Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുസ്ലിം ലീഗിന്റെ പൊതുയോഗത്തിൽ സംസ്ഥാന സെക്രട്ടറിക്കു കൂക്കുവിളി; കെ പി എ മജീദിനു 'ഗോ ബാക്ക്' വിളിച്ച് അണികളുടെ രോഷപ്രകടനം എടപ്പറ്റയിൽ; കൂവൽ ഏറ്റെടുത്തു സോഷ്യൽ മീഡിയയും: ശബ്ദരേഖ കേൾക്കാം

മുസ്ലിം ലീഗിന്റെ പൊതുയോഗത്തിൽ സംസ്ഥാന സെക്രട്ടറിക്കു കൂക്കുവിളി; കെ പി എ മജീദിനു 'ഗോ ബാക്ക്' വിളിച്ച് അണികളുടെ രോഷപ്രകടനം എടപ്പറ്റയിൽ; കൂവൽ ഏറ്റെടുത്തു സോഷ്യൽ മീഡിയയും: ശബ്ദരേഖ കേൾക്കാം

മറുനാടൻ മലയാളി ബ്യൂറോ

മഞ്ചേരി: മുസ്ലിംലീഗ് പൊതുയോഗത്തിൽ സംസ്ഥാന സെക്രട്ടറിക്ക് അണികളുടെ കൂവലും ഗോ ബാക്കും. കഴിഞ്ഞ ദിവസം എടപ്പറ്റ ഗ്രാമ പഞ്ചായത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ലീഗ് കോൺഗ്രസ് പ്രശ്‌നം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറെ വാർത്തയിലിടം പിടിച്ച പഞ്ചായത്തായിരുന്നു എടപ്പറ്റ. യു.ഡി.എഫ് സംവിധാനം ഉപേക്ഷിച്ച് ലീഗും കോൺഗ്രസും ഒറ്റക്കു മത്സരിക്കുകയും പിന്നീട് ലീഗും സിപിഎമ്മും ഒരുമിച്ച് ഭരണം കയ്യാളുകയും ചെയ്തു വരികയാണ് എടപ്പറ്റയിൽ.

എന്നാൽ യു.ഡി.എഫ് സംവിധാനവുമായി മുന്നോട്ടു പോകണമെന്ന് ജില്ലാ സംസ്ഥാന ലീഗ് നേതാക്കൾ നിരന്തരമായ ആവശ്യം മുന്നോട്ടു വച്ചെങ്കിലും ഇതു അംഗീകരിക്കാൻ ലീഗിലെ ഭൂരിഭാഗം അണികളും തയ്യാറായിരുന്നില്ല. കോൺഗ്രസുമായി മുന്നണി പങ്കിട്ട കാലമത്രയും ലീഗിന് അർഹമായ സ്ഥാനങ്ങൾ നൽകാതെ തഴയുകയായിരുന്നുവെന്നും കോൺഗ്രസിന് വഴങ്ങുന്ന നിലപാട് നേതൃത്വം സ്വീകരിച്ചതെന്നുമാണ് ലീഗ് അണികളുടെ ആക്ഷേപം. സിപിഎമ്മുമായി ഭരണം കയ്യാളുന്നതിനെതിരെ ലീഗിനുള്ളിൽ പൊട്ടിത്തെറിയും രൂപപ്പെട്ടു. ഇതിന്റെ പര്യവസാനമായിരുന്നു സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദിനെ പ്രസംഗിക്കാൻ അനുവദിക്കാതെ ഗോ ബാക്ക് വിളിച്ചത്.

സംസ്ഥാന സെക്രട്ടറിയെ യൂത്ത് ലീഗ് പ്രവർത്തർ കൂവുകയും ഗോ ബാക്ക് വിളിക്കുകയും ചെയ്യുന്ന ശബ്ദം സോഷ്യൽ മീഡിയകളിലും ഇതിനോടകം വൈറലായിട്ടുണ്ട്. എടപ്പറ്റയിലെ പൊതുയോഗത്തിൽ കെ.പി.എ മജീദ് പ്രസംഗം തുടങ്ങിയതും അണികൾ കൂവാൻ തുടങ്ങി. കൂവിയാലും പിന്മാറില്ലെന്നു പറഞ്ഞ് മജീദ് മൈക്കിനു മുന്നിൽ തന്നെ നിന്നു. ഇതോടെ യൂത്ത് ലീഗ് സിന്ദാബാദ് എന്ന് പറഞ്ഞ് പ്രവർത്തകരിൽ നിന്നും ഗോബാക്ക് മുദ്രാവാക്യമായിരുന്നു ഉയർന്നത്. പ്രസംഗിച്ചേ മടങ്ങൂ എന്ന നിലപാടെടുത്തെങ്കിലും അണികളുടെ ഉഛത്തിലുള്ള മുദ്രാവാക്യം വിളികൾക്കൊടുവിൽ മജീദിന് പിൻവാങ്ങേണ്ടി വന്നു. ഇതോടെ എടപ്പറ്റയിലെ ലീഗിനുള്ളിലെ ചേരിപ്പോര് രീക്ഷമായി. സംസ്ഥാന സെക്രട്ടറിക്കെതിരെയുള്ള അണികളുടെ ഗോബാക്ക് വിളിയുടെ ശബ്ദരേഖ പുറത്തായതോടെ സോഷ്യൽ മീഡിയകളിലും ചർച്ചയായി.

ലീഗും കോൺഗ്രസും വർഷങ്ങളായി ഒന്നിച്ചാണ് ഭരിച്ചിരുന്നത്. എന്നാൽ, പ്രധാനപ്പെട്ട സ്ഥാനങ്ങളൊന്നും നൽകാതെ ലീഗിനെ കോൺഗ്രസ് ഒതുക്കി നിർത്തുകയായിരുന്നു. ഇതിൽ ലീഗണികൾക്ക് അമർഷമുണ്ടായിരുന്നു. കഴിഞ്ഞ തിരെഞ്ഞടുപ്പിൽ ഒറ്റയ്ക്ക് മൽസരിച്ചതോടെ ഭിന്നിപ്പ് പുറത്താവുകയും ചെയ്തു. ഇതോടെ അഞ്ച് സീറ്റുള്ള സിപിഎമ്മും നാല് സീറ്റുള്ള ലീഗും ഒരുമിച്ച് ഭരിക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് ലീഗിനും പ്രസിഡന്റ് സ്ഥാനം സിപിഎമ്മിനുമാണ്. തുടക്കത്തിൽ തന്നെ കഴിഞ്ഞ ഭരണത്തിലെ അഴിമതി പുറത്തുകൊണ്ടുവരാനുള്ള നടപടിയെടുത്തതോടെയാണ് കോൺഗ്രസ് നേതൃത്വം കുടുങ്ങിയത്. യോഗം വിളിക്കാതെ പദ്ധതി നടപ്പാക്കിയതടക്കമുള്ള കോൺഗ്രസിന്റെ അഴിമതി ഒന്നൊന്നായി പുറത്തു കൊണ്ടുവന്നതോടെ ഏന്തു വില കൊടുത്തും ലീഗിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, അണികളുടെ ശക്തമായ എതിർപ്പുമൂലം കഴിഞ്ഞില്ല. പിന്നീടാണ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. ഇതിന് ജില്ലാ ലീഗ് നേതൃത്വവുമായി ഇടപെട്ടെങ്കിലും അണികളുടെ ഇടപെട്ടതോടെ അവിശ്വാസം കോറം തികയാതെ തള്ളിപ്പോവുകയായിരുന്നു. ഇതിന്റെ പേരിൽ ചിലരെ ലീഗ് പേരിന് പുറത്താക്കിയിരുന്നു. ജില്ലാ നേതൃത്വം ആവശ്യപ്പെട്ട പ്രകാരം ഇപ്പോൾ വൈ.പ്രസിഡന്റും അംഗങ്ങളും മാറി നിൽക്കുകയാണ്. ഇനി സിപിഎമ്മിന് ഭരണം തുടരണമെങ്കിൽ ലീഗിന്റേയോ കോൺഗ്രസിന്റേയോ പിന്തുണ വേണം. വർഷങ്ങളായി പാർട്ടിയെ ഒറ്റപ്പെടുത്തുകയും അഴിമതി നടത്തുകയും ചെയ്ത കോൺഗ്രസിനൊപ്പം ചേരേണ്ടെന്ന ശക്തമായ നിലാപാടാണ് ലീഗണികൾക്കുള്ളത്.

ലീഗും സിപിഎമ്മും ഭരണം പങ്കിടുന്ന ഗ്രാമപ്പഞ്ചായത്തിൽ യുഡിഎഫ് സംവിധാനം പുനഃസ്ഥാപിക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ നിർദേശവും പറ്റില്ലെന്ന അണികളുടെ നിലപാടും തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് ലീഗിനുള്ളിലെ പിളർപ്പിൽ കലാശിച്ചത്. ഒരു പ്രദേശിക നേതാവുൾപ്പെടുന്ന വിഭാഗവും ഭൂരിപക്ഷം അണികളുള്ള മറുവിഭാഗവുമായാണ് പിളർന്നത്. കഴിഞ്ഞ ദിവസം മുസ്ലിംലീഗ് അഡ്ഹോക്ക് കമ്മിറ്റി എടപ്പറ്റയിൽ വിളിച്ചുചേർത്ത പൊതുയോഗത്തിലാണ് മജീദിനെതിരെ ഗോബാക്ക് ഉയർന്നത്. എന്നാൽ ഇതോടെ ചേരിപ്പോര് രൂക്ഷമാകുകയായിരുന്നു. ലീഗും സിപിഎമ്മും ഭരണം കൈയാളുന്നതിൽ എതിർപ്പുള്ള പ്രാദേശിക നേതാവാണ് യോഗം വിളിച്ചത്. യുഡിഎഫ് സംവിധാനം തുടരാൻ അണികൾക്ക് താൽപര്യമില്ലെന്നും യോഗം നടത്തരുതെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും അവഗണിച്ചതോടെ അണികൾ ക്ഷോഭിച്ചു. തുടർന്നാണ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദിനെ അണികൾ പ്രസംഗിക്കാനനുവദിക്കാതെ കൂവി വിളിച്ചത്. പൊലീസ് ഇടപെട്ടാണ് കൂടുതൽ പ്രശ്നങ്ങളിൽ നിന്നു ഒഴിവാക്കിയത്. എം ഉമ്മർ എംഎൽഎ, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി കെ എൻ എ ഖാദർ തുടങ്ങിയ നേതാക്കളും പരിപാടിക്കെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP