയായിരുന്നു. ഇതുവരെ പാർട്ടിക്കെതിരേ സംസാരിച്ചിട്ടില്ല. ആർഎസ്എസ്. വേറെ, പാർട്ടി വേറെ. ആർ.എസ്.എസിനെ തള്ളിപ്പറയാൻ ഞാനുണ്ടാവില്ല. ആർ.എസ്.എസിലൂടെയാണ് വളർന്നത്. നേതൃത്വത്തിന്റെ കഴിവുകേട് നിരാശപ്പെടുത്തുന്നു ഓരോ തവണ ഒരോ നിലപാട്. ഇത് വിശ്വാസ്യത നഷ്ടപ്പെടുത്തി. പത്തുവർഷമായി പുറത്തുനിൽക്കുന്നു. തിരിച്ചെടുക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ല. തടസ്സമുണ്ടെങ്കിൽ തിരിച്ചെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞാൽപ്പോരെ എന്ന് വരെ മുകുന്ദൻ അഭിപ്രായ പ്രകടനം നടത്തിയിരുന്നു.

പക്ഷെ പുറത്തായിട്ടും സംഘപരിവാർ രാഷ്ട്രീയത്തിന്റെ അതിരുകളിലെവിടെയോ ഒരു സ്ഥാനം കണ്ടെത്തി പി.പി.മുകുന്ദൻ ഇരിപ്പുറപ്പിക്കുകയായിരുന്നു. ഈ തൊട്ടുകൂടായ്മ കാറ്റിൽപ്പറത്തിയാണ് സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങിൽ മുകുന്ദന് ഉന്നത സ്ഥാനം നൽകിയത്. പതിറ്റാണ്ടുകളോളം സംഘപരിവാറിന്റെ അധികാരകേന്ദ്രമായി നിലകൊണ്ടിരുന്ന പി.പി.മുകുന്ദനിലെക്കാണ് ശ്രദ്ധ വന്നത്. മുകുന്ദൻ എന്ന തലമുതിർന്ന നേതാവ് വീണ്ടും ബിജെപിയിൽ സജീവമാകുന്നെന്ന സൂചനകളാണ് സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങു നൽകുന്നത്.

സുരേഷ്‌ഗോപി ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് എത്തും എന്ന വാർത്തകൾ വന്നപ്പോഴും ഒപ്പം പി.പി.മുകുന്ദൻ കൂടി സംഘടനാ സംവിധാനത്തിലേക്ക് എത്തുമെന്ന് വാർത്തകൾ വന്നിരുന്നു. പക്ഷെ പിന്നീട് ഈ കാര്യത്തിൽ നീക്കങ്ങൾ ഒന്നും വന്നിരുന്നില്ല. പക്ഷെ സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങിൽ നൽകിയതോടെ മുകുന്ദൻ വീണ്ടും സംഘപരിവാർ രാഷ്ട്രീയത്തിൽ സജീവമാകുമെന്ന സൂചനകൾ തന്നെയാണ് വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP